
ഗോകുൽ സുരേഷ് പുതിയ ഥാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്നു | Photo: Social Media
മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. നിരവധി ആളുകളാണ് ഈ ലൈഫ് സ്റ്റൈല്‍ എസ്.യു.വി സ്വന്തമാക്കാന്‍ കാത്തിരിക്കുന്നത്. എന്നാല്‍, അവതരണ ദിവസം തന്നെ ഥാര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിലെ ശ്രദ്ധേയനായ യുവനടനും, സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്.
മഹീന്ദ്ര ഥാറിന്റെ തിരുവനന്തപുരം ജില്ലയിലെ അവതരണത്തില്‍ പങ്കെടുത്ത ശേഷമാണ് ആദ്യ യൂണിറ്റ് അദ്ദേഹത്തിന് കൈമാറിയത്. തിരുവനന്തപുരത്തെ മഹീന്ദ്ര ഡീലര്‍ഷിപ്പായ എസ്.എസ് മഹീന്ദ്രയില്‍ നിന്നാണ് അദ്ദേഹം ഥാര്‍ സ്വന്തമാക്കിയത്. ഥാറിന്റെ ഉയര്‍ന്ന വകഭേദമാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് സൂചന.
ഥാര്‍ എന്നത് എക്കാലത്തെയും ഇഷ്ടവാഹനമായിരുന്നു. കോളേജ് പഠനകാലത്ത് അച്ഛനോട് ഥാര്‍ വാങ്ങി നല്‍കുമോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍, അന്ന് അദ്ദേഹം അത് സമ്മതിച്ചില്ല. പക്ഷെ, ഇപ്പോള്‍ തനിക്ക് ഈ വാഹനം സമ്മാനിക്കുന്നത് അച്ഛനാണ്. സ്വന്തമായി ഇത് വാങ്ങിക്കാന്‍ സാധിക്കുന്നതിലും സന്തോഷമാണ് ഇത് അച്ഛന്റെ സമ്മാനമായി ലഭിക്കുമ്പോഴെന്നും വാഹനം ഏറ്റുവാങ്ങിയ ശേഷം ഗോകുല്‍ സുരേഷ് പറഞ്ഞു.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന പുതുതലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. എ.എക്സ്, എല്‍.എക്സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്ജിന് 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.
Content Highlights; Super Star Suresh Gopi Gifts Mahindra Thar To His Son Actor Gokul Suresh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..