രു യുഗത്തിന് അങ്ങനെ സമാപ്തിയാവുകയാണ്. ഇന്ത്യക്കാരന്റെ സ്വന്തം കാര്‍ എന്ന അഭിമാനവുമായി ഇരുപത് വര്‍ഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ടാറ്റ ഇന്‍ഡിക്ക വിടപറയുകയാണ്. ഹാച്ച്ബാക്കായ  ഇന്‍ഡിക്കയും കോംപാക്ട് സെഡാനായ ഇന്‍ഡിഗോ സി.എസും നിര്‍മാണം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചു. കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുന്നവര്‍ പിന്തള്ളപ്പെടുമെന്ന സത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മടക്കമാണിവര്‍ക്ക്.

Indica

ഇന്ത്യയിലെ ഹാച്ച്ബാക്ക് കാറുകളുടെ ചരിത്രത്തില്‍ ഇന്‍ഡിക്കയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്.  ഇന്ത്യക്കാര്‍ക്കു വേണ്ടി ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന കാര്‍ എന്നായിരുന്നു ഇന്‍ഡിക്കയുടെ വിശേഷണം. അതില്‍നിന്നുതന്നെ ഊര്‍ജം ഉള്‍ക്കൊണ്ടുള്ള പേരുമായിരുന്നു ഇന്‍ഡിക്ക. ഇന്ത്യ എന്നതില്‍നിന്ന് 'ഇന്‍ഡി' എന്നും കാര്‍ എന്നതില്‍ നിന്ന് 'ക' യും ഉള്‍പ്പെടുത്തിയായിരുന്നു 'ഇന്‍ഡിക്ക'യെന്ന് തങ്ങളുടെ ആദ്യ ഹാച്ച്ബാക്കിന് ടാറ്റ പേരിട്ടത്. 1998-ല്‍ ഇന്ത്യ ഓട്ടോഷോയിലായിരുന്നു ഇന്‍ഡിക്കയുടെ പ്രവേശം. ആ വര്‍ഷത്തെ ജനീവ ഓട്ടോഷോയിലും ഇന്‍ഡിക്കയുമായി ടാറ്റയെത്തി. സ്വിസ് ഓട്ടോഷോയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത കാര്‍ കൂടിയായിരുന്നു ഇന്‍ഡിക്ക.

അതുവരെ ടാറ്റയുടെ മുഖമുദ്രകളായി നിരത്തുകളിലുണ്ടായിരുന്നത് വലിയ ഷാസിയിലുള്ള എസ്റ്റേറ്റ്, സിയേറ, സുമോ, സഫാരി എന്നിവയായിരുന്നു. ഇതില്‍ 1998-ല്‍ പുറത്തിറക്കിയ ആദ്യ തലമുറ സഫാരിയുടെ നിര്‍മാണവും കഴിഞ്ഞ വര്‍ഷം ടാറ്റ അവസാനിപ്പിച്ചിരുന്നു. നാനോ അടക്കമുള്ള കാറുകള്‍ ഡിസൈന്‍ ചെയ്ത ഇറ്റാലിയന്‍ കമ്പനിയായ ഐ.ഡി.ഇ.എ. ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്‍ഡിക്കയുടെയും രൂപകല്പന നിര്‍വഹിച്ചത്. 1998-ല്‍ പുറത്തിറങ്ങുമ്പോള്‍ ഇന്‍ഡിക്കയുടെ വലിയ ആകര്‍ഷണം അതിന്റെ വില തന്നെയായിരുന്നു. അക്കാലത്ത് ഹാച്ച്ബാക്ക് വിപണിയില്‍ തലയുയര്‍ത്തിനിന്നിരുന്ന മാരുതി 800, ഫിയറ്റ് യുനോ, മാറ്റിസ്, മാരുതി സെന്‍, ഹ്യുണ്ടായ് സാന്‍ട്രോ എന്നിവയോടായിരുന്നു ഏറ്റുമുട്ടിയത്. എന്നാല്‍, ഡീസലിന് പെട്രോളുമായി വിലയില്‍ അന്തരം നിന്നിരുന്ന കാലത്ത്, മൂന്ന് ലക്ഷത്തില്‍ കുറഞ്ഞ വിലയില്‍ സൗകര്യങ്ങളില്‍ ധൂര്‍ത്ത് കാണിക്കുന്ന ഒരു കാറിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുക സ്വാഭാവികം മാത്രം. അതുതന്നെയായിരുന്നു ഇന്‍ഡിക്കയുടെ വിജയവും. ടാറ്റ എന്‍ജിനീയറിങ് ടെല്‍കോ എന്നറിയപ്പെട്ടിരുന്ന കാലത്ത് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ അഭിമാന പദ്ധതിയായിരുന്നു ഇന്‍ഡിക്ക. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നു ഇന്‍ഡിക്കയുടെ ശക്തി.

Indigo

മാരുതി സെന്നിന്റെ വലിപ്പവും അംബാസഡറിന്റെ സൗകര്യവും എന്നായിരുന്നു അന്ന് ഇന്‍ഡിക്കയെക്കുറിച്ച് പറഞ്ഞിരുന്നത്. രണ്ടു വര്‍ഷത്തിനുശേഷം 2000-ത്തില്‍ ഇന്‍ഡിക്കയുടെ പെട്രോള്‍ വകഭേദം ഇറങ്ങി. എന്നാല്‍, പെട്രോളിന്റെ ആദ്യ ജനുസ്സിന് പ്രാരംഭദശയില്‍ കല്ലുകടികളേറെയായിരുന്നു. തുടര്‍ന്ന്, അടുത്തവര്‍ഷം തന്നെ നവീകരിച്ച ഇന്‍ഡിക്ക വി 2 വുമായി ടാറ്റ എത്തി. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ മികച്ച പ്രതികരണമായിരുന്നു ഇന്‍ഡിക്ക വി 2 നേടിയത്. ഇതിന്റെ നവീകരിച്ച പതിപ്പുകള്‍ കമ്പനി പുറത്തിറക്കി. എന്‍ജിനുകളില്‍ മാറ്റം വരുത്താതെയായിരുന്നു ഇവയെല്ലാം. 'വിസ്ത'യായത് ഈ ഇന്‍ഡിക്കയായിരുന്നു. 2008-ലായിരുന്നു വിസ്തയുടെ വരവ്. 2015-ല്‍ ബോള്‍ട്ടുമെത്തി. എന്നാല്‍, അപ്പോഴും ആദ്യതലമുറ ഇന്‍ഡിക്ക വിപണിയില്‍ തിളങ്ങിത്തന്നെ നിന്നു.

Indica v2

പ്രധാനമായും ടാക്‌സി വിപണിയിലേക്കായിരുന്നു ഇന്‍ഡിക്കയുടെ ഓട്ടം. ഇന്‍ഡിക്കയുടെ സെഡാന്‍ വിഭാഗത്തില്‍ രണ്ടെണ്ണമായിരുന്നു ആദ്യം വന്നത്. 2002-ല്‍ ഇറങ്ങിയ  ഇന്‍ഡിക്ക സെഡാനും 2004-ല്‍ ഇറങ്ങിയ ഇന്‍ഡിഗോ മറീന എസ്റ്റേറ്റും. നീളംകൂടിയ വീല്‍ബേസുമായുള്ള ഇന്‍ഡിഗോ എക്‌സ് എല്ലും ഇതോടൊപ്പം വന്നിരുന്നു. മോണിറ്ററും ഹെഡ് റെസ്റ്റുമൊക്കെ ആഡംബരമായുള്ള കാലമായതിനാല്‍ ഇതിനെ ആഡംബര സെഡാന്‍ എന്നായിരുന്നു അന്ന് വിളിച്ചത്. എന്നാല്‍, വിസ്തയും ടാറ്റയുടെ  സെഡാനായ മാന്‍സയുമൊക്കെ വന്നപ്പോള്‍ ഈ മൂന്ന് വകഭേദങ്ങളേയും കമ്പനി നിര്‍ത്തി. എന്നാല്‍, ഇന്‍ഡിഗോ മാത്രം കമ്പനി നിലനിര്‍ത്തി ഇന്‍ഡിഗോ സി.എസ്. എന്ന പേരില്‍. ഇത് പിന്നീട് ഇന്‍ഡിഗോ ഇ.സി.എസ്. ആയി മാറി. നാലുമീറ്ററില്‍ കുറവുള്ള കാറുകളുടെ കാലം വന്നപ്പോഴാണ് ഇന്‍ഡിഗോ കോംപാക്ട് സെഡാന്‍ വരുന്നത്. 2008 ഓട്ടോ എക്‌സ്പോയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. അക്കാലത്ത് തന്നെയാണ് മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായ് എക്‌സന്റ് തുടങ്ങിയവയുടെയും വരവ്. ഇപ്പോഴിതാ കാലത്തിനനുസരിച്ച് ടാറ്റയും മാറുകയാണ്. ടാറ്റ പുതിയ മുഖം തേടുകയാണിപ്പോള്‍. കുറ്റങ്ങളും കുറവുകളും നികത്തി അന്താരാഷ്ട്ര കമ്പനിയുടെ ആടയാഭരണങ്ങളണിഞ്ഞാണ് ഇപ്പോള്‍ ടാറ്റ വരുന്നത്. അതിന് കാലംതന്നെ തെളിവ്.

Tata

ടിയാഗോ, ടിഗോര്‍, ഹെക്‌സ, അവസാനം നെക്‌സോണ്‍... ടാറ്റയുടെ പുതിയ യാഗാശ്വങ്ങളാണിവര്‍. അവരുടെ വരവോടെ പുതിയ ഉണര്‍വ് നേടി പുതിയ ആകാശത്തേക്ക് കുതിക്കുകയാണ്. അപ്പോള്‍ തിളക്കമറ്റവര്‍ അരങ്ങൊഴിയുക സ്വാഭാവികം. ടാറ്റയുടെ ആദ്യ ജനുസ്സില്‍പ്പെട്ടവരില്‍ നാനോ, സുമോ, സഫാരി സ്റ്റോം എന്നിവയാണ് ബാക്കിയുള്ളത്. ഇവയ്ക്ക് ബദലായി പുതിയ വാഹനങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒമേഗാ ആര്‍ക് പ്ലാറ്റ്ഫോമില്‍ നിര്‍മിക്കപ്പെടുന്ന എച്ച് 5 എക്‌സ് എസ്.യു.വി., പ്രീമിയം സെഡാന്‍ കണ്‍സെപ്റ്റായ 45 എക്‌സ് എന്നിവയാണ് ടാറ്റ പ്രതീക്ഷയര്‍പ്പിക്കുന്ന മോഡലുകള്‍. 1998-ല്‍ ജനീവ ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെട്ട സാദാ ഹാച്ച്ബാക്കില്‍നിന്ന് 2018-ല്‍ ഇതേ ഓട്ടോഷോയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ഓള്‍ വീല്‍ ഡ്രൈവിലുള്ള ഇരട്ട മോട്ടോറുമായുള്ള ആഡംബര വൈദ്യുതി സെഡാന്‍ വരെ എത്തിനില്‍ക്കുകയാണ് ടാറ്റയുടെ ഗ്രാഫ്. 

Content Highlights; Tata Motors stops production of Indica and Indigo