ഡ്രൈവർ ശേഖരനും കണ്ടക്ടർ രാജനും ടി.വി.ആർ. ബസിനുള്ളിൽ
അനിയന്ബാവയെയും ചേട്ടന്ബാവയെയും മലയാളികള്‍ക്ക് മറക്കാനാകില്ല. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലുമുണ്ട് ഇതുപോലെ 'കട്ടക്കമ്പനി'യായ കൂടപ്പിറപ്പുകള്‍. മഞ്ചേരിപെരിന്തല്മണ്ണ റൂട്ടിലോടുന്ന ടി.വി.ആര്. ബസില്‍ ഒരിക്കലെങ്കിലും കയറിയവര്‍ ഈ കട്ടക്കൂട്ട് കണ്ടിട്ടുണ്ടാകും. ബസ് പുറപ്പെടുംവരെ തോളില്‍ കൈയിട്ട് തമാശപറഞ്ഞും കമ്പനിയടിച്ചും നില്ക്കുന്ന ഇവര്‍ ഡബിള്‍ബെല്‍ മുഴങ്ങിയാല്‍ ജോലിയില്‍ 'സീരിയസ്സാ'യി.
ഒരേ ഉടമയുടെ ബസില്‍, ഒരേ റൂട്ടില്‍ ഇവര്‍ ഡ്രൈവറും കണ്ടക്ടറുമായിട്ട് 40 വര്‍ഷമായി. മഞ്ചേരി തടവള്ളി ശേഖരനും (ചന്തു) അനുജന് രാജനുമാണ് ദീര്‍ഘകാലം ജോലിചെയ്ത് ചരിത്രം സൃഷ്ടിച്ചത്. രാജന് കണ്ടക്ടറും ശേഖരന് ഡ്രൈവറുമാണ്. മഞ്ചേരിക്കും പെരിന്തല്‍മണ്ണയ്ക്കുമിടയില്‍ യാത്രചെയ്യുന്നവര്‍ക്കറിയാം ഈ അനിയനെയും ചേട്ടനെയും.
തലാപ്പില്‍ കുഞ്ഞിമൊയ്തീന്റേതാണ് ടി.വി.ആര്. എന്ന ജനസൗഹൃദ ബസ്. മഞ്ചേരിപെരിന്തല്മണ്ണ റൂട്ടിലെ ആദ്യ ബസ് ആയ ജാനകി റാം മോട്ടോഴ്സിന്റെ പിന്‍ഗാമിയായാണ് 1972ല്‍ ടി.വി.ആര്. സര്‍വീസ് തുടങ്ങിയത്. ശേഖരന് 1978ല്‍ ബസ് കഴുകുന്ന ജോലിയിലൂടെ മൂന്നുരൂപ കൂലിയില്‍ തുടങ്ങി. പിന്നെ ക്ലീനറായും ഡ്രൈവറായും ആകെ 45 വര്‍ഷം. 1983ല്‍ രാജനും ബസ് കഴുകുന്ന ജോലിക്കുകയറി. പിന്നെ ക്ലീനറായും കണ്ടക്ടറായും 'വളര്‍ന്നു'. ഉടമ കുഞ്ഞിമൊയ്തീന്‍ ഒരു ബസ് കൂടി പിന്നീട് വാങ്ങി. നിലവിലെ അതേ റൂട്ടില്‍ 15 മിനിറ്റ് വ്യത്യാസത്തില്‍ സര്‍വീസ് തുടങ്ങിയെങ്കിലും ശേഖരനും രാജനും ഒരേ ബസില്‍ ജോലിതുടര്‍ന്നു.
സൗമ്യമായ പെരുമാറ്റം. ആളുകള്‍ക്കെല്ലാം പ്രിയങ്കരരാണ് ഇരുവരും. ഇത്രയും വര്‍ഷമായിട്ടും യാത്രക്കാരുമായോ നാട്ടുകാരുമായോ പ്രശ്നമോ തര്‍ക്കമോ പോലീസ് കേസോ ഉണ്ടായിട്ടില്ല. 2016ല്‍ സംസ്ഥാനത്തെ മികച്ച ഡ്രൈവറായി മോട്ടോര്‍വാഹന വകുപ്പ് ശേഖരനെ തിരഞ്ഞെടുത്തു.
ടി.വി.ആര്. ബസ് സര്‍വീസ് തുടങ്ങിയതുമുതല്‍ മങ്കട തപാലോഫീസില്നിന്ന് തപാല്ബാഗ് കടന്നമണ്ണ, വെള്ളില, വള്ളിക്കാപറ്റ, മങ്കട പള്ളിപ്പുറം എന്നീ ഓഫീസുകളിലേക്കും തിരിച്ചും എത്തിക്കുന്നു. വിദ്യാര്‍ഥികളോട് വിവേചനം കാട്ടിയിരുന്നില്ലെന്നും സ്വന്തം മക്കളെപ്പോലെ കരുതി ശ്രദ്ധയോടെയാണ് കയറ്റിക്കൊണ്ടുപോയിരുന്നതെന്നും ശേഖരന് പറയുന്നു.
കാലംപോയ പോക്ക്
പവര്‍സ്റ്റിയറിങ്, പവര്ബ്രേക്ക് തുടങ്ങിയ സംവിധാനങ്ങളില്ലാത്ത ഡബിള്‍ ക്ലച്ച് ഉള്ള പഴയ മോഡല്‍ ബസ് ഓടിക്കുക ശ്രമകരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധുനിക സംവിധാനങ്ങളുള്ള ബസ് ഓടിക്കാന്‍ വളരെ സൗകര്യമാണ്. പഴയ മോഡല്‍ ബസിലായിരിക്കെ ഓട്ടം കഴിഞ്ഞുവന്നാല്‍ അറ്റകുറ്റപ്പണികൂടി ചെയ്യണമായിരുന്നു.
അക്കാലത്ത് സ്വകാര്യബസുകളില്‍ രണ്ടും മൂന്നും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഊഴമിട്ട് ഒരുമാസം ജോലിചെയ്യേണ്ടിയിരുന്നു. മാസത്തില്‍ 10 ദിവസമോ 15 ദിവസമോ കിട്ടുന്ന ജോലിക്ക് 5000 രൂപ മുതല്‍ 15,000 രൂപ വരെ ഉടമയ്ക്ക് മുന്‍കൂര്‍ ബോണ്ട് നല്‍കണമായിരുന്നു. ഇപ്പോള്‍ ആളെ കിട്ടാത്ത അവസ്ഥയാണെന്ന് ഇരുവരും പറയുന്നു.
സന്മനസ്സുള്ള ഉടമ
ഡീസലിന് അഞ്ചുരൂപയുണ്ടായിരുന്നപ്പോള് ദിവസം 3500 രൂപ വരെ കളക്ഷന്‍ കിട്ടിയ കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഡീസല്‍ വില കൂടിയതിനാല്‍ കാര്യമായി ഒന്നും ബാക്കിയുണ്ടാകില്ല. എങ്കിലും ഉടമയ്ക്ക് പരിഭവമില്ലെന്ന് രാജന് പറഞ്ഞു. രാജനും ശേഖരനും സ്നേഹവും ആത്മാര്ഥതയുമുള്ളവരാണെന്ന് ഉടമ കുഞ്ഞിമൊയ്തീനും സാക്ഷ്യപ്പെടുത്തുന്നു. ലാഭമില്ലെങ്കിലും സര്‍വീസ് തുടരുന്നത് അതുകൊണ്ടാണ്. ശേഖരന്റെ ഭാര്യ: അംബുജം. മക്കള്‍: സുമേഷ്, സുജീഷ്, സുസ്മിത. രാജന്റെ ഭാര്യ: സരസ്വതി. മക്കള്‍: അനുശ്രീ (സ്റ്റാഫ് നഴ്സ് പാലക്കാട്), ആര്യ (മെഡിക്കല്‍ വിദ്യാര്‍ഥി), അതുല്‍ രാജ്.
Content Highlights: driver and conductor, private bus service
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..