ലോക വാഹന വിപണിയെപ്പോലെ തന്നെ ഇന്ത്യന്‍ വാഹന വിപണിയും എസ്.യു.വി തരംഗത്തിലാണ് വിളയാടിക്കൊണ്ടിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള എസ്.യു.വികള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെതായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പുതിയ എസ്.യു.വി കൂടി വിപണിയിലേക്ക് വരുമ്പോള്‍ അതിന് എന്തെങ്കിലും പ്രത്യേകതയില്ലാതെ കാര്യമായ തരംഗം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കരുതിയാല്‍ വലിയ മണ്ടത്തരമായി പോകും. അത് കൊണ്ടാകും ടാറ്റ അവരുടെ പുതിയ കൊച്ചു എസ്.യു.വിയെ മറ്റുള്ളവരില്‍ നിന്ന് വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ളത്. നെക്സോണ്‍ എന്ന് നാമകരണം ചെയ്ത പുതിയ എസ്.യു.വിയുടെ ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞ ആഴ്ച നടക്കുകയുണ്ടായി.
അടുത്ത ഉത്സവ കാലമായ ദീപാവലിയോടെ ആണ് വിപണനം ആരംഭിക്കുക എന്ന് കരുതുന്ന നെക്സോണ്‍ ഏറെ കാലമായി ടാറ്റ പ്രേമികള്‍ കാത്തിരിക്കുന്നത്. 2016 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ആദ്യമായി കാഴ്ചവെച്ച നെക്സോണ്‍ കോണ്‍സെപ്റ്റിന്റെ രൂപകല്പനയില് നിന്ന് അധികം വ്യതിചലിക്കാതെ തന്നെയാണ് പുതിയ നെക്സോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഹാച്ച്ബാക്ക്-എസ്.യു.വി മിശ്രിതമായ ക്രോസ്ഓവര്‍ ഡിസൈനാണ് പുതിയ നെക്സോണിന്റെത്. മുന്‍വശത്തില്‍ പുതിയ ടാറ്റാ കാറുകളില്‍ കണ്ട ഡിസൈന്‍ ഭാഷ്യമാണ് ഉള്ളതെങ്കിലും എസ്.യു.വിയുടെ തലയെടുപ്പ് നല്കുന്ന തരത്തില്‍ ഹെഡ്ലൈറ്റും ഗ്രില്ലും ബമ്പറും വാര്‍ത്തെടുത്തിരിക്കുന്നത്.
വശങ്ങളില് എസ്.യു.വിയും ഹാച്ച്ബാക്കും അടങ്ങിയ രൂപകല്പനയാണ്. വളരെ വ്യത്യസ്തമായി ക്രോമിനു പകരം നല്‍കിയിട്ടുള്ള വെള്ള ബീഡിങ്ങിന് ഹാച്ച്ബാക്കിനോട് സമാനമായ രൂപമാണ് ഉള്ളതെങ്കിലും ബമ്പറും സ്പോര്‍ട്ടി സ്പോയിലറും എസ്.യുവിയെ ഓര്‍മിപ്പിക്കും. 16 ഇഞ്ച് അഞ്ച് സ്പോക്ക് അലേയി വീലും വരുന്നുണ്ട്. ഉള്‍വശത്തിന്റെ ഏറ്റവും വലിയ സവിശേഷത സ്ഥലസൗകര്യമാണ്. വീതി വിസ്താരമുള്ള ഈ ഉള്വളത്തില് അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ ഇത് നാല് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിയുമാണെങ്കില്‍ കൂടുതല്‍ സുഖകരമായിരിക്കും.
അടുത്തിടെ ഇറങ്ങിയിരുന്ന ടിയാഗോ, ടിഗ്വര് എന്നീ മോഡലുകളില്‍ കണ്ടുവന്നിട്ടുള്ള ഗുണനിലവാരമാണ് നെക്സോണിലും കാണുന്നത്. ജര്‍മ്മനിയുടെ ഹാര്‍മനുമായി ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ടച്ച് സ്ക്രീനും ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉപയോഗിക്കാനുള്ള സംവിധാനവും കൂടിചേരുമ്പോള്‍ ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതായി മാറുന്നു. എങ്കിലും റിവേഴ്സ് ക്യാമറയുടെ ഗുണനിലവാരം പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.
രണ്ട് വ്യത്യസ്ത എന്ജിനുളാണ് പുതിയ നെക്സോണില്‍ വരുന്നത്. 1.2 ലിറ്റര്‍ പെട്രോളും 1.5 ലിറ്റര്‍ ടര്‍ബോ ഡീസലും. ഈ രണ്ട് എന്‍ജിനും 110 പിഎസ് പവര്‍ ആണ് നല്‍കുന്നത്. എന്നാല്‍ ഡീസലില്‍ 170 എന്‍എം ടോര്‍ക്കും 260 എന്‍എം ടോര്‍ക്കുമേകും. രണ്ടിലും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 18 കിലോമീറ്ററും ഡീസലില്‍ 22 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനിയുടെ വാഗ്ദാനം. മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുള്ള നെക്സോണില്‍ ഇപ്പോള്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ലഭ്യമല്ല.
ഉഗ്രന്‍ യാത്രാസുഖം നല്കുന്ന സസ്പെന്‍ഷനാണ് നെക്സോണിനുള്ളത്. എന്നാല്‍ സ്പോര്ട്ടിഭാവം അല്പം കുറവാണ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഇന്ത്യന്‍ പ്രതലത്തിന് അനുയോജ്യമാണ്. സ്റ്റിയറിങ്ങിനും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തലത്തിലുള്ള ക്രമീകരണമാണ് നല്‍കിയിരിക്കുന്നത്. ഫോര്‍ഡ് എക്കോസ്പോര്ട്ടും മാരുതി സുസുക്കി വിറ്റാര ബ്രെസയുമാണ് ഇന്ത്യന്‍ നിരത്തില്‍ നെക്സോണിന്റെ മുഖ്യ എതിരാളികള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..