ലമുറകള്‍ എത്ര കഴിഞ്ഞാലും വിടാതെ പിന്തുടരുന്ന ശാപം പോലെയാണ് എസ്.യു.വികള്‍ക്ക് 'റോള്‍-ഓവര്‍' അഥവാ കീഴ്മേല്‍ മറിച്ചില്‍. എസ്.യു.വികളെ കുറ്റം പറയുന്നവര്‍ ഏറ്റവും ആദ്യം പറയുന്ന പോയിന്റുകളിലൊന്നാണിത്.
   
''ഓ, എന്നാ പറയാനാ- ഈ വല്ല്യ വണ്ടീം കൊണ്ട് വളവൊന്നും വീശിയെടുക്കാന്‍ പറ്റത്തില്ലെന്നേ- സാധനം തലേംകുത്തി റോഡീന്റെ സൈഡില്‍ കിടക്കും...'' എസ്.യു.വിയെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു തനി പാലാക്കാരന്‍ അച്ചായന്റെ പ്രതികരണമായിരുന്നു. ഇനി പാലായിന്ന് നമ്മളീ സീന്‍ ഒന്നു മാറ്റി പിടിക്കുകയാണ്- ട്രംപ് അച്ചായന്റെ നാട്ടിലോട്ട്... ഹാ അങ്ങ് അമേരിക്കയ്ക്ക്...

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ 'ടെസ്‌ല' കുറച്ചു ദിവസം മുമ്പ് പുറത്തുവിട്ട ഒരു വീഡിയോ ആണ് നമ്മുടെ സംസാരവിഷയം- വീഡിയോ കണ്ടിട്ട് ബാക്കി കാര്യം പറയാം.

തന്നെ സൈഡില്‍ നിന്ന് തള്ളി മറിച്ചിടാന്‍ നോക്കിയവരോട് ''ഒന്ന് പോടാ ഉവ്വെ'' എന്നും പറഞ്ഞ് തിരികെ നാലു കാലില്‍- സോറി- നാലു ടയറിന്‍മേല്‍ വന്നുനില്‍ക്കുന്ന കാറാണ് നമ്മുടെ കഥാനായകന്‍- ടെസ്‌ല മോഡല്‍ എക്സ്.

അമേരിക്കയിലെ വാഹന സുരക്ഷാ ഏജന്‍സിയായ എന്‍.എച്ച്.ടി.എസ്.എ.- നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ നടത്തിയ ക്രാഷ് ടെസ്റ്റിലെ എല്ലാ കാറ്റഗറിയിലും സബ്കാറ്റഗറിയിലും ഒന്നാമതായി 5 സ്റ്റാര്‍ റേറ്റിംഗ് നേടി സുരക്ഷിതമായ എസ്.യു.വി. എന്ന പട്ടം അരയ്ക്കിട്ടുറപ്പിച്ച കക്ഷിയാണ് ഇലക്ട്രിക് എസ്.യു.വി.യായ മോഡല്‍ എക്സ്.

ഇതു മാത്രമല്ല ലോകത്ത് ഏറ്റവും വേഗത്തില്‍ ആക്സിലേറ്റ് ചെയ്യുന്ന എസ്.യു.വി. എന്ന വിശേഷണവും മോഡല്‍ എക്സ് ന് സ്വന്തം. ടെസ്‌ലയുടെ ഭാഷയില്‍ പറഞ്ഞാല്‍ the quickest suv in the world.  ഓള്‍ വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഇതിന്റെ 0-60 എം.പി.എച്ച്. ഫിഗര്‍ 2.9 സെക്കന്റാണ്‌. ലംബോര്‍ഗിനി യുറസ്  പോലും ഇക്കാര്യത്തില്‍ മോഡല്‍ എക്സിന് പിറകിലാണ്. ഒറ്റ ചാര്‍ജ്ജിങ്ങില്‍ 295 മൈല്‍ അഥവാ 475 കി.മീ ആണ് മോഡല്‍ എക്സ് വാഗ്ദാനം ചെയ്യുന്ന റേഞ്ച്. ഇതോടൊപ്പം വെറും 30 മിനിറ്റില്‍ 273 കി.മീ. യാത്ര ചെയ്യാനുള്ള ചാര്‍ജ്ജ് സംഭരിക്കാനാവുമെന്നും ടെസ്‌ല അവകാശപ്പെടുന്നു.

Model X

മോഡല്‍ എക്സിന്റെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍ എന്നത് അതിലെ ഫാല്‍ക്കണ്‍ വിംഗ് ഡോര്‍സ് ആണ്. എത്ര ഇടുങ്ങിയ സ്ഥലത്ത് വെച്ചുപോലും തുറക്കാവുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇതോടൊപ്പം സണ്‍ റൂഫിന്റെ ആവശ്യകത ഇല്ലാതാക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത പനോരമിക് വിന്‍ഡ് സ്‌ക്രീനും മോഡല്‍ എക്സിന്റെ പ്രത്യേകതയാണ്.

വോയിസ് ആക്ടിവേറ്റഡ് കണ്‍ട്രോള്‍ ഉള്ള 17 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, അഡ്വാന്‍സ്ഡ് ആക്ടീവ് സേഫ്റ്റി ടെക്നോളജി എന്നിങ്ങനെ എണ്ണമറ്റ ഇന്റീരിയര്‍ സേഫ്റ്റി ഫീച്ചേഴ്സിനാല്‍ സമ്പമാണ് മോഡല്‍ എക്സ്. പുറത്തെ വായു മലിനീകരണത്തില്‍ നിന്നും, എന്തിനേറെ ഒരു ബയോളജിക്കല്‍ വെപണ്‍ അറ്റാക്കില്‍ നിന്നും പോലും കാറിലെ യാത്രക്കാരെ രക്ഷിക്കാന്‍ ശേഷിയുള്ളതാണ് വാഹനത്തിലെ എയര്‍ ഫില്‍ട്ടര്‍ സിസ്റ്റം. കൂട്ടിയിടിയില്‍ നിന്നും മലക്കം മറിച്ചിലില്‍ നിന്നും മാത്രമല്ല, നാം നിസ്സാരമെന്നു കരുതുന്ന ഇന്റേണല്‍ എയര്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ വരെ ശ്രദ്ധ പതിപ്പിക്കുക വഴി യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് മോഡല്‍ എക്സ് ഉം ടെസ്‌ലയും ഉറപ്പാക്കുന്നത്.

Model X

സുരക്ഷിത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് എന്താണ് യഥാര്‍ഥ കാര്‍ എന്ന് മനസ്സിലാക്കാന്‍ നല്ലൊരു ഉദാഹരണമാണ് മോഡല്‍ എക്സ്. വിലയുടെ കാര്യം പറഞ്ഞ് സുരക്ഷയെ മറക്കുന്നവരെ മനുഷ്യ ജീവനോളം വിലയുള്ള മറ്റൊന്നില്ല എന്നോര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു...!

Contnet Highlights; Tesla Model X all-electric SUV rollover test