25 ലക്ഷം കൂപ്പണുകള്‍ നിലവില്‍ അച്ചടിച്ചിട്ടുണ്ട്. വ്യാജ കൂപ്പണുകള്‍ തടയാന്‍ സീരിയല്‍ നമ്പര്‍, ബാര്‍ കോഡ്, NHAI ലോഗോ അടങ്ങിയ ഹോളോഗ്രാം എന്നീ സുരക്ഷ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടോള്‍ കൂപ്പണ്‍ നിര്‍മിച്ചത്.

ള്ളപ്പണം തടയുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച് ഒരു മാസം തികയുന്ന വേളയില്‍ ദേശീയ പാതകളില്‍ വാഹന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ പുതിയ 'ടോള്‍ കൂപ്പണ്‍' പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തുടക്കം കുറിച്ചു. ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ചില്ലറ ക്ഷാമം രൂക്ഷമായി ഗതാഗത സ്തംഭനം പതിവായതോടെയാണ് 5,10,20,50,100 രൂപ മൂല്യത്തിലുള്ള ടോള്‍ കൂപ്പണുകള്‍ പുറത്തിറക്കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചത്.   
 
ഡിസംബര്‍ 5 മുതല്‍ നല്‍കിത്തുടങ്ങിയ ടോള്‍ കൂപ്പണ്‍ സംവിധാനം ഇന്ന് മുതല്‍ ഡിസംബര്‍ 30 അര്‍ധരാത്രി വരെ പ്രാബല്യത്തിലുണ്ടാകും. നോട്ട് നിരോധത്തിന് ശേഷം താല്‍ക്കാലികമായി നിര്‍ത്തിവച്ച ടോള്‍ പിരിവ് ഡിസംബര്‍ 2 മുതലാണ് പുനസ്ഥാപിച്ചിരുന്നത്. പുതിയ 500, 2000 രൂപ അടിച്ചിറക്കിയ അതേ മാതൃകയില്‍ അതീവ സുരക്ഷ മുന്‍കരുതലോടെയാണ് ടോള്‍ കൂപ്പണുകള്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ പുറത്തിറക്കുന്നത്.

എന്നാല്‍ ടോള്‍ പ്ലാസകളില്‍ ഒഴികെ മറ്റൊരിടത്തും കൂപ്പണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. 25 ലക്ഷം കൂപ്പണുകള്‍ നിലവില്‍ അച്ചടിച്ചിട്ടുണ്ട്. വ്യാജ കൂപ്പണുകള്‍ തടയാന്‍ സീരിയല്‍ നമ്പര്‍, ബാര്‍ കോഡ്, NHAI ലോഗോ അടങ്ങിയ ഹോളോഗ്രാം എന്നീ സുരക്ഷ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടോള്‍ കൂപ്പണ്‍ നിര്‍മിച്ചത്.

രാജ്യത്തെ 370 ടോള്‍ പ്ലാസകളിലും ഇന്നു മുതല്‍ ഈ കൂപ്പണുകള്‍ ഉപയോഗിക്കാം. ടോള്‍ ബൂത്തുകളില്‍ പണം അടയ്ക്കുമ്പോള്‍ ബാക്കി കിട്ടേണ്ട ചില്ലറയ്ക്ക് പകരം ഡ്രൈവര്‍മാര്‍ക്ക് ഇനി ടോള്‍ കൂപ്പണുകള്‍ കൈപ്പറ്റാം. പിന്നീടുള്ള യാത്രകളില്‍ ഇവ ടോള്‍ പ്ലാസകളില്‍ നല്‍കുകയും ചെയ്യാം.

ഡിസംബര്‍ 30-ന് ശേഷം കൈവശം ബാക്കി വരുന്ന കൂപ്പണുകള്‍ ജനുവരി 15 രാത്രി 8 വരെ രാജ്യത്തെ ഏത് നാഷ്ണല്‍ ഹൈവേ ടോള്‍ പ്ലാസകളില്‍ നിന്നും പണമായി മാറ്റി വാങ്ങാമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ നോട്ടുകള്‍ക്കൊപ്പം ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ടുകള്‍ നല്‍കിയും ടോള്‍ കൂപ്പണുകള്‍ വാങ്ങിക്കാവുന്നതാണ്.

കൂപ്പണ്‍ സംവിധാനത്തിന് മുന്‍പ് തന്നെ ടോള്‍ പിരിവ് സുഗമമാക്കുന്നതിന് ടോള്‍ പ്ലാസകളില്‍ സ്വൈപ്പിങ് മെഷീനുകള്‍ക്കൊപ്പം, പേ ടിഎം തുടങ്ങിയ ഇലക്ട്രോണിക് വാലറ്റ്, ഫാസ് ടാഗ് സൗകര്യങ്ങള്‍ ഗതാഗത മന്ത്രാലയം എത്തിച്ചിരുന്നു. എന്നാല്‍ പകുതിയിലേറെ പേരും ഇപ്പോഴും ഇലക്‌ട്രോണിക് പണമിടപാടിലേക്ക് കടക്കാൻ മടിച്ചുനില്‍ക്കുകയാണ്.