പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് കരുത്തില്‍ ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഏറ്റവും വില കുറഞ്ഞ ടെസ്‌ല കാറായ മോഡല്‍ 3 പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. വിപണി ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മോഡല്‍ 3 ഇന്ത്യയിലെത്തിക്കുമെന്നും ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തില്‍ ടെസ്‌ല അവതരിപ്പിച്ച എസ്.യു.വി മോഡല്‍ 90D ആള്‍വീല്‍ ഡ്രൈവ് സ്വന്തമാക്കിയ ആദ്യ അമേരിക്കന്‍ മലയാളിയും എഴുത്തുകാരനും നടനുമായ തമ്പി ആന്റണി ആദ്ദേഹത്തിന്റെ വാഹന വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു...

# ടെസ്‌ലയ്ക്ക് തുല്യം ടെസ്‌ല മാത്രം...

"പെട്രോളിന് ഏറ്റവും കൂടുതല്‍ വിലകൊടുക്കുന്ന ഇന്ത്യക്കാര്‍ ഭാവിയില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതും ടെസ്‌ല പോലെയുള്ള ഇലക്ട്രിക് കാറുകളായിരിക്കും എന്നതില്‍ സംശയമില്ല"

അമേരിക്കന്‍ കരവിരുതില്‍ പിറന്ന ടെസ്‌ല കാറുകള്‍ ഒരിക്കല്‍ ഉപയോഗിച്ചവര്‍ പിന്നെ മറ്റൊരു കാറും ഉപയോഗിക്കുമെന്നു തോന്നുന്നില്ല. അത്രയെറെ പവര്‍ഫുള്ളും കംഫര്‍ട്ടബിളുമാണ് ടെസ്‌ല. എയ്റോ ഡൈനാമിക് ഡിസൈന്‍ മറ്റെതൊരു കാറിനേക്കാളും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. വലിയ പെട്രോള്‍ എന്‍ജിന്‍ ഇല്ലാത്തതുകൊണ്ട് പരിസ്ത്ഥിതി മലിനീകരണവും ശബ്ദമലിനീകരണവുമില്ല.

Read More: ഇന്ത്യ കാണാനെത്തുന്ന ടെസ്‌ല മോഡല്‍ 3

ഓടിക്കുബോള്‍ ഒരു കുഞ്ഞന്‍ വിമാനത്തില്‍ സഞ്ചരിക്കുകയാണെന്നേ തോന്നുകയുള്ളൂ. അതിനൊത്ത സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കോക്ക്പിറ്റ് ശൈലിയില്‍ അകത്തളം. ഡ്രൈവിങ് വേളയില്‍ വാഹനം ഓട്ടോ പൈലറ്റ് മൂഡിലിട്ടാല്‍ വെറുതെയിരിക്കാം, പക്ഷെ ഉറങ്ങാതിരിക്കാന്‍ ഒരു അലര്‍ട്ട് സിസ്റ്റമുണ്ട്. ഈ സെപ്റ്റംബര്‍ മുതല്‍ ഫുള്ളി ഓട്ടോമാറ്റിക് മൂഡും ടൗണ്‍ ലോഡ് ചെയ്യാം. അപ്പോള്‍പിന്നെ അഡ്രസ്സ് മാത്രം ടൈപ്പ് ചെയ്താല്‍ മതി, നമുക്ക് സുഖമായി മറ്റെല്ലാം മറന്ന് വാഹനത്തില്‍ ഇരുന്ന് ഉറങ്ങാം. എത്തേണ്ടിടത്തു സുരക്ഷിതമായി ടെസ്‌ല എത്തിക്കോളും.

Read More: കുതിക്കാം ഇനി ടെസ്‌ലയുടെ ഇലക്ട്രിക് പവറില്‍

Tesla Model X

എന്നാല്‍ അത്യാധുനിക ഫീച്ചേഴ്സും ഇലക്ട്രിക് കരുത്തും സംയോജിപ്പിച്ച് ഇപ്പോള്‍ നിരത്തിലുള്ള ടെസ്‌ല കാറുകള്‍ക്കെല്ലാം തൊട്ടാല്‍പൊള്ളുന്ന വിലയാണ്. ഇക്കാരണത്താല്‍ സാധാരണക്കാര്‍ക്ക് ടെസ്‌ല സ്വന്തമാക്കുക എന്നത് വെറും സ്വപ്‌നമായി അവശേഷിക്കും. ഇതിനുള്ള പരിഹാരമാണ് അടുത്തിടെ കമ്പനി അവതരിപ്പിക്കാനിരിക്കുന്ന മോഡല്‍ 3. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇവനെത്തുക. ഏകദേശം 35-40 ലക്ഷത്തിനുള്ളിലാകും ഇന്ത്യയില്‍ മോഡല്‍ 3-യുടെ വിപണി വില. 

# ഭാവി വാഹനങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്...

നമ്മള്‍ കണ്ടുപരിചയിച്ച കാറുകളില്‍നിന്ന് വിപരീതമായി മുന്‍വശത്ത് വലിയ എന്‍ജിന്‍ ഇല്ലാത്തതുകൊണ്ട് ബോണറ്റും ലഗേജ് സ്പേസ് ആയി ഉപയോഗിക്കാം. വാഹനത്തെ മുന്നോട്ട് നയിക്കുന്ന ചെറിയ ഇലക്ട്രിക്ക് മോട്ടോറിന്റെ സ്ഥാനം അടിഭാഗത്തായിട്ടാണ്. വീട്ടില്‍ത്തന്നെ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ കമ്പനിതന്നെ ചെയ്തുതരും. 220 വോള്‍ട്ടേജില്‍ എവിടെയും ചാര്‍ജ് ചെയ്യാം. അമേരിക്കയില്‍ നിലവില്‍ 110 വോള്‍ട്ടേജ് ആണല്ലോ. ഇന്ത്യയില്‍ എല്ലായിടത്തും 220 ആയതുകൊണ്ട് പ്രത്യേക വയറിങ് ഒന്നും ആവശ്യവുമില്ല. 

Read More: ഇവനാണ് ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍

Tesla

മണിക്കൂറില്‍ 40 കിലോമീറ്റര്‍  ആണ് ചാര്‍ജിങ് സ്പീഡ്. ടെസ്‌ലയുടെ ഒരു വാള്‍ ചാര്‍ജര്‍ മേടിച്ചാല്‍ അത് മണിക്കൂറില്‍ 75 കിലോമീറ്ററാകും. വൈകുന്നേരം വീട്ടില്‍ എത്തുമ്പോള്‍ ചാര്‍ജിലിട്ടാല്‍ മതി. ഒരു ഫുള്‍ ചാര്‍ജില്‍  ദിവസം 400 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കും. അതുകൊണ്ടു നമ്മുടെ ദിവസേനയുള്ള ഉപയോഗത്തിന് ഒരു തടസവുമുണ്ടാകില്ല, ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുമെന്ന് പേടിക്കണ്ട. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ അനിവാര്യമായി വരും. നിലവില്‍ അമേരിക്കയില്‍ നിരവധി ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമായതിനാല്‍ അധികം ബുദ്ധിമുട്ടില്ല. ഇവിടെ നിന്നും ചാര്‍ജ് ചെയ്ത് യാത്ര തുടരാം. 

Tesla Model

മണിക്കൂറില്‍ 100  മുതല്‍ 300  കിലോമീറ്റര്‍ വരെയാണ് ചാര്‍ജിങ് സ്പീഡ്. അതുകൊണ്ടു ഇടക്കുള്ള ചാര്‍ജിങ് സമയം 45 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെയാകും. അതുമാത്രമാണ് ഇവന്റെ ചെറിയൊരു ന്യുനത എന്നു പറയാം. എങ്കിലും സാധാരണ ഹ്രസ്വദൂര യാത്രകളെ ഇതൊന്നും ഒട്ടും ബാധിക്കില്ല. കൂടുതല്‍ ടെസ്‌ല കാറുകള്‍ നിരത്ത് കൈയ്യടക്കുന്നതോടെ എല്ലാവരുടെയും വീടുകളില്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ ഉണ്ടാകുമെല്ലോ. അപ്പോള്‍പിന്നെ അതൊന്നും ഒരു പ്രശ്നമാകില്ല എന്നാണ് തോന്നുന്നത്. 

Read More: വിപ്ലവം തീര്‍ക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്‌

ഭാവിയില്‍ ഓയിലിനെ മാത്രം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങള്‍ക്ക് തീര്‍ച്ചയായും ഈ ഇലക്ട്രിക് കാറുകള്‍ ഒരു പേടിസ്വപ്നംതന്നെയാണ്. യൂറോപ്പ് മുഴുവനും ഇപ്പോള്‍ തന്നെ ചാര്‍ജിങ്ങ് സൗകര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പെട്രോളിന് ഏറ്റവും കൂടുതല്‍ വിലകൊടുക്കുന്ന ഇന്ത്യക്കാര്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതും ടെസ്‌ല പോലെയുള്ള ഇലക്ട്രിക് കാറുകളായിരിക്കും എന്നതില്‍ സംശയമില്ല. 

Tesla Model