റോയല്‍ എന്‍ഫീല്‍ഡ്; രാജാവിന്റെ യാത്രകള്‍


മനോജ് കെ. ദാസ്

കാട്ടിലെ നേതാവ് റോയല്‍ ബംഗാള്‍ കടുവകളാണെങ്കില്‍ റോഡിലെ രാജാവ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ്. തലയെടുപ്പോടെ, ത്രസിക്കുന്ന നോട്ടത്തോടെ ഘന ഘന ശബ്ദത്തില്‍ മുരണ്ട് അവന്‍ വരുമ്പോള്‍ ലോകം വഴിമാറും. ഈ രാജകീയ വാഹനത്തിന് വലിയ ചരിത്രമുണ്ട്. അതില്‍ ഉത്ഥാനത്തിന്റെ അലര്‍ച്ചയ്‌ക്കൊപ്പം പതനത്തിന്റെ നേര്‍ത്ത വിലാപങ്ങളുമുണ്ട്. ഒടുവില്‍ ഒരച്ഛനും മകനും ചേര്‍ന്നുപോരാടി ഈ രാജാവിനെ പുതുമോടിയണിയിച്ച് ന്യൂജന്‍ സംഘങ്ങളുടെ ഇഷ്ടവാഹനമാക്കിയെടുത്ത നിശ്ചയദാര്‍ഢ്യമുണ്ട്. പത്രപ്രവര്‍ത്തകന്‍ അമൃത രാജ് എഴുതിയ Indian Icon: A Cult Called Royal Enfield എന്ന പുസ്തകം ഈ കഥയാണ് പറയുന്നത്.

റോയൽ എൻഫീൽഡ് ക്ലാസിക് | Photo: Royal Enfield

1985-ലെ ഏതോ ഒരു ദിവസത്തിലെ ഒരൊറ്റ നിമിഷത്തിലാണ് കൂട്ടത്തില്‍ കുഞ്ഞനായ ലെസ്ലി ജോണ്‍ പീറ്റര്‍ ഞങ്ങളുടെ മുന്നില്‍ വീരപുരുഷനായത്. പെരുമാനൂര്‍ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിന് മുന്നില്‍, ലെസ്ലി പെരുവിരല്‍ ഏന്തി കുത്തിച്ച് തന്റെ പപ്പയുടെ റോയല്‍ ബുള്ളറ്റ് നിര്‍ത്തിയ നിമിഷം പതിറ്റാണ്ടുകള്‍ക്കുശേഷവും മനസ്സില്‍ ലൈവ് ആയി നില്‍ക്കുന്നു. ഭയത്തോടെ ചാടി പിന്‍സീറ്റില്‍കയറി. ശീവേലിക്ക് കൊട്ടുന്ന വീക്കന്‍ ചെണ്ടയുടെ ഘനനാദം പോലെയുള്ള ബുള്ളറ്റിന്റെ എന്‍ജിനിടിപ്പിനൊപ്പം യാത്ര തുടങ്ങി... മനസ്സില്‍ ആ യാത്ര ഇപ്പോഴുംതീര്‍ന്നിട്ടില്ല.

അന്ന് തോന്നിയ ആനപ്പുറമേറിയവന്റെ അഹങ്കാരം പിന്നെയൊരിക്കലും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കയറിയപ്പോഴും തോന്നിയിട്ടില്ല. അന്നാകെ ഓടിച്ചിരുന്നത് ചേതക് സ്‌കൂട്ടറായിരുന്നു. ഏതാണ്ട് എല്ലാ നഗരത്തിലെയും ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ മുമ്പനായിരുന്നു അവന്‍. ലാമ്പിയെക്കാളും ഭംഗി കുറവായിരുന്നുവെങ്കിലും ചേതക് (ഒപ്പം പുനരവതാരമായ ബജാജ് സ്‌കൂട്ടറും) ഒരു മാടമ്പി സ്വഭാവം തോന്നിപ്പിച്ചിരുന്നു. കണിശക്കാരായ അച്ഛന്മാര്‍ക്ക് ചേര്‍ന്നതായിരുന്ന ആദ്യശകടം. എന്നാല്‍, ബുള്ളറ്റില്‍ കയറിയ നിമിഷംമുതല്‍ ഇരുചക്രവാഹനത്തോടുള്ള ഹരം മറ്റൊരു തലത്തിലായി. ഏത് ബുള്ളറ്റിന്റെയും എന്‍ജിനിടിപ്പ്, സ്വന്തം ഹൃദയത്തിന്റെ താളമായി മാറി.

ആണത്തത്തിന്റെ പ്രതിരൂപമാവാന്‍ എന്‍ഫീല്‍ഡ് ബുള്ളറ്റേറണം എന്നത് അക്കാലത്തെ ടീനേജ് സ്വപ്നമായിരുന്നു. ആദ്യവെല്ലുവിളി ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കുക എന്നതായിരുന്നു. എ.എം.പി. മീറ്ററിന്റെ സൂചി കൃത്യമായി നിര്‍ത്തിയാല്‍ മാത്രമേ എന്‍ജിന്‍ സ്റ്റാര്‍ട്ടാവൂ. ഇല്ലെങ്കില്‍ കടുത്ത ശിക്ഷയായി കിക്കര്‍ കാലിന്റെ ഉപ്പൂറ്റിയില്‍ പതിക്കും. ഓരോ പ്രാവശ്യം തെറ്റുമ്പോഴും തിരിച്ചടിച്ചുകൊണ്ടേയിരിക്കുന്ന കിക്കറിന്റെ കരയിക്കുന്ന വേദന. ഒടുവില്‍ കൃത്യതയോടെ സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഒരു കുലുക്കത്തോടെ ഉണര്‍ന്ന്, ആകെ ത്രസിപ്പിക്കുന്ന എന്‍ജിന്‍നാദം വിടരും. ആ നിമിഷം ചുണ്ടില്‍ പടരുന്ന പുഞ്ചിരി, ഇന്നും ഓര്‍മയില്‍ ഇടിവെട്ടിപ്പെയ്യുന്ന ഒരു മഴപോലെ, അത് നനഞ്ഞപോലെ... എണ്‍പതുകളുടെ അവസാനം ആരംഭിച്ച് തൊണ്ണൂറുകളിലൂടെ പടര്‍ന്നുകയറി ബുള്ളറ്റ് ഞങ്ങളുടെ ഹൃദയമിടിപ്പായി മാറിക്കൊണ്ടിരുന്നു...

ഈ കാലത്ത് ഡല്‍ഹിയില്‍ മറ്റൊന്ന് നടക്കുന്നുണ്ടായിരുന്നു. സ്വന്തം ഹൃദയം നിലയ്ക്കുന്നത് എപ്പോള്‍ എന്ന ഭീതിയില്‍ എന്‍ഫീല്‍ഡ് കുടുംബം പരാധീനപ്പെടുകയായിരുന്നു. എ.എം.പി. മീറ്റര്‍ നോക്കി സ്റ്റാര്‍ട്ടിങ് പഠിക്കുന്നതിലും ബുദ്ധിമുട്ടാണ് കച്ചവടം ദിനംപ്രതി കുറഞ്ഞുവന്നിരുന്ന ബുള്ളറ്റ് ബ്രാന്‍ഡ് നിലനിര്‍ത്താന്‍ എന്ന തിരിച്ചറിവില്‍ ഐഷര്‍ ഗ്രൂപ്പ് ഉടമ വിക്രംലാല്‍, ചിന്തയുടെ എല്ലാ റോഡിലൂടെയും മനസ്സിനെ ഓടിച്ചു. ബുള്ളറ്റ് വേഗത്തില്‍ ചിന്തകള്‍ പാഞ്ഞു. (ഇവിടെ പരാമര്‍ശിച്ച ബുള്ളറ്റ് വേഗം വെടിയുണ്ടയുടെ വേഗം എന്ന അര്‍ഥത്തില്‍ തന്നെയാണ്. ബുള്ളറ്റ് എന്ന പേര് തന്നെ ഒരിക്കല്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി നിര്‍മിച്ച എന്‍ഫീല്‍ഡ് തോക്കിന്റെയും വെടിയുണ്ടയുടെയും ഓര്‍മയില്‍നിന്നുതന്നെ വന്നതാണ്.) ഒരു നാല്‍ക്കവലയില്‍ എങ്ങോട്ട് തിരിയണം എന്ന ചിന്തയോടെ കാത്തുനില്‍ക്കുന്ന യാത്രികരെപ്പോലെയായി അവര്‍.

bULLET

യന്ത്രങ്ങളുടെ ലോകം കീഴടക്കി നിന്നിരുന്ന ഐഷര്‍ ഗ്രൂപ്പിന്റെ ഏറെ പ്രശസ്തമായ ഒരു വിഭാഗമായിരുന്നു ഐഷര്‍ മാപ്സ്. ഇന്ത്യയിലെ എല്ലാ നഗരങ്ങളുടെയും ഭൂപടം പ്രസിദ്ധീകരിക്കുന്ന ഈ വിഭാഗത്തിന്റെ തുടക്കം ഉടമ വിക്രംലാലിന് കാര്‍ട്ടോഗ്രാഫിയില്‍ ഉണ്ടായിരുന്ന തീവ്രമായ ഇഷ്ടമായിരുന്നു. ഏറെ ലാഭം കിട്ടിയിരുന്നില്ലെങ്കിലും വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന ഭൂപടങ്ങള്‍ ആയിരുന്നു അവ. അങ്ങനെ എല്ലാ നഗരങ്ങളുടെയും ഹൃദയധമനികള്‍ പോലെയുള്ള റോഡുകള്‍ കൃത്യമായി ആയിരങ്ങളില്‍ എത്തിച്ചു വിക്രംലാല്‍. താന്‍ നിര്‍മിച്ച ഭൂപടത്തിലെ വഴികള്‍ കൃത്യമാവുമ്പോഴും തന്റെ ബുള്ളറ്റിന്റെ ഭാവി എന്ത് എന്ന ചോദ്യത്തിനുമുന്നില്‍ അദ്ദേഹം ദിക്കറിയാതെ ഉഴറി... (ഒരുപക്ഷേ, ബുള്ളറ്റ് നിര്‍മാണം നിര്‍ത്തേണ്ടിവരും എന്നുവരെ എയ്ഷര്‍ തലവന്മാര്‍ ചിന്തിച്ചിരുന്നു. ഇതറിഞ്ഞിരുന്നെങ്കില്‍ അരുത് എന്ന് പിടഞ്ഞുപറഞ്ഞ് ഞങ്ങള്‍ ഉറപ്പായും കത്തയച്ചേനെ) പക്ഷേ, വിക്രം തോല്‍ക്കാന്‍ തയ്യാറായില്ല. തന്റെ മകന്‍ സിദ്ധാര്‍ഥയുമായി ചേര്‍ന്ന് ബുള്ളറ്റ് നിര്‍മാണം തുടരാന്‍ തന്നെയുറച്ചു. ഇരുചക്രഹരം പങ്കുവെച്ചിരുന്ന ഒരു അച്ഛന്‍-മകന്‍ കെമിസ്ട്രി ബുള്ളറ്റിന്റെ പുതുവഴി തിരഞ്ഞുതുടങ്ങി.

പ്രതിസന്ധിമധ്യത്തിലെ പിതാവും പുത്രനും

എങ്ങനെ ഞങ്ങളുടെ യുവജനസംഘം അന്ന് ഒരു ഭീമന്‍ ബൈക്കിനെ മെരുക്കാന്‍ പരിശ്രമിച്ചുവോ, ഏതാണ്ട് അതേ ശ്രമമായിരുന്നു വിക്രംലാലും മകന്‍ സിദ്ധാര്‍ഥയും പിടിച്ചുനില്‍ക്കാനായി നടത്തിയത്. തൊണ്ണൂറുകളുടെ ആദ്യം ഇന്ത്യ അതിന്റെ വാതായനങ്ങള്‍ ആഗോളീകരണത്തിനായി തുറന്നിട്ട കാലമായിരുന്നു. ഉപഭോഗസാധ്യത മുന്നില്‍ക്കണ്ട് വിദേശ ആശയങ്ങള്‍ ഇന്ത്യയില്‍ വിമാനമിറങ്ങിയ വര്‍ഷങ്ങള്‍. സ്‌കൂട്ടറുകളും ടി.വി.എസിന്റേതുപോലുള്ള ബൈക്കുകളും ബുള്ളറ്റിനൊപ്പം നിരത്തുകളില്‍ അന്നത്തെ ഇന്ത്യയുടെ മധ്യവര്‍ഗത്തിന്റെ മധ്യവേഗത്തിനൊപ്പം നീങ്ങിത്തുടങ്ങി. ഈ അലസഗമന സംസ്‌കാരത്തിലേക്കാണ് ആഗോള ബ്രാന്‍ഡുകളായ യമഹയും ഹോണ്ടയും കുതിച്ചെത്തിയത്. ഇതിനു മുമ്പുതന്നെ സഞ്ജയ്ഗാന്ധിയുടെ സഹായത്താല്‍ സുസൂക്കി തങ്ങളുടെ മാരുതിയുമായി എത്തിയിരുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മാത്രമല്ല ആഗോളീകരണത്തിന്റെ ശക്തികള്‍ മാറ്റിമറിച്ചത്. ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസ്സുകൂടിയായിരുന്നു. പ്രത്യേകിച്ച് ബാങ്കിങ് മേഖലയുടെ മാറ്റം പലതും കൈയെത്തിപ്പിടിക്കാന്‍ അവരെ പ്രലോഭിപ്പിച്ചു. കടം എന്ന ഭൂതത്തെ എങ്ങനെയെങ്കിലും അകറ്റിനിര്‍ത്തണം എന്ന് ഉരുവിട്ടു പഠിച്ച അച്ഛന്മാര്‍ വളര്‍ത്തിയ തലമുറയുടെ മനസ്സില്‍നിന്ന് ആ ഭീതിയെ ഉച്ചാടനം ചെയ്യാന്‍ ഈ മാറ്റങ്ങള്‍ക്കായി. വായ്പ ചോദിച്ചെത്തുന്നവനെ വട്ടംകറക്കിയിരുന്ന ബാങ്കിന്റെ കണ്ണാടിക്കൂട്ടിലെ ക്രൂരന്മാര്‍ക്ക് പകരം, ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ സമീപനം പോലെ വായ്പയുമായി വീട്ടുവാതുക്കല്‍ എത്തുന്ന ന്യൂജന്‍ ബാങ്കിങ് ഉദ്യോഗസ്ഥര്‍ ഈ സ്വപ്നങ്ങളെ കൂടുതല്‍ മിഴിവും നിറവുമുള്ളതാക്കി.

ഓര്‍ക്കുന്നുണ്ട് എണ്‍പതുകളിലെ പല ഞായറാഴ്ചകളിലും സായാഹ്നത്തിലെ പാര്‍ക്കുകളിലേക്ക് അച്ഛന്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ കാര്യം. ഏതാണ്ട് എല്ലാ കുടുംബങ്ങളും മൂന്നുകുട്ടികളെ വരെ സ്‌കൂട്ടറില്‍ ഇരുത്തിയാണ് എത്തിയിരുന്നത്. ഇത്തരം കുടുംബനാഥന്മാര്‍ക്ക് അന്നത്തെ അംബാസഡര്‍ കാറുകള്‍ അപ്രാപ്യമായിരുന്നു. ഒരു സ്റ്റാന്‍ഡേഡ് കാര്‍ തന്നെ ആഡംബരമായിരുന്നു. എന്നാല്‍, മാരുതിയുടെ വരവ് ഒരു കുഞ്ഞുകുടുംബകാര്‍ അവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ മധ്യവര്‍ഗം ചെറുകാറുകളിലേക്കും പുതുതലമുറ യമഹ, ഹോണ്ട ബൈക്കുകളിലേക്കും തിരിഞ്ഞ ഈ കാലത്ത് ബുള്ളറ്റിന്റെ ഹൃദയമിടിപ്പ് കുറഞ്ഞു തുടങ്ങി. ബജാജ് സ്‌കൂട്ടറുകള്‍ക്കൊപ്പം ബൈക്കുകള്‍ പരീക്ഷിച്ചു. അതില്‍ കാവസാക്കിയുമായിച്ചേര്‍ന്ന് രൂപകല്പന ചെയ്ത ബൈക്കും ഫ്യൂറിയും കുറെ മാര്‍ക്കറ്റുകളില്‍ വിജയിച്ചു.

ഇക്കാലത്താണ് വിക്രംലാലും കൂട്ടരും ആദ്യമായി ബുള്ളറ്റ് അഭിമുഖീകരിച്ച പ്രതിസന്ധിയെ നേരിടുന്നത്. മദ്രാസ് മോട്ടോഴ്സ് ഉടമസ്ഥതയില്‍ ആയിരുന്ന റോയല്‍ എന്‍ഫീല്‍ഡ് എയ്ഷര്‍ വാങ്ങിയിട്ട് അധികം കാലം ആയിരുന്നില്ല.

Siddarthlal
സിദ്ധാർഥലാൽ

''നിനക്കെന്ത് തോന്നുന്നു?'' -വിക്രംലാല്‍ മകനോട് ചോദിച്ചു. വിക്രം തന്റെ ചോദ്യം ആവര്‍ത്തിച്ചു. ഇന്ത്യയാകെ ബുള്ളറ്റ് ഓടിച്ചു ജീവിതം പഠിച്ച ഒരച്ഛന്റെ ചോദ്യംകൂടിയായിരുന്നു അത്. ''ഞാന്‍ ഏറ്റെടുക്കാം'' -26 കാരനായ സിദ്ധാര്‍ഥ പറഞ്ഞു. എല്ലാതരത്തിലും നഷ്ടത്തിന്റെ കയത്തില്‍ വീണ എന്‍ഫീല്‍ഡിന് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. എന്നാല്‍, ആ തീരുമാനം ഉറച്ചതായിരുന്നു. ആ യുവാവിന് ആത്മവിശ്വാസം കിട്ടിയത് രണ്ട് കാര്യങ്ങള്‍കൊണ്ടായിരുന്നു: ബുള്ളറ്റ് എന്ന ഇരുചക്രവാഹനത്തോടുള്ള തീരാപ്രണയം; യാത്രകള്‍ക്കിടയില്‍, തന്നെ ബുള്ളറ്റ് ഒരിക്കല്‍പോലും വഴിയില്‍ കിടത്തിയിട്ടില്ല എന്ന അനുഭവം.

അക്കാലയളവില്‍ ഏതാണ്ട് 24000 ബുള്ളറ്റുകള്‍ മാത്രമാണ് ഒരു വര്‍ഷത്തില്‍ കമ്പനി നിര്‍മിച്ചിരുന്നത്. അതിന്റെ മൂന്നിരട്ടി ശേഷിയുള്ള ഫാക്ടറികള്‍ ഉള്ളപ്പോഴാണിത്. വര്‍ഷത്തില്‍ 20 കോടിക്ക് മുകളില്‍ നഷ്ടം. വലിയൊരു ശതമാനം വാഹനങ്ങള്‍ വാങ്ങിയിരുന്നത് സര്‍ക്കാര്‍ വിഭാഗങ്ങളായിരുന്നു. പിന്നെ പട്ടാളവും. (യഥാര്‍ഥത്തില്‍ ഇന്ത്യയിലേക്ക് എന്‍ഫീല്‍ഡ് കൊണ്ടുവന്ന മദ്രാസ് മോട്ടോഴ്സ് ചുവടുറപ്പിച്ചതുതന്നെ സൈനികര്‍ക്കായി സര്‍ക്കാര്‍ വാങ്ങിയ 350 സി.സി.യുടെ 500 ബുള്ളറ്റിന്റെ ഓര്‍ഡറിനെത്തുടര്‍ന്നായിരുന്നു. പിന്നീട് പട്ടാളക്കാരന്റെ ചങ്കായി മാറി ബുള്ളറ്റ്. നമ്മുടെ നായര്‍സാബ് അടക്കമുള്ള സിനിമകളില്‍ ഇത് കാണാം.)

റിപ്പബ്ലിക്ദിനത്തില്‍ ഒരൊറ്റ ബുള്ളറ്റില്‍ പറ്റിച്ചേര്‍ന്ന് ചിത്രശലഭത്തെപ്പോലെ രാജ്പഥില്‍ പാറിപ്പോവുന്ന പട്ടാളക്കാര്‍ ബുള്ളറ്റ്കരുത്തിന്റെ പര്യായമായി. പക്ഷേ, ഈ ഇമേജ് മാറിവന്ന ഇന്ത്യയുടെ മധ്യവര്‍ഗത്തിന് മുന്നില്‍ തിരിച്ചടിയുമായി. പാലുകച്ചവടക്കാരന്റെയും പട്ടാളക്കാരന്റെയും വാഹനം എന്ന ഖ്യാതി ഇന്ത്യാ ഷൈനിങ് കാലത്തെ യുവാക്കള്‍ക്ക് അത്ര സ്വീകാര്യമായില്ല. ഇത് കൂടാതെയായിരുന്നു ബുള്ളറ്റിന്റെ ചെറിയതും വലിയതുമായുള്ള പ്രശ്‌നങ്ങള്‍. കേബിള്‍ കിട്ടാനില്ലാത്തതും എന്‍ജിന്‍ ലീക്കേജും ഇടതുവശത്തെ ബ്രേക്കിങ് സംവിധാനവും എല്ലാം ഒരു യുവ ഇന്ത്യന്‍ മനസ്സിലേക്ക് ഓടിക്കയറുന്നതില്‍നിന്ന് ബുള്ളറ്റിനെ വിലക്കിയ കാര്യങ്ങളായിരുന്നു. ട്രാക്ടര്‍ മാത്രം വിറ്റ് ശീലിച്ച മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ പിടിപ്പുകേടും ഇതിനൊപ്പം സിദ്ധാര്‍ഥയ്ക്ക് തിരിച്ചടിയായി.

''മുന്‍പരിചയമില്ലാത്തതായിരുന്നു എന്റെ ശക്തി. അതുകൊണ്ടുതന്നെ മുന്‍വിധിയില്ലാതെ പ്രശ്നങ്ങളെനേരിട്ട് നഷ്ടം കുറയ്ക്കാനായി ശ്രമം. ആദ്യപടിയായി ജയ്പുര്‍ പ്ലാന്റ് അടച്ചു. തൊഴിലാളികള്‍ കൂടുതലുള്ള ചെന്നൈ നിലനിര്‍ത്തി'' -സിദ്ധാര്‍ഥ പറയുന്നു. കുറെയേറെ കടുത്ത തീരുമാനങ്ങള്‍ വേറേയും വേണ്ടിവന്നു. എണ്‍പതുകളുടെ അവസാനം എന്‍ഫീല്‍ഡ് കമ്പനി BIFR (Bord of Industrial and Financial Reconstruction) മുന്നിലെത്തിയിരുന്നു. ഈ പ്രക്രിയയുടെ അവസാനത്തില്‍ ചെന്നൈ മൗണ്ട് റോഡിലെ കമ്പനി ആസ്ഥാനംതന്നെ അവര്‍ക്ക് നഷ്ടമായി.

Bullet

ഐ.ഡി.ബി.ഐ. ബാങ്ക് തങ്ങള്‍ക്ക് കിട്ടേണ്ട തുകയുടെ ഈടായി കെട്ടിടം ഏറ്റെടുക്കുകയായിരുന്നു. ''അതുവഴി പോവുമ്പോഴൊക്കെ, ഉള്ളില്‍ ഒരു നീറ്റല്‍ നിറയാറുണ്ട്'' -സിദ്ധാര്‍ഥ പറയുന്നു. കമ്പനിയുടെ ഗതിമാറ്റാന്‍ ശ്രമിക്കുന്നതിനിടെതന്നെ എന്‍ജിന്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കാനുള്ള ശ്രമം ആരംഭിച്ചു. പ്രധാനമായും അക്കാലയളവില്‍ മാര്‍ക്കറ്റില്‍ എത്തിയ ഹീറോ ഹോണ്ടയെയും Fill it, shut it and forget it എന്ന മുദ്രാവാക്യത്തെയും നേരിടാന്‍ അതാവശ്യമായിരുന്നു. AVLകമ്പനിയുമായി ചേര്‍ന്ന് എന്‍ഫീല്‍ഡ് ശ്രമമാരംഭിച്ചു. പക്ഷേ, ആദ്യശ്രേണിയില്‍ എത്തിയ എന്‍ജിനുകള്‍ക്ക് ബുള്ളറ്റിന്റെ വ്യക്തിത്വമായ ഗംഭീരശബ്ദം നഷ്ടമായിരുന്നു.

''അത് ഒട്ടും സ്വീകാര്യമായിരുന്നില്ല. പിന്നെയും മാസങ്ങള്‍നീണ്ട ശ്രമത്തിനൊടുവിലാണ് 99.4 ശതമാനം പഴയ ബുള്ളറ്റിന്റെ താളമുള്ള എന്‍ജിനില്‍ എത്തിയത്'' -സിദ്ധാര്‍ഥ പറഞ്ഞു.

എന്‍ഫീല്‍ഡ് കമ്പനി അതിന്റെ താളം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അതിതീവ്രമായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ മോഫ എന്ന 35 സി.സി. മോപ്പഡ്, മറ്റൊരു ഇരുചക്രബ്രാന്‍ഡായ ഫ്യൂറി എന്നിവ നിര്‍ത്തി. ഇതിനിടെ വിക്രംലാല്‍ പൂര്‍ണമായും ബിസിനസ് രംഗത്തുനിന്ന് പിന്മാറി. ഏതാണ്ട് 55 വയസ്സായപ്പോള്‍ത്തന്നെ അദ്ദേഹം തന്റേതായ ഒരു സൈ്വരലോകം കണ്ടെത്തി. ബിസിനസ് കൊണ്ടുവന്നേക്കാമായിരുന്ന കോടികള്‍ വേണ്ടെന്നുവെച്ച് സ്വസ്ഥമായ യാത്രകളും ചിന്തകളുമായി അദ്ദേഹം കഴിഞ്ഞു, പത്രങ്ങള്‍ക്കുപോലും പിടികൊടുക്കാതെ. മറ്റ് ബിസിനസ് സാരഥികള്‍ക്ക് അദ്ഭുതമായി വിക്രം ജീവിച്ചു. അതുകൊണ്ടുതന്നെ, The CEO who walked away എന്നൊരു ഓമനപ്പേരും കോര്‍പ്പറേറ്റ് ലോകം അദ്ദേഹത്തിന് നല്‍കി. എന്‍ഫീല്‍ഡ് മുന്നോട്ട് ഓടിക്കുക എന്നത് സിദ്ധാര്‍ഥയു?ടെ മിടുക്ക് മാത്രമായി.

മാറ്റങ്ങളുടെ മായാജാലങ്ങള്‍

ക്വാളിറ്റി എന്നും എന്‍ഫീല്‍ഡിന്റെ തലവേദനയായിരുന്നു. പക്ഷേ, അമ്മ അനിതയുടെ സൂക്ഷ്മത തന്റെ സാമ്രാജ്യത്തിലേക്കും സിദ്ധാര്‍ഥ കടമെടുത്തു. ബുള്ളറ്റ് മാര്‍ക്കറ്റിലേക്ക് എത്തിക്കുന്ന രീതി മാറ്റിക്കൊണ്ടായിരുന്നു തുടക്കം. വൈക്കോല്‍ പുതച്ച് പായ്ക്ക് ചെയ്യുന്ന രീതി അവസാനിപ്പിച്ച് തങ്ങളുടെതന്നെ ട്രക്കുകളില്‍ ബുള്ളറ്റ് കൊണ്ടുപോകാന്‍ തുടങ്ങി. അതോടെ ട്രാന്‍സ്‌പോര്‍ട്ടിങ്ങിന് ഇടയിലുണ്ടായിരുന്ന പരിക്കുകള്‍ ഇല്ലാതായി. പരാതികള്‍ കുറഞ്ഞു. അത് ശരിക്കും ഒരു പുതിയ തുടക്കമായിരുന്നു.ഇതോടൊപ്പം സധൈര്യം സിദ്ധാര്‍ഥ മറ്റൊന്നുകൂടി നിര്‍ത്തലാക്കി. എന്‍ഫീല്‍ഡ് നല്‍കിയിരുന്ന വിലയിളവ്. ഏതാണ്ട് ഏഴ് ശതമാനംവരെ കിഴിവ് നല്‍കിയിരുന്ന രീതി ഒറ്റയടിക്ക് നിര്‍ത്തി.

2001-ല്‍ എടുക്കാവുന്ന ഏറ്റവും വലിയ റിസ്‌ക്. ആദ്യ മാസങ്ങളിലെ മാന്ദ്യത്തിനുശേഷം ബുള്ളറ്റിനുള്ള ആവശ്യവും കച്ചവടവും കൂടി. അങ്ങനെ മാസം 60 ലക്ഷം രൂപ ലാഭിച്ചു. പല പരിഷ്‌കാരങ്ങള്‍വഴി 2002-2003 ആവുമ്പോഴേക്കും 38 കോടി ലാഭം കൈവരിച്ചു. ഇതേ കാലഘട്ടത്തിലാണ് ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍ എന്ന പരിഷ്‌കാരവും വരുത്തിയത്. ഇതോടൂകൂടി ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാലിനിട്ട് കിട്ടിയിരുന്ന തിരിച്ചടിനിന്നു. ബുള്ളറ്റ് ഇലക്ട്രോ ജനിച്ചയുടനെ കമ്പനി Everybody makes way for Bullet എന്ന പരസ്യം ചെയ്തു. മടങ്ങിവരവിന്റെ യു ടേണ്‍ എന്ന് കോര്‍പ്പറേറ്റ് ലോകം വിലയിരുത്തുന്ന മാറ്റമായിരുന്നു അത്.

എന്‍ഫീല്‍ഡ് ചെറുപ്പമാവുകയായിരുന്നു. ഇലക്ട്രാ ബ്രാന്‍ഡിനൊപ്പം പുതിയ ട്രാന്‍സ്മിഷന്‍ ഇലക്ട്രോണിക്സ് ചേര്‍ത്തു. എങ്കിലും യുവമനസ്സുകളിലേക്ക് ബുള്ളറ്റ് കയറിയില്ല. അപ്പോഴാണ് പരസ്യലോകത്തെ രണ്ട് ബുദ്ധികേന്ദ്രങ്ങള്‍ സിദ്ധാര്‍ഥയ്‌ക്കൊപ്പം ചേര്‍ന്നത്. Incredible India എന്ന ടാഗ്ലൈന്‍ സൃഷ്ടിച്ച വി. സുനില്‍, കൂടെ മോഹിത് ജയാല്‍. ഇരുവരും ചേര്‍ന്ന് A എന്ന പരസ്യ ഏജന്‍സി തുടങ്ങിയ സമയം. ഇവരുടെ ആശയം ആയിരുന്നു എന്‍ഫീല്‍ഡ് യാത്രകള്‍ക്ക് ഒരു ഭാരതീയത നല്‍കുക എന്നത്. അങ്ങനെയാണ് ഇന്ത്യയുടെ വേരുകള്‍ തേടിയുള്ള യാത്രകള്‍ ബുള്ളറ്റുമായി ചേര്‍ത്തുവെച്ച് ചിന്തിച്ചുതുടങ്ങിയത്.

പഴമയുടെ മുഖങ്ങള്‍ ആധുനിക ലോകത്തിന്റെ പ്രതിനിധികളായി മാറുന്ന പ്രചാരണം തുടങ്ങി. പത്രങ്ങളിലും ടി.വി.യിലും പലരീതിയില്‍ ഈ പരസ്യങ്ങള്‍. യഥാര്‍ഥ കഥകള്‍, യാഥാര്‍ഥ്യമാവുന്ന സ്വരത്തില്‍ അവയിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍തന്നെ പറയുന്ന ആഖ്യാനം. തന്റെ ബുള്ളറ്റ് മകള്‍ക്ക് കൊടുക്കുന്ന യുദ്ധവിമാന പൈലറ്റ് മുതല്‍ പോള്‍ സ്മിത്ത് പോലെയുള്ള യാത്രികര്‍ വരെ; ഫാഷന്‍ ബോട്ടിക് ഉടമ മേഘ്നാ ഖന്നയെപോലെയുള്ള ഒട്ടേറെയാളുകള്‍ വേറെയും. അവര്‍ തങ്ങളുടെ വണ്ടിനമ്പറുകള്‍ വെച്ചാണ് പരസ്യത്തിലെത്തിയത്. അങ്ങനെ പാല്‍ക്കാരന്റെയും പോലീസുകാരന്റെയും അടയാളമായിരുന്ന ബുള്ളറ്റ് മാറിയ ഇന്ത്യയിലെ യുവശക്തിയുടെ അടങ്ങാത്ത യാത്രാഭിനിവേശത്തിന്റെ മീഡിയം ആയി മാറി. സിദ്ധാര്‍ഥ ഉദ്ദേശിച്ചപോലെ പഴയകാലത്തെ കമ്പക്കാരെ നിലനിര്‍ത്തിക്കൊണ്ട് പുതിയ ജനവിഭാഗത്തെ ബുള്ളറ്റിലേക്ക് ആകര്‍ഷിക്കാന്‍ ഈ പരസ്യപരമ്പരയ്ക്കായി. കൂടാതെ ബുള്ളറ്റ് എന്നത് സമൂഹഹൃദയവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു ബ്രാന്‍ഡായി മാറി. വില്‍പ്പനയിലും മാറ്റം കണ്ടുതുടങ്ങി. 30000-ത്തിന് മുകളില്‍ ബൈക്കുകള്‍ ഒറ്റവര്‍ഷംകൊണ്ട് വിറ്റു.

bULLET

മറ്റ് ബ്രാന്‍ഡുകളും വെറുതേ ഇരുന്നില്ല. സ്പ്ലെന്‍ഡര്‍, സി.ബി.സെഡ്. തുടങ്ങിയ രണ്ട് ചെത്ത് താരങ്ങളെ ഹോണ്ട ഇറക്കി. സി.ബി.സെഡ്. വേഗത്തെ സ്‌നേഹിക്കുന്നവര്‍ക്കുള്ളതായിരുന്നു. താമസിയാതെ ബോക്സര്‍, പള്‍സര്‍ തുടങ്ങിയ പേരുകളില്‍ പുതിയ ബജാജ് ബൈക്കുകള്‍ എത്തി. ഇതില്‍ പള്‍സര്‍ വളരെ വേഗം 20-40 പ്രായക്കാര്‍ക്കിടയില്‍ ഹരമായി. ബജാജ് ഇന്ത്യയിലെത്തന്നെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായി. താമസിയാതെ ബജാജ് കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ മകന്‍ രാജീവ് സാരഥ്യത്തിലെത്തി. ഇതോടുകൂടി ആര്‍.എല്‍.ആര്‍. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിത്തുടങ്ങി. പരസ്പരം ആരാധിച്ചിരുന്ന രണ്ടുപേരായിരുന്നു സിദ്ധാര്‍ഥയും രവിചന്ദ്രനും. ഈ കാലഘട്ടത്തിലാണ് എയ്ഷര്‍ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വിക്രംലാല്‍ മകനോട് പറഞ്ഞത്. താന്‍ വളര്‍ത്തിയ എന്‍ഫീല്‍ഡ് ആരെ ഏല്‍പ്പിക്കണം എന്ന് ഒന്നുകൂടി ചിന്തിക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അങ്ങനെ രവിചന്ദ്രന്‍ എന്‍ഫീല്‍ഡിലെത്തി. ഈ മാറ്റത്തിന്റെ ചുക്കാന്‍ പിടിച്ചവരില്‍ ഒരാള്‍ മലയാളിയായ ഷാജി കോശി ആയിരുന്നു.

ഒഴിവുസമയ മോട്ടോര്‍സൈക്കിളിങ് ഹരമായി മാറിക്കഴിഞ്ഞിരുന്ന കാലത്ത് എന്‍ഫീല്‍ഡ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി. ഷോറൂമുകള്‍ക്ക് മാറ്റംവരുത്തി. എയ്ഷറിന്റെ മുഴുവന്‍ ശ്രദ്ധയും എന്‍ഫീല്‍ഡിലായി. മുപ്പതിനായിരം ബുള്ളറ്റുകള്‍ ഒരു വര്‍ഷം വില്‍പ്പന നടത്തിയ കമ്പനി മൂന്നുലക്ഷം ബൈക്കുകള്‍ എന്ന ലക്ഷ്യത്തിലേക്ക് കുതിച്ചു. ആഗോളതലത്തിലേക്ക് കുതിക്കാനായി പിന്നെ തയ്യാറെടുപ്പ്. Italian Ducati, Triumph, Harley Davidosn പോലെ ഇന്ത്യയുടെ റോയല്‍എന്‍ഫീല്‍ഡ് ബുള്ളറ്റ്.

എന്നാല്‍, പല സംസ്‌കാരങ്ങള്‍ ഇടകലര്‍ന്ന ഇന്ത്യയുടെ ഒരൊറ്റ വികാരമായി എന്‍ഫീല്‍ഡിനെ പ്രതിഷ്ഠിക്കാന്‍ ആവുമായിരുന്നില്ല. അങ്ങനെയാണ് Hand Crafted in Chennai എന്ന ആശയത്തിലെത്തുന്നത്. ഈ യാത്രയ്ക്കിടയില്‍ എന്‍ഫീല്‍ഡ്, എന്തും സാധിക്കും എന്ന ആത്മവിശ്വാസത്തിലേക്കുയര്‍ന്ന പ്രൊഫഷണല്‍ സംഘമായി മാറിയിരുന്നു. ഇവരുടെ ചിന്തയില്‍നിന്നാണ് ക്ലാസിക് പിറന്നത്. യുവബുള്ളറ്റ് യാത്രികരെ ഇന്ത്യയിലെ ഓരോ ചെറുപട്ടണത്തിലും കണ്ടുതുടങ്ങി. ചിലര്‍ ഹിമാലയം ലക്ഷ്യമാക്കി. ചിലര്‍ അടുത്ത ഗ്രാമംവരെ. മുമ്പെങ്ങും ഇല്ലാത്തപോലെ ഒരു തരംഗം.

ഈ യാത്രയുടെ ഒരു തുടര്‍ച്ചയാണ് പുതിയ ബൈക്ക് മെറ്റ്യോറില്‍(Meteor) കണ്ടത്. കമ്പനി ഉടമ സിദ്ധാര്‍ഥലാല്‍ പുതിയ മെറ്റ്യോറില്‍ യൂറോപ്പില്‍ കൂടി എന്‍ഫീല്‍ഡിന്റെ ചരിത്രം പറഞ്ഞ് നടത്തുന്നയാത്ര. ഒരു ടീനേജിഷ് നിഷ്‌കളങ്കതയോടെ ബുള്ളറ്റിന്റെ വളര്‍ച്ച പറഞ്ഞ് വെല്‍ഷ് പച്ചപ്പിലൂടെ ആ യാത്ര കടന്നുപോയി. ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കാരണം ബുള്ളറ്റ് നൂറുവര്‍ഷം മുമ്പ് ജനിച്ചത് ഈ മണ്ണിലാണ്. ഇവിടെനിന്നുമാണ് മദ്രാസ് മോട്ടോഴ്സ് അതിനെ ഇന്ത്യയില്‍ എത്തിച്ചത്. രാജ്യത്തിന്റെ വികാരമായത്. പിന്നെ വീണ്ടും കടല്‍കടന്ന് അറുപതില്‍പ്പരം രാജ്യങ്ങളിലെത്തി ലോകത്തെ അതിശയിപ്പിച്ചത്. ഈ വികാരമാണ് Make it yours (MIY) എന്ന മന്ത്രവുമായി എന്‍ഫീല്‍ഡ് മാര്‍ക്കറ്റിലെത്തിച്ചത്.

ഇപ്പോള്‍ പുതുതലമുറ എന്‍ഫീല്‍ഡ് ആപ്പ് വഴി ബുള്ളറ്റ് പലരിലേക്കും എത്തിക്കുന്നു. സിദ്ധാര്‍ഥയുടെ യൂറോപ്പ് യാത്രയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു വെറും യാത്രയല്ല പുതിയ അവതാരം പരിചയപ്പെടുത്തുന്ന സഞ്ചാരം. ഒരു ചെറുചിരിയോടെ Cruise easy എന്ന് പറഞ്ഞ് ബുള്ളറ്റില്‍ കയറുന്ന സിദ്ധാര്‍ഥ ആദ്യമായി ബൈക്ക് പരിചയപ്പെടുത്തിയ ടീനേജ് സുഹൃത്തിനെ ഓര്‍മിപ്പിക്കുന്നു. നടത്തിയ യാത്രകളെ കൂടുതല്‍ പ്രണയിപ്പിച്ചുകൊണ്ട്; ഈ പ്രണയം ഒരിക്കലും അവസാനിക്കില്ല എന്നോര്‍മിപ്പിച്ചുകൊണ്ട്...

ധ്യാനത്തിന്റെ ഹരം

റോയല്‍ എന്‍ഫീല്‍ഡ് പുതുമോടിയണിഞ്ഞെത്തിയ കാലത്തെ ഒരു ഞായറാഴ്ച ബെംഗളൂരുവില്‍നിന്നും ചെന്നൈവരെ അത്യാവശ്യമായി ഒരു യാത്ര വേണ്ടിവന്നു. കൈയില്‍ കിട്ടിയത് ബുള്ളറ്റ്: അതും പഴയമോഡല്‍. ഇവന്‍ വഴിയില്‍ കിടത്തില്ല എന്ന ഉറപ്പില്‍ പുറപ്പെട്ടു. ചെറിയ പ്രതിഷേധത്തിനൊടുവില്‍, വളരെ നാളുകള്‍ക്കുശേഷം ഉപയോഗിക്കപ്പെടുന്നതിന്റെ നിരാശ ആ വാഹനത്തിന്റെ എന്‍ജിനില്‍ നിന്ന് പറന്നകന്നു. പതുക്കെ പടര്‍ന്നുകയറുന്ന ലഹരിപോലെ ബെംഗളൂരു വിട്ട് കോലാര്‍, ശ്രീപെരുമ്പത്തൂര്‍ വഴി ചെന്നൈ. അതായിരുന്നു പഥം.

വെളുപ്പിന് ചെന്നൈ അടുക്കുമ്പോള്‍ കേള്‍ക്കാന്‍ തുടങ്ങി എതിരെ വരുന്ന ഒട്ടേറെ ബുള്ളറ്റുകളുടെ ഘന ഘന നാദം. ഹാര്‍ലി ഡേവിഡ്സണ്‍ യാത്രികരെപ്പോലെ റൈഡിങ് ജാക്കറ്റ് ഇല്ല, കാല്‍മുട്ട് സംരക്ഷണകവചം വെച്ച് ദൂരെയുറപ്പിച്ച ദൃഢനോട്ടത്തോടെ ഒന്നൊന്നായി അവര്‍ കടന്നുപോയി. റോഡരികില്‍നിന്ന് അത് കണ്ടുനില്‍ക്കുമ്പോള്‍ മനസ്സിലായി: ബുള്ളറ്റ് ഓടിക്കുന്നത് ഒരു ധ്യാനംപോലെയാണ്. ഒരേ താളത്തില്‍, ശ്വാസം എടുത്ത് ഒരു ധൃതിയും ഇല്ലാതെ. എഴുന്നെള്ളിയാറാടുന്ന കൊമ്പനെപ്പോലെ ചുറ്റുവട്ടം ആസ്വദിച്ച് ഒരേ പേസില്‍ മുന്നോട്ടൊഴുകുന്ന ധ്യാനം. യുവജനതയ്ക്ക് ഇപ്പോള്‍ ആ ധ്യാനത്തിന്റെ ഹരം പിടിച്ചിരിക്കുന്നു.

Content Highlights: Royal Enfield Bullet; Indian Royal Bike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented