വാഹനത്തെ വീടാക്കി മാറ്റുന്നതും യാത്ര ചെയ്യുന്നതുമെല്ലാം നമ്മുടെ നാട്ടില്‍ പോലും സജീവമായി കഴിഞ്ഞു. ഗുഡ്‌സ് ഓട്ടോറിക്ഷ വീടാക്കി മാറ്റിയതും അടുത്തിടെ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, പഴയ ഒരു ലോറിയില്‍ മരം ഉപയോഗിച്ചുണ്ടാക്കിയ ഇരുനില വീടാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍, ഇത് സ്ഥിരതാമസത്തിനായി ഒരുക്കിയിട്ടുള്ള വീടല്ല, ഒരു റിസോര്‍ട്ടിന്റെ ഭാഗമായുള്ള കോട്ടേജാണെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിസാര്‍ഗ് എന്ന റിസോര്‍ട്ടിലാണ് പഴയ ലോറിലെ ഈ താമസസ്ഥലം ഒരുക്കിയിട്ടുള്ളത്. ഇവരുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വാഹന വീടിന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത്.  ടാറ്റയുടെ വിന്റേജ് മോഡല്‍ ലോറിയിലാണ് ഈ താമസസ്ഥലം ഒരുക്കിയിട്ടുള്ളതെന്നാണ് മറ്റൊരു പ്രത്യേകത. ചുവപ്പ് നിറം നല്‍കിയിട്ടുള്ള ലോറിയുടെ പ്ലാറ്റ്‌ഫോമാണ് ഈ വീടിന്റെ അടിത്തറയായി നല്‍കിയിട്ടുള്ളത്. 

Tata Truck
ടാറ്റ ലോറിയില്‍ നിര്‍മിച്ച ട്രക്ക് ഹൗസ് | Photo: Nisargresort.in

തടി ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഭിത്തിയും മേല്‍കൂരയില്‍ ഓടും നല്‍കിയാണ് ഈ ട്രക്ക് ഹൗസ് ഒരുക്കിയിട്ടുള്ളത്. രണ്ട് നിലകളുള്ള ഈ കോട്ടേജില്‍ ഒരു സ്വീകരണ മുറിയും ഒരു ബെഡ്‌റൂം ബാത്ത്‌റൂമും വലിയ ഒരു ബാല്‍കണിയുമാണ് ഒരുക്കിയിട്ടുള്ളത്. മുകളിലെ നിലയിലാണ് കിടപ്പുമുറിയും ബാല്‍ക്കണിയുമുള്ളത്. വാഹനത്തിന്റെ പിന്‍ഭാഗത്താണ് ഈ കോട്ടേജിലേക്കുള്ള എന്‍ട്രി ഒരുക്കിയിട്ടുള്ളത്. തടിയില്‍ തീര്‍ത്തിട്ടുള്ള സ്‌റ്റെയര്‍കേസാണ് ഇവിടെയും നല്‍കിയിട്ടുള്ളത്. 

1970 മോഡല്‍ ടാറ്റയുടെ ലോറിയാണ് കോട്ടേജായി മാറ്റിയിരിക്കുന്നത്. അതേസമയം, ഇത് ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് വിവരം. മുമ്പ് സമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഒരുങ്ങിയിരുന്നത് സഞ്ചരിക്കാന്‍ സാധിക്കുന്ന വീടായിരുന്നു. വിദേശ രാജ്യങ്ങളില്‍ ഇത്തരം വാഹനത്തിലെ വീടുകള്‍ക്കും മൊബൈല്‍ ഹോമുകള്‍ക്കും വലിയ പ്രചാരമാണുള്ളത്. ഇന്ത്യയിലും ഈ മേഖല സജീവമാകുകയാണ്.

Source: Car and Bike

Content Highlights: Tata Truck modified As Truck House In India, Truck House, Truck House Hotel