യര്‍ന്ന മലിനീകരണം, ഉയരുന്ന ഇന്ധന ഇറക്കുമതിച്ചെലവ്... ഇവ രണ്ടുമാണ് വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. പെട്രോള്‍ -ഡീസല്‍ ഉപഭോഗം കൂടുന്നതിനാല്‍ ഇറക്കുമതിച്ചെലവ് ഉയരുകയും വ്യാപാരക്കമ്മി കൂടുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍കൂടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ഭാവിയുടെ സാധ്യതയായ വൈദ്യുത വാഹനങ്ങളുടെ സാങ്കേതിക വിദ്യയില്‍ മുന്നേറ്റമുണ്ടായാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് വലിയ നേട്ടമാകും.

വൈദ്യുത വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുമെന്നത് ഉറപ്പാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവ നിരത്തിലിറക്കുന്നതില്‍ വെല്ലുവിളികളേറെയാണ്. എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ നഗര മേഖലകളില്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ വൈദ്യുതിയിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ക്ക് നികുതിയിളവും ബാറ്ററികള്‍ക്കും ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കും സബ്സിഡിയും നല്‍കി ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

ലഭ്യത

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുമായി ഏറെ മുന്നോട്ടുപോയത് 'മഹീന്ദ്ര'യാണ്. ഒമ്പത് വര്‍ഷമായി ഇ-കാറുകള്‍ നിരത്തിലിറക്കുന്നു. ഇതുവരെ 5,000 ഇ-കാറുകള്‍ വിറ്റഴിച്ചു. എന്നിട്ടും മഹീന്ദ്രയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകള്‍ 'കമ്പനി എന്ന് വൈദ്യുതി വാഹനങ്ങള്‍ പുറത്തിറക്കും?' എന്ന് ചോദിച്ചതായി മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ ലഭ്യതയെക്കുറിച്ച് ഇനിയും പൊതുജനത്തിന് അറിവില്ലെന്നതിന്റെ വ്യക്തമായ തെളിവാണിത്.

വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വാഹന മോഡലുകളുടെ എണ്ണം കുറവാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 20 മുതല്‍ 30 വരെ മോഡലുകള്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 'ഇന്റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിന്‍' (ഐ.സി.ഇ.-പെട്രോള്‍/ഡീസല്‍) വാഹനങ്ങളാകുമ്പോള്‍ നിലവില്‍ ഇരുന്നൂറിലധികം മോഡലുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ്.

തുടക്കത്തിലുള്ള ഉയര്‍ന്ന ചെലവ്

വൈദ്യുത വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനച്ചെലവ് കുറവാണ്. നിലവില്‍ പ്രചാരത്തിലുള്ള ഇന്റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിന്‍ (ഐ.സി.ഇ.) വാഹനങ്ങളുടെതിനേക്കാള്‍ നാലിലൊന്നോ അഞ്ചിലൊന്നോ ഇന്ധനച്ചെലവില്‍ വൈദ്യുത വാഹനങ്ങള്‍ ഓടിക്കാനാകും. എന്‍ജിന്‍ ഓയില്‍ അടിക്കടി മാറ്റുന്നതുള്‍പ്പെടെയുള്ള ചെലവും ഉണ്ടാകില്ല.

Electric Vehicles

എന്നാല്‍, തുടക്കത്തില്‍ വാഹനവിലയായി വന്‍തുക നല്‍കേണ്ടിവരുന്നു. ഇത് സാധാരണക്കാര്‍ക്ക് വൈദ്യുത വാഹനങ്ങള്‍ അപ്രാപ്യമാക്കുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വില ആറ് ലക്ഷം രൂപയിലേറെയാണ്. 

അടുത്ത രണ്ടു വര്‍ഷത്തേക്കെങ്കിലും ഇതിലും കുറഞ്ഞ വിലയില്‍ ഇ-കാറുകള്‍ ലഭിക്കാനിടയില്ല. ഐ.സി.ഇ. വാഹനങ്ങളാണെങ്കില്‍ മൂന്നര ലക്ഷം രൂപ മുതല്‍ നിരത്തിലിറക്കാന്‍ കഴിയും. ഇതുവെച്ചു നോക്കുമ്പോള്‍ അധികമായി നല്‍കുന്ന തുക ഇന്ധനച്ചെലവിനത്തില്‍ ലാഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.

ബാറ്ററി മാറ്റം

ബാറ്ററിയുടെ ചാര്‍ജ് പൂര്‍ണമായി തീര്‍ക്കാതെ ഉപയോഗിച്ചാല്‍ ഏഴു മുതല്‍ എട്ടു വര്‍ഷം വരെ ഒരു ബാറ്ററി ഉപയോഗിക്കാനാകും. വൈദ്യുത വാഹനങ്ങള്‍ക്ക് ഏറെ ചെലവുവരുന്നത് അതിന്റെ ബാറ്ററി യൂണിറ്റിനാണ്. അതുകൊണ്ടുതന്നെ ബാറ്ററി മാറ്റേണ്ടിവന്നാല്‍ നല്ലൊരു തുക ചെലവിടേണ്ടിവരും. ഇന്ത്യയില്‍ ബാറ്ററി ഉത്പാദനം കൂടിയാല്‍ സ്ഥിതിയില്‍ മാറ്റമുണ്ടാകും. ബജറ്റില്‍ ബാറ്ററി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറച്ചത് വില കുറയാന്‍ സഹായകമാണ്.

ബാറ്ററി ഉത്പാദനത്തില്‍ പ്രധാന ഘടകമായ ലിഥിയം ഇന്ത്യയില്‍ ലഭ്യമല്ല. ഇറക്കുമതി ചെയ്യണം. ബാറ്ററികളുടെ വില കൂടാന്‍ പ്രധാന കാരണങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ എളുപ്പത്തില്‍ ലഭ്യമായ അലുമിനീയം ഉപയോഗിച്ച് ബാറ്ററിയുണ്ടാക്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പരിഗണിക്കുന്നുണ്ട്. ഇത് എത്രമാത്രം വിജയം കാണുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. 

ഓരോ ചാര്‍ജിങ്ങിലും സഞ്ചരിക്കാവുന്ന ദൂരത്തിന് പരിധിയുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന ഭൂരിഭാഗം കാറുകള്‍ക്കും 100 മുതല്‍ 140 കിലോമീറ്റര്‍ ദൂരം വരെയാണ് ഒറ്റ ചാര്‍ജിങ്ങില്‍ സഞ്ചരിക്കാനാകുക. അടുത്തിടെ പുറത്തിറക്കിയ ഹ്യൂണ്ടായ് 'കോന'യ്ക്ക് 450 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. പുതുതായി വരുന്ന ബാറ്ററി സാങ്കേതികവിദ്യകള്‍ക്കും മൈലേജിന്റെ കാര്യത്തിലാണ് ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വരിക.

അടിസ്ഥാന സൗകര്യങ്ങള്‍

ചാര്‍ജിങ്

ഇ-വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവം വലിയ പ്രതിസന്ധികളിലൊന്നാണ്. വാഹനം നിര്‍ത്തിയിട്ട് ചാര്‍ജ് ചെയ്യാനുള്ള സ്ഥലലഭ്യത തടസ്സമായി നില്‍ക്കുന്നു. ഫ്‌ളാറ്റുകളിലും ഹൗസിങ് സൊസൈറ്റികളിലും താമസിക്കുന്നവര്‍ക്ക് ചാര്‍ജിങ് വലിയ ബുദ്ധിമുട്ടാണ്. 

Electric vehicles

ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയമാണ് മറ്റൊരു പ്രശ്‌നം. ചെലവുകുറഞ്ഞ രീതിയില്‍ വീടുകളില്‍ സ്ഥാപിക്കുന്ന സംവിധാനത്തില്‍ വാഹനത്തിന്റെ സ്വഭാവമനുസരിച്ച് ബാറ്ററി നിറയാന്‍ എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ വേണ്ടിവരും.

അതിവേഗം ചാര്‍ജ് ചെയ്യാനുള്ള സംവിധാനത്തില്‍ രണ്ടുമണിക്കൂര്‍ മതിയാകും. ഈ സൗകര്യം ലഭ്യമാക്കുന്നതിന് ചെലവു കൂടുതലാണ്. പൊതുസ്ഥലങ്ങളിലേ സ്ഥാപിക്കാനാകൂ എന്നതും തടസ്സമാണ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം മതി.

അറ്റകുറ്റപ്പണി

അറ്റകുറ്റപ്പണിക്ക് വിദഗ്ദ്ധരായവരുടെ ലഭ്യത പരിമിതമാണ്. ഇതു പരിഹരിക്കാന്‍ മികച്ച സേവന ശൃംഖല സൃഷ്ടിക്കപ്പെടണം. ഗ്രാമീണമേഖലയില്‍ ഇപ്പോഴും വൈദ്യുതിലഭ്യത പ്രശ്‌നമായി തുടരുന്നു. പലയിടത്തും വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്.

മോശം റോഡുകള്‍

നഗര-ഗ്രാമ വ്യത്യാസമില്ലാതെയുള്ള മോശം റോഡുകള്‍ ഇ-വാഹനങ്ങളുടെ മൈലേജിനെ ബാധിക്കും. ഇത് ദൂരയാത്ര പോകുന്നവരെ പ്രതിസന്ധിയിലാക്കും.

പഴയ വാഹനങ്ങളുടെ വിപണി

ഉപയോഗിച്ച വൈദ്യുത വാഹനങ്ങള്‍ക്ക് വിപണിയില്‍ വലിയ സാധ്യതയില്ലെന്നത് ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. ചാര്‍ജിങ് സൗകര്യം കുറവായതും താത്പര്യം കുറയാന്‍ കാരണമാണ്.

Content Highlights: The Main Challenges For Electric Vehicles In India