കോവിഡ് ഒന്നാംതരംഗം വരുത്തിയ പ്രതിസന്ധിയില്‍നിന്ന് കരകയറിവരുംമുമ്പേ എത്തിയ രണ്ടാംതരംഗത്തിലും നിയന്ത്രണങ്ങളിലും വീണ്ടും കട്ടപ്പുറത്തായി ടൂറിസ്റ്റ് ബസ് മേഖല. കഴിഞ്ഞവര്‍ഷം എട്ടുമാസത്തോളമാണ് ടൂറിസ്റ്റ് ബസുകള്‍ ഓട്ടമില്ലാതെകിടന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിമുതല്‍ സ്‌കൂള്‍ വിനോദയാത്രകള്‍, തീര്‍ഥാടനം, വിവാഹയാത്രകള്‍ ഉള്‍പ്പെടെ സകലതും റദ്ദാക്കപ്പെട്ടിരുന്നു. 

ഈവര്‍ഷം ഏപ്രില്‍ പകുതിവരെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നായിരുന്നു പ്രതീക്ഷ. മേയ് എട്ടിന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ വീണ്ടും ബസുടമകളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. വായ്പ ഉള്‍പ്പെടെയുള്ള സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാന്‍ മറ്റുജോലിക്ക് പോവുകയാണ് പലരും.

ബാധ്യത ലക്ഷങ്ങള്‍

സാധാരണ ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കാന്‍ 50 മുതല്‍ 60 ലക്ഷംവരെ രൂപ വേണ്ടിവരും. വായ്പ വാങ്ങിയാണ് പലരും ബസ് വാങ്ങിയത്. മാസം തിരിച്ചടവ് ഒന്നരലക്ഷം രൂപയോളം വരും. സര്‍വീസ് മുടങ്ങിയതോടെ തിരിച്ചടവും മുടങ്ങി. നികുതിയിളവും ലഭിച്ചില്ലെന്ന് ഉടമകള്‍ പറയുന്നു. ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിച്ച വാഹനങ്ങള്‍ തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്.

ലക്ഷങ്ങള്‍ വേണം

ഓട്ടമില്ലാതെ കിടക്കുന്ന വണ്ടികള്‍ വീണ്ടും നിരത്തിലിറക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും. ബസുകളിലെ ഇലക്ട്രിക് വയറുകളും സീറ്റുകളും എലികള്‍ നശിപ്പിക്കുകയാണെന്ന് ഉടമകള്‍ പറയുന്നു. ബാറ്ററികളും പതിയെ ഉപയോഗശൂന്യമാകും. അറ്റകുറ്റപ്പണികള്‍ വേണ്ടതിനാല്‍ വാഹനങ്ങള്‍ വില്‍ക്കാനും കഴിയുന്നില്ല.

വേണം, ഇടപെടല്‍

കോവിഡ് നിയന്ത്രണങ്ങള്‍ മാറി ജീവിതം പഴയപടി ആയാലേ ഇനി മേഖലയ്ക്ക് നിലനില്‍പ്പുള്ളൂ. പലരും മറ്റുതൊഴിലുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കോവിഡ് കാലമായതുകൊണ്ടുതന്നെ ഇത് എളുപ്പവുമല്ല. മറ്റ് ബിസിനസുകളുള്ളവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാല്‍നൂറ്റാണ്ടിലേറെയായി ഇതേമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ചുവടുമാറ്റം ബുദ്ധിമുട്ടാണ്. 

അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നികുതിയിളവ് നല്‍കണമെന്ന ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കാലങ്ങളോളം ഓടാതെകിടന്ന ടൂറിസ്റ്റ് ബസുകള്‍ ഓടിത്തുടങ്ങാന്‍ ഇനി ലക്ഷങ്ങള്‍ മുടക്കണം. വായ്പത്തവണകള്‍ മുടങ്ങി പ്രതിസന്ധിയിലായ ഇവരില്‍ എത്രപേര്‍ക്ക് ഇതിന് കഴിയുമെന്ന് കണ്ടറിയണം.

പലിശ ഒഴിവാക്കണം

18 മാസമായി ഓടാതെ കിടക്കുന്ന വണ്ടികള്‍ നിരത്തിലിറക്കാന്‍ വന്‍തുക വേണ്ടിവരും. വായ്പ തിരിച്ചടയ്ക്കാനാവാത്തതിന്റെ കടുത്ത സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്. നികുതിയിളവ് നല്‍കണമെന്നും ക്ഷേമനിധിയില്‍നിന്ന് ആനുകൂല്യം നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ജീവനക്കാര്‍ തൊഴില്‍രഹിതരായി. പലരും ആത്മഹത്യയുടെ മുനമ്പിലാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പലിശ ഒഴിവാക്കിയിട്ടില്ല വായ്പയുടെ പലിശ പൂര്‍ണമായും ഒഴിവാക്കിനല്‍കണം.

Content Highlights: Tourist Bus Sector Facing Heavy Crisis During The Covid Second Wave and Lockdown