ടൊയോട്ട വെൽഫയർ | ഫോട്ടോ: ശംഭു വി.എസ്.
മഞ്ഞ്, മഴ, താമരശ്ശേരി ചുരം... കൂട്ടിന് ഒരു 'വെല്‍ഫയറും' -ഇതാണ് യാത്ര. 'ടൊയോട്ട'യുടെ അത്യാഡംബര മള്‍ട്ടി പര്‍പ്പസ് വാഹനം (എം.പി.വി.) ആയ 'വെല്ഫയറി'ല്‍ ചുരംകയറാന്‍ പോയ കഥയാണിത്. എത്രകണ്ടാലും മറക്കാന്‍ കഴിയാത്ത വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ രാജകീയമായൊരു യാത്ര.
ആദ്യം രഥത്തെക്കുറിച്ചുതന്നെ പറയാം. ടൊയോട്ട ഇന്ത്യയിലെത്തിച്ച ഒരു ചെറിയ 'കാരവന്' എന്നുതന്നെ പറയാവുന്ന 'വെല്‍ഫയര്‍' തികച്ചും രാജകീയവാഹനം തന്നെയാണ്. രണ്ടാംനിര യാത്രയാണ് ഇതിലെ ഹൈലൈറ്റ്. 'എക്സിക്യുട്ടീവ് ലോഞ്ച്' എന്നാണ് ഇതിനെ 'ടൊയോട്ട' തന്നെ വിളിക്കുന്നത്. വശങ്ങളില് നീണ്ടുകിടക്കുന്ന ചില്ലുജാലകങ്ങളും തൊട്ടാല്‍ ഒഴുകിനീങ്ങുന്ന വാതിലുകളും, മുകള്‍വശം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന രണ്ട് പനോരമിക് സണ്റൂഫുകളുമെല്ലാം ചേര്‍ന്ന് എത്രനീണ്ട യാത്രകളും മനോഹര ഓര്മകളാക്കാന് കഴിയും.
വെള്ളിത്തിടമ്പ്
മുന്‍വശം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന വെള്ളിത്തിടമ്പാണ് ഒറ്റനോട്ടത്തില്‍ കണ്ണില്‍ പതിയുക. വലിയ വെള്ളിപ്പലകകള് അടുക്കിവെച്ചതു പോലെയുണ്ട്. അതിന്റെ നടുവില്‍ നീല പ്രഭാവലയത്തില്‍ ടൊയോട്ടയുടെ ലോഗോ. പൂര്‍ണ ഹൈബ്രിഡ് ആയതുകൊണ്ടാണ് ലോഗോയിലെ ഈ മാറ്റം. ചെറിയ ബോണറ്റാണ്. ഹെഡ് ലൈറ്റും ഡി.ആര്.എല്ലും കോര്‍ണര്‍ ലൈറ്റുമെല്ലാം ചേര്‍ന്ന് ഒരു വമ്പന്‍ രൂപമായി നില്‍ക്കുകയാണ് മുന്നില്‍. വെള്ളിവെളിച്ചം പരത്തുന്ന പ്രൊജക്ടഡ് എല്‍.ഇ.ഡി. ലാമ്പുകളാണിവ. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് 'വെല്‍ഫയര്‍'.

ഉള്ളഴക്
ഉള്ളിലെ രണ്ടാം നിരസീറ്റുകളിലാണ് ടൊയോട്ട ഇന്ദ്രജാലം ഒളിച്ചുവച്ചിരിക്കുന്നത്. സിംഹാസനം കണക്കെയുള്ള രണ്ടു സീറ്റുകള്‍. കിടക്കവരെയാക്കാന് കഴിയുന്ന ഇവയുടെ രഹസ്യങ്ങള്‍ മുഴുവന്‍ ഹാന്ഡ്റെസ്റ്റിനടിയിലാണ്. ഹാന്‍ഡ്റെസ്റ്റ് മടക്കിയാല്‍ സീറ്റിന്റെയും ലൈറ്റിന്റെയുമെല്ലാം സ്വിച്ചുകള്‍ കാണാം. മുന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഹെഡ്റെസ്റ്റ് ഊരിയെടുത്ത് പിന്നിലെ സീറ്റിനൊപ്പം മടക്കിയാല്‍ പൂര്‍ണമായും ഒരു കിടക്കയായി മാറും. സാധാരണ മുന്‍നിര സീറ്റുകളാണ് വെന്റിലേറ്റഡ് ആവാറ്്. ഇതില്‍ രണ്ടാംനിര സീറ്റുകളും വെന്റിലേറ്റഡ് ആണ്. ഇതിനു പുറമേ, മൂന്നാംനിര സീറ്റിലും സൗകര്യങ്ങള്‍ക്ക് പഞ്ഞമില്ല.

മേല്‍ക്കൂരയില്‍നിന്ന് ഇറങ്ങിവരുന്ന സ്ക്രീനും വിനോദോപാധിയാകുന്നു. ആംപിയന്റ് ലൈറ്റിങ്, റീഡിങ് ലൈറ്റ്, പതിനെട്ട് സ്പീക്കര്‍ എന്നിങ്ങനെ പോകുന്നു ആസ്വാദനത്തിന്റെ വിവിധ മേലാപ്പുകള്‍. മുന്നിലെ സീറ്റുകളിലേക്ക് വന്നാല്‍ ഡ്രൈവര്‍ സീറ്റും നിലവാരത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്നു. മുന്നിലെ വലിയ സ്ക്രീനില്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുഴുവന്‍ അറിയാം. ഹൈബ്രിഡിന്റെ പ്രവര്‍ത്തനവും ഇതില്‍ കാണാന്‍ കഴിയും. സ്റ്റോറേജ് സ്ഥലങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ല.
നീണ്ടുകിടക്കുന്ന ഡാഷ്ബോര്ഡാണിതിലെ മറ്റൊരു പ്രത്യേകത. ചന്ദനനിറവും കറുപ്പും വുഡന്‍ ഫിനിഷിങ്ങുമെല്ലാം ചേര്‍ന്ന് വളരെ കണ്ണിനാശ്വാസം പകരുന്ന നിറമാണ് ഉള്ളില്‍ നല്‍കിയിരിക്കുന്നത്. 'കാംറി'യിലൊക്കെ കണ്ട ഹൈബ്രിഡ് പ്രവര്‍ത്തനംകൊണ്ട് ഈ ഭീമന് വാഹനം പെട്രോള്‍ കുടിച്ചുവറ്റിക്കുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

2,815 കിലോയുള്ള ഭീമന് 15 കിലോമീറ്റര്‍ മൈലേജ് കിട്ടുന്നുണ്ട്. നന്ദിപറയേണ്ടത് ഇതിലെ ഹൈബ്രിഡ് സിസ്റ്റത്തിനാണ്. ഒരു തുള്ളി കുറഞ്ഞാല്‍ ബാറ്ററിയിലേക്ക് സ്വയം ചാര്‍ജ് ആവും. പെട്രോള്‍ എന്‍ജിനും മുന്നിലും പിന്നിലുമുള്ള രണ്ട് മോട്ടോറുകളും സമാസമം പ്രവര്ത്തിച്ചാണിത് സാധ്യമാക്കുന്നത്.
Content Highlights: Toyota Luxury MPV Vellfire Drive, Long Drive In Toyota Vellfire, Toyota Vellfire Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..