പ്രതീകാത്മക ചിത്രം | Photo: PTI
വഴിതെറ്റിയും നിയന്ത്രണംവിട്ടും കാറുകള്‍ വെള്ളത്തില്‍ പോകുന്ന സംഭവങ്ങള്‍ കൂടുന്നു. കാര്‍ വെള്ളത്തില്‍ വീണാല്‍ എന്തുചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അല്പം മനസ്സാന്നിധ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഈ അപകടസന്ധിയെ നേരിടാം. കാറുകള്‍ വെള്ളം കയറാത്തവയല്ല. വാതിലുകളും ചില്ലുകളും അടഞ്ഞിരിക്കുകയാണെങ്കില്‍ ഉള്ളിലേക്ക് വെള്ളം കടക്കുന്നത് സാവധാനത്തിലായിരിക്കുമെന്നു മാത്രം.
ഉള്ളില്‍ സാമാന്യം വെള്ളം കയറിക്കഴിഞ്ഞാലേ കാര്‍ മുങ്ങിത്തുടങ്ങൂ. കാറിന്റെ അടിത്തട്ടിനെക്കാള്‍ ഉയരത്തില്‍ വെള്ളമുണ്ടെങ്കില്‍ വാഹനം റോഡില്‍നിന്ന് ഉയരും. കാറിനുള്ളിലും ടയറുകളിലും വായു ഉള്ളതാണ് കാരണം. സാധാരണ കാറുകള്‍ക്ക് ശരാശരി 1200 കിലോഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂ എന്നതും ഓര്‍ക്കണം. ഒഴുക്കുള്ള വെള്ളത്തില്‍ കാറും ഒഴുകി നീങ്ങും. പിന്നീട് ഉള്ളില്‍ വെള്ളം കയറുന്നതിനനുസരിച്ച് ക്രമേണയാകും മുങ്ങുക.
റോഡിലൂടെ വെള്ളം കയറി ഒഴുകുന്നുണ്ടെങ്കില്‍ അവിടെ വാഹനം ഇറക്കരുത്. പാലവും കലുങ്കും ഉള്ള സ്ഥലങ്ങളില്‍ പ്രത്യേകശ്രദ്ധ വേണം. പെട്ടെന്ന് ഒഴുക്ക് കൂടാം.
• വെള്ളത്തിലിറങ്ങിയ കാര്‍ റോഡില്‍നിന്ന് ഉയരുന്നെന്ന് തോന്നിയാല്‍ വളരെ വേഗം വാതില്‍ തുറന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകണം.
• വാതിലിന്റെ അടിഭാഗം കുറെ മുങ്ങിക്കഴിഞ്ഞാല്‍, പുറത്തെ വെള്ളത്തിന്റെ സമ്മര്‍ദ്ദംകൊണ്ട് വാതില്‍ തുറക്കാന്‍ കഴിയില്ല. മുന്നിലെയോ പിന്നിലെയോ വശത്തെയോ ഗ്‌ളാസ് തകര്‍ത്ത് പുറത്ത് കടക്കുകയാണ് വേണ്ടത്.
• ഗ്ലാസ് പൊട്ടിക്കുന്നതിന് സീറ്റിന് മുകളിലുള്ള ഹെഡ്റെസ്റ്റ്, സീറ്റ് ബെല്‍റ്റിനൊപ്പമുള്ള ലോഹബക്കിള്‍ എന്നിവ ഉപയോഗിക്കാം. ഗ്ലാസ്സിന്റെ സൈഡിലോ, മൂലകളിലോ പ്രഹരമേല്പിക്കുക. ഒരിക്കലും മധ്യഭാഗം പൊട്ടിക്കരുത്.
• മറുസൈഡിലെ സീറ്റിലേയ്ക്ക് കിടന്ന് ശക്തിയോടെ ഇരുകാലുകള്‍കൊണ്ടും ചവിട്ടിയും ഗ്ലാസ്സ്തകര്‍ക്കാം.
• ആരോഗ്യമുള്ള മുതിര്‍ന്ന ആരെങ്കിലും ആദ്യം പുറത്തിറങ്ങുക. ആ ആളുടെ സഹായത്തോടെ കുട്ടികളെയും പ്രായം ചെന്നവരെയും ആദ്യം കാറില്‍നിന്നിറക്കി സുരക്ഷിത സ്ഥാനത്തെത്തിക്കുക.
• എല്ലാവരും സുരക്ഷിത സ്ഥാനത്തെത്തിയ ശേഷം മാത്രം വാഹനം കരയ്ക്കെത്തിക്കുന്നതിനുള്ള മാര്‍ഗം ആരായുക.
ഗൂഗിള്‍ മാപ്പ് സുരക്ഷിതമോ?
ഗൂഗിള്‍ മാപ്പ് നോക്കിയുള്ള ഡ്രൈവിങ് പൂര്‍ണമായും സുരക്ഷിതമെന്ന് കരുതരുത്. അങ്ങനെ യാത്രചെയ്ത പലരും അപകടത്തില്‍പ്പെട്ട സംഭവങ്ങളുണ്ട്. ഗൂഗിള്‍ മാപ്പ് നോക്കിയുള്ള രാത്രിയാത്രയിലാണ് കൂടുതല്‍പ്രശ്‌നങ്ങളും ഉണ്ടാകുന്നത്.
അപകടം ഒഴിവാക്കാം
നാവിഗേഷന്‍ ആപ്പുകള്‍ കാലോചിതമായി അപ്ഡേറ്റ് ചെയ്യണം. ഗൂഗിള്‍മാപ്പില്‍ പോകേണ്ട സ്ഥലം ടൈപ്പ് ചെയ്തുകൊടുത്താല്‍ എളുപ്പവഴിയായിരിക്കും കാണിക്കുന്നത്. വാഹനങ്ങള്‍ സുഗമമായി പോകുമോ എന്നകാര്യം വ്യക്തമായിരിക്കില്ല. ഗൂഗിള്‍ മാപ്പിനെക്കാള്‍ കണ്‍മുന്നിലുള്ള റോഡിനെ വിശ്വസിക്കുക. കാലാവസ്ഥാ ഘടകങ്ങളും സ്ഥലത്തിന്റെ പ്രത്യേകതകളും (നദീതീരം, മലഞ്ചെരിവ് തുടങ്ങിയവ) കണക്കിലെടുക്കുക. സംശയം വന്നാല്‍ സമീപവാസികളോട് ചോദിച്ചുമാത്രം യാത്ര തുടരുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..