-
നിങ്ങള്‍ മികച്ച ഡ്രൈവറൊക്കെത്തന്നെയായിരിക്കും. എന്നാല്‍, ഒന്ന് കണ്ണടഞ്ഞാല്‍ അത് തകര്‍ക്കുക നിങ്ങളുടെ ജീവിതം മാത്രമാകില്ല... ചുറ്റുമുള്ള ഒരുപാടുപേരുടെ ജീവനായിരിക്കും. അവിനാശിയിലെ അപകടം നല്‍കുന്ന പാഠം അതാണ്. രാത്രിയാത്രയില്‍ ഡ്രൈവിങ്ങിനിടെ തോന്നുന്ന ക്ഷീണം, സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഉറക്കം... ഈ അവസ്ഥകളിലൂടെ കടന്നുപോകാത്ത ഡ്രൈവര്‍മാരുണ്ടാകില്ല. പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടെന്നിരിക്കാം. എന്നാല്‍, ഇനിയൊരുതവണകൂടി ഭാഗ്യം നിങ്ങളെ തുണയ്ക്കണമെന്നില്ല.
വിശ്രമിക്കാനാകില്ല... ജി.പി.എസ്. കുരുക്കിട്ട് ഉടമകള്‍
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ ഉടമ ജി.പി.എസ്. ഘടിപ്പിക്കും. ഇതിനാല്‍ത്തന്നെ വാഹനം എവിടെയെത്തിയെന്നും നിലവില്‍ വാഹനം എവിടെയെല്ലാമാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്നും ഉടമയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും.
അല്‍പ്പം വിശ്രമത്തിനായി റോഡരികില്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിയാല്‍ ഇത് ഉടമ കണ്ടെത്തുകയും ലക്ഷ്യസ്ഥാനത്ത് വാഹനമെത്തുമ്പോള്‍ ചിലപ്പോള്‍ ജോലിപോകുകയും ചെയ്യും. അതല്ലായെങ്കില്‍ ശമ്പളം കട്ട് ചെയ്യും. ആരെക്കൊന്നാലും സാരമില്ല, കൃത്യസമയത്ത് വാഹനം എത്തിക്കണമെന്നാണ് പല മുതലാളിമാരും നല്‍കുന്ന നിര്‍ദേശം.
രാത്രിയുറക്കം: ലഹരിയെ കൂട്ടുപിടിക്കും ചിലര്‍
രാത്രി വാഹനമോടിക്കുന്ന കണ്ടെയ്നര്‍-ലോറി ഡ്രൈവര്‍മാരും സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരും ഉറക്കംവരാതിരിക്കാന്‍ പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന പതിവുണ്ട്. ഇത് വലിയ അപകടമാകും വിളിച്ചുവരുത്തുക. കട്ടന്‍ചായ കുടിക്കാനും മറ്റും വണ്ടിനിര്‍ത്തി ഇറങ്ങാന്‍ അര്‍ധരാത്രി സൗകര്യം ഉണ്ടായെന്നുവരില്ല. ഈ സാഹചര്യത്തില്‍ ഇത്തരം ലഹരിപദാര്‍ഥങ്ങള്‍ കൈയില്‍ കരുതുകയേ നിവൃത്തിയുള്ളൂ എന്നാണ് ചില ഡ്രൈവര്‍മാര്‍ പറയുന്നത്.
നിയമം തിരിച്ചുവരണം: രണ്ട് ഡ്രൈവര്‍മാര്‍ വേണം
2018-ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമം 90(4) അനുസരിച്ച് നാഷണല്‍ പെര്‍മിറ്റുള്ള വാഹനങ്ങളിലെല്ലാം രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നായിരുന്നു. ഒരാള്‍ വാഹനമോടിക്കുമ്പോള്‍ മറ്റെയാള്‍ വിശ്രമിക്കും. ഇയാള്‍ക്ക് വിശ്രമിക്കാന്‍ ഡ്രൈവര്‍സീറ്റിന് പിന്നില്‍ ബെര്‍ത്ത് വേണം. 2019-ല്‍ വന്ന നിയമത്തില്‍ ഈ വ്യവസ്ഥ ഒഴിവാക്കി. ഇത് തിരിച്ച് കൊണ്ടുവരണമെന്നാണ് ഇന്നുയര്‍ന്നിരിക്കുന്ന പ്രധാന ആവശ്യം.
ലേറ്റായാലും സേഫാണ്
വൈകിയാലും സുരക്ഷിതമായേ തങ്ങള്‍ വാഹനം ഓടിക്കുകയുള്ളൂ എന്നാണ് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പറയുന്നത്. രാത്രിയാത്രയില്‍ എത്രനല്ല ഹൈവേ വന്നാലും 100 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ ഇവര്‍ വാഹനം ഓടിക്കില്ല. അരമണിക്കൂര്‍ വൈകിയാലും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുകയാണ് ചുമതലയെന്നാണ് ഇവര്‍ പറയുന്നത്. രണ്ട് ഡ്രൈവര്‍മാര്‍ വാഹനത്തിലുണ്ടാകും. അതിനാല്‍ ഉറക്കംവന്നാലും പ്രശ്‌നമില്ല.
ബെംഗളൂരു-എറണാകുളം യാത്രയില്‍ നാലുതവണ ടീ ബ്രേക്കെടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. ഡിപ്പോയില്‍ ഡ്യൂട്ടിക്ക് കയറുംമുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധനയുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്കും ഇത്തരം പരിശോധന വേണമെന്നാണ് ഇവര്‍ പറയുന്നത്. രാത്രി, വാഹനം ഓടിക്കുന്ന ദീര്‍ഘദൂര സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ പലരും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.
സ്റ്റിയറിങ്ങില്‍ നല്ല കണ്‍ട്രോള്‍ തോന്നും, പക്ഷേ...
ബെംഗളൂരുവിലും ചെന്നൈയിലുമെല്ലാം പോകാന്‍ രാത്രിയാത്ര തിരഞ്ഞെടുക്കുന്നയാളാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ കെ. ജയകൃഷ്ണന്‍. യാത്രയ്ക്ക് മുമ്പ് ജയകൃഷ്ണന്റെ തയ്യാറെടുപ്പ് ഭക്ഷണക്കാര്യത്തിലെ നിയന്ത്രണം മാത്രമാണ്. ദീര്‍ഘദൂരയാത്രയില്‍ കാര്‍ ഓടിക്കുന്ന സമയത്ത് മൂന്ന് മണിക്കൂറിലേറെ തുടര്‍ച്ചയായി ഡ്രൈവ് ചെയ്താലും സ്റ്റിയറിങ്ങില്‍ നല്ല കണ്‍ട്രോള്‍ നമുക്ക് തോന്നും. പക്ഷേ, അത് യാന്ത്രികമായി പോകുകയാണ് എന്നാണ് ജയകൃഷ്ണന്‍ പറയുന്നത്.
ഒരേകാര്യംതന്നെ തുടര്‍ച്ചയായി ചെയ്താല്‍ ശരീരത്തിനും മനസ്സിനും ഒരു മരവിപ്പാകും. അതിനാല്‍ അപകടത്തിനുള്ള സാഹചര്യം ഏറെയാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ ഡ്രൈവിങ്ങിന് ഒരു ഇടവേള നല്‍കും. രാത്രി ഉറക്കംവരില്ലെന്ന ഡ്രൈവര്‍മാരുടെ അമിത ആത്മവിശ്വാസമാണ് വിനയാകുന്നത്.
എന്തൊക്കെയാണെങ്കിലും പുലര്‍ച്ചെ രണ്ടുമണിയൊക്കെ കഴിയുമ്പോള്‍ ചെറിയൊരു ക്ഷീണം വരികയും കണ്ണടഞ്ഞുപോകുകയും ചെയ്യാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ ഒന്ന് ഉറങ്ങിയശേഷം മാത്രമേ കാര്‍ പിന്നെ മുന്നോട്ടെടുക്കാറുള്ളു. കഴിയുമെങ്കില്‍ ഡ്രൈവിങ് അറിയാവുന്ന ഒരാളെക്കൂടി കൂടെ കൂട്ടുന്നത് ഉചിതമാണെന്നും ജയകൃഷ്ണന്‍ പറഞ്ഞു.
രണ്ട് ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മുതലാളിക്ക് മടി
രാത്രിയില്‍ ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസ് ഓടിക്കുന്നത് ഇപ്പോഴും ഒരൊറ്റ ഡ്രൈവറാണ്. ഇത് ഡ്രൈവര്‍മാരില്‍ അമിത മാനസിക സമ്മര്‍ദമുണ്ടാക്കുകയാണ്. കൃത്യസമയത്ത് സ്ഥലത്ത് എത്തണമെന്ന് കര്‍ശന നിര്‍ദേശമാകും മുതലാളിമാര്‍ നല്‍കുക. അതിനാല്‍ത്തന്നെ രാത്രിയില്‍ ഡ്രൈവിങ്ങിനിടെ ഉറക്കംവന്നാലും വിശ്രമിക്കാന്‍ കഴിയാത്ത സാഹചര്യമാണ് എന്നാണ് സ്വകാര്യ ബസിലെ ഡ്രൈവറായ ഷിനാസ് ഹുസൈന്‍ പറയുന്നത്.
ബസില്‍ കൂട്ടായി ക്ലീനര്‍ മാത്രമേ ഉണ്ടാകൂ. രണ്ടാമതൊരു ഡ്രൈവര്‍ക്കുകൂടി കൂലി നല്‍കാന്‍ മുതലാളിക്ക് താത്പര്യം കാണില്ല. തിരക്കില്ലാത്ത റോഡില്‍ ക്ലീനറെക്കൊണ്ട് വാഹനമോടിപ്പിച്ചശേഷം വിശ്രമിക്കുന്ന ചില ഡ്രൈവര്‍മാരുണ്ട്. എന്നാല്‍, താന്‍ അതിന് നില്‍ക്കാറില്ലെന്ന് ഷിനാസ് പറയുന്നു. 'രാമേശ്വരത്തേക്ക് ഒരുതവണ ടൂറിസ്റ്റ് ബസുമായി പോയപ്പോള്‍ രാത്രി എനിക്ക് ഉറക്കംവന്നു. കണ്ണടഞ്ഞുപോകുമെന്നായപ്പോള്‍ റോഡരികില്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ടാണ് വണ്ടിയെടുത്തത്. വാഹനത്തിലിരിക്കുന്നവരുടെ ജീവന്‍വെച്ച് ഒരു റിസ്‌ക് എടുക്കാന്‍ തോന്നിയില്ല'-ഷിനാസ് പറയുന്നു.
ഇതരസംസ്ഥാന ലോറികള്‍ അതിതീവ്രമായ ഹെഡ് ലൈറ്റുമിട്ടാകും എതിരേ വരിക. ഉറക്കച്ചടവാണെങ്കില്‍ ഇതുമാത്രം മതി ഒരുപക്ഷേ, അപകടത്തിലെത്താന്‍. എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ രാത്രി എ.സി. സ്ലീപ്പര്‍ ബസ് ഓടിച്ചിരുന്നു. രാത്രി ഒമ്പതരയ്ക്ക് പുറപ്പെടും. തൊട്ടടുത്ത ദിവസം രാവിലെ ഏഴരയ്ക്ക് എത്തണം. വാഹനം കൃത്യസമയത്ത് എത്തണം. എന്ത് സംഭവിച്ചാലും വേണ്ടില്ല, സമയത്ത് എത്തണം എന്നാണ് ഡ്രൈവര്‍ക്ക് കിട്ടുന്ന നിര്‍ദേശം.
രാത്രിമാത്രം ലോറിയോടിക്കുന്ന ഡ്രൈവര്‍മാരുണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന നിര്‍ദേശം ചുമട്ടുതൊഴിലാളികള്‍ രാവിലെ എത്തുംമുമ്പ് ലോഡ് സ്ഥലത്ത് എത്തിക്കണമെന്നാകും. ഇതിന് സാധിച്ചില്ലെങ്കില്‍ ശമ്പളംതന്നെ കിട്ടാതെവരും. ജോലി പോയെന്നും വരാം. ഇതിനിടെ വിശ്രമിക്കാന്‍ നിന്നാല്‍ കുടുംബം പട്ടിണിയാകും, കുടുംബത്തിനുവേണ്ടി റിസ്‌ക് എടുക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുകയാണ്.
രാത്രി ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ദീര്‍ഘദൂര യാത്രയ്ക്ക് മുമ്പ് ശരാശരി എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക.
- ഡ്രൈവിങ് അറിയാവുന്ന ഒരാളെക്കൂടി യാത്രയില്‍ കൂടെ കൂട്ടുക.
- രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുന്നതാണ് ഉചിതം.
- കഫീന്‍ അടങ്ങിയ പാനീയങ്ങളോ പദാര്‍ത്ഥങ്ങളോ രാത്രിയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ചെറിയ തോതില്‍ ഊര്‍ജസ്വലമാക്കാന്‍ കഫീന് കഴിയും.
- കഫ് സിറപ്പുകളും മറ്റും ഡ്രൈവിങ്ങിന് മുമ്പ് കഴിക്കുന്നത് ഒഴിവാക്കുക.
- ഉറക്കംവന്നാല്‍ വണ്ടി ഒതുക്കി അരമണിക്കൂര്‍ ഉറങ്ങുക. ശേഷം യാത്ര തുടരുക.
- തുടര്‍ച്ചയായി കണ്ണ് ചിമ്മിച്ചിമ്മി തുറന്നുവെക്കേണ്ടിവരിക.
- കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക.
- ഡ്രൈവിങ്ങില്‍നിന്ന് ശ്രദ്ധ തിരിയുകയും മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്ത മനസ്സില്‍ വരികയും ചെയ്യുക.
- തലയുടെ ബാലന്‍സ് തെറ്റുന്നതുപോലെ തോന്നുക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..