-
കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക്ക്ഡൗണിലും രാപകലില്ലാതെ ഓടുകയാണ് സംസ്ഥാനത്തിടനീളമുള്ള പോലീസ് സേന. ഇതിനിടെ കോവിഡ് ഡ്യൂട്ടിക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബുള്ളറ്റ് അനുവദിച്ച് കൈയടി നേടുകയാണ് തൃശൂര്‍ സിറ്റി പോലീസ്. കഴിഞ്ഞ ദിവസം ക്യാമ്പുകളും സമൂഹിക അടുക്കളയും സന്ദര്‍ശിക്കാന്‍ വനിതാ പോലീസ് എത്തിയത് ബുള്ളറ്റിലായിരിന്നു.
തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച് നഗരത്തിലെ ക്യാമ്പുകളും സമൂഹ അടുക്കളകളും സന്ദര്‍ശിച്ചത്. തുടര്‍ന്നും പട്രോളിങ്ങ് ഡ്യൂട്ടിക്കായി ഇവര്‍ ബുള്ളറ്റിലെത്തുമെന്നാണ് വിവരം.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യയുടെ നിര്‍ദേശമനുസരിച്ചാണ് വനിതാപോലീസിന് ബുള്ളറ്റ് ഓടിക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചത്. തുടര്‍ന്ന് പരിശീലനം നേടിയ വനിത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസമാണ് ബുള്ളറ്റില്‍ ഡ്യൂട്ടിക്കിറങ്ങിയത്. ചുവപ്പ് നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച് പഴയ മോഡല്‍ ബുള്ളറ്റിലാണ് വനിതാപോലീസ് പരിശോധനയ്ക്കായെത്തുന്നത്.

പരിശീലനം നേടിയ ആദ്യ സംഘം ബുള്ളറ്റുമായി ഡ്യൂട്ടിക്കിറങ്ങിയതോടെ ബുള്ളറ്റ് പരിശീലനം നേടണമെന്ന് കൂടുതല്‍ വനിതാപോലീസ് ഉദ്യോഗസ്ഥര്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ജില്ലയിലെ എല്ലാ വനിതാ പോലീസുകര്‍ക്കും പരിശീലനം നല്‍കണമെന്നും കമ്മീഷണര്‍ ആര്‍.ആദിത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഘട്ടം ഘട്ടമായി തൃശൂര്‍ ജില്ലായിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേയും വനിതകള്‍ക്ക് ബുള്ളറ്റ് ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കാനാണ് തീരുമാനം. പരിശീലനം പൂര്‍ത്തിയാക്കിശേഷം എല്ലാ സ്റ്റേഷനുകളിലും വനിതകളുടെ പ്രത്യേക പട്രോളിങ്ങ് സംഘത്തെ ഒരുക്കും. കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ വി.ബാബുരാജിനാണ് ഇതിന്റെ ചുമതലയെന്നും തൃശൂര്‍ സിറ്റി പോലീസ് ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.
Content Highlights: Thrissur District Women Police Get Bullet Training And Bullet Bike For Patrolling
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..