1968-ലെ കഥയാണിത്. അന്ന് കൊന്നക്കാട് പേരുപോലെ തന്നെ ഒരുകാടായിരുന്നു. ടാറിങ് പോയിട്ട് വഴിപോലും നേരേ ചൊവ്വേ ഇല്ല. മരം കയറ്റാനുള്ള ലോറിയിലായിരുന്നു മലയോരനിവാസികളുടെ യാത്ര. 1975-ലാണ് കൊന്നക്കാട്ടുനിന്ന് തലപ്പാടിയിലേക്ക് ഒരു ബസ് ആരംഭിക്കുന്നത് -മലയോരത്തിന്റെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച സൂപ്പര്‍ ഡിലക്‌സ് ബസ്സിന്റെ ഉടമ പുഴക്കര യൂസഫ് പറയുന്നു.
മലയോരം യാത്ര ചെയ്ത ലോറിയുടെ ഉടമ പുഴക്കര മൊയ്തുവിന്റെ ഏകമകനാണ് കൊന്നക്കാട് സ്വദേശിയായ യൂസഫ്. യാത്രക്കാരന്റെ ഹൃദയത്തിലേക്ക് ഡബിള്‍ ബെല്ലടിച്ച് കയറിയ ചുരുക്കം ചില ബസ്സുകളുണ്ട്. അതില്‍ ഒന്നാണ് കാഞ്ഞങ്ങാട്-കൊന്നക്കാട് റൂട്ടിലോടുന്ന മലയോരത്തിന്റെ 'സുപ്പര്‍ ഡീലക്‌സ്'. നിരത്തിലെ ആ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച്.
വഴിതെളിച്ചത് 'സൂപ്പര്‍'
വെളുപ്പിന് ഏഴിന് കൊന്നക്കാടുനിന്ന് സൂപ്പര്‍ ബസ് ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ ചാഞ്ഞും ചെരിഞ്ഞും യാത്രക്കാരെയുംകൊണ്ട് തിരിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടാകും തലപ്പാടിയിലെത്താന്‍. വെള്ളരിക്കുണ്ട്-നീലേശ്വരം-കാഞ്ഞങ്ങാട് വഴിയായിരുന്നു യാത്ര. അന്ന് യാത്രക്കാര്‍ക്കൊപ്പം മലഞ്ചരക്കും ബസിലുണ്ടാകും. റോഡില്ലെന്നുപറഞ്ഞ് വെറുതെയിരിക്കാന്‍ മൊയ്തു തയ്യാറായിരുന്നില്ല.
കുറച്ച് പണിക്കാരെയും കൂട്ടി അദ്ദേഹം റോഡ് യാത്രായോഗ്യമാക്കാനുള്ള പണിയിലേര്‍പ്പെടും. നാട്ടുകാരും ഒപ്പംചേരും. അങ്ങനെ വെള്ളരിക്കുണ്ട് വരെയുള്ള 13 കിലോമീറ്ററോളം റോഡ് ഒരുവിധം ബസ്സിന് കടന്നുപോകാന്‍ പാകത്തിനാക്കി. 1976-ല്‍ ഒരു മഴക്കാലത്ത് മാലോത്ത് കോലിങ്കല്‍ പാലം ഒലിച്ചുപോയി. പിന്നീട് കുറച്ചുകാലം പാലത്തിനടുത്ത് ബസ് ഓട്ടം നിര്‍ത്തി. തുടര്‍ന്നങ്ങോട്ട് ജീപ്പിലായിരുന്നു മലയോരത്തിന്റെ യാത്ര.
ജനങ്ങള്‍ ബസ്സിനെ നെഞ്ചേറ്റിയതോടെ 1977-ല്‍ സൂപ്പറിന്റെ രണ്ടാമത്തെ ബസും നിരത്തിലിറങ്ങി. കൊന്നക്കാടുനിന്ന് നീലേശ്വരം വഴി കാഞ്ഞങ്ങാടേക്കായിരുന്നു ട്രിപ്പ്. അപ്പോഴേക്കും വെള്ളരിക്കുണ്ട് മുതല്‍ കാഞ്ഞങ്ങാട് വരെ റോഡ് ടാര്‍ ചെയ്തു. കൊന്നക്കാട് ഭാഗത്ത് സോളിങും ചെയ്തു. 1980-ലാണ് അവിടെ ടാറിങ് വരുന്നത്. 1982-ല്‍ ഒടയഞ്ചാല്‍ വഴി കാഞ്ഞങ്ങാടേക്ക് മൂന്നാമത്തെ ബസും റോഡിലിറങ്ങി.
ആദ്യം ഓടിയ വണ്ടി അതേ വര്‍ഷം ചരിത്രയാത്ര അവസാനിപ്പിച്ചു. 1986-ല്‍ നാലാമതൊരു ബസ്സും വന്നു. അങ്ങനെ 44 വര്‍ഷത്തെ നീണ്ടയാത്ര ഇന്നും സൂപ്പറായി തുടരുന്നു. 2005-ല്‍ മൊയ്തു മരിച്ചു. അതോടെ ബസ്സിന്റെ ഉത്തരവാദിത്വം യൂസഫ് ഏറ്റെടുത്തു. പിതാവ് കാട്ടിയ പാതയിലൂടെ നടന്ന് ജനമനസ്സിലിടം നേടിയിരിക്കുകയാണ് യൂസഫും.
ആദ്യം ഡീലക്‌സ്, പിന്നെ സൂപ്പര്‍
ബസ് വാങ്ങിയപ്പോള്‍ ആദ്യമിട്ട പേര് ഡീലക്‌സ് എന്നായിരുന്നു. അതിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് യൂസഫിന്റെ മറുപടി. രണ്ടാമത്തെ ബസ് ഇറങ്ങിയത് മുതലാണ് സൂപ്പര്‍ ചേര്‍ത്ത് സൂപ്പര്‍ ഡീലക്‌സ് ആക്കിയത്.

പച്ച ബിസ്‌കറ്റ് കളറില്‍ ബസ് വരുന്നത് കണ്ടാല്‍ യാത്രക്കാര്‍ പിന്നീട് ബോര്‍ഡ് വായിക്കാന്‍ സമയം കളയണ്ട. അത്രയേറെ പരിചിതമാണ് എല്ലാവര്‍ക്കും ആ നിറം. സമയനിഷ്ടയിലും വിട്ടുവീഴ്ചയില്ല. ഇപ്പോള്‍ കളര്‍ കോഡ് വന്നതിനാല്‍ യാത്രക്കാര്‍ക്ക് പൊതുവെ ബസ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കത്ത് മുതല്‍ റേഷന്‍ വരെ
ഹര്‍ത്താലൊഴികെ ഏത് വിശേഷ ദിവസവും സൂപ്പറുണ്ടാകും ജനങ്ങള്‍ക്കൊപ്പം. കൊന്നക്കാട് നിന്ന് കാഞ്ഞങ്ങാടേക്ക് 2.30 രൂപയായിരുന്നു അന്ന് ടിക്കറ്റ് നിരക്ക്. ഡീസലിന് ലിറ്ററിന് രണ്ട് രൂപ. നീലേശ്വരത്ത് നിന്ന് ഉച്ചയ്ക്കാണ് ഡീസല്‍ നിറയ്ക്കാറ്. മലയോരത്തേക്ക് വേണ്ട മുഴുവന്‍ സാധനങ്ങളും സൂപ്പര്‍ ഡീലക്സിനെ ആശ്രയിച്ചാണ് എത്തിച്ചിരുന്നത്. അതില്‍ തപാല്‍ സര്‍വീസ് മുതല്‍ റേഷന്‍ കടയിലേക്കുള്ള അരിവരെയുണ്ട്. പച്ചക്കറിയും മത്സ്യവുമെല്ലാം സൂപ്പറില്‍ കയറിയാണ് മലയോരത്തെത്തിയിരുന്നത്.
സൂപ്പര്‍ മോഡല്‍
മത്സരയോട്ടവും തര്‍ക്കവും സ്വകാര്യബസ് മേഖലയില്‍ നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്. അവര്‍ക്കൊക്കെ നല്ല മാതൃക കാട്ടുകയാണ് സൂപ്പര്‍ ഡീലക്‌സിലെ ജീവനക്കാര്‍.
40 വര്‍ഷക്കാലം ജോലിചെയ്ത് പെരുമാറ്റത്തില്‍ മാതൃകകാട്ടിയ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ക്ലീനര്‍മാരുമുണ്ട് സൂപ്പറിന്റെ ചരിത്രത്തില്‍. അതില്‍ പരേതനായ പടന്നക്കാട് ഗേറ്റിലെ കുഞ്ഞിക്കണ്ണന്‍ കണ്ടക്ടര്‍, വള്ളിക്കടവിലെ ക്ലീനര്‍ രാജീവന്‍, ഭാസ്‌കരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും.
Content Highlights: Super Deluxe Bus Service In Kanhangad-Konnakkad Route