വാഹനലോകത്ത് കൊടുക്കല്‍ വാങ്ങലുകള്‍ സാധാരണമാണ്. പലപ്പോഴും ഒരു കുടുംബത്തില്‍ പെട്ടവരുടെ കൈമാറ്റത്തെ 'കടം' എന്നു പറയാന്‍ കഴിയില്ല. അത്തരമൊരു കൊടുക്കല്‍ വാങ്ങല്‍ പാതയിലാണ് നമ്മുടെ സ്വന്തം ടാറ്റ. ഇന്‍ഡിക്കയിലും ഇന്‍ഡിഗോയിലും മറ്റും കണ്ട ടാറ്റയല്ല ഇപ്പോള്‍. തികച്ചും പ്രൊഫഷണല്‍.   

സ്വാഭാവികമായും മാറ്റങ്ങള്‍ വിജയം കൊണ്ടുവരും. ടാറ്റയുടെ തലവര മാറ്റിവരയ്ക്കാനെത്തിയ ത്രിമൂര്‍ത്തികളായിരുന്നു ടിഗോറും ഹെക്‌സയും നെക്‌സോണും. മൂന്നു വിഭാഗങ്ങളില്‍  ആദ്യ വെടിപൊട്ടിച്ചത് ടിഗോറായിരുന്നു. പിന്നാലെ ഹെക്‌സയുമെത്തി. ഇപ്പോഴിതാ നെക്‌സോണും. ടാറ്റ കുടുംബത്തിലെ റേഞ്ച്‌റോവറുമായി നെക്‌സോണിന് കൂടുതല്‍ സാദൃശ്യം തോന്നുന്നതില്‍ തെറ്റില്ല. പ്രീമിയം എസ്.യു.വി.യിലേക്ക് ഹെക്‌സ വന്നതിന് ശേഷമാണ് നാലു മീറ്റര്‍ താഴെയുള്ള കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്ക് നെക്‌സോണ്‍ എത്തുന്നത്.

nexon

വിപണിയില്‍ കത്തിനില്‍ക്കുന്ന ഫോര്‍ഡ് എകോസ്‌പോര്‍ട്ട്, മാരുതി സുസുക്കി ബ്രെസ, ഹോണ്ട ഡബ്ല്യു.ആര്‍.വി. എന്നിവര്‍ക്ക് എന്തിനുംപോന്ന എതിരാളിയായിരിക്കും നെക്‌സോണ്‍ എന്നതില്‍ സംശയമില്ല. നീണ്ട ബുക്കിങ്ങുകള്‍ തന്നെ അത് സൂചിപ്പിക്കുന്നു. കരുത്തിലും സൗകര്യത്തിലും സുരക്ഷയിലും ഒരു കണിക പോലും കുറയാതെയാണ് നെക്‌സോണ്‍ എത്തിയിരിക്കുന്നത്. നെക്‌സോണുമായി  കോഴിക്കോട്ടങ്ങാടിയിലൂടെ നടത്തിയ ടെസ്റ്റ് ഡ്രൈവിലേക്ക്.....

പെട്രോളിലെ ഉയര്‍ന്ന വേരിയന്റായ എക്‌സ്.ഇസഡ്. പ്ലസ് ആയിരുന്നു ഡ്രൈവിനായി ലഭിച്ചത്. പാല്‍നിറത്തില്‍ തിളങ്ങുന്ന വണ്ടി കണ്ടപ്പോള്‍ റേഞ്ച്‌റോവറിന്റെ സ്‌പോര്‍ട്ടിനെ പെട്ടെന്ന് ഓര്‍മവന്നു. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ഇതിന്റെ കുഞ്ഞുരൂപം പോലെ തോന്നി. കുറ്റം പറയരുതല്ലോ, വശങ്ങളില്‍ നിന്നാണ് കൂടുതല്‍ സൗന്ദര്യം തോന്നുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പതിനാറ് ഇഞ്ച് വീലും വശങ്ങളിലെ ക്ലാഡിങ്ങും ഷോള്‍ഡര്‍ ലൈനും ഒരു എസ്.യു.വി.യാണ് താനെന്ന് ഉറപ്പിക്കുമ്പോള്‍, കണ്ണെഴുതിയതുപോലെ സി പില്ലറില്‍ അവസാനിക്കുന്ന കറുപ്പ് സൗന്ദര്യം കൂട്ടുന്നുണ്ട്.

nexon

പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളാണ് വശങ്ങളില്‍ നിന്നുള്ള മറ്റൊരു ആകര്‍ഷണം. മറ്റ് കോംപാക്ട് എസ്.യു.വി.കളെപ്പോലെ പെട്ടെന്ന് അവസാനിക്കുന്ന രീതിയിലല്ല പിന്‍ഭാഗം. ക്രോമിലുള്ള റൂഫ് റെയിലും ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയൊക്കെയാണ് മുകളില്‍. ചെത്തിയിറക്കിയതുപോലുള്ള പിന്‍ഭാഗമാണ് വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ റേഞ്ച്റോവറിന്റെ സഹോദരന്‍മാരെ ഓര്‍മിപ്പിക്കുന്നത്. മുന്നിലേക്ക് വന്നാല്‍ ഒരു അന്താരാഷ്ട്ര ലുക്കാണ്. വണ്ടി ടാറ്റയുടേതാണെന്ന് പെട്ടെന്ന് ഓര്‍മിപ്പിക്കാന്‍ ആ ലോഗോ നല്ലതാണ്. കാരണം അത്രയും മാറിയിട്ടുണ്ട് മുന്‍ഭാഗം.

nexon

ഹെഡ്ലാമ്പ് ക്ലസ്റ്ററുകളില്‍ നിന്ന് തുടങ്ങി, ഗ്രില്ലു കടന്ന് അവസാനിക്കുന്ന കട്ടികൂടിയ ക്രോം ലൈനിങ്. ചതുര രൂപത്തിലുള്ള ഗ്രില്ലുകളുടെ നടുവിലാണ് ടാറ്റാ ലോഗോ. കറുപ്പില്‍ പൊതിഞ്ഞ് വലിപ്പമേറിയ എയര്‍വെന്റുകള്‍ താഴെയുണ്ട്. മുന്നില്‍ നിന്നു നോക്കുമ്പോള്‍ എസ്.യു.വി.യുടെ തലയെടുപ്പ് പ്രകടമാണ്. ക്രോമില്‍ പൊതിഞ്ഞ ഫോഗ്ലാമ്പുകള്‍ ഭംഗി കൂട്ടുന്നുണ്ട്. ഹെഡ്ലൈറ്റുകള്‍ക്ക് അരികിലായി ഡി.ആര്‍.എല്‍.
 
പിന്നില്‍ ആവശ്യത്തിലധികം ആര്‍ഭാടമുണ്ട്. ചില്ലിനോടു ചേര്‍ന്ന് ചാരനിറത്തിലുള്ള ലൈനിങ്ങാണ് അതിലൊന്ന്. അതിലാണ് ടാറ്റയുടെ ലോഗോ. ബൂട്ട് ഡോര്‍  ഇരുനിറമാണ്. കറുപ്പും വെളുപ്പും ഇടകലര്‍ത്തിയിരിക്കുന്നു. താഴെ ഭാഗവും കറുപ്പില്‍ പൊതിഞ്ഞാണ്. എല്‍.ഇ.ഡി. തന്നെയാണ് ടെയില്‍ ലാമ്പുകളും.

അകം

അകത്തും മാറ്റങ്ങളുടെ ഘോഷയാത്രയാണ്. ത്രീ ടോണ്‍ കളറാണ് ഇന്റീരിയറില്‍. കറുപ്പിന്റേതാണ് അതിപ്രസരം. സെന്റര്‍ കണ്‍സോളിലും ഡാഷ്ബോര്‍ഡിലും വെള്ളിവരകള്‍ നല്‍കിയിട്ടുണ്ട്. അധികം കലാപരിപാടികളൊന്നുമില്ലാത്ത ക്ലീന്‍ ഡാഷ്ബോര്‍ഡാണ്. സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണമായ ടച്ച് സ്‌ക്രീനടക്കമുള്ളത് ഡാഷ്ബോര്‍ഡില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നു. (ക്ഷമിക്കണം, ബേസ് മോഡലിന് ഇതുണ്ടാവില്ല). 6.5 ഇഞ്ച് ടച്ച് സ്‌ക്രീനില്‍ കണക്ട് നെക്സ്റ്റ് വോയ്സ് അലര്‍ട്ട്, ജി.പി.എസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ടാറ്റയുടെ സ്മാര്‍ട്ട് റിമോട്ട് ആപ്പ്, വീഡിയോ പ്ലേബാക്ക് എന്നിവയുണ്ട്. ആപ്പിള്‍ കാര്‍പ്ലേ അടുത്തുതന്നെ വരും.  സംഗീതത്തിന് ഹര്‍മാന്റെ എട്ട് സ്പീക്കറടക്കമുള്ള ഇന്റര്‍ഫേസാണ് നെക്‌സണ് ടാറ്റ നല്‍കിയിട്ടുള്ളത്.

nexon

കുഞ്ഞ് സ്റ്റിയറിങ് വീലാണ്. സ്റ്റിയറിങ്ങില്‍ കൈവെച്ചാല്‍ വലിയ കാറാണെന്ന തോന്നല്‍ ഉദിക്കുന്നേയില്ല. അത്രയും കംഫര്‍ട്ടാണ് വാഹനം ഓടിക്കാന്‍. കൈക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്ന സ്റ്റിയറിങ് വീലില്‍  അത്യാവശ്യ കാര്യങ്ങളൊക്കെ നടക്കാനുള്ള സ്വിച്ചുകളുണ്ട്. സ്റ്റിയറിങ് വീല്‍ ആവശ്യാനുസരണം ക്രമീകരിക്കാനും കഴിയും. വാഹനം ഓടിക്കുമ്പോള്‍ ഏറ്റവുമധികം ആസ്വദിക്കാന്‍ കഴിയുന്നതും ഈ കൊച്ചു സ്റ്റിയറിങ് വീലാണെന്നത് പ്രത്യേകം പറയണം. ഡിസ്പ്ലേ ക്ലസ്റ്ററും മികച്ച കാഴ്ച നല്‍കുന്നുണ്ട്. ഈ വിഭാഗത്തിലെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നെക്‌സോണിനാണ് -209 മില്ലി മീറ്റര്‍. അതിനാല്‍ ഓഫ് റോഡ് ഡ്രൈവും ആവശ്യം നടത്താം.
 
ഡ്രൈവിങ് സീറ്റ് മികച്ച ബാക്ക് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. അതോടൊപ്പം, പുറത്തേക്ക് മികച്ച കാഴ്ചയും. പൊതുവേ ടാറ്റയ്ക്കുള്ളതു പോലെ ഉയര്‍ന്ന സീറ്റിങ് പൊസിഷന്‍ ഇതിലും തുടരുന്നുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, തണുപ്പുള്ള, മൂന്നു ലിറ്ററുള്ള യൂട്ടിലിറ്റി സ്റ്റോറേജ് സ്‌പേസ്. സ്റ്റിയറിങ് അസിസ്റ്റഡ് റിയര്‍ വ്യൂ ക്യാമറയാണ്. അതിനാല്‍, പിന്നിലേക്കെടുക്കുമ്പോള്‍ വ്യക്തമായ ചിത്രം സ്‌ക്രീനില്‍ കിട്ടും.
 
വേഗമെടുക്കുന്നതിലും ഓവര്‍ടേക്കിങ്ങിലും വലിയ ബുദ്ധിമുട്ട് തോന്നിയില്ല. പെട്ടെന്ന് ബ്രേക്ക് ചെയ്താല്‍ തേര്‍ഡ്ഗിയറില്‍ വരെ വണ്ടി വീണ്ടും മുന്നോട്ടെടുക്കാന്‍ കഴിയുന്നുണ്ട്. ഇടക്കിടയ്ക്ക് ഗിയര്‍ മാേറ്റണ്ട അവസ്ഥയുണ്ടാവില്ല. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഇന്ധനക്ഷമതയും വേണ്ടപ്പോള്‍  കൂടുതല്‍ ശക്തിയും നല്‍കുന്നുണ്ട്. സിറ്റി, സ്‌പോര്‍ട്ട്, ഇക്കോ എന്നിവ ആവശ്യനുസരണം ഉപയോഗിച്ചാല്‍ ഇന്ധനക്ഷമതയും വേണമെങ്കില്‍ വേഗവും ലഭിക്കുന്നുണ്ട്. ഇക്കോയിലും സിറ്റിയിലും വണ്ടിയുടെ പവര്‍ കുറയുന്നുണ്ട്. അതേസമയം, ഇന്ധനക്ഷമത വര്‍ധിക്കുകയും ചെയ്യും. എന്നാല്‍, സ്‌പോര്‍ട്ട് മോഡില്‍ തനി സ്വരൂപം പുറത്തെടുക്കും. 

Watch Mahindra KUV 100 NXT Review Drive - Click Here

5000 ആര്‍.പി.എമ്മില്‍ 110 പി.എസാണിതിന്റെ കരുത്ത്. 1750 മുതല്‍ 4000 ആര്‍.പി. എമ്മില്‍ 170 എന്‍.എമ്മാണ് ടോര്‍ക്ക്. എന്‍ജിനുള്ള കടമെടുപ്പ് ടാറ്റ നിര്‍ത്തി. ഇപ്പോള്‍ സ്വന്തം ഹൃദയം തന്നെയാണ് ഉള്ളില്‍ മിടിക്കുന്നത്. ഹെക്‌സയില്‍ കണ്ട അതേ എന്‍ജിന്‍ തന്നെയാണ് നെക്‌സണിലും ഉപയോഗിച്ചിരക്കുന്നത്. പെട്രോളില്‍ ടര്‍ബോ ചാര്‍ജുള്ള റെവ്ട്രോണും ഡീസലില്‍ ടര്‍ബോര്‍ ചാര്‍ജുള്ള റെവ്ടോര്‍ക്കും. മള്‍ട്ടി മോഡിന് ഡ്യുവല്‍ വേരിയബിള്‍ കാംഫേസിങ്ങുമാണ് ഉപയോഗിച്ചിട്ടുള്ളത്. സിക്‌സ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് പൊതുവായുള്ളത്. 

വീതിയില്‍ ഈ വിഭാഗത്തിലെ മറ്റുള്ളവയേക്കാള്‍ കൂടുതലുണ്ട്. 1811 മില്ലി മീറ്ററാണ് ഇതിന് വീതി വരുന്നത്. ശ്രേണിയിലെ ഏറ്റവും വലിയ ഗ്രൗണ്ട് ക്ലിയറന്‍സും നെക്‌സോണ് അവകാശപ്പെട്ടതാണ്. 209 മില്ലി മീറ്ററാണിതിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ടോര്‍ക്കും മറ്റുള്ളവയേക്കാള്‍ കൂടുതലാണ്.
 
350 ലിറ്ററാണ് ബൂട്ട്സ്‌പേസ്. പിന്നിലെ സീറ്റ് മടക്കിയാല്‍ ഇത് 650 ലിറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും. പിന്നിലെ സീറ്റുകള്‍ക്കും നല്ല ലെഗ്റൂം നല്‍കാന്‍ കമ്പനിക്കായിട്ടുണ്ട്. അതുകൊണ്ട്, കുറച്ചു നീളമുള്ളവര്‍ക്കും ബുദ്ധിമുട്ടില്ലാതെ കാല്‍ വെച്ച് ഇരിക്കാന്‍ കഴിയും. പിന്നിലെ സീറ്റുകള്‍ക്ക് എ.സി. വെന്റ് വെച്ചിട്ടുണ്ടെങ്കിലും ഫാനാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ യാത്രകള്‍ക്ക് അതൊരു പ്രശ്‌നമാവില്ല. കാരണം മികച്ച തണുപ്പ് നല്‍കുന്നതാണ് ഇതിലെ എ.സി. കാറിന്റെ എല്ലാഭാഗത്തും കൃത്യമായി തണുപ്പ് എത്തുകയും ചെയ്യുന്നുണ്ട്. വണ്ടി ഓടിച്ചപ്പോള്‍ തോന്നിയ മറ്റൊന്ന് നിശബ്ദതയാണ്. എന്‍ജിന്റെ പ്രവര്‍ത്തനവും മറ്റു ബഹളങ്ങളുമൊന്നും അകത്തേക്ക് എത്തുന്നില്ല. 

സുരക്ഷ

സുരക്ഷയുടെ കാര്യത്തില്‍ കുറവൊന്നും നെക്‌സണില്‍ വരുത്തിയിട്ടില്ല. മുന്നിലെ രണ്ടു സീറ്റിലും എയര്‍ബാഗുണ്ട്.  ഇ.ബി.ഡി.യോടു കൂടി എ.ബി. എസ്, വളവുകളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്ന കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കുന്നതിനുള്ള സൗകര്യമായ ഐസോഫിക്‌സ്, എനര്‍ജി അബ്സോര്‍ബിങ് ബോഡി സ്ട്രക്ചര്‍, വോയ്സ് അലര്‍ട്ട് എന്നിവയുമുണ്ട്.

nexon

നെക്‌സണിന്റെ പ്രധാന ആകര്‍ഷണം വിലയാണ്. സെക്കന്‍ഡ് വേരിയന്റില്‍ അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ നല്‍കുന്നുണ്ട്. രണ്ടോ മൂന്നോ ഫീച്ചറുകള്‍ മാതമേ കുറവു വരുന്നുള്ളു. ഏഴര ലക്ഷത്തിന് എല്ലാം തികഞ്ഞൊരു ആഡംബര എസ്.യു.വി.യാണ് നെക്‌സോണ്‍. 

Content Highlights: Tata Nexon Test Drive, Nexon Review, Nexon Features, Nexon Prize, Nexon SUv, Tata Nexon