ടൊയോട്ട ഇന്നോവ ഹൈക്രോസ് | Photo: Toyota
എം.പി.വികളില്‍ ഇന്നോവയ്ക്ക് ഒത്ത എതിരാളികള്‍ ഇന്നും ഇന്ത്യന്‍ നിരത്തുകളില്‍ ഇല്ലെന്നതാണ് വസ്തുത. എന്നാല്‍, ട്രെന്റിനനുസരിച്ച് കാലാകാലങ്ങളില്‍ മാറ്റങ്ങങ്ങള്‍ വരുത്തി ഈ വാഹനത്തെ എത്തിക്കുന്നതില്‍ ടൊയോട്ട ഇന്നും വീഴ്ച വരുത്തിയിട്ടില്ല. ഇന്നോവയില്‍ തുടങ്ങി ക്രിസ്റ്റയിലേക്ക് മാറിയ ഈ യാത്ര ഒടുവില്‍ ഇന്നോവ ഹൈക്രോസ് എന്ന മോഡലില്‍ എത്തി നില്‍ക്കുകയാണ്. 2022-ന്റെ മധ്യത്തോടെ പ്രഖ്യാപിച്ച ഇന്നോവയുടെ പുതിയ പതിപ്പ് ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
ഇന്നോവയുടെ മൂന്നാം അവതാരം എന്നതിലുപരി ടൊയോട്ടയുടെ പുതിയ ഒരു മോഡല്‍ എന്ന വിശേഷണമായിരിക്കും ഹൈക്രോസിന് ഏറെ ഇണങ്ങുക. എം.പി.വിയെക്കാള്‍ ഉപരി എസ്.യു.വി. ഭാവവും ക്രിസ്റ്റയില്‍ നിന്ന് ഒന്നും കടംകൊള്ളാതെയുള്ള ഡിസൈനും ഇന്നോവയിലോ ക്രിസ്റ്റയിലോ നല്കിയിട്ടില്ലാത്ത ഫീച്ചറുകളുമെല്ലാമായാണ് ഹൈക്രോസ് എത്തിയിട്ടുള്ളത്. ഇന്ത്യന്‍ വിപണികളിലുള്ള മറ്റ് ഏത് എം.പി.വികള്‍ നല്കുന്നതിനെക്കാള് ഉയര്‍ന്ന ഇന്ധനക്ഷമതയും സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റ് സെന്‍സ് (ടി.എസ്.എസ്) സൗകര്യവും ഇതിലെ ഹൈലൈറ്റാണ്.
ഡിസൈന്‍
ഇന്നോവയില്‍ യാത്ര ചെയ്യുന്ന സുഖം വേറെ ഒന്നിലും കിട്ടില്ല. ഇത് തുടക്കം മുതല്‍ ഇന്നോവയ്ക്ക് കിട്ടിയിരുന്ന കോംപ്ലിമെന്റ് ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്നോവയായാലും ക്രിസ്റ്റയിലായാലും പുറംമോടിയില്‍ വേണ്ടത്ര മിനുക്ക് പണികള്‍ വരുത്താന്‍ ടൊയോട്ട മെനക്കെട്ടിരുന്നില്ല. പുറമെ നിന്ന് നോക്കിയാല്‍ ഒരു സാധാരണ വാഹനം എന്നതിലുപരി അസാമാന്യ വാഹനമെന്ന വിശേഷണങ്ങളൊന്നും ആരും ഈ രണ്ട് മോഡലുകള്‍ക്കും നല്‍കിയിരുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍, ഹൈക്രോസിലേക്ക് വരുമ്പോള്‍ സൗന്ദര്യവും ഒരു വലിയ ഘടകമാണ്.

മുഖഭാവം തന്നെ ഏറെ വര്ണിക്കാനുണ്ട്. മുന്ഗാമികളില് ഗ്രില്ല് എന്നത് പേരിന് നല്‍കിയിരുന്ന ഒന്നാണെങ്കില് ഹൈക്രോസില്‍ വാഹനത്തിന്റെ സൗന്ദര്യത്തെ നിര്‍വചിക്കാന്‍ പോകുന്ന ഒന്നാണത്. ഗണ്‍മെറ്റല്‍ ഫിനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള സാമാന്യം വലിപ്പത്തിലാണ് ഗ്രില്ല് നല്‍കിയിട്ടുള്ളത്. കീഴ്വഴക്കം തെറ്റിക്കാതെ സാമാന്യം വലിപ്പത്തില്‍ തന്നെ ടൊയോട്ടയുടെ ഐഡന്റിറ്റിയും ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. ഗ്രില്ലിനരികില്‍ തുടങ്ങി വശങ്ങളിലേക്ക് നീളുന്നതും എന്നാല്‍, വീതില്‍ അല്‍പ്പം കുറഞ്ഞുമാണ് ഹൈഡ്ലാമ്പ് നല്‍കിയിട്ടുള്ളത്. ഒട്ടോ ഹൈ ബീം അടക്കമുള്ള ഓട്ടോമാറ്റിക് എല്‍.ഇ.ഡിയാണ് ഹെഡ്ലാമ്പ്. ബമ്പറിന്റെ പകുതിയിലാണ് ഡി.ആര്.എല്‍, സില്‍വര്‍ ഇന്സേര്ട്ട് ഉപയോഗിച്ചുള്ള അലങ്കാരവും ഇതിലുണ്ട്. എയര്‍വെന്റിന് വശങ്ങളിലായി ഒളിഞ്ഞിരിക്കുന്ന ഫോഗ്ലാമ്പില് അത്ര പെട്ടെന്ന് കണ്ണുടക്കില്ല. സ്കിഡ് പ്ലേറ്റോടെയാണ് ബമ്പര്‍ അവസാനിക്കുന്നത്. ഒറ്റനോട്ടത്തില്‍ തലയെടുപ്പ് വെളിവാക്കുന്ന ഉയര്‍ന്ന ബോണറ്റും മുന്‍വശത്തിന് മുതല്‍കൂട്ടാണ്.
വശങ്ങള്‍ക്ക് എം.പി.വിയെക്കാള്‍ എസ്.യു.വി. ഭാവമാണ്. അലോയി വീലുകളില്‍ കാര്യമായ മിനിക്കുപണികള്‍ വരുത്തിയിട്ടുമില്ല. ഡോറില്‍ നിന്ന് ബോഡിയിലേക്ക് നീളുന്ന ഇസഡ് ഷേപ്പിലുള്ള ലൈനുകള്‍ എടുത്ത് കാണിക്കുന്നുണ്ട്. വാഹനത്തിന്റെ സാങ്കേതികവിദ്യയില്‍ നല്‍കിയിട്ടുള്ള പുതുമ വശങ്ങളില് വിളിച്ച് അറിയിക്കുന്നുമുണ്ട്. മൂന്നാം നിരയിലെ യാത്രക്കാര്‍ക്ക് പുറംകാഴ്ച നല്‍കുന്നത് ഒരു ക്വാട്ടര്‍ ഗ്ലാസിലൂടെയാണ്. പിന്‍ഭാഗത്തിലും ക്രിസ്റ്റയുമായി സമാനതകളൊന്നുമില്ല. കുത്തനെ നല്‍കിയിരുന്ന ടെയ്ല്ലൈറ്റിന് പകരം വീതി കുറഞ്ഞ് ഹാച്ച്ഡോറിലും സൈഡ് ബോഡിയിലുമായി പരന്നുകിടക്കുന്നതാണ് ടെയല്ലാമ്പ്, ലൈറ്റുകളെ ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വേരിയന്റ് മോഡല്‍ തുടങ്ങിയവ വെള്ളി ലിപികളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇന്റീരിയര്‍
ചെറുകാറുകളില്‍ തുടങ്ങി വമ്പന്‍ വാഹനങ്ങളില്‍ വരെ ചെറുതും വലുതുമായ സണ്‍റൂഫുകള്‍ നല്‍കിയിരുന്ന ഈ കാലത്ത് ക്രിസ്റ്റയില്‍ ഇങ്ങനെയൊന്ന് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ആകാശം കണ്ട് യാത്ര ചെയ്യാന്‍ സാധിക്കുന്ന മേല്‍ക്കൂര നിറയുന്ന സണ്‍റൂഫ് (പനോരമിക് സണ്‍റൂഫ്) തന്നെയാണ് ഹൈക്രോസില്‍ വരുത്തിയിട്ടുള്ള ആദ്യ അപ്ഡേഷന്. ഡാഷ്ബോര്‍ഡ് മുതല്‍ മൂന്നാം നിര വരെ നീളുന്ന പല പുതുമകളും വേറെയുമുണ്ട്. കറുപ്പണിഞ്ഞ പ്ലാസ്റ്റിക്കും ബ്രൗണ്‍ നിറത്തിലും തുകലും പൊതിഞ്ഞാണ് ഡാഷ്ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ഈ ലെതറിന്റെ സാന്നിധ്യം ഡാഷ്ബോര്‍ഡില്‍ നിന്ന് ഡോര്‍ പാഡിലേക്ക് മൂന്ന് നിര സീറ്റിലേക്ക് ഇതേ നിറത്തില്‍ നീളുന്നുണ്ട്.
ഇനി ടെക്നോളജിയിലെ പുതുമയാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിന്ന് തുടങ്ങുന്നു മാറ്റം. 25.62 സെന്റിമീറ്റര്‍ വലിപ്പത്തില്‍ തലയുയര്‍ത്തിയാണ് ഇത് നല്‍കിയിട്ടുള്ളത്. മ്യൂസിക്, വാട്സ്ആപ്പ്, മറ്റ് കണക്ടഡ് സംവിധാനം തുടങ്ങി എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടതെല്ലാം ഇതില്‍ നല്‍കുന്നുമുണ്ട്. ഇതിനുതാഴെയായി ഈ ശ്രേണിയില്‍ തന്നെ ആദ്യത്തെ മള്‍ട്ടി സോണ്‍ എയര്‍കണ്ടീഷന്‍ സംവിധാനവുമുണ്ട്. മുന്നിലും പിന്നിലും പ്രത്യേകമായി ടെംപറേച്ചര്‍ ക്രമീകരിക്കാമെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. മുന്‍ഗാമികളെ പോലെ ഗിയര്‍ ലിവറിന്റെ സ്ഥാനം രണ്ട് സീറ്റുകളുടെ ഇടയില്ലല്ല. ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ് തൊട്ടുതാഴെയാണ്. അതായത് ഡ്രൈവറിന് ഏറ്റവും എളുപ്പത്തില്‍ എത്തുമെന്ന് സാരം. ഇതിന് ചുറ്റിലുമുണ്ട് ഇലക്ട്രോണിക് പവര്ബ്രേക്ക്, മോഡ് കണ്ട്രോള് തുടങ്ങി അല്‍പ്പം സ്വിച്ചുകളും.

പ്രത്യേക പരാമര്‍ശം ആവശ്യമില്ലെങ്കിലും സ്റ്റിയറിങ്ങ് വീലിലും ചെറിയ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. സര്‍വ്വ സാധാരണമെന്ന പോലെ ക്രൂയിസ് കണ്ട്രോള്, മ്യൂസിക് സിസ്റ്റം എന്നിവ ആക്സസ് ചെയ്യാവുന്ന മള്‍ട്ടി ഫങ്ഷനാണ് ഇത്. ഡ്രൈവിങ്ങ് സീറ്റില്‍ നിന്ന് ആദ്യം കണ്ണെത്തുന്നത് ടി.എഫ്.ടി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലേക്കാണ്. 17.8 ഇഞ്ചാണ് വലിപ്പം. ഇതില്‍ എല്ലാം ഡിജിറ്റലായാണ് നല്‍കിയിട്ടുള്ളത്. എട്ട് രീതിയില്‍ ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റില്‍ രണ്ട് രീതിയില്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്ന മെമ്മറി ഫങ്ഷനും നല്‍കിയിട്ടുണ്ട്.

ക്രിസ്റ്റ വരെയുള്ള ഇന്നോവ മോഡലുകളില്‍ സുഖയാത്ര ആയിരുന്നെങ്കില്‍ ഹൈക്രോസിലുള്ള യാത്ര അല്‍പ്പം ആഡംബരം കൂടിയുള്ളതാണ്. മുന്നിലെ രണ്ട് സീറ്റുകളും വെന്റിലേറ്റഡ് സംവിധാനത്തോടെയാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം നിരയിലേക്ക് വരുമ്പോള്‍ ആഡംബരം അത്യാഡംബരത്തിലേക്ക് മാറുന്നു. ഈ ശ്രേണിയില്‍ തന്നെ ആദ്യമായി ഓട്ടോമാന്‍ ഫങ്ഷന് നല്‍കിയാണ് രണ്ടാം നിര സീറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. സീറ്റ് ഒരല്‍പ്പം ചായിച്ചാല്‍ കട്ടിലിലേത് പോലെ കിടന്നും യാത്ര ചെയ്യാമെന്ന് ചുരുക്കം. ക്യാപ്റ്റന്‍ സീറ്റില്‍ നിന്ന് ബെഞ്ച് സീറ്റായി ചുങ്ങിയിട്ടുണ്ടെങ്കിലും മൂന്നാം നിരയും മികച്ചതാണ്. ഭേദപ്പെട്ട ലെഗ്റൂം തന്നെയാണ് ഈ നിരയില്‍ ഹൈലൈറ്റ്. ഒമ്പത് സ്പീക്കര്‍ നല്‍കിയിട്ടുള്ള മ്യൂസിക് സിസ്റ്റം കൂടി ചേരുന്നതോടെ ഹൈക്രോസിലെ യാത്ര വേറെ ലെവലാകും.
സുരക്ഷ
ടൊയോട്ട സേഫ്റ്റി സെന്‍സ് എന്ന് പേരിട്ടാണ് ഇതിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്ട്രോള്, ലെയ്ന്‍ ട്രെയ്സ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, പ്രീ കോളീഷന്‍ സിസ്റ്റം എന്നിവയാണ് ടി.എസ്.എസില്‍ നല്‍കിയിട്ടുള്ളത്. ആറ് എയര്‍ബാഗ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി ആന്‍ഡ് ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ്, എ.ബി.എസ് വിത്ത് ഇ.ബി.ഡി, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് എന്നിവ സുരക്ഷയുടെ ആക്കം കൂട്ടുന്നുണ്ട്.

എന്ജിന്
ഡീസല്‍ എന്‍ജിനോട് പൂര്‍ണമായും വിടപറഞ്ഞാണ് ഹൈക്രോസ് എത്തിയിട്ടുള്ളത്. രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ടൊയോട്ടയുടെ അഞ്ചാം തലമുറ സെല്‍ഫ് ചാര്‍ജിങ്ങ് സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 186 പി.എസ്. പവറും 206 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-ഡ്രൈവ് വിത്ത് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ആണ് ഇതിലെ ട്രാന്സ്മിഷന്. ഈ മോഡലാണ് സെഗ്മെന്റില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയായ 21.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നത്. അതായത് ഒരു ഫുള്‍ ടാങ്ക് പെട്രോളില്‍ 1092 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഹൈബ്രിഡിന് പുറമെ, റെഗുലര്‍ വാഹനമായും ഹൈക്രോസ് എത്തുന്നുണ്ട്. ടി.എന്‍.ജി.എ. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ വി.വി.ടി.ഐ. പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1987 സി.സിയില്‍ 174 പി.എസ്. പവറും 205 എന്‍.എം. ടോര്‍ക്കുമാണ് റെഗുലര്‍ മോഡലിന്റെ കരുത്ത്. സി.വി.ടി. ഗിയര്‍ബോക്സാണ് യാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. അതായത് ഓട്ടോമാറ്റിക് ട്രാന്സ്മിഷനില് മാത്രമാണ് ഹൈക്രോസ് എന്ന വാഹനം എത്തുകയെന്ന് ചുരുക്കം. ഈ വാഹനവും ഇന്ധനക്ഷമതയില്‍ ഒട്ടും പിന്നിലായിരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

വകഭേദങ്ങള്‍
റെഗുലര്‍ പെട്രോള്‍ എന്ജിന് മോഡലില്‍ എഴ്, എട്ട് സീറ്റിങ്ങ് ഓപ്ഷനുകളിലായി ജി, ജി.എക്സ് എന്നീ രണ്ട് വേരിയന്റുകളിലും ഹൈബ്രിഡ് മോഡലില്‍ ഇതേ സീറ്റിങ്ങ് സംവിധാനത്തില്‍ വി.എക്സ്, ഇസഡ്.എക്സ് ഓപ്ഷണല്‍, ഇസഡ്.എക്സ് എന്നീ വേരിയന്റുകളിലുമാണ് ഹൈക്രോസ് എത്തുന്നത്. 4755 എം.എം. നീളവും 1845 എം.എം. വീതിയും 1785 എം.എം. ഉയരവും 2850 എം.എം. വീല്‍ബേസിലുമാണ് ഹൈക്രോസ് തീര്‍ത്തിരിക്കുന്നത്. എല്ലാ വെളിപ്പെടുത്തലുകള്‍ക്കും ഒടുവില്‍ വില മാത്രമാണ് ടൊയോട്ട പ്രഖ്യാപനത്തിനായി നീട്ടിവെച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകള്ക്കുള്ള പുതുവര്‍ഷ സമ്മാനമായി ജനവരിയില്‍ വില പ്രഖ്യാപിക്കുകയും വാഹനം പുറത്തിറക്കുകയും ചെയ്യുമെന്നാണ് ടൊയോട്ട ഉറപ്പ് നല്‍കിയിട്ടുള്ളത്.
Content Highlights: Toyota Innova Hycross With Hybrid Engine, Toyota Launches the All New Innova HyCross
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..