ടിയാഗോയ്ക്ക് ടാറ്റ പുതിയ പുതിയ കുപ്പായം തുന്നിക്കൊണ്ടേയിരിക്കുകയാണ്. ടാറ്റയുടെ യാഗാശ്വങ്ങളായ ത്രിമൂര്‍ത്തികളില്‍ ഒന്നാമനായ ടിയാഗോയ്ക്ക് ഇപ്പോള്‍ എത്ര വേഷങ്ങള്‍ നല്‍കിയാലും മതിയാവുന്നില്ല. എസ്.യു.വി.യും ഹാച്ചും ഒത്തുചേര്‍ന്ന എന്‍.ആര്‍.ജി. ഇപ്പോഴിതാ പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ജെ.ടി.പി.യും.

Tiaog NRG

ഇവിടെ പറയുന്നത് എന്‍.ആര്‍.ജി.യെക്കുറിച്ചാണ്. എസ്.യു.വി.യും ഹാച്ച്ബാക്കും ചേര്‍ന്നൊരു പുതു അവതാരം. ഹാച്ചില്‍ നിന്ന് ക്രോസിലേക്കുള്ള ദൂരം ഇപ്പോള്‍ കുറവാണ്. ഏതൊരു ഹാച്ച്ബാക്കും ക്രോസ് ഓവറിലേക്ക് മാറുന്നുമുണ്ട്. എല്ലാ കമ്പനികള്‍ക്കും ഇത് എളുപ്പപ്പണിയാണുതാനും. എന്നാല്‍ ഇവിടെ ടാറ്റ എന്‍.ആര്‍.ജി. എന്നു വിളിക്കുന്ന ഈ ക്രോസ്ഓവര്‍ ഒറ്റനോട്ടത്തില്‍ എസ്.യു.വി.യുടെ ലുക്കും ഹാച്ച്ബാക്കിനു വേണ്ട എല്ലാ സുഖസൗകര്യങ്ങളും ഒന്നിച്ചണിനിരത്തിയതാണ്. ടിയാഗോയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റിലാണ് ഇതിനായി കൈവച്ചിരിക്കുന്നത്. എന്‍.ആര്‍.ജി.യുടെ ടെസ്റ്റ് ഡ്രൈവിലേക്ക്... 

കാഴ്ച

ടിയാഗോ തന്നെ സുന്ദരനാണ്. ഒത്ത ഉയരവും സ്ഥലസൗകര്യവും ആഡംബരവുമൊക്കെ ഒത്തുചേരുന്നുണ്ട് അതില്‍. എന്നാല്‍, ക്രോസ് ഓവറാവുമ്പോള്‍ അതിലേക്കുള്ള മാറ്റം എന്‍.ആര്‍.ജി.യില്‍ വ്യക്തമാണ്. സമ്പൂര്‍ണ ഹാച്ച്ബാക്കില്‍നിന്ന് പാതി എസ്.യു.വി.യിലേക്ക് മാറ്റം വരുമ്പോള്‍ ഗ്രൗണ്ട് ക്ലിയറന്‍സ് പത്ത് മില്ലിമീറ്റര്‍ വര്‍ധിച്ച് 180 മില്ലിമീറ്ററായിട്ടുണ്ട്. അതോടെ തലയെടുപ്പ് ഒന്ന് കൂടി. അതോടൊപ്പം നീളവും വീതിയും ഉയരവും ലേശം കൂടിയിട്ടുണ്ട്. ബൂട്ട് സ്‌പേസില്‍ വലിയ മാറ്റമൊന്നുമില്ലാത്തതിനാല്‍ ഈ സ്ഥലസൗകര്യത്തിന്റെ ഗുണം മുഴുവന്‍ ലഭിച്ചിരിക്കുന്നത് ഉള്ളിലാണ്.

Tiago NRG

പുറംകാഴ്ചയില്‍ കൂടുതല്‍ കരുത്ത് തോന്നിക്കുന്ന മാറ്റങ്ങളാണ്. പ്രധാനമായും മുന്നിലും പിന്നിലുമുള്ള കറുത്ത സ്‌കിഡ് ​പ്ലേറ്റുകള്‍. നെക്‌സോണില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വശങ്ങളിലൂടെ വലിപ്പമേറിയ വീല്‍ ആര്‍ച്ചുകളിലൂടെ പിന്നിലേക്ക് നീണ്ടുകിടക്കുന്ന പ്ലാസ്റ്റിക് ക്ലാഡിങ്. പിന്‍വശത്ത് ടെയില്‍ ലാമ്പുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വീതിയേറിയ കറുത്ത ക്ലാഡിങ് ഉണ്ട്. ഇതിലാണ് ടാറ്റയുടെയും ടിയാഗോയുടെയും പേര് കൊത്തിയിരിക്കുന്നത്. കണ്ടാല്‍ വീല്‍ക്കപ്പാണെന്നു തോന്നുന്ന അലോയ് വീലുകള്‍ക്ക് ഇരുനിറം നല്‍കിയിരിക്കുന്നു. നാലു സ്പോക്കാണ് അലോയ് വീലുകള്‍. കൂടുതല്‍ സ്പോര്‍ട്ടിയാകാന്‍ റൂഫ് റെയിലും മുകള്‍ഭാഗം കറുപ്പുനിറവും നല്‍കിയിരിക്കുന്നു. ടഫ് ആര്‍മേഡ് എക്സ്റ്റീരിയര്‍ ഡിസൈന്‍ എന്നാണ് എന്‍.ആര്‍.ജി.യുടെ ഡിസൈനിങ്ങിന് ടാറ്റ നല്‍കിയിട്ടുള്ള പേര്.

ഉള്ളില്‍ അത്യാധുനികം ഇരട്ട നിറം തന്നെയാണ് അകത്തും. ഡാഷ്ബോര്‍ഡ് കുറച്ചുകൂടി സ്‌റ്റൈലിഷായിട്ടുണ്ട്. വാഹനത്തിന്റെ നിറത്തിനനുസരിച്ച ഇന്‍സേര്‍ട്ടുകള്‍ ഡാഷ്ബോര്‍ഡിലും എ.സി. വെന്റിനു ചുറ്റും നല്‍കിയിരിക്കുന്നു. സീറ്റുകളിലെ സ്റ്റിച്ചിങ്ങിലും ഇതു കാണാം. 22 സ്റ്റോറേജ് സ്‌പേസുകള്‍, കവറുകള്‍ തൂക്കാന്‍ ഹുക്കുകള്‍, ഹര്‍മന്റെ അഞ്ച് ഇഞ്ച് സ്മാര്‍ട്ട് ടച്ച് സ്‌ക്രീന്‍ എന്‍.ആര്‍.ജി.യിലേക്ക് കുടിയേറിയിട്ടുണ്ട്. ടിഗോറിലാണ് ഇത് കണ്ടിട്ടുള്ളത്. എട്ട് സ്പീക്കറുകള്‍, ത്രീഡി മാപ്പോടു കൂടിയ നാവിഗേഷന്‍, മീഡിയ, റേഡിയോ, ഫോണ്‍ എന്നിവയ്ക്കായുള്ള വോയ്സ് കമാന്‍ഡ് സംവിധാനം, പവര്‍ വിന്റോകള്‍, ക്രമീകരിക്കാവുന്ന സ്റ്റിയറിങ് എന്നിങ്ങനെ നീണ്ടുകിടക്കുകയാണ് സൗകര്യങ്ങള്‍. ക്രോസ് ഓവറുകളില്‍ ഇത്രയും വൈവിധ്യമേറിയ സൗകര്യങ്ങള്‍ മറ്റ് വാഹനങ്ങളില്‍ കാണാന്‍ പ്രയാസമാണ്.

സുരക്ഷ

Tiago NRG

സുരക്ഷയ്ക്ക് എന്‍.ആര്‍.ജി.യില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിട്ടുണ്ട്. എ.ബി.എസ്., ഇ.ബി.ഡി., വളവുകളില്‍ സ്ഥിരത നല്‍കുന്ന കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇന്റലിജന്റ് പവര്‍ സ്റ്റിയറിങ്, പാര്‍ക്കിങ് സെന്‍സറുകള്‍, സ്പീഡിനനുസരിച്ച് തനിയെ ലോക്ക് ആകുന്ന ഡോറുകള്‍, പിന്നില്‍ ഡീ ഫോഗര്‍ എന്നിവയുണ്ട്. ഡ്രൈവിങ് ടാറ്റയുടെ താരമായ റേവോടോര്‍ക്ക് 1047 സി.സി. ഡീസല്‍ എന്‍ജിനാണ് കരുത്ത് നല്‍കുന്നത്. വേഗമെടുക്കുന്നതില്‍ പിശുക്കൊന്നും കാണിക്കുന്നില്ല. ഡ്രൈവ് മോഡുകളില്‍ സിറ്റിയാണെങ്കില്‍ അധികം ഗിയര്‍ഷിഫ്റ്റിന്റെ ആവശ്യം വരുന്നില്ല.

കാബിനിലേക്ക് ശബ്ദം വല്ലാതെ അറിയുന്നില്ല. സ്റ്റിയറിങ് നല്ല നിയന്ത്രണമുള്ളതാണ്. അധികം ബലം പിടിക്കേണ്ടി വരുന്നില്ല. പെട്രോളിലെ റെവോട്രോണ്‍ 1199 സി.സി. എന്‍ജിന്‍ 85 ബി.എച്ച്.പി.യാണ് കരുത്തുനല്‍കുന്നത്. സിറ്റി, ഇക്കോ മോഡുകളാണ് ഇതിലും തുടരുന്നത്. ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററുമുണ്ട്.

Tiaog NRG

Vehicle provided by MARINA MOTORS, CALICUT