180 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് - ഇന്ത്യയില്‍ സുസുക്കി തങ്ങളുടെ ഹാച്ച്ബാക്ക് ഇഗ്നിസ് അവതരിപ്പിച്ചപ്പോള്‍ പറഞ്ഞതായിരുന്നു ഇത്. ഇന്ത്യയിലെ ഒരു ഹാച്ച്ബാക്കിനുമില്ലാത്തത്ര ഗ്രൗണ്ട് ക്ലിയറന്‍സ് കണ്ടപ്പോഴേ മനസ്സില്‍ തോന്നിയിരുന്നു. ഇത് ഒരു ഹാച്ച് ബാക്കിനുള്ളതല്ലെന്ന്. ഇപ്പോള്‍, ജക്കാര്‍ത്തയില്‍ ഇഗ്നിസിന്റെ വിശ്വരൂപം സുസുക്കി കാണിച്ചിരിക്കുകയാണ്.

ഒരു ഹാച്ച്ബാക്കില്‍ നിന്നും യഥാര്‍ത്ഥ ഓഫ് റോഡര്‍ എങ്ങിനെയാവുമെന്ന്. അതാണ് ഇഗ്നിസ് എസ് അര്‍ബന്‍ കണ്‍സെപ്റ്റ് ഓഫ് റോഡര്‍. ശരിക്കും ഇതാണ് ഇഗ്നിസിന്റെ യഥാര്‍ത്ഥ രൂപം. ഇതായിരിക്കും ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷിക്കുന്ന ഒന്ന്. സുസുക്കി അവതരിപ്പിച്ച ഇഗ്നിസിന്റെ ഓഫ് റോഡര്‍ കരുത്തന്‍ രൂപം കണ്ടാല്‍ത്തന്നെ ആരും ഇഷ്ടപ്പെട്ടു പോകും.

സുസുക്കിയില്‍ നിന്ന് ഇന്ത്യയില്‍ ഇങ്ങനെ ഒന്ന് ആരും പ്രതീക്ഷിക്കില്ല. ഇന്ത്യയില്‍ മാരുതിയിറക്കിയ വാഹനങ്ങളില്‍ കാണാന്‍ ഇത്രയും ലുക്കുള്ള മറ്റൊരു വാഹനവുമില്ല. ഇന്ത്യന്‍ റോഡുകളിലെ  സുസുക്കി ഇഗ്നിസിന്റെ ഓഫ് റോഡര്‍ പതിപ്പാണ് ജക്കാര്‍ത്തയില്‍ സുസുക്കി അവതരിപ്പിച്ചത്.

Suzuki S Urban
ഇഗ്നിസ് എസ് അര്‍ബണ്‍ കണ്‍സെപ്റ്റ്‌

ജീപ്പിനെ ഓര്‍മിപ്പിക്കുന്ന കട്ടിയേറിയ ഗ്രില്ലുകള്‍, ഗണ്‍മെറ്റല്‍ കൊണ്ടു നിര്‍മിച്ച റിമ്മുകള്‍, വീതിയേറിയ ടയറുകള്‍, പ്ലാസ്റ്റിക് ബമ്പറുകള്‍, പാനല്‍ ഗാര്‍ഡുകള്‍, ഹുഡ്സ് കൂപ്പ്, റൂഫ് റെയില്‍ എന്നിങ്ങനെ ഇഗ്നിസിന് ആടയാഭരണങ്ങളുടെ ധാരാളിത്തമാണ്. ഓറഞ്ചും വെള്ളയും കലര്‍ന്ന നിറങ്ങള്‍ക്കിടയില്‍ വെള്ളിവരകളുമുണ്ട്. എന്നാല്‍ അകത്ത് പഴയ നിറം തന്നെ തുടരുകയാണ്.

Read More; ഇതാണ് ഓഫ് റോഡര്‍ സുസുക്കി ഇഗ്നിസ്‌

എസ്. അര്‍ബന്‍ കണ്‍സെപ്റ്റ്  113 എന്‍.എം. ടോര്‍ക്കില്‍ 83 എച്ച്.പി. കരുത്താണ് നല്‍കുക. ഫൈവ് സ്പീഡ് മാനുവലും ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ്‌ ട്രാന്‍സ്മിഷന്‍. ജി. അര്‍ബന്‍ കണ്‍സെപ്റ്റില്‍ കുറച്ചു കൂടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അടിഭാഗത്ത് കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്, ബമ്പറിലെ വെള്ളിവരകള്‍, എല്‍. ഇ.ഡി. പ്രകാശത്തില്‍ തിളങ്ങുന്ന സുസുക്കി ലോഗോ. ഇരുഭാഗത്തുമുള്ള ടൂ ടോണ്‍ പ്ലാസ്റ്റിക് ക്ലാഡിങ്, 16 ഇഞ്ച് ട്വിന്‍ സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് ജി അര്‍ബന്‍ കണ്‍സെപ്റ്റിലുള്ളത്. 

സാങ്കേതികതയില്‍ എസ് കണ്‍സെപ്റ്റ് തന്നെയാണ് ജി.യിലുമുള്ളത്. രണ്ടു കണ്‍സെപ്റ്റകളും റോഡിലിറങ്ങുന്നത് എപ്പോഴെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇഗ്നിസ് നിര്‍മിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. അതുകൊണ്ട് പുതിയ മോഡലുകളും ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനായിരിക്കും മാരുതി സുസുക്കി ലക്ഷ്യമിടുന്നത്‌.  

G Urban Ignis
ഇഗ്നിസ് ജി അര്‍ബണ്‍ കണ്‍സെപ്റ്റ്‌