സാര്‍ഡ്സ് ലൈസന്‍സുള്ളവരാണ് ടാങ്കര്‍ലോറി ഡ്രൈവര്‍മാര്‍. എന്നാല്‍ ഡ്രൈവര്‍മാരില്‍ വില്ലന്‍മാരും ഹീറോയുമുണ്ട്. പാചകവാതകമുള്ള ടാങ്കര്‍ലോറി മദ്യപിച്ച് ഓടിച്ച ഡ്രൈവറെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത് അടുത്തിടെയാണ്. കശുമാവിന്‍കൊമ്പില്‍ തട്ടി വാള്‍വ് പൊട്ടിയപ്പോള്‍ കൈ അമര്‍ത്തി ഗ്യാസ് ലീക്ക് തടഞ്ഞ കര്‍ണാടക സ്വദേശി ഡ്രൈവര്‍ കരിവെള്ളൂരിലെ ഹീറോയാണ്. പക്ഷേ പുതിയവര്‍ക്ക് ഡ്രൈവിങ് ആവേശമാകുമ്പോള്‍ സൂക്ഷിച്ചേ പറ്റൂ. തുളുമ്പുന്ന വാതകവുമായി ചാലപോലുള്ള വളവില്‍ ഒടിച്ചെടുക്കുമ്പോള്‍ ഉള്ളില്‍ തീയാണ്. ഗൂഗിള്‍ മാപ്പ് നോക്കി വഴിതെറ്റി ഇടുങ്ങിയ റോഡിലൂടെ ടാങ്കര്‍ ഓടിച്ച് പരിഭ്രാന്തി പരത്തിയ സംഭവം പഴയങ്ങാടി വെങ്ങരയില്‍ സംഭവിച്ചു.

തമിഴ്നാട്ടിലെ നാമക്കല്‍, സേലം, ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് ടാങ്കറുകളില്‍ ഭൂരിഭാഗവും. ഒരു ഉടമയ്ക്കുകീഴില്‍ തന്നെ 500-ലധികം ടാങ്കര്‍ ലോറികളുണ്ട്. അവരാണ് നിയന്ത്രണം. ഭൂരിഭാഗം ഡ്രൈവര്‍മാരും തമിഴ്നാട്ടുകാരാണ്. കുറച്ച് മലയാളികളും. മംഗളൂരു റിഫൈനറിയില്‍നിന്നാണ് ഗ്യാസുമായി ടാങ്കര്‍ലോറികള്‍ വരുന്നത്. കോഴിക്കോട് ചേളാരി, കൊല്ലം, പാലക്കാട്, കൊച്ചി, കോയമ്പത്തൂര്‍, തിരുനെല്‍വേലി വരെ പോകും. 

എല്‍.പി.ജി.യടക്കം എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ (എക്‌സ്പ്ലോസീവ്) കൊണ്ടുപോകുന്ന വാഹന ഡ്രൈവര്‍ക്ക് ഹസാര്‍ഡ്സ് ലൈസന്‍സ് വേണം. ഇതുള്ളവര്‍ക്ക് മാത്രമേ ടാങ്കര്‍ ഓടിക്കാന്‍ അനുമതിയുള്ളൂ. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റാണ് ലൈസന്‍സ് കൊടുക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി പരിശീലനം നടത്തും. അവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആര്‍.ടി.ഒ. ഓഫീസില്‍ ഹാജരാക്കണം. അവിടെനിന്ന് ലൈസന്‍സില്‍ രേഖപ്പെടുത്തിക്കൊടുക്കും.

വിശ്രമമില്ലാത്ത ഓട്ടം

വൈകിട്ട് ഏഴിന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ടാല്‍ പുലര്‍ച്ചെയാണ് ചേളാരി പ്ലാന്റിലെത്തുക. കൊല്ലത്തേക്കാണ് ലോഡെങ്കില്‍ പിന്നെയും ഏഴുമണിക്കൂര്‍ ഓടണം. ഗ്യാസ് അണ്‍ലോഡ് ചെയ്ത ഉടന്‍ വണ്ടിയുമായി മംഗളൂരുവിലേക്ക് തിരിക്കും. വിശ്രമിക്കാന്‍ സമയം കിട്ടാത്തതിനാല്‍ ഉറക്കം കിട്ടില്ല-12 വര്‍ഷമായി ടാങ്കര്‍ലോറി ഓടിക്കുന്ന കെ.രാജു പറഞ്ഞു.

മാസശമ്പളമാണ്, ലീവില്ല, ക്ഷേമനിധിയും ഇ.എസ്.ഐ.യുമില്ല. ലീവ് വേണമെങ്കില്‍ പകരം ആളെ വെക്കണം. അല്ലെങ്കില്‍ മുതലാളിയോട് നേരത്തേ പറയണം. അവര്‍ പകരം അയച്ച ഡ്രൈവര്‍ ഇറങ്ങിയില്ലെങ്കില്‍ പണിയും പോകും. യൂണിയനും സംഘടനയുമില്ല. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം.

രാത്രി മുഴുവന്‍ വണ്ടിയോടിച്ചാല്‍ പകല്‍ വിശ്രമിച്ചുവേണം പിന്നെയും ഓടിക്കാന്‍. എന്നാല്‍ പലപ്പോഴും അത് കിട്ടാറില്ല. പകല്‍ റോഡരികില്‍ ഒതുക്കി വിശ്രമിക്കാനാവില്ല. പലര്‍ക്കും പേടിയാണ്. സര്‍ക്കാര്‍ ഇടപെട്ട് ഒഴിഞ്ഞ സ്ഥലങ്ങളില്‍ എവിടെയെങ്കിലും പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മൂന്ന് മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ മതി. രണ്ടുദിവസത്തോളം വണ്ടി ഓട്ടാനുള്ള ശക്തി കിട്ടും. പലതിലും ക്ലീനര്‍മാരില്ല. ചിലര്‍ വരുന്നത് ഡ്രൈവിങ് പഠിക്കാനാണ്.

ടാങ്കറിന്റെ സാങ്കേതികത്വം

എല്ലാ വണ്ടികളെയുംപോലെയല്ല ടാങ്കറുകള്‍. റോഡില്‍ ഇതിന്റെ സാങ്കേതികത്വം വേറിട്ടതാണ്. ശ്രദ്ധയും പരിചയവും ഉണ്ടായാലേ റോഡിന്റെ ഓരോ ഭാഗവും തിരിച്ചറിഞ്ഞ് ഓടിക്കാനാകൂ. ലോറിയും ബുള്ളറ്റുമടക്കം 35 ടണ്‍ ഭാരമുണ്ട്. മുക്കാല്‍ ഭാഗമാണ് എല്‍.പി.ജി. ഉണ്ടാവുക. ബ്രേക്ക് ചവിട്ടുമ്പോഴും കയറ്റം കയറുമ്പോഴും ഒരു തള്ളിച്ചയുണ്ടാകും.

ഉള്ളില്‍ ദ്രവരൂപത്തിലുള്ള ഗ്യാസായതിനാല്‍ വളവുകളിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. എതിര്‍വശത്തേക്ക് വെള്ളം തള്ളും. വണ്ടി കുറുകെ ചാടുന്നത് മറ്റൊരു പ്രശ്‌നം. പെട്ടെന്ന് ബ്രേക്കിടുമ്പോള്‍ ചവിട്ടിയാല്‍ കിട്ടില്ല. പല അപകടങ്ങള്‍ക്കും അശ്രദ്ധയോടൊപ്പം ഇതും കാരണമാണ്. ടാങ്കര്‍ ബുള്ളറ്റിന് പുറത്ത് ഒരു സുരക്ഷിതകവചം ഒരുക്കാത്തത് ചാലയിലെ നാട്ടുകാര്‍മുമ്പ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുണ്ടായാല്‍ റോഡില്‍ ഉരഞ്ഞ് വാള്‍വ് വേഗത്തില്‍ പൊട്ടില്ലെന്നതും അവര്‍ അധികൃതരോട് പറഞ്ഞിരുന്നു.

Content Highlights: Tanker Lorry, Gas Tanker, Commercial Vehicle