മുണ്ട് മടക്കികുത്തി വെള്ളിത്തിരയില്‍ കൊലമാസ് ആയ നായകന്മാരെ മലയാളികള്‍ക്ക് നല്ല പരിചയമാണ്. എന്നാല്‍, ആഡംബര വാഹനങ്ങളിലെ കിരീടം വയ്ക്കാത്ത രാജാവായി വാഴ്ത്തുന്ന റോള്‍സ് റോയ്സ് കള്ളിനന്‍ എന്ന വാഹനത്തെ മുണ്ട് മടക്കിക്കുത്തി പച്ചമലയാളത്തില്‍ പരിചയപ്പെടുത്തി ഞെട്ടിച്ച താരമാണ് ഡ്രൈവ് മീ ഓണ്‍ലൈന്‍ എന്ന വാഹന പോര്‍ട്ടലിന്റെ മേധാവിയായ സുദീപ് കോശി. 'നാം കൂട്ടുകാര്‍ നമുക്ക് കൂട്ട് കാര്‍' എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഈ പോര്‍ട്ടല്‍ ഇപ്പോള്‍ പത്താം വയസിന്റെ നിറവിലാണ്.

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ പോര്‍ട്ടലാണ് ഡ്രൈവ് മീ ഓണ്‍ലൈന്‍. വാഹനപ്രേമികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ലോകോത്തര ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ളവയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ കടുത്ത വാഹനപ്രേമിയായ സുദീപ് 2011-ലാണ് പോര്‍ട്ടല്‍ ഒരുക്കുന്നത്. 10 വര്‍ഷം പിന്നിട്ടിരിക്കുന്ന ഓട്ടോമോട്ടീവ് ബ്ലോഗിങ്ങിലൂടെ നാന്നൂറിലധികം വാഹനങ്ങളാണ് സുദീപ് വാഹനപ്രേമികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. തന്റെ വാഹനാനുഭവങ്ങള്‍ സുദീപ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു.

Sudeep Koshy
ഫെരാരി എഫ്8 ട്രിബ്യൂട്ടോയുമായി | Photo: Sudeep Koshy

വാഹനങ്ങളിലേക്ക്

എല്ലാ വാഹനപ്രേമികളെയും പോലെ കുഞ്ഞുനാള്‍ മുതല്‍ വാഹനങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാനും. കളിപ്പാട്ട കാറുകളോടുള്ള ഇഷ്ടം വലിയ വാഹനങ്ങളിലേക്ക് എത്തുകയും അഡ്വെര്‍ടൈസിങ് ജോലിയുടെ ഭാഗമായി ഇവയെ കുറിച്ച് പഠിക്കുകയും ചെയ്തിരുന്ന കാലത്തുണ്ടായ ചില തിരിച്ചറിവുകളില്‍നിന്നാണ് ഓട്ടോമോട്ടീവ് പോര്‍ട്ടല്‍ എന്ന ആശയത്തിലേക്ക് എത്തുന്നത്. ഞാന്‍ നിര്‍മിക്കുന്ന പരസ്യങ്ങളില്‍ കാറുകളുടെ ഗുണഗണങ്ങള്‍ മാത്രമാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്. അവയുടെ ഗുണദോഷങ്ങള്‍ എടുത്തുകാട്ടണമെങ്കില്‍ സ്വതന്ത്രമായി ഇവയെ വിശകലനം ചെയ്തേ മതിയാകൂ. അങ്ങനെ കാര്‍ വാങ്ങാനാഗ്രഹിക്കുന്നവരുടെ കാഴ്ചപ്പാടില്‍നിന്നു കാറുകളെ കുറിച്ച് എഴുതുകയായിരുന്നു ആദ്യ ലക്ഷ്യം. അതുപോലെ, മാര്‍ക്കറ്റില്‍ ലഭ്യമായ ചില മോഡലുകള്‍ക്ക് അര്‍ഹിക്കുന്നതിലും അധികം പുകഴ്ത്തലുകള്‍ ലഭിക്കുമ്പോള്‍ മികച്ച ചില വാഹനങ്ങള്‍ക്ക് ഒട്ടും ശ്രദ്ധ കിട്ടാതെ പോകുന്നുണ്ടായിരുന്നു. അത്തരം അറിയപ്പെടാത്ത വാഹനങ്ങളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയായി അടുത്ത ലക്ഷ്യം. പതുക്കെയാണെങ്കിലും ആ ശ്രമവും വിജയം കണ്ടു.

ചെറിയ തുടക്കം

2011 ജൂലൈയിലാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നത്. ആദ്യം ചെയ്യേണ്ടിയിരുന്നത് നാലാള്‍ അറിയുന്ന മേല്‍വിലാസം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ റിവ്യു സിംഹങ്ങളുടെ തലോടലുകള്‍ അധികം ഏറ്റുവാങ്ങിയിട്ടില്ലത്ത ചില വാഹനങ്ങളില്‍നിന്ന് തുടങ്ങാം എന്നും തീരുമാനിച്ചു. യു.എ.ഇ. നിരത്തുകളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് ഞാന്‍ കരുതിയ സുബാരൂ ലെഗസി, സ്‌കോഡ ഒക്ടാവിയ, റോവര്‍ 75 തുടങ്ങിയ വാഹനങ്ങളിലൂടെയാണ് റിവ്യൂവിങ്ങിലേക്കു പ്രവേശിക്കുന്നത്. ആഡംബര വാഹനങ്ങളോട് അഭിനിവേശം ഉണ്ടെങ്കിലും അത്തരം വാഹനങ്ങള്‍ ലഭിക്കുക എന്നത് തുടക്കകാലത്ത് പ്രയാസമായിരുന്നു.

Sudeep Koshy
ഫോക്‌സ്‌വാഗണ്‍ ടെറമോണ്ടുമായി | Photo: Sudeep Koshy

ആഡംബര വാഹനങ്ങളിലേക്കുള്ള കാല്‍വയ്പ്പ്

ഡ്രൈവ് മീ ഓണ്‍ലൈന്‍ എന്ന മേല്‍വിലാസം വാഹനനിര്‍മാതാക്കളിലേക്ക് വേണ്ടത്ര എത്തിയിട്ടില്ലായിരുന്നു എന്നത് കൊണ്ടുതന്നെ ആഡംബര വാഹനങ്ങള്‍ സ്വപ്നമായി തന്നെ തുടര്‍ന്നു. അക്കാലത്താണ് സഹോദരിയുടെ കൈവശമുണ്ടായിരുന്ന ലെക്സസ് ഇ 350 എന്ന വാഹനത്തില്‍ ആദ്യപരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. കമ്പനികളുടെ പിന്തുണ ഇല്ലാതെ ആദ്യമായി ഒരു ആഡംബര വാഹനം റിവ്യൂ ചെയ്യുകയും ഈ മേഖല എനിക്ക് വഴങ്ങുമെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തുകയുമായിരുന്നു ഉദ്ദേശ്യം.

ഔഡി തന്ന വഴിത്തിരിവ്

ആഡംബരവിഭാഗത്തിലെ ആദ്യ അവലോകനത്തിനായി സമീപിച്ചത് ഔഡിയെ ആയിരുന്നു. പ്രതീക്ഷിച്ച ചോദ്യം തന്നെ അവിടെനിന്നുണ്ടായി. ആരാണ് നിങ്ങള്‍? ഈ മേഖലയില്‍ നിങ്ങള്‍ക്കുള്ള പരിചയമെന്താണ്? ഞാന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ വെച്ച് ഒരു പ്രസന്റേഷന്‍ തയാറാക്കി തൊട്ടടുത്ത ദിവസം തന്നെ ഔഡിയെ വീണ്ടും സമീപിച്ചു. ആവശ്യപ്പെട്ടത് ഔഡി എ 4 ആയിരുന്നെങ്കിലും അവര്‍ എനിക്ക് ആദ്യമായി തന്ന വാഹനം ഔഡി നിരയിലെ എന്‍ട്രി ലെവല്‍ മോഡലായ എ 1 ആയിരുന്നു. പക്ഷെ പിന്നീട് ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഔഡിയുടെ എല്ലാ വാഹനങ്ങളും ചോദിക്കുക പോലും ചെയ്യാതെ അവര്‍ ലഭ്യമാക്കാറുണ്ട്.

Sudeep Koshy
സുദീപ് ഓള്‍ ടെറൈന്‍ റാലി വാഹനത്തില്‍ | Photo: Sudeep Koshy

എഴുത്തില്‍നിന്ന് വീഡിയോയിലേക്ക്

വാഹനങ്ങളെ എഴുത്തിലൂടെ പരിചയപ്പെടുത്തുന്നതിനൊപ്പം വീഡിയോയും പരീക്ഷിക്കാമെന്ന് ഈ കാലയളവില്‍ തന്നെ ആലോചിച്ച് തുടങ്ങി. അങ്ങനെയാണ് ഡ്രൈവ് മീ ഓണ്‍ലൈന്‍ എന്ന യുട്യൂബ് ചാനല്‍ 2011 സെപ്റ്റംബറില്‍ ആരംഭിച്ചത്. മലയാളം റിവ്യൂ വീഡിയോകളിലേക്കെത്താന്‍ പിന്നെയും സമയമെടുത്തു.

100 കാര്‍ ഓടിച്ച മലയാളി

നാല് വര്‍ഷത്തോളം എഴുത്തും വീഡിയോയുമായി പോകവേ ക്ലബ് എഫ്.എം., ഹിറ്റ് എഫ്.എം. എന്നീ റേഡിയോ സ്റ്റേഷനുകള്‍ അവരുടെ ശ്രോതാക്കള്‍ക്കായി 100 വ്യത്യസ്ത കാറുകള്‍ ഓടിച്ച മലയാളിയായി എന്നെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി ചെയ്തു.അത് സത്യത്തില്‍ ഒരു പുതിയ വാതില്‍ തുറന്നു തന്നു. കാര്‍ യാത്രികരുടെ സന്തത സഹചാരി ആയിരുന്ന എങ റേഡിയോയിലൂടെ കാര്‍ റിവ്യൂ നടത്താനുള്ള അവസരം . അങ്ങനെ 2017-ലെ പ്രണയദിനത്തില്‍ ജാഗ്വാര്‍ എഫ്-പേസിന്റെ മലയാളം റേഡിയോ റിവ്യൂ കാര്‍പ്രേമികള്‍ക്കായി സമ്മാനിച്ചു.

പ്രേക്ഷകരെ കൂടെ കൂട്ടുന്ന റിവ്യൂ

വാഹനപ്രേമികളായ ആളുകളാണ് എന്റെ സൈറ്റിലെത്തുന്നത്. സ്വാഭാവികമായും അവര്‍ക്കും ഇത്തരം വാഹനങ്ങള്‍ ഓടിക്കാനും ഇതില്‍ യാത്ര ചെയ്യാനും ആഗ്രഹം ഉണ്ടാകും. അതുകൊണ്ട് തന്നെ വിശേഷപ്പെട്ട കാറുകള്‍ പരിചയപ്പെടുത്തുമ്പോഴൊക്കെ ഒരു അതിഥിയെ എത്തിക്കുക എന്ന പുതിയ ആശയം ഒരുക്കി. കൂടെ ചേരാന്‍ ആഗ്രഹം അറിയിക്കുന്ന ആളുകളില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഒന്നോ രണ്ടോ പേരെ കൂടെ കൂട്ടിയായി പിന്നീടുള്ള റിവ്യൂ ഷോകള്‍. ആഡംബര വാഹനങ്ങളിലെ യാത്രയും ഷൂട്ടിങ്ങ് ഉള്‍പ്പെടെയുള്ള പ്രോസസും അവര്‍ക്കും കൗതുകമുള്ള അനുഭവങ്ങളായിരുന്നു. 

Sudeep Koshy
സുദീപ് കോശി ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടിക്ക് സമീപം | Photo: Sudeep Koshy

ഡ്രൈവ് + ഡെസ്റ്റിനേഷന്‍

ഒരു വാഹനമെടുത്ത് റിവ്യൂ ചെയ്യുന്നതിനപ്പുറം വാഹനങ്ങള്‍ തേടി മറ്റ് രാജ്യങ്ങളിലേക്ക് പറക്കുന്നതും എന്റെ വാഹനപ്രേമത്തിന്റെ ഭാഗമാണ്. ഓരോ രാജ്യത്തും അവിടുത്തെ തനതായ സവിശേഷതകളുള്ള വാഹനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഇഷ്ടപ്പെട്ട വാഹനങ്ങള്‍ തേടിയുള്ള യാത്ര ഇറ്റലി, യു.കെ., ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ എന്നെ എത്തിച്ചിട്ടുണ്ട്. ആളുകള്‍ കാണാന്‍ കൊതിക്കുന്ന പല വാഹനങ്ങളുടെയും നിര്‍മാണശാലകള്‍ കാണാനും മനസിലാക്കാനും അങ്ങനെ അവസരമുണ്ടായി.

കാര്‍ റിവ്യൂകളിലെ 'സഞ്ചാരം'

വാഹനങ്ങള്‍ അടുത്തറിയാന്‍ നടത്തിയ യാത്രകളില്‍ മനസില്‍ നില്‍ക്കുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട്. ഉദാഹരണത്തിന്ഇറ്റലിയിലെ യാത്രകളില്‍ ആഡംബര വാഹനങ്ങളെ ഒഴിവാക്കി ഫിയറ്റ് 500 എന്ന സാധാരണ വാഹനമാണ് തിരഞ്ഞെടുത്തത്. അവിടെയത് ഇന്ത്യയിലെ മാരുതി 800 പോലെയുള്ള ഒരു വാഹനമാണ്.ഇറ്റലിയുടെ നിത്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെ തന്നെയും ഭാഗമാണ് ഫിയറ്റ് 500. ഇറ്റലിയിലെ തെരുവുകളിലൂടെ ഫിയറ്റ് 500-ല്‍ യാത്ര ചെയ്യുമ്പോള്‍ നമ്മളും ആ പശ്ചാത്തലത്തിന്റെ ഭാഗമാകും പോലെ തോന്നും. അതുപോലെ, യു.കെയിലെ ലാന്‍ഡ് റോവര്‍ പ്ലാന്റ് സന്ദര്‍ശിച്ചതുംമലയും ചതുപ്പും ഒക്കെ ചേര്‍ന്ന് സാഹസികമാക്കുന്ന അവരുടെ വിപുലമായ സ്വകാര്യ ടെസ്റ്റ് ഡ്രൈവ് പ്രദേശത്തു ഡിഫന്‍ഡര്‍ ഓടിച്ചതും ദക്ഷിണാഫ്രിക്കയിലെ 1400 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് കാര്‍ റാലിയില്‍ പങ്കെടുത്തതുമെല്ലാം ഏറ്റവും ഇഷ്ടത്തോടെ മാത്രം ഓര്‍മ്മിക്കാന്‍ പറ്റുന്ന കാര്‍ അനുഭവങളാണ്.

Fiat 500
ഇറ്റാലിയന്‍ ഹെറിറ്റേജ് യാത്രയില്‍ തിരഞ്ഞെടുത്ത 50 വര്‍ഷം പഴക്കമുള്ള ഫിയറ്റ് 500 | Photo: Sudeep Koshy

ഓരോ വാഹനങ്ങളും സ്‌പെഷ്യലാണ്. അതുകൊണ്ട് തന്നെ ഇഷ്ടവാഹനം എന്ന പ്രയോഗം ഞാന്‍ നടത്തില്ല. സൂപ്പര്‍ ലക്ഷ്വറി വാഹനങ്ങള്‍ മാത്രമല്ല ഡ്രൈവിങ്ങിന്റെ ആനന്ദം നല്‍കുന്നത്. എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിട്ടുള്ള വാഹനങ്ങളില്‍ ലംബോര്‍ഗിനി ഉറൂസ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി., ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി.എസ്. സൂപ്പര്‍ലെഗ്ഗെറാ, ഫെരാരി എഫ് 8 ട്രിബ്യൂട്ടോ തുടങ്ങിയവ മാത്രമല്ല, ഫോര്‍ഡ് ഫോക്കസ് എസ്.ടി., ഏറ്റവും പുതിയ ടൊയോട്ട കാംറി, ഒപെല്‍ കോര്‍സ, ഫോക്സ്വാഗണ്‍ ഗോള്‍ഫ് എന്നിവയും പെടും. സാധാരണ കാറുകളില്‍ ടൊയോട്ട കാംറി എടുത്ത് പറയേണ്ട മോഡലാണ്. ദുബായി ഓട്ടോ ഡ്രോമില്‍വെച്ചാണ് കാംറി 3.5 ലിറ്റര്‍ സ്‌പോര്‍ട്‌സ് മോഡല്‍ പരിചയപ്പെടുന്നത്. ഇത് ഈ വാഹനത്തോടുള്ള സമീപനം തന്നെ മാറ്റി കളഞ്ഞു. വാഹനത്തെ കുറിച്ചുള്ള മുന്‍വിധി മാറ്റിയ മറ്റൊരു വാഹനം ഔഡി ആര്‍.എസ്. 6 അവാന്താണ്. എസ്റ്റേറ്റ് മോഡല്‍ വാഹനമായ ഇതിന്റെ പെര്‍ഫോമെന്‍സ് നമ്മളെ ഞെട്ടിക്കും. അങ്ങനെ ഓരോ വാഹനത്തിനും ഓരോ പ്രത്യേകതയുണ്ട്.

നേട്ടങ്ങള്‍

ആഡംബരത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന റോള്‍സ് റോയ്സ് കള്ളിനന്‍ എസ്.യുവിയുടെ ആദ്യ മലയാളം റിവ്യു എന്റേതാണെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റും. അതിലുപരി മലയാളികളായ കാര്‍പ്രേമികള്‍ക്കായി മലയാളത്തനിമയോടെ ആഗോള വാഹനങ്ങളുടെ കഥ പറയുന്ന ഒരു ശൈലി തുടങ്ങി വെയ്ക്കാനും തുടരാനും കഴിഞ്ഞു എന്നത് വലിയ നേട്ടങ്ങളിലൊന്നായാണ് ഞാന്‍ കണക്കാക്കുന്നത്. ആ ഉദ്യമത്തെ ഹൃദയപൂര്‍വം സ്വീകരിച്ച മലയാളസമൂഹത്തിനാണ് ഞാന്‍ നന്ദി പറയേണ്ടത്. പിന്നെ, ആദ്യ കാലത്ത് ആഡംബര വാഹനങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയില്‍നിന്ന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ ജൂറി അംഗം എന്ന നിലയിലേക്കുള്ള പ്രയാണം ഉറപ്പായും ചാരിതാര്‍ഥ്യമേകുന്ന ഒന്നാണ്. ഈ ഒരു സ്ഥാനമാണ് റോള്‍സ് റോയ്സിന്റെ വാഹനം മുന്‍കൂട്ടി ലഭിക്കാന്‍ കാരണമായതും. ഒരു വാഹനപ്രേമിയെ സംബന്ധിച്ച് ഇതൊക്കെ വലിയ സന്തോഷം നല്കുന്ന കാര്യങ്ങളാണ്.

ഒരു കോപ്പിറൈറ്റര്‍ ആയി പ്രവാസ ജീവിതം ആരംഭിച്ച്, ഇന്ന് മിഡില്‍ ഈസ്റ്റ് വാഹന മേഖലയില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയിരിക്കുന്നു ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയായ സുദീപ് കോശി എന്ന മലയാളി. വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അഭിപ്രായം അറിയാനായി തന്നെ സമീപിക്കുന്നവരോട് സുദീപ് പറയുന്നത് ഇതാണ്. 'വാഹനമെടുക്കുമ്പോള്‍ പ്രസക്തമായ ചോദ്യം ഏറ്റവും നല്ല കാര്‍ ഏതാണെന്നുള്ളതല്ല, നമ്മുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് ഏത് എന്നതാണ്!'

Content Highlights: Sudeep Koshy, Drive Me Online Founder, 10 Year Of Vehicle Review, Drive Me Online