നിരത്തുകളിലെ വേഗത്തിന്റെയും കരുത്തിന്റെയും പര്യായമായ സൂപ്പര്‍ കാറുകള്‍വാഹനപ്രേമികളുടെ മനസ്സിലെന്നും ആവേശം നിറയ്ക്കുന്ന കാഴ്ചയാണ്. ഇത്തരം വാഹനങ്ങള്‍ ദുബായ് നഗരത്തിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണിലുടക്കുക പതിവുമാണ്. എന്നാല്‍ അതോടിക്കുന്നത് യൂണിഫോമിട്ട പോലീസാണെന്ന് മനസ്സിലാവുമ്പോള്‍ കാഴ്ചയുടെ കൗതുകം ഇരട്ടിയാവും. അത്യാഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണ് ഇന്ന് ദുബായ് പോലീസ് നിരയില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. 

മേയ് മാസം 2021 മോഡല്‍ ജെനിസിസ് ജി.വി. 80 ആഡംബര വാഹനനിരയില്‍ എത്തിയശേഷം ഇപ്പോഴിതാ 2022 ടൊയോട്ട ലാന്‍ഡ് ക്രൂയ്സറും പോലീസ് നിരയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ജൂണ്‍ 10 നാണ് ടൊയോട്ട ലാന്‍ഡ് ക്രൂയ്സര്‍ ആഗോളവിപണിയില്‍ എത്തിയത്. രണ്ടാഴ്ച കഴിയുമ്പോഴേക്കും നിരവധി 2022 ടൊയോട്ട ലാന്‍ഡ് ക്രൂയ്സറുകളാണ് ദുബായ് പോലീസ് ശേഖരത്തിലെത്തിയിരിക്കുന്നത്. അബുദാബി പോലീസും ഇതേവാഹനം സ്വന്തമാക്കിയിട്ടുണ്ട്. മിഡിലീസ്റ്റിലെ അല്‍ ഫുത്തൈം ടൊയോട്ടയാണ് വാഹനമെത്തിച്ചത്.

സൂപ്പര്‍ കാര്‍നിര

മേയ് മാസമെത്തിയ ജെനിസിസിന് മുമ്പ് മാര്‍ച്ചില്‍ ടൊയോട്ടയുടെ ജി.ആര്‍. സുപ്ര 2021 മോഡലാണ് പോലീസില്‍ എത്തിയത്. 4.1 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന വാഹനം പോലീസിന്റെ കുതിപ്പിന് കരുത്തേകുന്നതാണ്. ലോകത്തില്‍തന്നെ ഏറ്റവും വലിയ സൂപ്പര്‍കാര്‍ നിരതന്നെയുണ്ട് ദുബായ് പോലീസിന്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ബുഗാറ്റി വെയ്റോണ്‍, ഫെറാറി എഫ്.എഫ്., ലംബോര്‍ഗിനി അവന്റഡോര്‍ ഇങ്ങനെ പോകുന്നു നിരയിലെ ആഡംബര സൂപ്പര്‍ കാറുകള്‍.

2013-ലാണ് ദുബായ് പോലീസ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 -നെ സേനയില്‍ ചേര്‍ക്കുന്നത്. 77 യൂണിറ്റ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 മാത്രമേ നിര്‍മിച്ചിരുന്നുള്ളൂ. അതിലൊന്നാണ് ദുബായ് പോലീസ് ശ്രേണിയിലെത്തിയത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.7 സെക്കന്‍ഡ് മാത്രം മതി. ഇതേവര്‍ഷം തന്നെയാണ് ഫെറാരി ഫോര്‍ സീറ്റര്‍ ഫോര്‍ വീല്‍ ഡ്രൈവ് ഗ്രാന്‍ഡ് ട്യൂറെര്‍ എഫ്.എഫ്, ലംബോര്‍ഗിനി അവന്റഡോര്‍, ബ്രിട്ടീഷ് സ്‌പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ മക്ലാരന്റെ എം.പി. ഫോര്‍ 12 സി, മെഴ്സിഡസ് ഫ്രണ്ട് എന്‍ജിന്‍ ടു-സീറ്റര്‍ സ്‌പോര്‍ട്സ് കാര്‍, ബെന്റ്ലിയുടെ കോണ്ടിനെന്റല്‍ ജി.ടി. എന്നിവയും ദുബായ് പോലീസ് വാങ്ങുന്നത്. 

Dubai Police Super Car

അവന്റഡോറിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.9 സെക്കന്‍ഡ് മാത്രം മതി. 3.1 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും മക്ലാരന്‍ എം.പി.ക്ക്. മെഴ്സിഡസിന് 3.7 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും. കോണ്ടിനെന്റല്‍ ജി.ടി.ക്ക് 4.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. ബുഗാറ്റി വെയ്റോണ്‍ 2014-ലാണ് സേനയുടെ സൂപ്പര്‍കാര്‍ ശ്രേണിയില്‍ എത്തുന്നത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും വേഗതയേറിയ പോലീസ് കാര്‍ എന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയായിരുന്നു ബുഗാറ്റി. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 2.6 സെക്കന്‍ഡ് മതി. 

2015-ലാണ് പോര്‍ഷെ 918 സ്‌പൈഡര്‍ സേനയില്‍ ചേരുന്നത്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.8 സെക്കന്‍ഡ് മതി. 2016-ലാണ് പുതിയ ഓഡി ആര്‍ എട്ട് പോലീസിലെത്തിയത്. കൂടാതെ ഈയടുത്ത് മെഴ്സിഡീസിന്റെ എ.എം.ജി ജി.ടി.63 എസും പോലീസ് നിരയിലെത്തി. ഹമ്മര്‍ എച്ച് ത്രീ, പോര്‍ഷെ പാനമേറ ടര്‍ബോ എസ്, പഗാനി ഹുയറ, റോള്‍സ് റോയ്സ് റെയ്ത്ത്, ബി.എം.ഡബ്ള്യു എം സിക്‌സ്, ഗ്രാന്‍ കൂപെ, ഷെവര്‍ലെ കാമറോ എസ്.എസ്, ജാഗ്വര്‍ എഫ്-ടൈപ്പ് തുടങ്ങി നിരവധി മോഡലുകളുമുണ്ട്. അധികം വൈകാതെ ടെസ്ല പുതുതായി ഇറക്കുന്ന സൈബര്‍ ട്രക്ക് ഇലക്ടിക് വാഹനവും ശ്രേണിയിലെത്തുമെന്നാണ് വിവരം.

വേഗവും കൃത്യതയും

വിലയേറിയ സൂപ്പര്‍ ബൈക്കുകള്‍, ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍ എന്നിവയും പോലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനായുണ്ട്. ഏറ്റവും നൂതന വാഹനങ്ങള്‍ പോലീസിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗവും കൃത്യതയും നല്‍കുമെന്നാണ് ദുബായ് പോലീസ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ റസൂഖി പറയുന്നത്. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനും അവരുടെ ശ്രദ്ധയിലേക്കെത്താനുമാണ് പോലീസ് എന്നും ശ്രമിക്കുന്നത്. ജനങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും മികച്ച പ്രതികരണമാണ് പോലീസിന്റെ വാഹനശേഖരങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതിലൂടെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമെല്ലാം ദുബായ് പ്രിയപ്പെട്ടയിടമായി മാറുകയാണ്.

Content Highlights: Super Car Collection By Dubai Police Force; Large Super Car Collection