ഫോട്ടോ: മാതൃഭൂമി
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം ജാഗ്രതാനിര്‍ദേശം നല്‍കി കഴിഞ്ഞു. പല പ്രദേശങ്ങളും ഇതിനോടകം വെള്ളത്തിലായിട്ടുമുണ്ട്. മഴയെ തുടര്‍ന്നുള്ള വാഹനാപകടങ്ങളും പല കോണിലും റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. മറ്റ് കാലാവസ്ഥകളില്‍ നമ്മളില്‍ പലരും ഏറ്റവും മികച്ച ഡ്രൈവര്‍മാരായിരിക്കാം. എന്നാല്‍, മഴക്കാലത്ത് ഡ്രൈവിങ്ങിലെ പ്രാവിണ്യം തെളിയിക്കുന്നതിന് പകരം ശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങായിരിക്കണം ശീലിക്കേണ്ടത്.
വാഹനങ്ങളില്‍ നിന്ന് വീണിട്ടുള്ള ഓയിലും മറ്റ് പദാര്‍ഥങ്ങളിലേക്ക് വെള്ളം കൂടി ചേരുന്നതോടെ കൂടുതല്‍ റോഡുകള്‍ കൂടുതല്‍ വഴുക്കലുള്ളതാകുന്നു. അതുകൊണ്ടുതന്നെ വാഹനത്തിന്റെ ബ്രേക്ക് എത്ര കാര്യക്ഷമമാണെങ്കിലും വാഹനം ഡ്രൈവറിന്റെ കൈയില്‍ നില്‍ക്കണമെന്നില്ല. ഇരുചക്ര വാഹനങ്ങളിലെ യാത്രകള്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം. ബ്രേക്ക് ചെയ്ത് ടയര്‍ നിന്നശേഷവും വാഹനം തെന്നി നീങ്ങി അപകടമുണ്ടാകുന്നത് മഴക്കാലത്തെ നിത്യസംഭവമാണ്.

മഴ കനക്കുന്ന സാഹചര്യത്തില്‍ അത്രകണ്ട് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയെന്നതാണ് ഉത്തമം. എങ്കിലും തീരെ ഒഴിവാക്കാന്‍ സാധിക്കാത്ത യാത്രകളില്‍ വളരെ അധികം ശ്രദ്ധയോടെ വേണം വാഹനവുമായി നിരത്തുകളില്‍ ഇറങ്ങാന്‍. മഴക്കാലത്ത് നിരത്തുകളില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് ജലപാളി പ്രവര്‍ത്തനം അല്ലെങ്കില്‍ അക്വാപ്ലെയിനിങ്ങ് എന്നത്. റോഡില്‍ വെള്ളക്കെട്ടുള്ളപ്പോള്‍ അതിന് മുകളിലൂടെ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണ് ഇത് ഒഴിവാക്കാനുള്ള മാര്‍ഗം.
എന്താണ് അക്വാപ്ലെയിനിങ്ങ്
വെള്ളംകെട്ടി നില്‍ക്കുന്ന റോഡിലൂടെ അമിത വേഗതത്തില്‍ പോകുമ്പോള്‍ ടയറിന്റെയും റോഡിന്റെയും ഇടയില്‍ ജലപാളി രൂപപ്പെടുകയും ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് അക്വാപ്ലെയിനിങ്. വാഹനത്തിന്റെ കുതിപ്പും ബ്രേക്കിങ്ങും നിയന്ത്രണവുമെല്ലാം യന്ത്രത്തിന്റെ പ്രവര്‍ത്തനം മൂലമാണെങ്കിലും വാഹനത്തിന് ചലനമേകുന്നത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണമാണ്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനമോടിക്കുമ്പോള്‍ ടയറിന്റെ പമ്പിങ്ങ് ആക്ഷന്‍ മൂലം ടയറിലെ താഴ്ഭാഗത്തായി ഒരുപാളി രൂപപ്പെടും.
റോഡിലെ ജലം ടയറിലെ ത്രെഡുകളില്‍ നല്‍കിയിട്ടുള്ള ചാലുകളിലൂടെ പമ്പുചെയ്ത് കളഞ്ഞ് ടയറും റോഡും തമ്മിലുള്ള കോണ്ടാക്ട് നിലനിര്‍ത്തും. എന്നാല്‍, ടയറിന്റെ വേഗത കൂടുമ്പോള്‍ പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ഈ വെള്ളം ടയറിന്റെയും റോഡിന്റെയും ഇടയില്‍ നില്‍ക്കുകയും ചെയ്യും. ഇത് വാഹനത്തിന്റെ നിയന്ത്രണത്തെ ബാധിക്കും. റോഡും ടയറും തമ്മിലുള്ള ബന്ധം വേര്‍പ്പെടുന്നതോടെ ബ്രേക്ക്, ആക്‌സിലറേറ്റര്‍, സ്റ്റിയറിങ്ങ് എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രണാതീതമാകുകയും, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യം. വാഹനത്തിന്റെ വേഗത, ടയറിന്റെ തേയ്മാനം തുടങ്ങിയവ അക്വാപ്ലെയിനിങ്ങിന് കാരണമാകും.
അക്വപ്ലെയ്നിങ് തടയാന്‍
അക്വാപ്ലെയിനിങ് തടയാന്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ വേഗത നിയന്ത്രിച്ച് പോകുകയെന്നതാണ്. ഇതിനൊപ്പം, തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് ഒഴിവാക്കുകന്നതും അക്വാപ്ലെയിനിങ്ങിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ശരിയായി ഇന്‍ഫ്‌ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡുകളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഒഴിവാക്കുകയും വേണം. അക്വാപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രം നഷ്ടപ്പെടുമെന്ന് തോന്നിയാല്‍ ആക്‌സിലറേറ്ററില്‍ നിന്ന് കാല്‍ മാറ്റേണ്ടതാണ്. അതിനൊപ്പം സഡന്‍ ബ്രേക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനവും നിയന്ത്രണത്തിലാക്കണം.
അറിയണം ഇക്കാര്യങ്ങള്‍
- വൈപ്പര്‍- വേനല്‍കാലത്ത് വാഹനങ്ങളില്‍ വിശ്രമമുള്ള ഒന്നാണ് വൈപ്പര്‍. അതുകൊണ്ട് തന്നെ വൈപ്പര്‍ ബ്ലേഡിലെ ഗ്ലാസുമായി ചേര്‍ന്ന് നില്‍ക്കുന്ന ഭാഗം ഹാര്‍ഡ് ആകാനുള്ള സാധ്യത കൂടുതലാണ്. വൈപ്പര്‍ വൃത്തിയാക്കുന്നതിനൊപ്പം വൈപ്പര്‍ ബ്ലേഡിന്റെ കാര്യക്ഷമത ഉറപ്പാക്കുകയും വേണം. ഇതിനുപുറമെ, ഗ്ലാസില്‍ പൊടിയും മറ്റും പിടിച്ചിരിക്കുന്നുണ്ടെങ്കില്‍ വെള്ളം ഒഴിക്കാതെ വൈപ്പര്‍ ഓണ്‍ ചെയ്യരുത്.
- ടയര്‍- മുമ്പ് പറഞ്ഞിട്ടുള്ള അക്വാപ്ലെയിനിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ പ്രധാനമായും ടയറിനെ ആശ്രയിച്ചാണ് ഇതിരിക്കുന്നത്. മഴക്കാലത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ കാര്യക്ഷമമായതും ഗ്രിപ്പുള്ളതുമായ ടയറുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. തേയ്മാനം സംഭവിച്ച ടയറുകള്‍ ബ്രേക്കിങ്ങിനെ പ്രതികൂലമായി ബാധിച്ചേക്കും. ഓരോ വാഹനത്തിലേയും ടയറുകളില്‍ നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എയര്‍ പ്രഷര്‍ പരിശോധിച്ച ശേഷമം മാത്രമേ വാഹനം ഉപയോഗിക്കാവൂ.
.jpg?$p=b60e6e8&w=610&q=0.8)
- ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും- ഹെഡ്ലൈറ്റിലെ ഹൈബീം, ലോബീം, ഇന്റിക്കേറ്ററുകള്‍, പാര്‍ക്ക് ലൈറ്റ്, ഫോഗ്ലാമ്പ്, ടെയ്ല്‍ലാമ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം കാര്യക്ഷമമായിരിക്കണം. റോഡില്‍ വ്യക്തമായ വെളിച്ചം നല്‍കാന്‍ ഹെഡ്ലാംമ്പ് വ്യത്തിയായി സൂക്ഷിക്കാം. ഹെഡ്ലാമ്പ് ഗ്ലാസിന് മങ്ങലുണ്ടെങ്കില്‍ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ച് തിളക്കം വീണ്ടെടുക്കാം. ബ്രേക്ക് ലൈറ്റുകളും പാര്‍ക്ക് ലൈറ്റുകളും അപകടം ഒഴിവാക്കുന്നതിന് സഹായിക്കുന്നവയാണ്.
- വാഹനത്തിലെ ഈര്‍പ്പം- മഴക്കാലത്ത് വാഹനത്തിനുള്ളില്‍ ജലാംശം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഡ്രൈവിങ്ങിനെ നേരിട്ട് ബാധിക്കില്ലെങ്കിലും വാഹനത്തിനുള്ളില്‍ പൂപ്പലിന്റെ ആക്രമണം ഉണ്ടാകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ചെറുക്കുന്നതിനായി കാറുകളിലെയും മറ്റും ഗ്ലാസുകള്‍ പൂര്‍ണമായും ഉയര്‍ത്തിയിടണം. അതേസമയം, ചെളി അടിഞ്ഞുകൂടി വാഹനത്തിന്റെ ബോഡിലുണ്ടാകുന്ന കേടുപാടുകളും മറ്റും ഒഴിവാക്കുന്നതിനായി കഴുകുന്നത് ശീലമാക്കാം.
- ബ്രേക്ക് പരിശോധന- ബ്രേക്കുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടത് മറ്റെന്തിനെക്കാളും അത്യാവശ്യമാണ്. യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങളുടെ ബ്രേക്ക് പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. ബ്രേക്ക് ഫ്ളൂയിഡ് കൃത്യമായി ചേഞ്ച് ചെയ്യണം. ഇതിനൊപ്പം ഫ്ളൂയിഡ് ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇരുചക്ര വാഹനങ്ങളുടെ ഡിസ്‌ക് ബ്രേക്ക് ക്ലീന്‍ ചെയ്ത് സൂക്ഷിക്കണം.
- ബാറ്ററിക്കും കരുതല്‍- മഴക്കാലത്ത് വാഹനങ്ങളില്‍ അധികം ശ്രദ്ധചെല്ലാത്ത മേഖലകളിലൊന്നാണ് ബാറ്ററി. മഴക്കാലത്ത് വാഹനങ്ങളുടെ ബാറ്ററിയുടെ ടെര്‍മിനലുകളില്‍ തുരുമ്പെടുക്കുകയോ ക്ലാവ് പിടിക്കുകയോ ചെയ്തേക്കാം. അതുകൊണ്ട് പെട്രോള്‍ ജെല്ലി പുരട്ടി ബാറ്ററിയുടെ ടെര്‍മിനലുകള്‍ വൃത്തിയാക്കുന്നത് ഇതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
.jpg?$p=8e127c5&w=610&q=0.8)
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയും റോഡിലൂടെയും ഡ്രൈവ് ചെയ്യരുത്.
2. ശക്തമായ മഴയുള്ളപ്പോള്‍ മരങ്ങളോ ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹസാര്‍ഡസ് വാണിങ്ങ് ലൈറ്റ് ഓണ്‍ചെയ്ത് വാഹനം പാര്‍ക്ക് ചെയ്യുക.
3. മഴക്കാലത്ത് സഡന്‍ ബ്രേക്കിങ്ങ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കിയേക്കും.
4. മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെയോ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
5. വെള്ളക്കെട്ടിലൂടെ വാഹനമോടിക്കേണ്ടി വന്നാല്‍ ഫസ്റ്റ് ഗിയറില്‍ മാത്രം പോകുക. വാഹനം നില്‍ക്കുകയാണെങ്കില്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്.
6. ബ്രേക്കിനുള്ളില്‍ വെള്ളം കയറിയാല്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കണം. പിന്നീട് ബ്രേക്ക് ചെറുതായി ചവിട്ട് പിടിച്ച് കുറച്ച് ഓടുകയും ശേഷം രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പുവരുത്തണം.
7. വെള്ളത്തിലൂടെ പോകുമ്പോള്‍ എ.സി. ഓഫ് ചെയ്യുക.
8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും. അതുകൊണ്ട് വാഹനം വേഗത്തില്‍ ഓടിക്കുന്നതിന് പകരം മുന്‍കൂട്ടി യാത്രതിരിക്കുക.
9. നിര്‍ത്തിയിട്ട് വാഹനത്തില്‍ വെള്ളം കയറിയാല്‍ ഒരുകാരണവശാലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്.
10. വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..