ടാറ്റയുടെ തലവര മാറ്റിയ ത്രിമൂര്‍ത്തികളിലൊരാളാണ് ടിഗോര്‍ എന്ന കോംപാക്ട് സെഡാന്‍. ടിയാഗോയുടെ ഏട്ടനായി വരും. ടിയാഗോയുടെ എന്‍.ആര്‍.ജി. പുറത്തിറക്കിയതിന് പിന്നാലെയാണ് ആഘോഷക്കാലം ലക്ഷ്യമിട്ട് ടിഗോറും മിനുങ്ങിയത്. പുതിയ ടിഗോറിനെ പരിചയപ്പെടാം.

സാങ്കേതികമായി മാറ്റങ്ങള്‍ ഒന്നുമില്ലെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്ന് സ്റ്റിയറിങ് വീലില്‍ കൈവെച്ചപ്പോള്‍ മനസ്സിലായി. ഒന്നുകൂടി ൈകയിലൊതുങ്ങുന്ന അവസ്ഥയിലായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ടിഗോറിനെ അവതരിപ്പിക്കുന്നത്. 

നാലു മീറ്ററില്‍ താഴെയുള്ള കുഞ്ഞു സെഡാനുകളുടെ ലോകത്ത് തിളങ്ങുന്ന ഒരു വരയായിട്ടിരിക്കാന്‍ ടിഗോറിന് കഴിഞ്ഞു. ടിയാഗോയ്ക്ക് അപ്ഡേഷനുകള്‍ ലഭിച്ചുവെങ്കിലും ടിഗോറിന് ഇപ്പോഴാണ് ഒരു മാറ്റമായത്. എന്നാല്‍, പുതിയ പെര്‍ഫോമന്‍സ് വാഹനമായ ജി.ടി.പി.യില്‍ ടിയാഗോയും ഇടം പിടിച്ചിട്ടുണ്ട്.

Specification

 • Length 3992 mm
 • Width 1677 mm
 • Height 1537 mm
 • Wheelbase 2450 mm
 • Ground Clearance 170 mm
 • Boot Space 419 L

ടിഗോറിന്റെ രൂപംതന്നെ ഒരഴകാണ്. കാരണം, സബ് കോംപാക്ട് ശ്രേണിയിലേക്കുള്ള എടുത്തുചാട്ടം പലപ്പോഴും ഹാച്ച്ബാക്കിന് വാലുമുളച്ചാല്‍ എങ്ങനെയുണ്ടാവും എന്നതുപോലെയാണ്. ആദ്യകാലങ്ങളില്‍ ഇറങ്ങിയ നാലുമീറ്റര്‍ എന്ന അളവില്‍ കുറവുള്ളവയുടെ കാര്യങ്ങള്‍ അങ്ങനെയായിരുന്നു. പിന്നീട് അപ്ഡേഷനിലൂടെ രൂപംമാറി വരികയായിരുന്നു ഇവ. 

എന്നാല്‍, ടിഗോര്‍ തീര്‍ത്തും വ്യത്യസ്തനാണ്. കാരണം, ഡിക്കിയിലേക്ക് ഒഴുകിയിറങ്ങുന്ന മേല്‍ക്കൂര ഏച്ചുകെട്ടാണെന്ന് ആര്‍ക്കും തോന്നില്ല. കൂപ്പെ വണ്ടികളിലേതുപോലെ ക്ലീനായാണ് വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍ കാണുക. പുതിയ ഡയമണ്ട് ഗ്രില്ലില്‍ ക്രോം ഫിനിഷുകള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ നടുക്കു തന്നെയാണ് ടാറ്റയുടെ 'ടി'. പഴയ ടിഗോറില്‍നിന്ന് വ്യത്യസ്തമല്ല അത്. 

എന്നാല്‍, ഹെഡ്ലാമ്പ് ക്ലസ്റ്റര്‍ അങ്ങനെയല്ല. രണ്ട് കള്ളികളിലുള്ള പ്രൊജക്ടഡ് ഹെഡ്ലാമ്പുകള്‍ പുതിയ വരവാണ്. അതും പോരാതെ ക്ലസ്റ്ററിനു ചുറ്റും ക്രോം ലൈനിങ്ങും നല്‍കിയിട്ടുണ്ട്. മുകളില്‍ കറുത്ത ഷാര്‍ക്ക്ഫിന്‍ ആന്റിന, പിന്നിലെ ചില്ലിനു മുകളില്‍ എല്‍.ഇ.ഡി. സ്റ്റോപ്പ് ലാമ്പ്. എന്നിവയും വന്നു. പതിമൂന്ന് ഇഞ്ചിലും പതിനാല് ഇഞ്ചിലുമുള്ള പുതിയ ഇരട്ടനിറമുള്ള അലോയ് വീലുകളും പുതിയ ടിഗോറില്‍ കാണാം.  

Petrol

 • Engine Revotron 1.2L 3 cylinder
 • Displacement 1199 CC
 • Power 85 bhp@6000 rpm
 • Torque 114 Nm@3500 rpm
 • Mileage 17 Kmpl

varients

 • XE Petrol (5.37 Lakh) on road calicut (6.17lakh)
 • XM Petrol (5.74Lakh)on road calicut (6.58lakh)
 • XZ Petrol (6.14 Lakh)on road calicut (7.05lakh)
 • XZ Plus Petrol (6.68 Lakh) on road calicut (7.66lakh)

പിന്നില്‍ നെക്‌സോണില്‍ കാണുന്ന എല്‍.ഇ.ഡി. ടെയില്‍ ലാമ്പുകളും എത്തി. വശങ്ങളിലെ ബോഡിലൈനും മറ്റ് ശരീരവടിവുകളുമൊക്കെ പഴയ ടിഗോറിലേതു തന്നെയാണ്. പിന്നെ വന്നത് ഇലക്ട്രിക് ഫോള്‍ഡബിള്‍ സൈഡ് മിററുകളാണ്. കറുപ്പും ചാരനിറവും കലര്‍ന്നതാണ് ഉള്‍വശം. ടാറ്റയുടെ പുതിയ വണ്ടികളില്‍ കാണുന്ന കൈപ്പിടിയിലൊതുങ്ങുന്ന സ്റ്റിയറിങ് വീല്‍ ഇതിലും തുടരുന്നുണ്ട്.

സെന്‍ട്രല്‍ കണ്‍സോളിലെ ഓഡിയോ, ഫോണ്‍ എന്നിവയുടെ നിയന്ത്രണങ്ങള്‍ സ്റ്റിയറിങ് വീലില്‍ത്തന്നെയാണ്. ക്രമീകരിക്കാന്‍ കഴിയുന്നതാണ് സ്റ്റിയറിങ് വീല്‍. സെന്‍ട്രല്‍ കണ്‍സോള്‍ വളരെ ലളിതമാണ്. അതുകൊണ്ടുതന്നെ നോബുകളും സ്വിച്ചുകളും വളരെ വ്യക്തമായി കാണാനും ൈകയെത്തിക്കാനും കഴിയും. കൂടുതല്‍ സ്വിച്ചുകളും നോബുകളും ഇതിലില്ലതാനും. 

സെന്‍ട്രല്‍ കണ്‍സോളിന് പുതുമ പകരുന്നതാണ് ഏഴിഞ്ചിന്റെ പുതിയ ടച്ച് സ്‌ക്രീന്‍. ഹര്‍മാന്റെ മ്യൂസിക് സിസ്റ്റമാണ് പുതിയ ടിഗോറിലുള്ളത്. നാല് സ്പീക്കറും നാല് ട്വീറ്ററും പൊഴിക്കുന്ന സംഗീതം ആസ്വദിക്കാം. ബ്ലൂടൂത്ത്, കൂടാതെ ആന്‍ഡ്രോയ്ഡ് ഓട്ടോയും ഇതിലുണ്ട്. സൗകര്യത്തിന് ഉള്ളില്‍ ഒരു കുറവുമില്ല. മികച്ച നിലവാരം പുലര്‍ത്തുന്നതാണ് സീറ്റുകളും മറ്റും. 

Diesel

 • Engine Revotorq 1.05L 3 cylinder
 • Displacement 1047 CC
 • Power 70 bhp@4000 rpm
 • Torque 140 Nm@1800-3000 rpm
 • Mileage 21.5 Kmpl

Variants

 • XE Diesel (6.26 Lakh) on road calicut (7.18lakh)
 • XM Diesel (6.60 Lakh)on road calicut (7.56lakh)
 • XZ Diesel (7.03 Lakh)on road calicut (8.07lakh)
 • XZ Plus Diesel (7.58Lakh)on road calicut (8.68lakh)

പിന്നിലെ സീറ്റില്‍ കപ്പ് ഹോള്‍ഡറടക്കമുള്ള ആം റെസ്റ്റുണ്ട്. എന്നാല്‍, മുന്നില്‍ അതില്ല. അതുകൂടിയുണ്ടായിരുന്നെങ്കില്‍ ഒരു ആഡംബര സെഡാനെന്ന തോന്നല്‍ പൂര്‍ണമാകുമായിരുന്നു. ഇപ്പോള്‍ ഹാച്ച്ബാക്കുകളില്‍ കാണുന്ന തുറന്ന കപ്പ് ഹോള്‍ഡറും സ്റ്റോറേജ് സ്‌പേസും മാത്രമേ മുന്‍സീറ്റുകള്‍ക്കിടയില്‍ നല്‍കിയിട്ടുള്ളു. 

പിന്നിലിരിക്കുന്നവര്‍ക്കും സൗകര്യക്കുറവ് അനുഭവപ്പെടില്ല. നല്ല ലെഗ് സ്‌പേസും ഹെഡ്റൂമും പിന്നിലുണ്ട്. 419 ലിറ്ററാണ് ബൂട്ട് സ്‌പേസ്. മുന്നിലെ ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഗിയര്‍ ഷിഫ്റ്റ് ഡിസ്പ്ലെ, ഇന്ധനം കാലിയാവുന്നതിനു മുമ്പ് ഓടാവുന്ന കിലോമീറ്റര്‍, ഡോര്‍ ഓപ്പണ്‍ അലാം എന്നിവയുണ്ട്. 

മള്‍ട്ടി ഡ്രൈവ് മോഡ് ടിഗോറിലുമുണ്ട്. ഇക്കോ, സിറ്റി എന്നീ മോഡുകളാണുള്ളത്. ഓട്ടോമാറ്റിക്കില്‍ സ്‌പോര്‍ട്ട് മോഡുംകൂടി വരും. സുരക്ഷയുടെ കാര്യത്തിലും കമ്പനി വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഉള്ളിലുള്ളവര്‍ക്ക് ആഘാതമേല്‍പ്പിക്കാത്ത വിധത്തിലുള്ള ബോഡിഷെല്ലാണ് ടിഗോറിന്റെത്. 

മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പാര്‍ക്കിങ് സെന്‍സറുകള്‍, എ.ബി.എസ്., ഇ.ബി.ഡി., വളവുകളില്‍ കൂടുതല്‍ പിടിത്തം നല്‍കുന്ന കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.

Automatic

 • Engine Type Revotron 1.2L 3 cylinder
 • Displacement 1199 CC
 • Power 85 bhp@6000 rpm
 • Torque 114 Nm@3500 rpm
 • Mileage 17 Kmpl

Variants

 • XZA Petrol AMT (6.84 Lakh) on road calicut (7.84lakh)

കരുത്തിന്റെ കാര്യത്തില്‍ ടിഗോര്‍ പിന്നിലല്ലെന്ന് മുന്‍പേ തെളിയിച്ചിട്ടുണ്ട്. മിക്കവാറും കാര്യങ്ങള്‍ സിറ്റി മോഡിലിട്ടാല്‍ നടക്കും. അധികം ഗിയര്‍ഷിഫ്റ്റില്ലാതെ ഓടിക്കാന്‍ കഴിയുന്നുണ്ട്. ട്രാന്‍സ്മിഷനിലും പഴയ ടിഗോറിനേക്കാള്‍ കൂടുതല്‍ സ്മൂത്തായിട്ടുണ്ട്. ഗിയര്‍ഷിഫ്റ്റിങ്ങിലെ പിടിത്തം പുതിയതില്‍ ഒഴിവായി. 

സിറ്റി മോഡില്‍ ആവശ്യത്തിന് കരുത്ത് ലഭിക്കുന്നതിനാല്‍ ഓവര്‍ടേക്കിങ്ങിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. മോഡ് മാറ്റുമ്പോള്‍ കരുത്ത് ചക്രങ്ങളിലേക്കെത്താന്‍ ചെറിയൊരു സമയം എടുക്കുന്നുണ്ട്. ഇക്കോ മോഡില്‍ കൂടുതല്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Vehicle Provided by; MARINA MOTORS, CALICUT