1930-കളിലെ ബ്യൂക്ക് കാർ | Photo: worldwidevintageautos.com
നൂറുകണക്കിന് വാഹനങ്ങള്‍ ഒരേസമയം റോഡിലൂടെ കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നത് എങ്ങനെയാണ് ? ഡ്രൈവറുടെ ശ്രദ്ധ, റോഡ് നിയമങ്ങള്‍, വാഹനത്തിലെ സിഗ്‌നലുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് അത് സാധ്യമാക്കുന്നത്. വാഹനം എവിടേക്ക് തിരിയാന്‍ പോകുന്നു, എപ്പോള്‍ വേഗം കുറയും തുടങ്ങിയവ സംബന്ധിച്ച സൂചനകള്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നത് സിഗ്‌നല്‍ ലൈറ്റുകളിലൂടെയാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബ്രേക്ക് ലൈറ്റുകളും അടക്കമുള്ളവ വാഹനങ്ങളില്‍ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. എങ്ങനെയാണ് അവ വാഹനങ്ങളുടെ അവശ്യഘടകങ്ങളായി മാറിയത്? എന്‍ജിനിയര്‍മാരോ മെക്കാനിക്കുകളോ റോഡ് സുരക്ഷയില്‍ ഗവേഷണം നടത്തുവരോ അല്ല അവയുടെ ആശയം വികസിപ്പിച്ചത്. സിനിമാ താരമായിരുന്ന ഫ്ളോറന്‍സ് ലോറന്‍സ് ആണ്.
വൈപ്പറും ടേണ്‍ ഇന്‍ഡിക്കേറ്ററും തമ്മില്‍ എന്ത് ബന്ധം?
ഇന്നത്തെ വാഹനങ്ങളില്‍ കാണുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകളും വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. രണ്ടിന്റെയും ആദ്യരൂപങ്ങള്‍ വികസിപ്പിച്ചെടുത്തത് സ്ത്രീകളാണ്. മാത്രവുമല്ല, വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ ഇന്നുകാണുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളിയായിരുന്ന ഷാര്‍ലെറ്റ് ബ്രിഡ്ജ്‌വുഡിന്റെ മകളാണ് ടേണ്‍ ഇന്‍ഡിക്കേറ്ററിന്റെയും ബ്രേക്ക് ലൈറ്റിന്റെയും ആദ്യരൂപങ്ങള്‍ അവതരിപ്പിച്ച ഫ്ളോറന്‍സ് ലോറന്‍സ്. കാനഡയിലെ ഒന്റാരിയോയില്‍ 1886 ജനുവരി രണ്ടിനാണ് ഫ്ളോറന്‍സ് ലോറന്‍സിന്റെ ജനനം. ഫ്ളോറന്‍സ് ആനി ബ്രിഡ്ജ്‌വുഡ് എന്നായിരുന്നു ആദ്യത്തെ പേര്. അവരുടെ അമ്മ ഷാര്‍ലെറ്റ് ബ്രിഡ്ജ്‌വുഡ് പിന്നീട് ലോട്ട ലോറന്‍സ് എന്ന് പേരു മാറ്റുകയും സ്വന്തം മകളുടെ പേരിലും മാറ്റം വരുത്തുകയുംചെയ്തു. ആദ്യകാല നടികളായിരുന്നു ഇരുവരും. എന്നാല്‍, അവര്‍ ആ രംഗത്ത് കാര്യമായ പ്രശസ്തി നേടിയിരുന്നില്ല. നടികളുടെ പേരിന് അന്ന് ആരും കാര്യമായ പ്രാധാന്യം നല്‍കിയിരുന്നില്ല. ജോലി ചെയ്തിരുന്ന സ്റ്റുഡിയോകളുടെ പേരിലാണ് ഇരുവരും അന്ന് അറിയപ്പെട്ടിരുന്നത്. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് മോട്ടോര്‍വാഹനങ്ങള്‍ പ്രചാരം നേടിത്തുടങ്ങിയത്. അന്ന് വളരെ വിലയേറിയ ആഡംബര വസ്തുവായിരുന്ന കാര്‍ വാങ്ങാന്‍ ഫ്ളോറന്‍സ് ലോറന്‍സിനെപ്പോലെയുള്ള നടിമാര്‍ അടക്കമുള്ളവര്‍ക്കേ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ 1913-ല്‍ കാര്‍ സ്വന്തമാക്കിയ കുറച്ചുപേരില്‍ ഒരാളായിരുന്നു ഫ്ളോറന്‍സ് ലോറന്‍സ്.

ഫ്ളോറന്‍സിന്റെ ഓട്ടോ സിഗ്‌നലിങ് ആം
മോട്ടോര്‍ വാഹനങ്ങളോട് തോന്നിയ അതിയായ അഭിനിവേശം തന്നെയായിരുന്നു അക്കാലത്ത് വലിയ വിലകൊടുത്ത് കാര്‍ വാങ്ങാന്‍ ഫോളോറന്‍സ് ലോറന്‍സിനെ പ്രേരിപ്പിച്ചത്. കാറുകള്‍ക്ക് മികച്ച പരിചരണം ആവശ്യമാണെന്നും അവ ഇനിയും മെച്ചപ്പെടാനുണ്ടെും അവര്‍ ചിന്തിച്ചു. എന്തൊക്കെ കൂട്ടിച്ചേര്‍ക്കലുകളും തേച്ചുമിനുക്കലുകളും നടത്തി കാറുകളെ എങ്ങനെ കൂടുതല്‍ ആകര്‍ഷകവും കാര്യക്ഷമവുമാക്കാമെന്ന ചിന്തയാണ് 'ഓട്ടോ സിഗ്‌നലിങ് കൈകള്‍' എന്ന ആശയത്തിലേക്ക് അവരെ എത്തിച്ചത്. വാഹനങ്ങള്‍ ഏതെങ്കിലും സൈഡിലേക്ക് തിരിയുന്നതിനു മുമ്പ് ഡ്രൈവര്‍ കൈകൊണ്ട് സിഗ്‌നല്‍ കാണിക്കുക എന്നത് മാത്രമായിരുന്നു അക്കാലത്ത് സാധ്യമായിരുന്നത്. ഈ രീതിക്ക് എങ്ങനെ മാറ്റമുണ്ടാക്കാമെന്ന് അവര്‍ ചിന്തിച്ചു.
ടേണ്‍ ഇന്‍ഡിക്കേറ്ററിന്റെ ആദ്യരൂപം എന്നാണ് ഫ്ളോറന്‍സ് ലോറന്‍സ് വികസിപ്പിച്ച ഓട്ടോ സിഗ്‌നിലിങ് ആം വിശേഷിപ്പിക്കപ്പെടുന്നത്. കാറിന്റെ പിന്‍വശത്ത് ഘടിപ്പിച്ച കൈയുടെ രൂപമുള്ള ഉപകരണമായിരുന്നു അത്. ഡ്രൈവര്‍ക്ക് ബട്ടണ്‍ അമര്‍ത്തി നിവര്‍ത്തുകയോ മടക്കുകയോ ചെയ്യാന്‍ കഴിയു വിധത്തിലുള്ളതായിരുന്നു ഓട്ടോ സിഗ്‌നലിങ് ആം. ഇത് മടങ്ങുന്നതും നിവരുന്നതും അനുസരിച്ച് വാഹനം എവിടേക്ക് തിരിയുന്നു എന്നതുസംബന്ധിച്ച സൂചന മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും എന്നതായിരുന്നു ഫ്ളോറന്‍സ് ലോറന്‍സിന്റെ ആശയം. ബ്രേക്ക് ചവിട്ടുമ്പോള്‍ താനെ ഉയരുകയും താഴുകയും ചെയ്യുന്ന സിഗ്‌നല്‍ സംവിധാനവും അവര്‍ വികസിപ്പിച്ചെടുത്തു. ബ്രേക്ക് ലൈറ്റിന്റെ ആദ്യരൂപമായിരുന്നു അത്.
എണ്ണയൊഴിച്ച് കത്തിക്കുന്ന വിളക്കുകള്‍ ഘടിപ്പിച്ച കാറുകള്‍
ഇലക്ട്രിക് ലൈറ്റുകള്‍ വ്യാപകമാകുന്നതിനുമുമ്പ് എണ്ണയൊഴിച്ച് കത്തിക്കുന്ന വിളക്കുകളാണ് കാറുകള്‍ അടക്കമുള്ള വാഹനങ്ങളില്‍ ഉണ്ടായിരുന്നത്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ ആദ്യ ജനപ്രിയ കാറെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഫോര്‍ഡ് മോഡല്‍ ടി'യില്‍ ഹെഡ് ലൈറ്റുകളുടെ സ്ഥാനത്ത് കാര്‍ബൈഡ് ലാമ്പുകളും ടെയില്‍ ലൈറ്റുകളുടെ സ്ഥാനത്ത് എണ്ണയൊഴിച്ച് കത്തിക്കുന്ന വിളക്കുകളുമാണ് ഉണ്ടായിരുന്നത്. ഹെഡ് ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിനായി പിന്നീട് കാറുകളില്‍ ഡൈനമോകള്‍ ഉപയോഗിച്ചു തുടങ്ങിയെങ്കിലും അവ വ്യാപകമായതും ഇലക്ട്രിക് ലൈറ്റുകള്‍ വാഹനങ്ങളില്‍ ഇടംനേടി തുടങ്ങിയതും 1920-കളിലാണ്. ഇലക്ട്രിക് ലൈറ്റുകള്‍ രംഗപ്രവേശം ചെയ്തതോടെ ടേണ്‍ ഇന്‍ഡിക്കേറ്ററും ബ്രേക്ക് ലൈറ്റും അടക്കമുള്ളവയില്‍ മാറ്റങ്ങളുണ്ടായി.
സിഗ്‌നല്‍ ലൈറ്റുകള്‍ ആധുനികവത്കരിക്കപ്പെട്ടു, പക്ഷെ വാഹന നിര്‍മാതാക്കള്‍ക്ക് വേണ്ട
ഫ്ളോറന്‍സ് ലോറന്‍സ് തന്റെ ആശയം അവതരിപ്പിച്ചതിന് പിന്നാലെ ഈ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ അതിവേഗം നടക്കുകയും ടേണ്‍ ഇന്‍ഡിക്കേറ്ററിന്റെയും ബ്രേക്ക് ലൈറ്റിന്റെയും പുതിയ രൂപങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. പ്രകാശിക്കുന്ന രണ്ട് ആരോകള്‍ ഉള്‍പ്പെട്ട ആധുനിക ടേണ്‍ ഇന്‍ഡിക്കേറ്റര്‍ അവതരിപ്പിച്ചത് 1925-ല്‍ എഡ്ഗര്‍ എ വാല്‍സ് ജൂനിയറാണ്. കണ്ടെത്തലിന് പേറ്റന്റെടുത്ത അദ്ദേഹം അതിന്റെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിരവധി കാര്‍ നിര്‍മാതാക്കളെ സമീപിച്ചു. എന്നാല്‍, അവര്‍ക്കൊന്നും അദ്ദേഹത്തിന്റെ കണ്ടെത്തലില്‍ വലിയ താത്പര്യമുണ്ടായില്ല. 14 വര്‍ഷം കഴിഞ്ഞതോടെ അദ്ദേഹത്തിന് ലഭിച്ച പേറ്റന്റ് കാലഹരണപ്പെട്ടു. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബ്രേക്ക് ലൈറ്റുകളും വാഹനത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കളാരും അക്കാലത്ത് തയ്യാറായില്ല.

1929-ല്‍ ഓസ്‌കര്‍ ജെ സിംലറും ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെയും ബ്രേക്ക് ലൈറ്റിന്റെയും മേഖലയില്‍ പുതിയ പരീക്ഷണവുമായി രംഗത്തെത്തി. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് പുറമെ വാഹനം നിര്‍ത്തുമ്പോഴും വേഗം കുറയ്ക്കുമ്പോഴും പ്രകാശിക്കുന്നവിധം രണ്ട് ലൈറ്റുകള്‍ ഉള്‍പ്പെട്ടതായിരുന്നു സിംലര്‍ വികസിപ്പിച്ച സംവിധാനം. നിര്‍മാണക്കമ്പനികള്‍ കാറുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബ്രേക്ക് ലൈറ്റും ഉപയോഗിച്ചു തുടങ്ങിയത് വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. 1939-ല്‍ ബ്യൂക്കാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബ്രേക്ക് ലൈറ്റും കാറില്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതിന് വന്‍ ജനപ്രീതി ലഭിച്ചതോടെ മറ്റു നിര്‍മാതാക്കളും ബ്യൂക്കിനെ അനുകരിച്ചു തുടങ്ങി. കാറിന്റെ പിന്‍വശത്ത് മാത്രമായിരുന്നു ആദ്യം ഇന്‍ഡിക്കേറ്ററുകള്‍. തൊട്ടടുത്ത വര്‍ഷം, 1940-ല്‍തന്നെ കാറിന്റെ മുന്‍ഭാഗത്തും ഇന്‍ഡിക്കേറ്ററുകള്‍ ഇടംപിടിച്ചു.
ഇന്‍ഡിക്കേറ്ററും ബ്രേക്ക് ലൈറ്റും വാഹനങ്ങളില്‍ നിര്‍ബന്ധമാക്കി രാജ്യങ്ങള്‍
1950-കളില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് ആവശ്യമെങ്കില്‍ മാത്രം വാങ്ങി അതില്‍ ഘടിപ്പിക്കാവുന്ന ഒന്നായിരുന്നു ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍. 1960-കളുടെ അവസാനത്തിലാണ് വിവിധ രാജ്യങ്ങള്‍ വാഹനങ്ങളില്‍ അവ നിര്‍ബന്ധമാക്കി തുടങ്ങിയത്. ഇതുസംബന്ധിച്ച നിയമം പല രാജ്യങ്ങളിലും പ്രാബല്യത്തില്‍വന്നു. ഇതോടെ വാഹന നിര്‍മാതാക്കള്‍ക്കുവേണ്ടി ഇവ നിര്‍മിക്കുന്ന ഫാക്ടറികളും പലരാജ്യങ്ങളിലും നിലവില്‍വന്നു. മോട്ടോര്‍ സൈക്കിളുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ നിര്‍ബന്ധമാക്കിയത് 1970-കളിലാണ്. 1980-കളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഇന്ന് പല വാഹനങ്ങളിലും കാണുന്ന തരത്തില്‍ കാര്യമായ മാറ്റം സംഭവിച്ചു. വാഹന നിര്‍മാതാക്കള്‍ എല്‍.ഇ.ഡികള്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളില്‍ ഉപയോഗിച്ചു തുടങ്ങിയത് ഇക്കാലത്താണ്. ആദ്യം കാറുകളുടെ പിന്‍വശത്ത് മാത്രം ഘടിപ്പിച്ചിരുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ പിന്നീട് മുന്നിലും ഇടംപിടിച്ചുവെങ്കില്‍ അവ പിന്നിട് സൈഡ് മിററുകളിലും ഘടിപ്പിക്കുന്നത് സാധാരണമായി തുടങ്ങി.
ഹാമില്‍ട്ടണ്‍ വികസിപ്പിച്ച ഇന്‍ഡിക്കേറ്റര്‍
ഇനി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെയും ബ്രേക്ക് ലൈറ്റിന്റെയും ആശയം ആദ്യമായി വികസിപ്പിച്ച ഫ്ളോറന്‍സ് ലോറന്‍സിലേക്ക് മടങ്ങിവരാം. അവര്‍ക്ക് എന്തു സംഭവിച്ചു? ഫ്ളോറന്‍സിന്റെ അമ്മ ഷാര്‍ലെറ്റ് ബ്രിഡ്ജ്‌വുഡ് താന്‍ വികസിപ്പിച്ച വിന്‍ഡ് ഷീല്‍ഡ് വൈപ്പറിന് 1917-ല്‍ പേറ്റന്റ് എടുത്തിരുന്നു. എന്നാല്‍ തന്റെ കണ്ടെത്തലിന് പേറ്റന്റ് എടുക്കാനൊന്നും ഫ്ളോറന്‍സ് മെനക്കെട്ടില്ല. അതുകൊണ്ടുതന്നെ തന്റെ കണ്ടെത്തലിന്റെ പേരില്‍ അംഗീകരിക്കപ്പെടാനോ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടമുണ്ടാക്കാനോ, മോട്ടോര്‍ വാഹന രംഗത്തെ സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയ മറ്റ് പലരെയുംപോലെ ഫ്ളോറന്‍സിനും കഴിഞ്ഞില്ല. 1907-ല്‍ പേഴ്സി ഡഗ്ളസ് ഹാമില്‍ടണ്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് സമാനമായ കണ്ടെത്തലിന് പേറ്റന്റ് നേടിയിരുന്നു. വാഹനത്തില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന കൈയുടെ രൂപത്തിലുള്ള ഉപകരണമായിരുന്നു ഹാമില്‍ട്ടണും വികസിപ്പിച്ചത്. എന്നാല്‍ ഫ്ളോറന്‍സിന്റേതുപോലെ ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തിപ്പിക്കാവുന്നത് ആയിരുന്നില്ല അത്.

ഫ്ളോറന്‍സിന് പൊള്ളലേറ്റു, അവസരങ്ങള്‍ കുറഞ്ഞു; ഒടുവില്‍ അത്മഹത്യ
ദുരിതപൂര്‍ണമായിരുന്നു നടിയും അതിസമ്പന്നയും മോട്ടോര്‍വാഹന രംഗത്തെ സുപ്രധാന കണ്ടെത്തലിന് പിന്നിലെ ബുദ്ധികേന്ദ്രവുമായിരുന്ന ഫ്ളോറന്‍സ് ലോറന്‍സിന്റെ അവസാനകാലം. 1915-ല്‍ ഒരു അഗ്‌നിബാധയ്ക്കിടെ അവര്‍ക്ക് പൊള്ളലേറ്റു. പിന്നാലെ 1920-ല്‍ ഭര്‍ത്താവിന്റെ മരണവും അവരെ ഉലച്ചു. ഇതിനുപിന്നാലെ അവര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവന്നു. രണ്ടാമതും അവര്‍ വിവാഹം കഴിച്ചുവെങ്കിലും രണ്ടാമത്തെ ഭര്‍ത്താവ് 1930-ല്‍ മരിച്ചു. മൂന്നാമതും വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീട് 1938-ല്‍ ഫ്ളോറന്‍സ് ലോറന്‍സ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്ന് ഓരോ ദിവസവും നിരത്തിലൂടെ സഞ്ചരിക്കുന്ന ലക്ഷക്കണക്കിനു പേരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന വാഹനഘടകങ്ങളാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബ്രേക്ക് ലൈറ്റുകളും. അവ കൃത്യമായി ഉപയോഗിക്കാത്ത സാഹചര്യംപോലും വലിയ അപകടങ്ങളും ജീവഹാനിയും വിളിച്ചുവരുത്തും. എന്നാല്‍, അവയുടെ ആശയം ആദ്യമായി വികസിപ്പിച്ചെടുത്തതുവഴി ലക്ഷക്കണക്കിനുപേരെ അപകടങ്ങളില്‍പ്പെടാതെ രക്ഷപ്പെടുത്തിയ സ്ത്രീയ്ക്ക് അതുമായി ബന്ധപ്പെട്ട യാതൊരു അംഗീകാരവും ലഭിക്കാതെ, മറ്റു കാരണങ്ങള്‍ കൊണ്ടാണെങ്കില്‍പ്പോലും, ജീവനൊടുക്കേണ്ടി വന്നു. ഡീസല്‍ എന്‍ജിന്റെ കണ്ടുപിടിത്തത്തിലൂടെ മോട്ടോര്‍വാഹന രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാകാന്‍ കാരണക്കാരനായ റുഡോള്‍ഫ് ഡീസലിന്റെ വിധി തന്നെയാണ് ഫ്ളോറന്‍സ് ലോറന്‍സിനെയും അവസാനകാലത്ത് കാത്തിരുന്നത്.
Content Highlights: The origin and the person behind the idea of vehicle turn indicators and other signals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..