വാഹന നിര്‍മാണ ലോകത്ത് വൈദ്യുതോര്‍ജം പ്രസരിപ്പിക്കുന്ന പേരാണ് ടെസ്‌ല... ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തെ അവസാന വാക്കായ അമേരിക്കന്‍ കമ്പനി. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ പോലുള്ളവ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ലോകത്താകമാനം ആശങ്ക ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ടെസ്‌ല. തങ്ങളുടെ ഊര്‍ജ സ്രോതസ്സുമായി ഈ വര്‍ഷംതന്നെ അവര്‍ എത്തുന്നു.

വൈദ്യുതോര്‍ജത്തില്‍ ഓടുന്ന വാഹനങ്ങള്‍ ജനപ്രിയമാകാതിരിക്കുന്നതിലുള്ള പ്രായോഗികമായ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാനായെന്നതാണ് ടെസ്‌ലയെ വേറിട്ടു നിര്‍ത്തുന്നത്. അതായത്, ഇന്നത്തേക്കുള്ളതല്ല, നാളത്തേക്കുള്ള വാഹനങ്ങളാണ് അവര്‍ അവതരിപ്പിക്കുന്നത്. ഇലക്ട്രിക് സെഡാനുകള്‍, റോഡ്സ്റ്ററുകള്‍, എസ്.യു.വി.കള്‍ എന്നിവയൊക്കെ ടെസ്‌ല ഇന്ത്യയിലെത്തിക്കുമെന്ന് സി.ഇ.ഒ. എലോണ്‍ മസ്‌ക് തന്നെ ഉറപ്പുതരുമ്പോഴും ടെസ്‌ല മോഡലുകളുടെ വില കേട്ടാല്‍ ഏതൊരു ഇന്ത്യക്കാരനും ഒന്ന് സഡന്‍ബ്രേക്കിടും.

tesla

എങ്കിലും ടെസ്‌ലയുടെ പ്രധാന മോഡലുകളുടെ മൂന്നിലൊന്ന് വില മാത്രം വരുന്ന മോഡല്‍ 3 ഇലക്ട്രിക് കാര്‍ ആയിരിക്കും ഇന്ത്യക്കാര്‍ക്കായി പുതുതായി അവതരിപ്പിക്കുക. അതുപോലും അല്പം ആഡംബരമായിരിക്കും. അതായത്, ഏതാണ്ട് 23 ലക്ഷമാകും മോഡല്‍ 3-യ്ക്ക് ഇന്ത്യയില്‍. കൈയിലൊതുങ്ങുന്നതെന്ന് അല്പമെങ്കിലും പറയാവുന്ന ടെസ്‌ലയുടെ കാറാണിതെന്ന് നിസ്സംശയം പറയാം. ടെസ്ലയുടെ പ്രധാന മോഡലുകളായ മോഡല്‍ എസിനും മോഡല്‍ എക്‌സിനും അമേരിക്കയില്‍ ഏതാണ്ട് 65 ലക്ഷത്തോളം രൂപയാകുമെന്നോര്‍ക്കണം. 

tesla

ഈ വര്‍ഷം അവസാനത്തോടെ മോഡല്‍ 3-യുടെ ഡെലിവറി തുടങ്ങാനാണ് പരിപാടി. ഒറ്റ ചാര്‍ജിങ്ങില്‍ 346 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ളതാണ് മോഡല്‍ 3. വെറും ആറ് സെക്കന്‍ഡില്‍ 60 മൈല്‍ വേഗം കൈവരിക്കാനുമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സെപ്റ്റംബറില്‍ സിലിക്കണ്‍ വാലി സന്ദര്‍ശന വേളയില്‍ എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ടെസ്‌ല ഫാക്ടറി ചുറ്റിക്കണ്ട മോദി ടെസ്‌ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ടെസ്‌ല അമേരിക്കയില്‍ വില്‍ക്കുന്ന, സോളാര്‍ ഊര്‍ജം കരുത്തുപകരുന്ന ബാറ്ററിയായ ടെസ്ല പവര്‍ബോള്‍ ഇന്ത്യയിലെത്തിക്കുക കൂടിയായിരുന്നു ലക്ഷ്യം.

ഇന്ത്യയെ ടെസ്‌ലയുടെ ഏഷ്യയിലെ നിര്‍മാണ ഹബ്ബാക്കാന്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രധാന തുറമുഖങ്ങള്‍ക്കടുത്ത് സ്ഥലവും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ ഗതാഗത രംഗം പരമാവധി പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ബ്രസില്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, സിംഗപ്പുര്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും മോഡല്‍ 3 പുതുതായി പുറത്തിറക്കും. 

tesla