കൊറോണ ഭീതി പടരുന്നതിനു മൂന്നുപതിറ്റാണ്ടു മുന്‍പ് ബാബുവിനൊപ്പം 'കൊറോണ'യുണ്ട്. അതിനും മുന്‍പേ മൂന്നു സിനിമകളില്‍ മോഹന്‍ലാലിനും മഞ്ജുവാര്യര്‍ക്കുമൊപ്പം ഈ 'കൊറോണ'യുടെ സാന്നിധ്യമുണ്ടായി. ജപ്പാന്‍ നിര്‍മിത കൊറോണ ഡീലക്‌സ് കുഞ്ഞന്‍ കാറാണു കഥാപാത്രം.

സിനിമാനിര്‍മാതാവായ മരുത്തോര്‍വട്ടം സൃഷ്ടിയില്‍ വി.വി. ബാബു(തകര ബാബു)വിന്റെ പ്രിയവാഹനമാണിത്. രാജ്യത്തുതന്നെ അപൂര്‍വമാണ് 1966 മോഡല്‍ കാറെന്നു ബാബു പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പഴയകാര്‍ ശേഖരത്തിലുള്‍പ്പെടുത്താന്‍ വിലപറഞ്ഞെങ്കിലും ബാബു ഇഷ്ടവാഹനം ഉപേക്ഷിച്ചില്ല. മോഹന്‍ലാലിനും കാറിഷ്ടമാണ്.

പാലക്കാട്ടെ സുഹൃത്തുവഴി 1988-ല്‍ 40,000 രൂപയ്ക്കാണു ബാബു വാങ്ങിയത്. നാലുപേര്‍ക്കു സഞ്ചരിക്കാം. എ.സി., റേഡിയോ എന്നിവയുണ്ട്. കാറില്‍ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കുടുംബസമേതം പോയിട്ടുണ്ട്. 

പെട്രോള്‍ എന്‍ജിനാണ്. 14 കിലോമീറ്റര്‍ മൈലേജ് കിട്ടും. തകരാര്‍ വന്നാല്‍ നന്നാക്കാനുള്ള പ്രയാസം മാത്രമാണു പ്രതിസന്ധി. പേരക്കുട്ടിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ അഭിമന്യു ഗൗതമിനു സമ്മാനിക്കാനിരിക്കുകയാണ് 'കൊറോണ'യെ.

Content Highlights: Toyota Corona Deluxe Car, Japanese Car, Toyota Corona, Toyota Cars, Vintage Car