പോലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം | Photo:Boynton Beach Police
കണ്ണുംമൂക്കുമില്ലാത്ത ഡ്രൈവിങ്ങിന്റെയും കൈയൂക്കിന്റെയും കഥകൾ യഥേഷ്ടമുണ്ട് റോഡുകളിൽ. എന്നാൽ, അമേരിക്കയിലെ ഫ്ളോറിഡയ്ക്ക് പറയാനുള്ളത് റോഡിലെ നല്ല ശമരിയക്കാരുടെ കഥയാണ്. ഫ്ളോറിഡയിലെ ബോയ്ന്റണ്‍ ബീച്ചിലാണ് സംഭവം.
തിരക്കുള്ള നഗരത്തില്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് പോകുന്ന വാഹനത്തെ തടഞ്ഞ് നിര്‍ത്തുകയും വാഹനത്തില്‍ അവശയായി കാണപ്പെട്ട സ്ത്രീയുടെ ജീവന് രക്ഷിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകളെ നല്ല ശമരിയക്കാരായി ബോയ്ന്റണ്‍ പോലീസ് ഉപമിച്ചത്. സ്വന്തം ജീവന് പോലും പണയപ്പെടുത്തിയാണ് ഈ വാഹനത്തെയും അതിലുണ്ടായിരുന്ന യാത്രക്കാരിയേയും രക്ഷിക്കാനായി എട്ടോളം വരുന്ന ആളുകള്‍ ഓടിക്കൂടിയതെന്നാണ് പുറത്തുവരുന്ന വീഡിയോ തെളിയിക്കുന്നത്.
ഒരു സിഗ്നല്‍ കവലയില്‍ നിയന്ത്രണമില്ലാതെ ഒരു കാര്‍ മുന്നിലേക്ക് വരുന്നതാണ് വീഡിയോയിലുള്ളത്. ഇതിനുപിന്നാലെ മറ്റൊരു വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഒരു സ്ത്രീ ഓടിവരുന്നതും കാറിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതും കാണാം. എന്നാല്‍, അവര്‍ക്ക് അത് സാധിക്കാതെ വന്നതോടെ സഹായത്തിനായി വിളിച്ച് പറയുന്നതും, സിഗ്നലില്‍ കാത്തുനിന്നിരുന്ന മറ്റ് പല വാഹനങ്ങളില്‍ നിന്നായി പലയാളുകള്‍ ഇറങ്ങി വാഹനത്തിന്റെ അരികിലേക്ക് ഓടിയെത്തുന്നതും വളരെ ആയാസപ്പെട്ട് കാര്‍ പിടിച്ച് നിര്‍ത്തുകയുമാണ് ചെയ്യുന്നത്.
കാറിനുള്ളില്‍ അവശയായി കാണപ്പെട്ട സ്ത്രീയെ ഗ്ലാസില്‍ തട്ടിയും മറ്റും വിളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഈ ശ്രമം പരാജയപ്പെട്ടതോടെ മറ്റൊരു കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ ഡംബലുമായി എത്തി കാറിന്റെ ഗ്ലാസ് തകര്‍ത്താണ് വാഹനം പൂര്‍ണമായും നിര്‍ത്തുന്നതും കാറിലുണ്ടായിരുന്ന സ്ത്രീക്ക് പ്രാഥമിക ചികിത്സ നല്കിയതും. വാഹനം നിര്‍ത്താന്‍ ശ്രമിച്ചവരില്‍ ഒരു നേഴ്സ് ഉണ്ടായിരുന്നതായും ഇവരാണ് വാഹനത്തിലുണ്ടായിരുന്ന സ്ത്രീക്ക് പ്രാഥമിക പരിചരണം നല്‍കിയതെന്നുമാണ് പോലീസ് പറയുന്നത്.
ലോറി റാബിയോര് എന്ന സ്ത്രീയാണ് വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഈ സംഭവത്തിന് പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ബോയ്ന്റണ്‍ ബീച്ച് പോലീസ് സഹായിക്കാന്‍ മുന്നിട്ടിറങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഒടുവില്‍ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ഈ വ്യക്തികളെ അറിയുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ സഹായത്തിനെത്തിയ എട്ട് ആളുകളെയും കണ്ടെത്തിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.
ഈ എട്ടുപേരെയും പോലീസ് നേരിട്ട് സന്ദര്‍ശിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവന് രക്ഷിച്ച ആ എട്ട് ഹീറോകളെയും കാണാന്‍ ലോറി റാബിയോറും നേരിട്ടെത്തിയിരുന്നു. സ്വന്തം ജീവന് പണയപ്പെടുത്തി തന്നെ രക്ഷിച്ച ആളുകളോട് നന്ദി അറിയിച്ചതിനൊപ്പം പൂക്കള്‍, ഭക്ഷണം, 2000 ഡോളറിന്റെ ഗിഫ്റ്റ് കൂപ്പണ്‍, ആറ് മുതല്‍ എട്ട് ദിവസം വരെ നീളുന്ന ക്രൂയിസ് എന്നിവയും ഈ എട്ട് പേര്‍ക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്. പോലീസിന്റെ വകയായി ഇവര്‍ക്ക് പ്രത്യേകം അവാര്‍ഡും സമ്മാനിച്ചു.
Source: Boca Post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..