ടൊയോട്ട എന്ന ജപ്പാന്‍കാരനെ ഇന്ത്യ എന്നും സ്‌നേഹിച്ചിട്ടേയുള്ളൂ. ജപ്പാന്‍ ചതിക്കില്ലെന്ന വിശ്വാസമാണതിന് പിന്നില്‍. ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്കെത്തുന്ന മലയാളിക്ക് പ്രത്യേകിച്ച്  ഇഷ്ടം കൂടുകയും ചെയ്യും. പ്രാഡോയുടെ കാമുകനല്ലാത്തവര്‍ ആരുണ്ടാവും. അപ്പോള്‍ അത്തരം ഒരു ഗാരന്റി വാഹനത്തെ പെരുത്തിഷ്ടപ്പെടാത്തവര്‍ കുറവുമാകും. ഇവിടെത്തന്നെ ഒന്നു നോക്കിയാല്‍ പോരേ. നമ്മള്‍ സ്‌നേഹിച്ച ക്വാളിസ് തൊട്ടു തുടങ്ങാം. സ്‌നേഹിച്ച് മതിതീരും മുമ്പ് അവനങ്ങ് പോയി. പകരം വന്നു ഇന്നോവ. ക്വാളിസിലും വലിയ സമ്മാനമായിരുന്നു ഇന്ത്യക്കാര്‍ക്ക് വേണ്ടി ടൊയോട്ട കൊണ്ടുവന്ന ഇന്നോവ. ടാക്‌സിയായും നേതാക്കളുടെ വാഹനമായും കുടുംബങ്ങളുടെ സ്വന്തം വണ്ടിയുമായി റോഡുകളില്‍ നിറഞ്ഞൊഴുകി ഇന്നോവകള്‍.  
 
പിന്നാലെ വന്നു എത്തിയോസും അനിയന്‍ ലിവോയും. പിറകെ പ്ലാറ്റിനയും എത്തി. ആരും മോശക്കാരായില്ല. ഭീമന്‍ ഫോര്‍ച്യൂണറിനെക്കുറിച്ച് പിന്നെ പറയുകയും വേണ്ട. വിദേശങ്ങളില്‍ ഫോര്‍ച്യൂണറിന്റെ ഓഫ് റോഡ് സുഖമറിഞ്ഞാല്‍ പിന്നെ വിടില്ല. വന്നവരാരും മോശക്കാരായില്ല. എന്നാല്‍, ഇപ്പോഴിതാ അടുത്ത പടക്കുതിരയുമായി വരികയാണ് ടൊയോട്ട. ഏഴു ലക്ഷം മുതലുള്ള  സെഡാന്‍ ശ്രേണിയിലേക്കാണ് പുതിയ വരവ്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവര്‍ക്ക് ഇനി ഉറക്കമില്ലാത്ത നാളുകളായിരിക്കും. ആ ശ്രേണിയിലേക്കാണ് വയോസുമായി ടൊയോട്ട എത്തുന്നത്. 

Vios

അടുത്ത വര്‍ഷം ആദ്യമായിരിക്കും വയോസിനെ ടോയോട്ട ഇന്ത്യയിലെത്തിക്കുന്നതെന്ന് അറിയുന്നു. മത്സരം കണക്കിലെടുത്ത് 'മേക് ഇന്‍ ഇന്ത്യ' പദ്ധതിയിലാവും വയോസ് എത്തുക. അതായത്, പൂര്‍ണനിര്‍മാണം ഇവിടെത്തന്നെയെന്നര്‍ഥം. അപ്പോള്‍  വിലയിലും ഒരു മത്സരത്തിനാണ് കമ്പനി ഒരുങ്ങുന്നതെന്നര്‍ഥം. കമ്പനിയുടെ പുതുതലമുറ ഡിസൈനിലാണ്  ഹെഡ്ലാമ്പും ഗ്രില്ലും. ക്രോമിന്റെ അതിപ്രസരം ഗ്രില്ലിലുണ്ട്. രണ്ടു വരിയാണ് ഗ്രില്ലുകള്‍. അതിന് നടുക്ക് ടൊയോട്ട ലോഗോ പ്രതിഷ്ഠിച്ചിരിക്കുന്നു. മുന്നിലെ ഗ്രില്ലും ഹെഡ്ലൈറ്റ് ക്ലസ്റ്ററുമൊക്കെ ചേര്‍ന്ന് വയോസിന് ഒരു കരുത്തന്റെ പ്രതീതി നല്‍കുന്നുണ്ട്. കറുപ്പിന്റെ സൗന്ദര്യം പൂര്‍ണമാക്കുന്ന  എയര്‍ ഇന്‍ടേക്കുകള്‍ വയോസിന്റെ സ്‌പോര്‍ട്ടി മുഖത്തിലേക്കുള്ള സൂചനയാണ്.

മുന്‍വീല്‍ ആര്‍ച്ചുകളില്‍ നിന്ന് പിന്‍വശത്തേക്ക് ഒഴുകിയിറങ്ങുന്ന വരകളാണ് മറ്റൊരു പ്രത്യേകത. വയോസിന്റെ രൂപത്തിന് ഒത്ത ബൂട്ടാണ്. 4,420 മില്ലീമീറ്റര്‍ നീളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലായത്. ഹോണ്ട സിറ്റിയെ അപേക്ഷിച്ച് ടൊയോട്ട വയോസിന് വീല്‍ബേസ് കുറവാണെന്ന ഒരു കുറവ് കുറവായി തന്നെയുണ്ട്. അകത്തളത്തിലും കഴിയുന്നത്ര ആധുനീകവത്കരിക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. 

Vios

ഫീച്ചറുകള്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ബമ്പറില്‍ ഒതുങ്ങിയ എല്‍ഇഡി ഡി. ആര്‍. എല്ലുകള്‍,  യുഎസ്ബി-ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള ഏഴിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് വയോസിന്റെ മലേഷ്യന്‍ പതിപ്പിന്റെ ഫീച്ചറുകള്‍. ഇവ ഇന്ത്യയിലേക്കും വരുന്നുണ്ട്. 

ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാകും ഇന്ത്യന്‍ പതിപ്പ് വരുന്നത്.  107 ബി. എച്ച്പി കരുത്തേകുന്ന ഡി.ഒ. എച്ച്.സി. 16 വാല്‍വ് യൂണിറ്റില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ടാവും. പെട്രോള്‍ എന്‍ജിന് പുറമെ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും വരും.  87 ബി. എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും. എക്‌സിക്യൂട്ടീവ് സെഡാന്‍ ശ്രേണിയിലാണ് വയോസ് മാറ്റുരക്കുക. സ്‌കോഡ റാപിഡ്, ഫോക്‌സ്വാഗണ്‍ വെന്റോ മോഡലുകളും ടൊയോട്ട വയോസിന് എതിരാളികളായുണ്ട്. 

Vios

Content Highlights: Toyota Vios Sedan Coming To India