കോവിഡ് ഭീതിയുടെ നാളുകളില്‍ ആംബുലന്‍സിന്റെ സാരഥിയായി ദീപ ജോസഫ്. വിലങ്ങാട് സ്വദേശിനിയായ ദീപ ഓടിക്കുന്ന ആംബുലന്‍സ് തിങ്കളാഴ്ചമുതല്‍ കടത്തനാടന്‍ പാതകളിലൂടെ സൈറണ്‍മുഴക്കി കുതിക്കും. വനിതകളില്‍ അധികമാരും കടന്നുവരാത്ത മേഖലയില്‍ ഒരുകൈ നോക്കാന്‍ ആംബുലന്‍സ് വിട്ടുനല്‍കിയത് വളയം അച്ചംവീട്ടിലെ പ്രണവം യൂത്ത് ഡെവലപ്പ്‌മെന്റ് സെന്റാണ്.
പുളിയാവ് നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ബസിലെ ഡ്രൈവറായിരുന്നു ഇവര്‍. ദീപയുടെ ജീവിതവും വലിയ വാഹനങ്ങള്‍ ഓടിക്കുന്ന മികവും മാതൃഭൂമി നേരത്തെ വാര്‍ത്തയാക്കിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായിവന്ന കോവിഡും ലോക്ഡൗണും മുന്നോട്ടുള്ള ജീവിതത്തിന് കരിനിഴല്‍ വീഴ്ത്തി. കോളേജ് ഇല്ലാത്തതിനാല്‍ വരുമാനവും നിലച്ചു. ലോക്ഡൗണ്‍ കാരണം മറ്റ് ജോലികളും നിലച്ചതോടെ നിത്യവരുമാനത്തിന് എന്ത് ജോലി കണ്ടെത്തും എന്ന ചിന്തയിലായിരുന്നു ദീപ.
ഇതിനിടെ വളയത്തുള്ള സുഹൃത്താണ് പ്രണവം ട്രസ്റ്റിന്റെ ആംബുലന്‍സില്‍ ഡ്രൈവറുടെ ജോലി ഒഴിവുണ്ടെന്ന കാര്യം പറഞ്ഞത്. തുടര്‍ന്ന് ഭാരവാഹികളുമായി ബന്ധപ്പെട്ടു. വാഹനം വിട്ടുനല്‍കാന്‍ ഈ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് പൂര്‍ണസമ്മതവുമായിരുന്നു. പ്രണവം യൂത്ത് ഡെവലപ്പ്‌മെന്റ് ഭാരവാഹികളായ സി.എച്ച്. ഭാസ്‌കരന്‍, സി. ബാബു, സജിത്ത് കൃഷ്ണകുമാര്‍, സച്ചിന്‍ എന്നിവര്‍ ദീപയുമായി സംസാരിച്ച് തിങ്കളാഴ്ചമുതല്‍ ജോലി ആരംഭിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
15 വര്‍ഷംമുമ്പാണ് വിലങ്ങാട് ഓട്ടപ്പുന്നക്കല്‍ ജോസഫിന്റെ മകള്‍ ദീപ നാല് ചക്രവാഹനത്തിന്റെ ലൈസന്‍സ് സ്വന്തമാക്കിയത്. 2016ല്‍ പെരിന്തല്‍മണ്ണ ആര്‍.ടി.ഒ. ഓഫീസിനു കീഴില്‍നിന്ന് ഹെവി ലൈസന്‍സ് കരസ്ഥമാക്കി. ഇവിടെനിന്ന് ഹെവിലൈസന്‍സ് നേടുന്ന ആദ്യവനിതകൂടിയായിരുന്നു ദീപ. കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് ഉടമകൂടിയാണ് ദീപ. ഭര്‍ത്താവ് അനില്‍കുമാര്‍ തൊട്ടില്‍പ്പാലത്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. എല്‍ബിന്‍, എയ്ഞ്ചല്‍ എന്നിവര്‍ മക്കള്‍.
Content Highlights: Then Bus Driver Deepa Drive Ambulance Today On wards