വൈദ്യുത കാറിലേക്ക് പിച്ചവെച്ചു വരുന്നതേയുതേയുള്ളൂ ഇന്ത്യയിലെ വാഹനരംഗം... അതുതന്നെ തട്ടിയും തടഞ്ഞും വീണുമൊക്കെയാണ്. എന്നാല്‍, വൈദ്യുത കാറുകള്‍ക്കുമപ്പുറം സ്വയംനിയന്ത്രിത കാറുകളിലേക്ക് എത്തിക്കഴിഞ്ഞു ആഗോളരംഗത്തെ വാഹനങ്ങള്‍.

വൈദ്യുതിയും സോളാറുമൊക്കെ കഴിഞ്ഞ് 'ഡ്രൈവറേ വേണ്ടാത്ത' കാറുകളുടെ കാലത്തേക്കാണ് ഓട്ടം. ആ രംഗത്ത് ഗവേഷണങ്ങള്‍ പൊടിപൊടിക്കുകയുമാണ്. വൈദ്യുത കാറുകളുടെ നിര്‍മാണരംഗത്തെ ഭീമന്‍മാരായ 'ടെസ്ല'യാണ് ഭാഗികമായ സ്വയം നിയന്ത്രിത കാറുകള്‍ നിര്‍മിക്കുന്നത്.

എന്നാല്‍, ആഗോള വാഹനഭീമന്മാരെല്ലാം തന്നെ വൈദ്യുതി ഉപയോഗിച്ചുള്ള സ്വയംനിയന്ത്രിത വാഹനങ്ങളുടെ ഗവേഷണത്തിലും പണിപ്പുരയിലുമാണ്. ഇലക്ട്രോണിക്‌സ് രംഗത്തെ അതികായരായ സോണിയും കാറിലേക്ക് കാല്‍വെച്ചു.

സ്വയംനിയന്ത്രിതകാറുകളെക്കുറിച്ച് കൂടുതലറിയാം:

എന്താണ് ഈ സ്വയംനിയന്ത്രിത കാര്‍...?

മനുഷ്യസഹായമില്ലാതെ, പരിതസ്ഥിതിക്കനുസരിച്ച് പ്രതികരിക്കാന്‍ കഴിവുള്ള വാഹനങ്ങളാണിവ. നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സ്വയം പ്രതികരിക്കാന്‍ ഇവയ്ക്ക് കഴിയും. നിര്‍ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെയോ, വാഹനത്തിന്റെ സെന്‍ട്രല്‍ കണ്‍സോളിലൂടെയോ നല്കിയാല്‍ മതി. 

'സൊസെറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്സ്' (എസ്.എ.ഇ.) സ്വയംനിയന്ത്രിത വാഹനങ്ങളുടെ പ്രവര്‍ത്തനമനുസരിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പൂജ്യം മുതല്‍ ആറ് വരെയുള്ള തലങ്ങളാണ് ഇവര്‍ നല്‍കിയത്. 'യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോട്ടേഷന്‍' അംഗീകരിച്ച പട്ടികയിങ്ങനെ:

ലെവല്‍ പൂജ്യം

  • പൂര്‍ണമായും ഡ്രൈവര്‍കേന്ദ്രീകൃത വാഹനം. ഗിയര്‍, ക്ലച്ച്, ബ്രേക്ക് തുടങ്ങിയവ നിയന്ത്രിക്കുന്നത് ഡ്രൈവര്‍ തന്നെ.

ലെവല്‍ ഒന്ന്

  • 'ക്രൂയിസ് കണ്‍ട്രോള്‍' പോലുള്ള ചെറിയ നിയന്ത്രണങ്ങള്‍ വാഹനം ഏറ്റെടുക്കുന്നു. എന്നാലും പ്രാധാന്യം ഡ്രൈവര്‍ക്കുതന്നെ.

ലെവല്‍ രണ്ട്

  • വാഹനം സ്റ്റിയറിങ്ങിന്റേയും ആക്‌സിലറേഷന്റേയും നിയന്ത്രണം ഏറ്റെടുക്കുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് ഏതുസമയത്തും നിയന്ത്രണം ഏറ്റെടുക്കാനുള്ള അവസ്ഥയുണ്ടായിരിക്കും.

ലെവല്‍ മൂന്ന്

  • ചുറ്റുമുള്ളവ നിരീക്ഷിക്കാനുള്ള ശേഷിയും വാഹനത്തിനുണ്ടായിരിക്കും. ഡ്രൈവറുടെ മേല്‍നോട്ടത്തില്‍ നിയന്ത്രണം മുക്കാല്‍പ്പങ്കും വാഹനം ഏറ്റെടുക്കും.

ലെവല്‍ നാല്

  • നിയന്ത്രണം പൂര്‍ണമായും വാഹനത്തിന്റെ കൈയില്‍. ഇതില്‍ സ്റ്റിയറിങ്ങും നിരീക്ഷണ സംവിധാനവുമെല്ലാം ഉള്‍പ്പെടും. ആവശ്യമെങ്കില്‍ മാത്രം ഡ്രൈവര്‍ക്ക് നിയന്ത്രണമേറ്റെടുക്കാം.

ലെവല്‍ അഞ്ച്

  • എല്ലാ തലത്തിലും വാഹനം സ്വയം നിയന്ത്രിക്കും. ഡ്രൈവറുടെ ആവശ്യമേയില്ല.

ഇതില്‍ പൂജ്യം മുതല്‍ രണ്ട് വരെയുള്ള ലെവലുകളില്‍ മനുഷ്യന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും വാഹനത്തിന്റെ നിയന്ത്രണം. അതിനുശേഷമുള്ള മൂന്ന് ലെവലുകളില്‍ പരിതസ്ഥിതിക്കനുസരിച്ച് വാഹനം സ്വയം നിയന്ത്രിക്കപ്പെടും. 

പൂര്‍ണമായും സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്ക് നിര്‍ദേശം മാത്രം നല്‍കിയാല്‍ മതി. അത് സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കും. ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വാഹനത്തില്‍ സെറ്റുചെയ്തിരിക്കുന്ന ലൊക്കേഷനിലേക്ക് വാഹനം സ്വയം ഡ്രൈവ് ചെയ്ത് കൊണ്ടുപോകും.

പ്രവര്‍ത്തനം ഇങ്ങനെ...

ഇത്തരം കാറുകള്‍ സെന്‍സറുകളും സങ്കീര്‍ണമായ ഉപകരണങ്ങളും കൊണ്ട് നിറഞ്ഞതായിരിക്കും. പരിസര നിരീക്ഷണത്തിനായി വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിറയെ സെന്‍സറുകളായിരിക്കും. തൊട്ടടുത്ത വാഹനങ്ങളെ നിരീക്ഷിക്കാനായി റഡാര്‍ സെന്‍സറുകള്‍, ട്രാഫിക് ലൈറ്റുകള്‍, ട്രാഫിക് സൈനുകള്‍, മറ്റു വാഹനങ്ങളേയും കാല്‍നടക്കാരേയും കണ്ടെത്താന്‍ വീഡിയോ ക്യാമറകള്‍, തൊട്ടടുത്ത വാഹനങ്ങളേയും അടുത്തുള്ള മറ്റു വസ്തുക്കളുടേയും ദൂരമളക്കാന്‍ 'ലിഡാര്‍' (ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ്) സെന്‍സറുകള്‍ എന്നിവയാണിതില്‍ പ്രധാനം. 

റോഡരികും പാര്‍ക്കിങ്ങും ഹമ്പുകളുമെല്ലാം 'ലിഡാര്‍' കണ്ടെത്തും. ഇവ കണ്ടെത്തുന്ന വിവരങ്ങള്‍ കാറിലെ അക്ട്യൂട്ടറിലേക്കാണ് എത്തുക. ഇതിനായിരിക്കും വാഹനത്തിന്റെ ആക്‌സിലറേഷന്‍, ബ്രേക്കിങ്, സ്റ്റിയറിങ് എന്നിവയുടെ നിയന്ത്രണം. സോഫ്റ്റ്വേറുകള്‍ ഉപയോഗിച്ചായിരിക്കും വാഹനത്തിന്റെ തീരുമാനങ്ങളെടുക്കുക.

എന്തായിരിക്കും ഭാവി...?

വിവിധ കാര്‍ കമ്പനികള്‍ സ്വയംനിയന്ത്രിത കാറുകളുടെ ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 'ഗൂഗിള്‍' അടക്കമുള്ള കമ്പനികളുടെ സഹകരണത്തോടെ ഇത്തരം വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍, റോഡിലിറക്കിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെങ്കിലും പുതിയ മോഡലുകള്‍ ഇറക്കുന്ന ശ്രദ്ധയിലാണിവര്‍.

ഇന്ത്യയുടെ കാര്യത്തില്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. കാലിനിടയിലൂടെ പറക്കുന്ന ഓട്ടോറിക്ഷകളും ബൈക്കുകളും ഉള്ളയിടത്ത് എത്ര ഭീകരനായ സെന്‍സറുകളും തോറ്റുപോകും. അതിനാല്‍, നമുക്ക് അക്കാര്യം മറക്കാം.