ലാന്‍ഡ് റോവറിനൊപ്പമുള്ള യാത്ര ടാറ്റയുടെ തലവര മാറ്റി എഴുതുകയാണ്. ഏത് കാര്‍ പുറത്തിറക്കിയാലും പഴയ ഇന്‍ഡിക്ക മോഡലിനോട് സാമ്യമുള്ള കാറാകും എന്ന ചീത്തപ്പേര് ടാറ്റയ്ക്ക് വാഹനപ്രേമികള്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. എന്നാല്‍ ഇനി ടാറ്റയെ അങ്ങനെയങ്ങ് പഴിക്കാന്‍ പറ്റില്ല. ടാറ്റ പഴയ ടാറ്റ അല്ല എന്നതുതന്നെ കാരണം. ആളാകെ മാറിയിരിക്കുന്നു. ടിഗോര്‍, ടിയാഗോ, നെക്‌സോണ്‍, ഹെക്‌സ തുടങ്ങി അടുത്ത കാലത്ത് നിരത്തിലെത്തിച്ച ടാറ്റ കാറുകളെല്ലാം വളരെ എളുപ്പത്തില്‍ ക്ലച്ച് പിടിച്ചു. ഇനി അല്‍പ്പം ഉയര്‍ന്ന പ്രീമിയം നിലവാരത്തിലേക്കാണ് ടാറ്റ കണ്ണുവയ്ക്കുന്നത്. ആഡംബര വീരന്‍മാരായ ലാന്‍ഡ് റോവറിന്റെ പട നയിച്ച ടാറ്റ സ്വന്തം തറവാട്ടിലും അതേ കാര്യങ്ങള്‍ നടപ്പാക്കുകയാണ്.

E Vision

മുന്‍നിര പ്രീമിയം കാറുകളോടു വരെ നേരിട്ട് മുട്ടാനുള്ള പ്രാപ്തി ടാറ്റ കൈവശപ്പെടുത്തുകയാണ്. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്പോയില്‍ ഇതിനുള്ള ആദ്യ സൂചനയും കമ്പനി നല്‍കി. H5x എസ്.യു.വി., 45x പ്രീമിയം ഹാച്ച്ബാക്ക് എന്നിവ എക്‌സ്പോയില്‍ അവതരിപ്പിച്ച് ടാറ്റ വിസ്മയിപ്പിച്ചു. എന്നാല്‍ ഇവിടംകൊണ്ട് അവസാനിപ്പിക്കാന്‍ ടാറ്റ ഒരുക്കമല്ല. ജനീവ മോട്ടോര്‍ ഷോയില്‍ ഇ-വിഷന്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചാണ് ടാറ്റ വീണ്ടും ലോകത്തെ ഞെട്ടിച്ചത്. ഇത്രയെല്ലാം ടാറ്റയുടെ കൈവശം ഉണ്ടായിരുന്നോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ഇ-വിഷന്‍ ഇലക്ട്രിക് ടാറ്റ പ്രദര്‍ശിപ്പിച്ചത്. ലോഗോ ഒഴിച്ച് പതിവ് ടാറ്റ മുഖങ്ങളില്‍നിന്ന് പേരിനു പോലും ഒരു സാമ്യം ഇ-വിഷന്‍ സെഡാനില്ല.

E Vision

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈനില്‍ അണിയിച്ചൊരുക്കിയ പ്രീമിയം ഇലക്ട്രിക് സെഡാനാണ് ഇ-വിഷന്‍. H5x, 45x എന്നിവയും ഇതേ ഡിസൈനിലായിരുന്നു. പുറംമോടിയില്‍ ഡല്‍ഹിയില്‍ അവതരിപ്പിച്ച 45x പ്രീമിയം ഹാച്ച്ബാക്ക് കണ്‍സെപ്റ്റിനോട് ചെറിയ സാമ്യമുണ്ട്. മുന്‍നിര ആഡംബര കാറുകളോട് കിടപിടിക്കുന്നതാണ് രൂപം. പിന്നിലേക്ക് ഒഴുകി ഇറങ്ങുന്ന ഡിസൈന്‍ കൂപ്പെ കാറുകളെയും ഓര്‍മിപ്പിക്കും.

E vision

ഫോര്‍ ഡോര്‍ കണ്‍സെപ്റ്റില്‍ നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റാണ് മുന്‍ഭാഗത്തെ ആകര്‍ഷണം. ബംബറില്‍ ഒഴുകി നടക്കുന്ന വിധത്തിലാണ് എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ് ലൈറ്റ്. ഇതിനു മുകളിലായി ടാറ്റ ലോഗോ. പിന്നിലും എല്‍.ഇ.ഡി.യാണ് ടെയില്‍ ലാമ്പ്. ബൂട്ട് ലിഡിലാണ് ഇ-വിഷന്‍ ബാഡ്ജിങ്. ടാറ്റയുടെ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഒമേഗ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. സ്‌പോര്‍ട്ടി ഡിസൈനില്‍ 21 ഇഞ്ചാണ് അലോയി വീല്‍.

E vision

ഉള്‍വശത്തും ആഡംബരത്തിന് ഒട്ടും കുറവില്ല. ത്രീ സ്‌പോക്കാണ് സ്റ്റിയറിങ് വീല്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രൗഢി കൂട്ടും. ഇതിനൊപ്പം ഒരു നീളമേറിയ ഡിസ്‌പ്ലേയും ഡാഷ്‌ബോര്‍ഡിലുണ്ട്. ഡ്രൈവര്‍ക്ക് ആവശ്യമായ സന്ദേശങ്ങള്‍ ഇതില്‍ തെളിയും. ബീജ് ലെതറിലാണ് അകത്തളം. ലക്ഷ്വറി അനുഭവത്തിനായി ഡാഷ്‌ബോര്‍ഡിലും ഡോര്‍ ഹാന്‍ഡിലിലും വുഡണ്‍ ട്രിം പീസുകളും നല്‍കി. റിയര്‍ സീറ്റുകളും ഇലക്ട്രിക്കായി അഡ്ജസ്റ്റ് ചെയ്യാം.

ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഇ-വിഷന് സാധിക്കും. ഏഴ് സെക്കന്‍ഡിനകം പൂജ്യത്തില്‍നിന്ന് നൂറു കിലോമീറ്റര്‍ വേഗത്തിലെത്താം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. ഇ-വിഷന്‍ കണ്‍സെപ്റ്റിന്റെ കരുത്ത് സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. കന്നി പ്രദര്‍ശനം കഴിഞ്ഞ ഇ-വിഷന്‍ കണ്‍സെപ്റ്റ് മോഡലിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. എന്നാല്‍ ഇതെല്ലാം അതേപടി ഉള്‍ക്കൊണ്ട് ഒരു പ്രൊഡക്ഷന്‍ മോഡല്‍ നിരത്തിലെത്തും എന്ന് കരുതുന്നതില്‍ അര്‍ഥമില്ല. എങ്കിലും ടാറ്റയുടെ ഭാവി ഇലക്ട്രിക് കാറുകളില്‍ പല അതിശയങ്ങളും പ്രതീക്ഷിക്കാന്‍ വകയുണ്ടെന്ന് ഈ കണ്‍സെപ്റ്റ് അടിവരയിട്ട് ഉറപ്പിക്കുന്നു. 

E Vision

Photos; Tata Motors

Content Highlights; Tata Motors EVision Sedan Concept