ഫെരാരി എഫ് 8 ട്രിബ്യൂട്ടോ

Ferrari F8 Tributo

ജനീവ ഓട്ടോഷോയില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒന്നായിരുന്നു ഫെരാരിയുടെ ഈ സൂപ്പര്‍കാര്‍. 488 ജി.ടി.ബി.ക്ക് പകരമായി ഇറ്റാലിയന്‍ കമ്പനിയുടെ കരവിരുത്. കളമൊഴിയുന്ന മോഡലിനെക്കാള്‍ എയ്റോഡൈനാമിക് രൂപമാര്‍ജിച്ചിട്ടുണ്ട്. റേസിങ് ട്രാക്കുകളിലൊഴിച്ച് ഫെരാരിയുടെ ഏറ്റവും കരുത്തേറിയ വി 8 എന്‍ജിനാണ് ട്രിബ്യൂട്ടോവിന് നല്‍കിയിട്ടുള്ളത്.

ഫെരാരിയുടെ റോഡിലോടുന്ന ഏറ്റവും കരുത്തനായ കാറാണിത്. 720 ബി.എച്ച്. പി.യാണ് കരുത്ത്. നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 2.9 സെക്കന്‍ഡും 200-ലെത്താന്‍ 7.8 സെക്കന്‍ഡും മതി ഈ സൂപ്പര്‍ കാറിന്.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാങ്ക്വിഷ് വിഷന്‍ കണ്‍സെപ്റ്റ്

ASTON MARTIN VANQUISH VISION CONCEPT

ജനീവ ഓട്ടോഷോയില്‍ രണ്ടു മോഡലുകള്‍ക്കു പുറമെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ 'വാങ്ക്വിഷ് വിഷന്‍ കണ്‍സെപ്റ്റ്' പുറത്തിറക്കിയത്. പുതിയ വി 6 എന്‍ജിനാണ് ഇതിന് കരുത്തേകുക. വല്‍ക്കയിര്‍, എ. എം.ആര്‍.ബി. 003 എന്നീ മോഡലുകളെ പിന്തുടര്‍ന്നാണ് വാങ്ക്വിഷ് വിഷനും തയ്യാറാവുന്നത്. മിഡ് എന്‍ജിന്‍ സൂപ്പര്‍ കാര്‍ ശൃംഖലയിലേക്കാണിത് വരുന്നത്.

വിപണിയിലുള്ള വല്‍ക്കയിര്‍ മോഡലിന്റെ രൂപം തന്നെയാണ് വാങ്ക്വിഷ് വിഷനും പിന്തുടരുന്നത്. ജനീവ ഷോയ്ക്ക് ശേഷം ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡ്രൈവര്‍മാരുടെ കടുത്ത പരീക്ഷണങ്ങള്‍ക്കു ശേഷമായിരിക്കും പ്രൊഡക്ഷന്‍ മോഡലിനെക്കുറിച്ച് ചിന്തിക്കുക.

ബുഗാട്ടി ലാ വെച്യൂര്‍ നോറ

bugatti La Voiture Noire

ലോകത്തെ ഏറ്റവും വിലയേറിയ കാറാണിത്. എപ്പോഴും ഒന്നാമത് എന്നുമാത്രം ചിന്തിക്കുന്ന ബുഗാട്ടിയുടെ ഏറ്റവും വിലയേറിയ കാര്‍. ജനീവ ഓട്ടോഷോയില്‍ പുറത്തിറക്കുന്നതിന് മുന്പുതന്നെ ഏകദേശം 140 കോടി രൂപയ്ക്ക് ഏതോ വലിയ മനുഷ്യന്‍ ഇതു സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. നികുതിയൊന്നുമില്ലാതെ ഏകദേശം 90 കോടി രൂപവരും ഇതിന്റെ വില. ലോകത്തിലെ ഏറ്റവും വേഗമേറിയ കാറുകളായ വെറോണും ഷിറോണുമെല്ലാം അലങ്കരിക്കുന്ന വേദിയില്‍ തന്നെയായിരുന്നു ലാ വെച്യൂര്‍ നോറയുടെയും സ്ഥാനം. ബുഗാട്ടിയുടെ 110-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് ഈ സൂപ്പര്‍ ഹൈപ്പര്‍ കാര്‍ നിര്‍മിച്ചത്. ഇതിന് ഇത്രയും വിലയിടാന്‍ എന്താണ് കാരണമെന്ന് കമ്പനിതന്നെ വ്യക്തമാക്കുന്നുണ്ട്.

1936 മുതല്‍ 1938 വരെയുള്ള കാലയളവില്‍ നിര്‍മിച്ച ടൈപ്പ് 57 എസ്.സി. അറ്റ്ലാന്റിക് എന്ന മോഡലാണ് ഇതിന്റെ പ്രചോദനം. ആകെ നാലു കാര്‍ മാത്രമാണ് ഈ സമയംവരെ നിര്‍മിച്ചിട്ടുള്ളത്. അതില്‍ മൂന്നെണ്ണം ഇപ്പോഴുമുണ്ട്. ഒന്നിനെ കാണാനില്ല. കൈകൊണ്ടാണ് നിര്‍മാണം. ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മാണം. ഷിറോണിലുള്ള 8.0 ലിറ്റര്‍ 16 സിലിന്‍ഡര്‍ എന്‍ജിനാണ് ഉള്ളിലുള്ളത്. 1500 എച്ച്.പി. പവറും 1600 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക. നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 2.5 സെക്കന്‍ഡു മതി.

പിനിന്‍ഫരീന ബാറ്റിസ്റ്റ

Pininfarina Battista

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാണ കമ്പനിയായ ഓട്ടോമൊബൈല്‍ പിനിന്‍ഫരീനയുടെ വൈദ്യുത സൂപ്പര്‍ കാറാണ് ബാറ്റിസ്റ്റ. ഇറ്റലിയില്‍നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും കരുത്തേറിയ സൂപ്പര്‍ കാറാണിത്. ഇതിലെ 120 കിലോവാട്ട് ബാറ്ററി നാലുവീലിലും കൂടി നല്‍കുന്ന കരുത്ത് 1900 എച്ച്.പി.യാണ്. അതായത് ബുഗാട്ടി ഷിറോണിനെക്കാള്‍ കൂടുതല്‍.

അതുകൊണ്ടുതന്നെ ഈ വൈദ്യുത സൂപ്പര്‍ കാറിന് നൂറ് കിലോമീറ്റര്‍ വേഗം കടക്കാന്‍ വെറും രണ്ട് സെക്കന്‍ഡു വേണ്ട. 200 കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടത് പന്ത്രണ്ട് സെക്കന്‍ഡുകള്‍ മാത്രം. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 450 കിലോമീറ്റര്‍ ഓടിക്കൊള്ളും. പൂര്‍ണമായും കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ചതാണ് ബോഡി. ആകെ 150 മോഡലുകളേ നിര്‍മിക്കുന്നുള്ളു. അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ബാറ്റിസ്റ്റ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ മാത്രമെ വില്‍പ്പനയ്‌ക്കെത്തൂ.

റോള്‍സ് റോയ്‌സ് ഫാന്റം ട്രാന്‍ക്വിറ്റി

Rolls-Royce Phantom Tranquility

ജനീവ മോട്ടോര്‍ഷോയുടെ മറ്റൊരു പ്രത്യേകത, ലോകത്തെ ആഡംബരമെന്ന് അറിയപ്പെടുന്ന റോള്‍സ് റോയ്സിന്റെ സജീവ സാന്നിധ്യമായിരുന്നു. ആദ്യമായാണ് അന്താരാഷ്ട്ര ഷോയില്‍ റോള്‍സ് റോയ്സ് ഇത്രയുമധികം വാഹനങ്ങള്‍ ഒരുമിച്ച് പ്രദര്‍ശിപ്പിച്ചത്. അതില്‍ അത്യാകര്‍ഷകമായത് ഫാന്റം ശ്രേണിയായിരുന്നു. ശതകോടീശ്വരന്‍മാരും ഭാഗ്യം തിളങ്ങിനില്‍ക്കുന്നവരുമായ 25 പേര്‍ക്ക് മാത്രം വാങ്ങാനാവുന്ന ഫാന്റം ട്രാന്‍ക്വിറ്റി തന്നെയാണ് മുന്നില്‍. അതിരുകളില്ലാതെ ചിന്തിക്കുന്നവര്‍ക്കു വേണ്ടി എന്നാണ് ട്രാന്‍ക്വിറ്റിക്ക് റോള്‍സ് റോയ്‌സ് നല്‍കിയ ടാഗ് ലൈന്‍. ഭൂമിക്കുമപ്പുറമുള്ള വസ്തുക്കളടക്കം ഉള്‍പ്പെടുത്തിയാണ് ട്രാന്‍ക്വിറ്റിയുടെ അകത്തളം തയ്യാറാക്കിയിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ട്രാന്‍ക്വിറ്റിയും മറ്റ് ഫാന്റങ്ങളില്‍നിന്ന് വ്യത്യസ്തമല്ല. ബോണറ്റില്‍ ഉണര്‍ന്നിരിക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും അവിടെത്തന്നെയുണ്ട്. സുവര്‍ണനിറത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട് ഫാന്റം ട്രാന്‍ക്വിറ്റിയെന്ന പേര്. ബാക്കിയെല്ലാം പഴയ ഫാന്റം പോലെതന്നെ. പ്രത്യേക ഫോം ഉപയോഗിക്കുന്ന 22 ഇഞ്ച് ടയറിന്റെ പേര് 'സൈലന്റ് സീല്‍' എന്നാണ്. ആദ്യം പറഞ്ഞതുപോലെ അകത്താണ് കളിമുഴുവന്‍. ഡാഷ്ബോര്‍ഡില്‍ പരന്നുകിടക്കുന്ന പ്രത്യേകതരം പാനലാണ് അകത്തെ പ്രധാന ആകര്‍ഷണം. വെറുതെ ഒരു കളറില്‍ നിര്‍മിച്ചതല്ല അത്. പണ്ട് ബഹിരാകാശ പഠനത്തിനുവേണ്ടി ഉപയോഗിച്ച ബ്രിട്ടീഷ് സ്‌കൈലാര്‍ക്ക് സ്‌പേസ് റോക്കറ്റില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണിത് നിര്‍മിച്ചത്. അത് നിര്‍മിക്കുന്നതിനുള്ള ശാസ്ത്രീയവശവും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഹൈ റിഫ്‌ലക്ടീവ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍, 24 കാരറ്റ് സ്വര്‍ണം, സ്‌പേസ് ഗ്രേഡ് അലൂമിനിയം എന്നിവകൊണ്ട് നിര്‍മിച്ചതാണ് ഈ പാനല്‍. ഒറ്റനോട്ടത്തില്‍ സ്വര്‍ണത്തകിടു പോലെയാണ് തോന്നുക.

ഇനി വോളിയം കണ്‍ട്രോളിനും കഥപറയാനുണ്ട്. 1906-ല്‍ സ്വീഡനിലെ കിര്‍ണയില്‍വീണ ഉല്‍ക്കയാണ് ശബ്ദം കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്നത്. കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ളതാണ് ഈ ഉല്‍ക്ക. വോളിയം കണ്‍ട്രോളിനു ചുറ്റുമായി പോളിഷ്ഡ് ഗോള്‍ഡ് ഗ്രിപ്പും നല്‍കിയിട്ടുണ്ട്. അതില്‍ ഉല്‍ക്കയുടെ വയസ്സും കണ്ടുപിടിക്കപ്പെട്ട സ്ഥലവും മറ്റും എഴുതിയിട്ടുണ്ട്. മൊത്തം ഒരു ബഹിരാകാശ ലുക്കാണ് കാറിനുള്ളില്‍. നക്ഷത്രങ്ങള്‍ തെളിയുന്ന 'അണ്ടര്‍ ദ സ്റ്റാര്‍' എന്ന് വിളിക്കുന്ന മേലാപ്പു കൂടിയായാല്‍ അത് പൂര്‍ണമാവും.

കൂടാതെ ചന്ദ്രന്റെ ഉപരിതലത്തെ അനുസ്മരിപ്പിക്കുന്ന സെല്‍ബി ഗ്രേ, ആര്‍ട്ടിക് വൈറ്റ് എന്നീ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 1977-ല്‍ വിക്ഷേപിച്ച വോയേജര്‍ പേടകത്തിലെ ഗോള്‍ഡന്‍ റെക്കോഡ്സില്‍നിന്ന് കടമെടുത്തതാണ് ഇതിലെ സ്പീക്കറുകളുടെ രൂപം. ഫാന്റത്തിലെ 6.7 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എന്‍ജിനാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇതിലും തുടരുന്നു. പൂജ്യത്തില്‍നിന്ന് നൂറു കിലോമീറ്റര്‍ വേഗമെടുക്കാന്‍ 5.3 സെക്കന്‍ഡ് വേണം. 

Content Highlights; Super cars unveiled in geneva motor show