ഡിസംബര്‍ 1964. മുംബൈയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇന്ത്യയിലെത്തി. പുറംലോകത്തേക്കു പോകുന്ന ആദ്യ പോപ്പ് എന്നനിലയില്‍ ആ വരവ് ചരിത്രത്തിന്റെ ഭാഗമായി. കാരിത്താസ് ഇന്റര്‍നാഷണലിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്മാനമായി അന്ന് അദ്ദേഹം മൂന്ന് ബെന്‍സ് ലോറികള്‍ ഇന്ത്യയിലെ വിവിധ രൂപതകള്‍ക്ക് നല്‍കി. അതിലൊരെണ്ണം കൊല്ലം ബിഷപ്പിന്റെ കീഴിലുള്ള കാരിത്താസിനാണ് ലഭിച്ചത്. വര്‍ഷം 57 കഴിഞ്ഞിട്ടും ഇവിടെയുണ്ട് ലോറി. ഓര്‍മകളുടെ ചക്രങ്ങള്‍ക്കൊപ്പം ഓടാന്‍ തയ്യാറായിത്തന്നെ. 

മറ്റ് ലോറികളെല്ലാം കാലംകഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചെങ്കിലും കൊല്ലം രൂപതയിലെ മാറിമാറി വന്ന ബിഷപ്പുമാരെല്ലാം പോപ്പിന്റെ സമ്മാനത്തെ പവിത്രതയോടെ കാത്തു. പിന്നീട് ദൈവദാസനായി വാഴ്ത്തപ്പെട്ട ബിഷപ്പ് ജെറോം തിരുമേനിയുടെ കാലത്താണ് ലോറി ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന സ്റ്റീഫന്‍ ആയിരുന്നു ആദ്യം ഇതിന്റെ വളയംപിടിച്ചത്. പിന്നീട് യേശുദാസന്‍ എന്ന ഡ്രൈവറും. കെ.എല്‍.ക്യു. 4783 ആണ് നമ്പര്‍. 

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സാധനസാമഗ്രികള്‍ കൊണ്ടുപോകാനും രൂപതയുടെ സ്ഥലങ്ങളില്‍നിന്ന് തേങ്ങയെടുക്കാനുമെല്ലാമായി ഏറെ ഓടിയിട്ടുണ്ടിവന്‍. ഇപ്പോഴും റണ്ണിങ് കണ്ടീഷനാണ്. ലോറിയുടെ പല ഭാഗങ്ങളും കൈകൊണ്ട് നിര്‍മിച്ചവയാണ്. ഇടയ്ക്ക് സ്‌പെയര്‍ പാര്‍ട്സുകളും ഇങ്ങനെ ഉണ്ടാക്കാറുണ്ട്. ഇപ്പോള്‍ റോഡിലിറക്കാറില്ല. സ്റ്റാര്‍ട്ട് ചെയ്തുവെക്കും. ബിഷപ്പ് ഹൗസ് വളപ്പില്‍ത്തന്നെ ഓടിച്ചുനോക്കും. അറ്റകുറ്റപ്പണികളെല്ലാം കൃത്യമായി ചെയ്യും. രൂപഭാവങ്ങളിലൊന്നും വലിയ മാറ്റംവരുത്തിയിട്ടില്ല. സേവന പ്രവര്‍ത്തനത്തിനായതുകൊണ്ട് നേരത്തേതന്നെ നികുതി ഒഴിവാക്കിയിരുന്നു.

ഇപ്പോള്‍ ചരിത്രസ്മാരകമായി നിലകൊള്ളുകയാണ്. പോള്‍ ആറാമന്റെ ഓര്‍മകള്‍ മാത്രമല്ല, ക്രൈസ്തവസഭകള്‍ കേരളത്തിനുനല്‍കിയ സേവനപ്രവര്‍ത്തനങ്ങളുടെ ഓര്‍മകള്‍ കൂടിയുണ്ടീ ലോറിനിറയെ. ''ഇത്തരം വണ്ടികള്‍ ഇനി സ്‌ക്രാപ്പ് ആക്കാനാണ് സര്‍ക്കാര്‍ നയം. പക്ഷേ, ചരിത്രത്തെ സ്‌ക്രാപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. മാര്‍പ്പാപ്പയുടെയും ബിഷപ്പ് ജെറോം തിരുമേനിയുടെയുമെല്ലാം ഓര്‍മകളുമായി ഇത് ഇവിടെത്തന്നെയുണ്ടാവും.'' ഇപ്പോഴത്തെ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി പറഞ്ഞു.

Content Highlights: Tata Benz Lorry Gifted By Pope Paul 6th; 57 Year Old Benz Lorry