വിസ്മയിപ്പിക്കുകയാണ് ടാറ്റ വീണ്ടും... ജനിക്കും മുമ്പേ പ്രതീക്ഷയുടെ വന്‍ മലയായിരുന്നു 'ഹാരിയര്‍'. ഡല്‍ഹി ഓട്ടോ ഷോയില്‍ പ്രതീകാത്മക രൂപം മാത്രം കാട്ടി കൊതിപ്പിച്ച ടാറ്റ, കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ അതിന്റെ തനിപ്പകര്‍പ്പായ പൂര്‍ണകായ രൂപം കൊണ്ട് ഞെട്ടിച്ചു. ഒരേ ഒരു വര്‍ഷമേ എടുത്തുള്ളൂ ആരേയും കൊതിപ്പിക്കുന്ന വാഹനത്തിന് പൂര്‍ണ വളര്‍ച്ചയെത്താന്‍.

ഭൂമിയിലങ്ങോളം ഇങ്ങോളം കോടിക്കണക്കിന് വാഹനങ്ങള്‍ക്ക് അടിത്തറയാകുന്ന റേഞ്ച്റോവര്‍ ഡിസ്‌കവറിയുടെ പ്ലാറ്റ്ഫോം, ഫിയറ്റിന്റെ പുതിയ എന്‍ജിന്‍, മനംമയക്കുന്ന രൂപം എന്നിങ്ങനെ ഹാരിയറിന്റെ വരവിനെക്കുറിച്ചുള്ള പെരുമ്പറകള്‍ ഇടയ്ക്കിടെ കൊട്ടിക്കൊണ്ടിരുന്നു. വന്നപ്പോള്‍ ആഘോഷിച്ചതൊന്നും വെറുതെയായില്ല. ടാറ്റയുടെ സഞ്ചിയില്‍ ഒളിപ്പിച്ചുവച്ചിരുന്നത് ശരിക്കുമൊരു വിസ്മയം തന്നെയായിരുന്നു.

Also Watch - ഏറ്റവും കരുത്തുറ്റ റോയല്‍ എന്‍ഫീല്‍ഡ് ജിടി 650

വിലയുടെ കാര്യത്തിലും എതിരാളികള്‍ക്ക് ചെക്കും പറഞ്ഞു. ഇത്രയും സൗകര്യങ്ങളും ആഡംബരവുമുള്ള വണ്ടിക്ക് 13 ലക്ഷം അധികമല്ല. കാരണം, 13 ലക്ഷം മുതല്‍ 20 ലക്ഷം വരെ എന്ന വിഭാഗത്തില്‍ അധികം വണ്ടികളില്ല. ഹാരിയര്‍ രണ്ടു വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത് എന്നത് വ്യക്തം. ഹ്യുണ്ടായ് 'ക്രേറ്റ' മുതല്‍ ജീപ്പ് 'കോംപാസി'നു വരെ നെഞ്ചിടിപ്പ് കൂടിയേക്കാം. ഹാരിയര്‍ എന്ന ഭീമനെ ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോള്‍ ഒരു കാര്യം വ്യക്തമായി. ത്രയങ്ങളിലൂടെ ടാറ്റ തുടങ്ങിയിട്ടേയുള്ളു, ഇനി കളി മാറുമെന്ന്.

harrier

ഗാംഭീര്യം

ഭീമനാണ്... കാഴ്ചയിലും ആകാരത്തിലും സൗകര്യത്തിലും സൗന്ദര്യത്തിലും. അടുത്തു വന്ന് നിന്നാല്‍ ഏതു കൊമ്പനും ഒന്നു പതുങ്ങും. കാരണം, അതാണ് തലയെടുപ്പ്. അഴകളവുകളില്‍ ഈ വിഭാഗത്തിലെ ഏറ്റവും വലിപ്പമുണ്ട് ഹാരിയറിന്, ഉയരത്തിലൊഴിച്ച്. ഉയരത്തില്‍ മഹീന്ദ്രയുടെ എക്‌സ്.യു.വി. 500 കൊണ്ടുപോയി. നീളം, വീതി, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയിലെല്ലാം ഹാരിയറാണ് മുന്നില്‍. 'കലിസ്റ്റോ കോപ്പര്‍' എന്ന ഒറ്റനിറം മാത്രമേ ഇപ്പോള്‍ തത്കാലം ഇറങ്ങിയിട്ടുള്ളൂ. ഡ്രൈവിന് കിട്ടിയതും അതാണ്.

Also Watch - കുറഞ്ഞ വിലയില്‍ 200 സിസി ബൈക്ക്; എക്സ്ട്രീം 200ആര്‍

പറഞ്ഞുവരുന്നത്, ഒറ്റനോട്ടത്തില്‍ 'ഡിസ്‌കവറി സ്‌പോര്‍ട്ടി'ന്റെ രൂപത്തിലേക്കാണ് കാഴ്ച പോകുന്നത്, പ്രത്യേകിച്ച് പിന്‍ഭാഗം. ചെരിച്ചിറക്കിയിരിക്കുന്ന പിന്‍ചില്ലും അവിടെ നിന്ന് ചെറിയൊരു ചാലോടുകൂടിയ പിയാനോ കറുപ്പ് ലൈനിങ്ങും ചന്തം കൂട്ടുന്നു. ടെയ്ല്‍ലാമ്പിലെ എല്‍.ഇ.ഡി. ലൈനിങ്ങാണ് ശരിക്കും പ്രീമിയം. അത്യാഡംബര വണ്ടികളില്‍ കാണുന്നതുപോലെയാണിത്. ബൂട്ട് ഡോറില്‍ വലുതായി ക്രോമില്‍ 'ഹാരിയര്‍' എന്ന് ആലേഖനം ചെയ്തിരിക്കുന്നു. 

WhatsApp-Image-2018-12-04-at-6.15.49-PM.jpg

ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ആണ് ഹാരിയറിന്റെ ആധാരം. പുതിയ ഗ്രില്ലില്‍ തുടങ്ങും അത്. വലിയ ഗ്രില്ലിനു നടുവില്‍ ടാറ്റാ ലോഗോ. വശങ്ങളിലേക്ക് നീണ്ടുകിടക്കുന്ന ഗ്രില്ലിനറ്റത്താണ് നീണ്ട ഒഴുകുന്ന എല്‍.ഇ.ഡി. ഡി.ആര്‍.എല്ലുകള്‍. ഇതുതന്നെയാണ് ഇന്‍ഡിക്കേറ്റേഴ്സുമായി പ്രവര്‍ത്തിക്കുന്നത്. ക്‌സെനോന്‍ എച്ച്.ഐ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ് ഹാരിയറിന്റെ മുന്നോട്ടുള്ള കുതിപ്പിന് വെളിച്ചമേകുന്നത്. ഹെഡ്ലാമ്പ് ക്ലസ്റ്ററിന് തൊട്ടുതാഴെയായി കറുത്ത ക്ലാഡിങ്ങിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഫോഗ്ലാമ്പുകള്‍. ഇത് വളവുകള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കും. വലിയ വാഹനമായതിനാല്‍ അതിനു പറ്റിയ അലോയ് വീലുകള്‍ തന്നെ നല്‍കിയിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകളും അതിനു ചുറ്റിനുമുള്ള വീല്‍ ആര്‍ച്ചുകളും വലിപ്പം എടുത്തുകാട്ടുന്നുണ്ട്. മൊത്തം ശരീരപുഷ്ടിക്ക് വേണ്ടിയുള്ള ബോഡി ലൈനുകളും എടുത്തു പറയണം. മുന്നിലും പിന്നിലുമുള്ള സ്‌കര്‍ട്ടിങ്ങുകള്‍ക്കു സമാനമായി വശങ്ങളിലും അത് നല്‍കിയിരിക്കുന്നു. മുന്നില്‍ നിന്ന് തുടങ്ങിയ ബോഡിലൈനുകള്‍ വീല്‍ ആര്‍ച്ച് വഴി പിന്നിലെത്തുന്നു. ആകെ മൊത്തം ഒരു ആനച്ചന്തം തന്നെയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്.

അകം സുന്ദരം

ഒന്നാന്തരം പ്രീമിയം വാഹനങ്ങളെ നാണിപ്പിക്കുന്നുണ്ട് അകത്തളം. ഓക്ക് മരത്തിന്റെ നിറത്തിനു സമാനമായ ഡാഷ്ബോര്‍ഡ് തന്നെ മതി അതിന്. ഡോര്‍ പാനലിലും ഇതേ നിറം തൂവിയിട്ടുണ്ട്. ഈ നിറവും കറുപ്പുമാണ് അകത്ത് മുഴുവന്‍. മികച്ച ലെതര്‍ സീറ്റുകള്‍. അതിനും ഓക്ക് നിറമാണ്. മുന്നിലെ രണ്ടു സീറ്റുകളും മികച്ച ഇരിപ്പനുഭവമാണ് നല്‍കുന്നത്. എട്ട് തരത്തില്‍ ഡ്രൈവിങ് സീറ്റുകള്‍ ക്രമീകരിക്കാം. സ്റ്റിയറിങ് വീലും അഡ്ജസ്റ്റ് ചെയ്യാം. 'നെക്‌സോണി'നെ അപേക്ഷിച്ച് സ്റ്റിയറിങ് വീലിന് വലിപ്പമുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍ അടക്കമുള്ള നാവിഗേഷനും ഇന്‍ഫോടെയിന്‍മെന്റും ഈ ത്രീസ്‌പോക് സ്റ്റിയറിങ് വീലില്‍ നല്‍കിയിട്ടുണ്ട്.

harrier

8.8 ഇഞ്ച് ടച്ച് സ്‌ക്രീനില്‍ പുതുതലമുറ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വോയ്സ് റെക്കഗ്‌നിഷന്‍ സാങ്കേതികത എന്നിവയെല്ലാമുണ്ട്. ജെ.ബി.എല്ലിന്റെ നാല് സ്പീക്കറുകളും നാല് ട്യൂട്ടറുകളും ആംപ്ലിഫയര്‍ അടക്കം ഒരു സബ് വൂഫറും തിയേറ്റര്‍ പ്രതീതിയാണ് നല്‍കുക. ഏഴ് ഇഞ്ചിന്റെ കളര്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മുന്നില്‍. ഇതില്‍ വാഹനത്തിന്റെ പ്രവര്‍ത്തനവും മോഡുകളുമെല്ലാം വ്യക്തമാണ്. ടാറ്റാ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥിരമായുള്ള ഡ്രൈവിങ് മോഡുകള്‍ ഹാരിയറിലുമുണ്ട്. ഇതുവരെ ഗിയര്‍നോബിനടുത്ത് നോബിലായിരുന്നത്, ഹാരിയറില്‍ ഡാഷ് ബോര്‍ഡിലുള്ള സ്വിച്ചായി മാറി. പകരം ഹാരിയറില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഇ.എസ്.പി. ടെറൈന്‍ മള്‍ട്ടി ഡ്രൈവ് മോഡാണ് നോബിലുള്ളത്. ഇതില്‍ മൂന്ന് മോഡാണുള്ളത്. നോര്‍മല്‍, റെയ്ന്‍, ഓഫ് റോഡ് എന്നിവയാണിവ. പിന്നിലേക്ക് വന്നാല്‍ ഏതു ഭീമനും കാലും നീട്ടിയിരുന്ന് സുഖയാത്രയ്ക്കുള്ള സ്‌കോപ്പുണ്ട്. വീതിയുള്ള സീറ്റുകളായതിനാല്‍ യാത്രാസുഖം ഗാരന്റിയാണ്. പിന്നെ, സൗകര്യങ്ങള്‍ക്ക് ഒട്ടും കുറവ് നല്‍കിയിട്ടില്ല. 28 സ്റ്റോറേജ് സ്‌പേസുകളുടെ ധാരാളിത്തമുണ്ട്. ലാപ്ടോപ്പ് വരെ വയ്ക്കാവുന്ന ഗ്ലൗബോക്‌സ്. ആം റെസ്റ്റിനടിയിലാണ് ഹാരിയറിന്റെ കൂള്‍ബോക്‌സ്. ഡോര്‍ പാനലിന്റെ വശങ്ങളിലാണ് പിന്നിലേക്കുള്ള എ.സി. പാനല്‍ ഒളിച്ചിരിക്കുന്നത്.

കരുത്തിലും കേമന്‍

ഇനി എന്‍ജിന്റെ കാര്യത്തിലേക്ക് വന്നാല്‍ ഇവനെ നമ്മള്‍ കണ്ടിട്ടുണ്ട്. ജീപ്പ് കോംപാസില്‍. അതേ ഫിയറ്റ് ജനുസിലെ രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് റീ ട്യൂണ്‍ ചെയ്ത് ക്രയോടെക് 2.0 ലിറ്റര്‍ എന്‍ജിനായി ഹാരിയറില്‍ വന്നിരിക്കുന്നത്. ജീപ്പില്‍ ഇത് 171 ബി.എച്ച്.പി.യായത് ഇതില്‍ 138 ബി. എച്ച്.പി.യാക്കി ചുരുക്കി ട്യൂണ്‍ ചെയ്തു എന്നുമാത്രം. എന്നാല്‍ ടോര്‍ക്ക് ഇരു വണ്ടികളിലും 350 എന്‍.എം. തന്നെയുണ്ട്. എന്നാല്‍, ഓടിക്കുമ്പോള്‍ ഒരുതരത്തിലുള്ള ലാഗും അനുഭവപ്പെടുന്നില്ല. ഗിയര്‍ ഷിഫ്റ്റിങ്ങിലും ഓവര്‍ടേക്കിങ്ങിലും പകച്ചുപോകുന്നില്ല. എന്നാല്‍, ഫോര്‍ വീല്‍ ഡ്രൈവിന്റെ അഭാവമാണ് ഈ വലിയ വണ്ടിയില്‍ മുഴച്ചുനില്‍ക്കുന്നത്. ഭാവിയില്‍ അതും വരും എന്നതു കൊണ്ട് ആ ന്യൂനത തത്കാലത്തേക്ക് മറക്കാം. ഡ്രൈവിന്റെ കാര്യത്തിലേക്ക് വന്നാല്‍, ടാറ്റാ വണ്ടികളില്‍ ഇതുവരെ കാണാത്ത സ്മൂത്ത് ട്രാന്‍സ്മിഷനാണ് ഹാരിയറില്‍ ലഭിക്കുന്നത്. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍മോഡുകള്‍ ക്വിക് റെസ്‌പോണ്‍സ് തരുന്നുണ്ട്. അതിനാല്‍, ഗിയര്‍ മാറ്റി കളിക്കേണ്ട ആവശ്യം വരുന്നില്ല.

harrier

പിന്നെ പറയേണ്ടത്, യാത്രാസുഖം. ലാന്‍ഡ്റോവറിന്റെ പ്രശസ്തമായ ഡി.ബി. പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ ജനനം. അത് ശരിക്കും ഓടിക്കുമ്പോഴും ഇരിക്കുമ്പോഴും അറിയുന്നുണ്ട്. ഈ ഗണത്തില്‍ പെടുന്ന വണ്ടികളില്‍ ലഭിക്കാത്ത വിധത്തിലുള്ള മാറ്റമാണത്. ഏതു ഗട്ടറും ചാടിക്കടന്നാലും അത് അകത്ത് അറിയുന്നേയില്ല. പ്ലാറ്റ്ഫോമിന് നന്ദി പറയണം. ഒപ്പം, മാറിയ സസ്‌പെന്‍ഷനോടും. സുരക്ഷയുടെ കാര്യത്തിലും ഹാരിയര്‍ പിന്നിലല്ല. സൈഡ് കര്‍ട്ടനടക്കം ആറ് എയര്‍ബാഗുകളുണ്ട്. 14 ഫങ്ഷനുകളടക്കമുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം. ഇതില്‍ എ. ബി.എസ്., ഇ.ബി.ഡി., കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഓഫ് റോഡ് എ.ബി.എസ്., ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, എന്നിവ അവയില്‍ ചിലതു മാത്രം. റിവേഴ്സ് പാര്‍ക്കിങ് ക്യാമറയും നല്‍കിയിരിക്കുന്നു. 

Also Watch - പെട്രോള്‍ ലാഭിച്ച് ഓടിച്ച് പോകാന്‍ ഹീറോ ഡെസ്റ്റിനി 125

ഇനി വിലയുടെ കാര്യം നോക്കിയാല്‍, ടാറ്റാ ഹാരിയര്‍ 12 ലക്ഷത്തിലാണ് എക്‌സ്ഷോറൂം വില തുടങ്ങുന്നത്. ഏറ്റവും കൂടിയ വേരിയന്റിന് 16 ലക്ഷവും. ഈ ശ്രേണിയിലുള്ള മറ്റ് വാഹനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ വില വച്ച് ഇതൊരു മുതലാണ്. കാരണം, ഹാരിയര്‍ മത്സരിക്കുന്ന വിലശ്രേണിയില്‍ മറ്റു വാഹനങ്ങളില്ല എന്നതുതന്നെ ഇതിന്റെ വിപണിസാധ്യത വര്‍ധിപ്പിക്കുകയാണ്. കാരണം, ഹ്യുണ്ടായ് ക്രേറ്റയുടെ ടോപ്പ് എന്‍ഡ് മോഡല്‍ കഴിഞ്ഞാല്‍ ജീപ്പ് കോംപാസ് വരെയുള്ളവയ്ക്കിടയില്‍ മറ്റൊരു മോഡലില്ല എന്നതുതന്നെ ഹാരിയറിന്റെ വിപണി സാധ്യത വ്യക്തമാക്കുന്നു.

WhatsApp-Image-2018-12-04-at-6.18.42-PM.jpg

മഹീന്ദ്ര എക്‌സ്.യു.വി. 500 ആണ് ഹാരിയറിന്റെ വിലയുമായി ഒപ്പംകൂട്ടാന്‍ കഴിയുന്ന മറ്റൊരു വാഹനം. എന്തായാലും മികച്ച വിലയും അതിനനുസരിച്ച് ഫീച്ചറുകളും വരുമ്പോള്‍ ആരായാലും ഒന്നു നോക്കിപ്പോകും ഈ സുന്ദരനെ. വില്‍പ്പനയുടെ പോക്കും അതുതന്നെയാണ് കാണിക്കുന്നത്. അഞ്ച് മാസമാണ് ഇപ്പോള്‍ കമ്പനി പറയുന്ന ബുക്കിങ് കാലം എന്നതുതന്നെ ഇതിനോട് കൂട്ടി വായിക്കേണ്ടി വരും. 

Content Highlights; Tata harrier suv test drive features specs