കോവിഡ് ഇല്ലാതാക്കിയത് അന്‍പതാണ്ടിലേറെയായി ഒരേ പേരില്‍ സര്‍വീസ് നടത്തി ജനഹൃദയത്തിലിടം നേടിയ സ്വകാര്യ ബസിനെ കൂടിയാണ്. 1970 മുതല്‍ ചാലോട്, കുറ്റിയാട്ടൂര്‍, മയ്യില്‍-കൊളച്ചേരി കമ്പില്‍ വഴി കണ്ണൂരാസ്പത്രിലേക്ക് ഓടിയിരുന്ന 'ശ്രീജ' ബസുമായി ഒട്ടേറെപ്പേര്‍ക്കുണ്ടായത് ഉറച്ചബന്ധവും വിശ്വാസവുമായിരുന്നു. യാത്രക്കാരെ കൃത്യസമയത്ത് സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ചിരുന്ന ഈ ബസിലെ ജീവനക്കാരോടുള്ള സ്‌നേഹവും ബഹുമാനവും അഞ്ചുവര്‍ഷംമുന്‍പ് നാട്ടുകാര്‍ നാടിന്റെ ആദരമായി നല്‍കിയിരുന്നു.
സര്‍വീസ് തുടങ്ങിയതിനുശേഷം രണ്ട് ഉടമസ്ഥതയിലായി ഏഴുതവണ ബസ് മാറി. അന്‍പതുവര്‍ഷക്കാലത്തെ സര്‍വിസിനിടയില്‍ ഒരുദിവസംപോലും ട്രിപ്പ് മുടക്കിയില്ല. അറ്റകുറ്റപ്പണിനടത്താന്‍ പോകുമ്പോള്‍ പകരം ബസ് ഏര്‍പ്പാടാക്കുമായിരുന്നു. ചിറക്കലിലെ സുഗന്ധിനിലയത്തിലെ സി.എച്ച്. നാരായണനായിരുന്നു ബസിന്റെ ആദ്യ ഉടമ. ഇദ്ദേഹത്തിന്റെ അനന്തിരവളുടെ പേരായിരുന്നു ശ്രീജ.
1995-ലാണ് രണ്ടാമത്തെ ഉടമസ്ഥനായ കോവൂരെ പി.എം.മധുസൂദനന്‍ സ്വന്തമാക്കുന്നത്. മധുസൂദനന്റെ ഭാര്യയുടെ പേരും ശ്രീജയെന്നായതിനാല്‍ പേരുമാറ്റാതെ നിലനിലനിര്‍ത്തി. ആര്‍ക്കും എവിടെ വേണമെങ്കിലും ഇറങ്ങാനും സൗകര്യംചെയ്തു കൊടുക്കുന്നതിനാല്‍ ബസിനെ നാട്ടുകാര്‍ക്ക് മറക്കാനാവുകയില്ലെന്ന് കുറ്റിയാട്ടൂര്‍ നിവാസികളായ കെ.ഗംഗാധരന്‍, കെ.രാജന്‍, എം.പ്രേമരാജന്‍, സി.പി.ദാമോദരന്‍ എന്നിവര്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഏഴുമാസക്കാലം സര്‍വീസ് നിര്‍ത്തിവെക്കാനിടയായതാണ് ബസിന്റെ വില്‍പ്പനയ്ക്കിടയാക്കിയത്. ഡ്രൈവര്‍ രവി, കണ്ടക്ടര്‍ പി.എം.രാജേഷ്, ക്ലീനര്‍ സി.മോഹനന്‍ എന്നിവരും മുപ്പതുവര്‍ഷക്കാലമായി ഇതേ ബസിലെ ജിവനക്കാരായിരുന്നു. മുന്നുപേരും ഇനി മറ്റ് തൊഴിലുകള്‍ ചെയ്യാനാലോചിക്കുകയാണ്.
ലീവ് വര്‍ഷത്തില്‍ പത്തുദിവസം മാത്രം
ബസ് റൂട്ട് നിലച്ചതോടെ മറ്റ് തൊഴില്‍ അന്വേഷിക്കുകയാണ്. മുപ്പത് വര്‍ഷക്കാലത്തെ സര്‍വീസില്‍ വര്‍ഷത്തില്‍ പത്തുദിവസം മാത്രമായിരുന്നു ലീവെടുത്തത്. അതും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രം. ഓണത്തിനും വിഷുവിനും പെരുന്നാളിനും ഓട്ടംനിര്‍ത്താത്ത ബസ് എന്ന പേര് ശ്രീജയ്ക്കുണ്ടായിരുന്നു. ചാലോട്-മയ്യില്‍-പുതിയതെരു റൂട്ടിലെ ഒട്ടു മിക്ക യാത്രക്കാരുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
-രവി, (ഡ്രൈവര്‍)
എന്നും ഏറെ ഇഷ്ടപ്പെട്ട യാത്രകളിനിയില്ല
കുറ്റിയാട്ടൂരിലൂടെ ബസ് കടന്നുപോകുമ്പോള്‍ കുട്ടിക്കാലത്തും യൗവനകാലത്തും ശ്രീജ ബസില്‍ നടത്തിയ യാത്രകളുടെ ഓര്‍മകള്‍ മനസ്സിലെത്താറുണ്ടായിരുന്നു. 1972 മുതല്‍ 1980 വരെയുള്ള സ്‌കൂള്‍ജീവിതത്തിലും കോളേജ് വിദ്യാഭ്യാസകാലത്തും അവിഭാജ്യഘടകമായിരുന്നു ഈ ബസും ജീവനക്കാരും. ബസ് ഓട്ടം നിര്‍ത്തിവെച്ചത് വളരെയധികം പ്രയാസമുണ്ടാക്കുന്നു. ജോലിയില്‍നിന്ന് വിരമിച്ചിട്ടും ശ്രീജ ബസിലെ യാത്രകളായിരുന്നു ഏറെ ഇഷ്ടപ്പെട്ടത്.
എം.സുകുമാരന്‍, റിട്ട. പോസ്റ്റല്‍വകുപ്പുദ്യോഗസ്ഥന്‍
Content Highlights: Sreeja Bus Stop Service Duo To Post Corona Crisis