തിരിച്ചുവാങ്ങി മോടിപിടിപ്പിച്ച ബാപ്പയുടെ കാറിനു മുമ്പിൽ സി.പി.സാലിഹ് | ഫോട്ടോ: ജെ.ഫിലിപ്പ്
ദൂരെ ഏതോനാട്ടില് രാജകീയമായി വാഴുന്നുണ്ടാവും തന്റെ മോഹം എന്ന് സി.പി. സാലിഹിന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. ആ മനസ്സും ആധുനികതയുടെ തിരച്ചില്വഴികളും ഒന്നായപ്പോള്‍ 64 വര്‍ഷത്തിനുശേഷം ഒരു കാര്‍ തൃശ്ശൂര്‍ വലപ്പാട്ടെ ചന്ദനപ്പറമ്പില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. അതിനൊപ്പം സാലിഹിന്റെ ബാപ്പ സി.പി. മുഹമ്മദിന്റെയും ഉമ്മ ഫാത്തിമയുടെയും അദൃശ്യസാന്നിധ്യവും.
സാലിഹ് ജനിക്കുംമുമ്പേ വിറ്റുപോയ കാറിന്റെ വരവ്, കുടുംബവൃക്ഷത്തിലെ ഓരോ അംഗത്തിനും ആഹ്ലാദവുമായി. ഭാരതസ്വാതന്ത്ര്യവര്ഷം അമേരിക്കയിലെ സ്റ്റുഡ്ബേക്കര് കമ്പനിയില്‍ പിറവിയെടുത്ത കാര്‍, 1956-ല്‍ വാങ്ങി എന്ന് മുഹമ്മദ് എഴുതിയ ഡയറിക്കുറിപ്പില്‍ തുടങ്ങിയ അന്വേഷണമാണ് വലപ്പാടിന്റെ മണ്ണില്‍ ആ ചക്രങ്ങള്‍ വീണ്ടുമുരുളാന്‍ ഇടയാക്കിയത്. ദുബായില്‍ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായ സാലിഹിന് കാര്‍ തിരികെപ്പിടിക്കാനുള്ള അന്വേഷണത്തില്‍ മക്കളായ ഡോ. ഹിലാസ്, അഡ്വ. അന്ഹര്, സഹല്‍, സഞ്ചീദ് എന്നിവരുടെ പരിശ്രമവും ഒപ്പംനിന്നു.
ന്യൂഡല്‍ഹിയിലെ ഒരു വിന്റേജ് കാര്ക്കമ്പക്കാരന്റെ വാഹനക്കൂടാരത്തില് 'വലപ്പാടന്‍ വണ്ടി' വിശ്രമിക്കുന്നതായി കണ്ടെത്താന്‍ ഏഴുമാസത്തെ കണ്ണിപൊട്ടാത്ത ശ്രമംതന്നെ വേണ്ടിവന്നു. കാര്‍ വീട്ടിലെത്തിയ തീയതിക്കുമുണ്ട് ഒരു യാദൃച്ഛികത. 1956 ഡിസംബര്‍ 31-ന് വാങ്ങിയ കാര്‍ ചന്ദനപ്പറമ്പിലേക്ക് എത്തിയത് ഇക്കഴിഞ്ഞ ഡിസംബര്‍ 31-നായിരുന്നു.
ആ പഴയ പ്രതാപിയെ തൃശ്ശൂരിലെ നിപ്പോണ്‍ ടൊയോട്ട ഷോറൂമില്‍ ഒന്നു സുന്ദരനാക്കി ഡിസംബര്‍ 25-ന് ഏറ്റുവാങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, പണികള്‍ തീര്‍ന്നപ്പോള്‍ 30 ആയി. പിറ്റേന്ന് കൈമാറിയപ്പോഴാണ് സാലിഹ്, ബാപ്പയുടെ ആ പഴയ ഡയറി ഒന്നുകൂടി നോക്കിയത്. പോയ തീയതിയില്തന്നെയുള്ള മടങ്ങിവരവ് യാദൃച്ഛികമായത് അങ്ങനെ. ലളിതപദാവലികൊണ്ട് കാവ്യവിസ്മയംതീര്ത്ത കുഞ്ഞുണ്ണി മാഷുടെ നാടായ വലപ്പാടേക്ക് കാറെത്തിയ സംഭവത്തെ അദ്ദേഹത്തിന്റെ ഒരു കവിത കടമെടുത്ത് വിശേഷിപ്പിക്കാം. അതിങ്ങനെ:
''എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെ എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ''
കാര്‍ വന്ന വഴി
തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ സമയമടക്കം ഡയറിയില്‍ കുറിച്ചുവെക്കുന്ന ശീലക്കാരനായിരുന്നു സാലിഹിന്റെ ബാപ്പ സി.പി. മുഹമ്മദ്. ആറ് പെണ്മക്കള്ക്കും അഞ്ച് ആണ്മക്കള്ക്കും ബാപ്പയുടെ ഈ പ്രത്യേകതയാണ് മനസ്സില്‍ ഒന്നാമതായി ഇടംപിടിച്ചിരുന്നതും. 1984-ല്‍ മരിക്കുംവരെ ഉള്ള ഡയറികളില്‍ മിക്കതും 11 മക്കളില്‍ പലരുടെ കൈവശമായുണ്ട്. ചിലത് നഷ്ടപ്പെട്ടിരുന്നു.
കര്‍ഷകനായിരുന്ന അദ്ദേഹത്തിന്റെ ഡയറികള്‍ വലപ്പാട് ഗ്രാമത്തിന്റെ ജീവിതത്തുടിപ്പുകള്കൂടി ചേര്‍ത്തുവെച്ചതായിരുന്നു. വീട്ടിലേക്ക് ഒരു കാര്‍, അത് ഗരിമയുള്ളതാവണം എന്ന മോഹമുണ്ടായിരുന്ന ആ കര്ഷകപ്രമുഖന്റെ യാത്രകളേറെയും ഇംഗ്ലീഷ് റാലി എന്ന സൈക്കിളിലായിരുന്നു. ദൂരെയുള്ള പറമ്പുകളില്പോകാനും കുടുംബാവശ്യങ്ങള്‍ക്കും കാര്‍ എന്നതായിരുന്നു നയം. വലപ്പാടും കരയാമുട്ടത്തും സ്വന്തമായുള്ള രണ്ട് പ്രൈമറി സ്കൂളുകളിലേക്കും കാര്‍ ഓടിയിരുന്നു.
ഗ്രാമത്തില്‍ അന്നത്തെ ഒരു അദ്ഭുതക്കാഴ്ചയുമായിരുന്നു മുഹമ്മദിന്റെ കാറുകള്‍. നാടിനെ കോവിഡ് ലോക്ഡൗണിലൂടെ ഹാന്‍ഡ്ബ്രേക്കിട്ട് നിര്‍ത്തിയ കഴിഞ്ഞ മാര്‍ച്ചിലാണ് സാലിഹിന്റെ മനസ്സില്‍, കുടുംബത്തില്‍ പണ്ടുണ്ടായിരുന്ന ഏതെങ്കിലും ഒരു കാര്‍ തിരികെയെത്തിക്കണമെന്ന മോഹം മൊട്ടിട്ടത്. സഹോദരങ്ങളോടെല്ലാം കൈവശമുള്ള ഡയറികള്‍ അരിച്ചുപെറുക്കാന്‍ ഏറ്റവും ഇളയവനായ സാലിഹ് അഭ്യര്‍ഥിച്ചു.
ഊര്‍ജിതശ്രമം അങ്ങനെ തുടങ്ങി. ഉപ്പുംമുളകും വാങ്ങിയതിന്റെവരെ വിവരം പല ഡയറികളിലും കണ്ടു. ആറാമത്തെ മകള്‍ ജാസ്മിന്റെ കണ്ണിലാണ് തേടിനടന്ന നിധിയുടെ സൂചന മുഹമ്മദിന്റെ കൈപ്പടയുടെ രൂപത്തില്‍ ആദ്യം ഉടക്കിയത്: 'എഴുത്തച്ഛന്റെ കൈയില്‍നിന്ന് 1500 രൂപയ്ക്ക് കാര്‍ വാങ്ങി. 990 രൂപ കൊടുത്തു. ബാക്കി 510 രണ്ടാഴ്ചയ്ക്കകം കൊടുക്കണം'ഡി.ജി.ബി. 8213 എന്ന വണ്ടിനമ്പരും ഡയറിത്താളില്നിന്ന് കിട്ടി.
വാങ്ങിയ തീയതി കൃത്യമായി കിട്ടിയെങ്കിലും എന്നാണ് വിറ്റത് എന്നും ആര്‍ക്കാണ് കൊടുത്തതെന്നും ഡയറികളില്‍നിന്ന് കണ്ടെത്താനായിരുന്നില്ല. ഒരു കാര്യം വ്യക്തമാണ് ഈ വിവരങ്ങളും മുഹമ്മദ് എഴുതിയിട്ടുണ്ടാവണം. പക്ഷേ, നഷ്ടപ്പെട്ട ഡയറികളില്‍ ഏതോ ഒന്നിന്റെ താളുകളിലൂടെ അത് വിസ്മൃതിയിലേക്ക് പോയതാവാനാണ് സാധ്യത.
അടിസ്ഥാനകാര്യങ്ങള്‍ കിട്ടിയതോടെ ഒട്ടുംവൈകാതെ സ്റ്റുഡ്ബേക്കറുടെ വിവരങ്ങള്‍ ശേഖരിക്കാന്തുടങ്ങി. സാലിഹും മക്കളും രാജ്യത്തെ വിന്റേജ് കാറുകളുടെ സങ്കേതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇടനിലക്കാരുടെ ഇടപെടല്‍ വലിയതോതില്‍ ഉണ്ടായി.
വണ്ടി അവിടെയുണ്ട്, ഇവിടെയുണ്ട് എന്നൊക്കെയുള്ള സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. പക്ഷേ, നേരില്‍ കാണാതെ വിശ്വസിക്കില്ല എന്ന നിലപാടുമായി പ്രതീക്ഷയോടെ മുന്നോട്ട്. ഒടുവില്‍ സെപ്റ്റംബറില്‍ കാര്‍ ന്യൂഡല്‍ഹിയില്‍ ഉണ്ടെന്ന വിവരം കിട്ടി. ഉടമയെത്തന്നെ ഫോണില്‍കിട്ടി. വീഡിയോകോളില്‍ കാറിനെ കണ്ടു. ഒരു നിമിഷം കണ്ണുനിറഞ്ഞുപോയതായി സാലിഹ് ഓര്‍ത്തു.
ബാപ്പയുടെ ഓര്‍മകളുടെ നൊമ്പരവും കാര്‍ കണ്ടെത്തിയതിന്റെ സന്തോഷവും ചേര്‍ന്നുള്ള കണ്ണീരിനെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അദ്ദേഹത്തിന് ഇപ്പോഴും വിശദീകരിക്കാനാവുന്നില്ല. ആഗ്രഹം പറഞ്ഞപ്പോള്‍ ഉടമ സമ്മതിച്ചു. മോഹവിലയില്‍ പേശലുണ്ടായി. ഉറപ്പിച്ചവിലയില് കച്ചവടം. ഡല്‍ഹിയില്‍ എത്തി കാര്‍ കൊണ്ടുവരാന്‍ ലോക്ഡൗണ്‍ വിലങ്ങുതടിയായി.
ഡി.ജി.പി. ടോമിന് ജെ. തച്ചങ്കരി, നിപ്പോണ്‍ ടൊയോട്ടയിലെ അലി സഹീര്‍ തുടങ്ങി ഒട്ടേറെപ്പേരുടെ സഹായം മോഹവണ്ടിയെ നാട്ടിലെത്തിക്കാന്‍ ഉണ്ടായി. അങ്ങനെ സെപ്റ്റംബറില്‍ ഒരു കണ്ടെയ്നര്‍ ലോറിയില്‍ മലയാളമണ്ണിലേക്ക് രാജപ്രതാപിയായി കാറെത്തി. നാടുവിട്ടപ്പോള്‍ ഉണ്ടായിരുന്ന നിറം ഏതെന്ന് പഴമക്കാര്‍ക്കുപോലും ഓര്മിച്ചെടുക്കാന് കഴിഞ്ഞില്ല. എന്നാലും തിരിച്ചുവന്നപ്പോഴുള്ള ഇളംചുവപ്പല്ലായിരുന്നു അന്നത്തെ ചായം എന്ന് അവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.
എത്തിയ ഉടന്‍ കാറിനെ പരിഷ്കരിക്കുന്ന പണികള്‍ നിപ്പോണ്‍ ടൊയോട്ടയുടെ റീസ്റ്റൈലിങ് ഡിവിഷനായ ഓട്ടോ ട്രാക്കിന്റെ തൃശ്ശൂരിലെ ഷോറൂമില്‍ തുടങ്ങി. മക്കളുടെ ആഗ്രഹപ്രകാരം മേല്മൂടി മാറ്റി. പുത്തന്സീറ്റുകള് ചാര്‍ത്തി. ബോഡിക്ക് നീലനിറത്തിന്റെ ചാരുതപകര്‍ന്നു. അന്ന് കാറിന് ഇളംനീലനിറമായിരുന്നു എന്നാണ് കരുതുന്നത്.
അടിസ്ഥാനസൗന്ദര്യത്തിന് മാറ്റംവരാതെ പൂര്‍ണമായും മിനുക്കിയെടുത്തു. ഇടതുവശ ഡ്രൈവിങ്ങും വിശാലമായ ഡിക്കിയും ഒക്കെയായി വലപ്പാടന്വണ്ടി പ്രതാപംവീണ്ടെടുത്തു. ഉഗ്രന്‍ റണ്ണിങ്കണ്ടീഷനുമായി. രണ്ടാഴ്ചമുമ്പ് രണ്ടാമത്തെ മകന് അന്ഹറിനും വധു ലുലു ഫാത്തിമയ്ക്കും വിവാഹസമ്മാനമായി സാലിഹും ഭാര്യ രഹ്നയും ചേര്‍ന്ന് സ്റ്റുഡ്ബേക്കറെ കൈമാറി. അങ്ങനെ മുത്തച്ഛന്റെ അനുഗ്രഹം അനുഭവിച്ചറിഞ്ഞ്, മണവാളനും മണവാട്ടിയും പുതുജീവിതത്തിലേക്ക് യാത്രയും തുടങ്ങി.
കാറോര്‍മകള്‍
1950-കളില്‍ നാട്ടിലെ ചരല്‍പ്പാതകളിലൂടെ സ്റ്റുഡ്ബേക്കര് ഓടിയിരുന്നതിന്റെ ഓര്‍മകള്‍ വലപ്പാടും പരിസരത്തുമുള്ള ചിലരുടെ ഓര്‍മകളിലുണ്ട്.വ്യവസായപ്രമുഖനായ ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഈ കാറില്‍ സഞ്ചരിച്ചതിന്റെ വിശേഷങ്ങളാണ് പറയാനുള്ളത്. സി.പി. മുഹമ്മദും ഗള്‍ഫാര്‍ മുഹമ്മദലിയുടെ ഉമ്മയും ജ്യേഷ്ഠത്തി അനിയത്തി മക്കളാണ്.
ഗള്‍ഫാറിന്റെ അമ്മായിയുടെ വിവാഹത്തിന് ഈ കാറില്‍ 12 പേരുമായി പോയ സംഭവമാണ് അദ്ദേഹത്തിന്റെ മനസ്സില്‍ മായാതെ കിടക്കുന്നത്. കാറുടമയായിരുന്നെങ്കിലും മുഹമ്മദ് ഓടിക്കുമായിരുന്നില്ല. 12 പേരെ കയറ്റിയിട്ടും ഇരമ്പലും കരുത്തും ചേര്‍ന്നുള്ളതായിരുന്നു കാറിന്റെ അന്നത്തെ യാത്ര. മുഹമ്മദിന്റെ സന്തതസഹചാരിയായിരുന്ന ഹൈദ്രുവിനുമുണ്ട് ഒരുപിടി ഓര്‍മകള്‍ പറയാന്‍. ക്രാങ്ങന്നൂര്‍ ബിസിനസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തൃപ്രയാറിലെ പമ്പില്‍ ജോലിക്കാരന് കൂടിയായിരുന്നു ഹൈദ്രു.
പലവട്ടം സ്റ്റുഡ്ബേക്കറിന് ഇന്ധനംനിറച്ചിട്ടുള്ള അദ്ദേഹം അബ്ദുറഹ്മാന്, കുട്ടപ്പന്, ഹമീദ് എന്നീ ഡ്രൈവര്‍മാരെയും ഓര്‍ക്കുന്നു. ഡ്രൈവര്‍മാര്‍ ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മുഹമ്മദിന്റെ ബാപ്പയുടെ ജ്യേഷ്ഠന്റെ മകനായ ഹാഷിം പാണ്ടികശാലയ്ക്ക് ഓര്‍മവന്നത് ഒരു പഴയ ഇടിക്കഥയാണ്.
ഒരിക്കല്‍ കാറിന്റെ ഉരുക്ക് ബമ്പര്തട്ടിയപ്പോള്, കരുത്തുണ്ടെന്ന് അതുവരെ കരുതിയിരുന്ന മതില് ഇടിഞ്ഞുവീണു. ബമ്പര്‍ ലേശം ചളുങ്ങിയതല്ലാതെ കൂസലില്ലാത്ത മട്ടിലായിരുന്നു കാറിന്റെ മട്ട് എന്നാണ് ഹാഷിം ഓര്‍ത്തെടുത്തത്. 10 ചാക്ക് നെല്ലും നാളികേരക്കൂട്ടവുമായി ചന്ദനപ്പറമ്പില്‍ തറവാട്ടിലേക്ക് വരുന്ന ശക്തനായ ഒരു ചരക്കുവാഹനത്തിന്റെ മേലങ്കിയണിഞ്ഞ ചരിത്രവും ഈ പുരാതന വാഹനത്തിനുണ്ട്.
സ്റ്റുഡ്ബേക്കര്
അമേരിക്കയിലെ ഇന്ത്യാനയിലാണ് സ്റ്റുഡ്ബേക്കര് കമ്പനിയുടെ ആസ്ഥാനം. 1939-ലാണ് സ്റ്റുഡ്ബേക്കറിന്റെ ചാമ്പ്യന്‍ എന്ന സെഡാന് പുറത്തിറങ്ങിയത്. ഇത് 1958 വരെ വിപണിയിലുണ്ടായിരുന്നു. കമ്പനിയുടെ വിജയത്തിന് അടിസ്ഥാനമായതായിരുന്നു ചാമ്പ്യന്‍ എന്ന മോഡല്‍. വിലക്കുറവുകൊണ്ടുതന്നെ കമ്പനിയുടെ ഏറ്റവും വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഇത്. ഇതിന്റെ രണ്ടാംതലമുറ 1942-ല്‍ പുറത്തിറങ്ങി.
മൂന്നാംതലമുറ വാഹനമാണ് 1947-ല്‍ പുറത്തിറങ്ങിയത്. ചാമ്പ്യനോടൊപ്പം കമാന്‍ഡര്‍ എന്ന ഒരു പതിപ്പുകൂടി കമ്പനി ആ വര്ഷമിറക്കി. രണ്ടാംലോകയുദ്ധത്തിനുശേഷം ആദ്യമിറങ്ങിയ കാറുകളായിരുന്നു ഇവ. 80 കുതിരശക്തി നല്കുന്ന ആറ് സിലിന്‍ഡര്‍ 2.8 ലിറ്റര്‍ എന്‍ജിനായിരുന്നു ഇവയുടെ കരുത്ത്. ഇരുവശത്തേക്കും പൂര്‍ണമായും തുറക്കുന്ന ഡോറുകളായിരുന്നു പ്രത്യേകത. ചാമ്പ്യന്റെ അഞ്ചുതലമുറകളാണ് പുറത്തിറങ്ങിയത്. 1958-ല്‍ ചാമ്പ്യന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..