ബൈക്ക് റേസിങ് ട്രാക്കുകളിലെ 'പായും പുലി' സി.ഡി. ജിനന് ഇനിമുതല്‍ സ്വന്തം സ്പോര്‍ട്സ് ബൈക്കില്‍ വേഗത്തെ മറികടക്കും. ഓഫ് റോഡുകളിലെ അഭ്യാസപ്രകടനങ്ങളിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ജിനന് സ്വന്തമാക്കിയത് 'മോട്ടോക്രോസ്' കാവാസാക്കി കെ.എക്സ്. 250 സ്പോര്‍ട്സ് ബൈക്കാണ്. റേസിങ്ങിന് ഉപയോഗിക്കുന്ന ഈ പവര്‍ഫുള്‍ ബൈക്ക് കേരളത്തില്‍ സ്വന്തമാക്കുന്ന ആദ്യത്തെയാളാണ് താനെന്ന് ജിനന് അവകാശപ്പെട്ടു. ജപ്പാനില്‍ നിര്‍മിച്ച ബൈക്കിന് 7,43,000 രൂപയാണ് വില. മൂന്നുമാസം മുമ്പാണ് ചാഴൂര്‍ വെസ്റ്റ് സ്വദേശിയായ ഇദ്ദേഹം ബൈക്ക് വാങ്ങിയത്.
ഇന്ത്യയില്‍ ഈ വണ്ടി ഇറങ്ങിയിട്ടേയുള്ളൂ. നേരത്തെ ഈ ബൈക്ക് ഇന്ത്യന്‍ വിപണിയിലിറക്കുന്നതിന് ചില സാങ്കേതികപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴതില്ല. മുംബൈയില്‍നിന്ന് വാടകയ്ക്കെടുത്ത സ്പോര്‍ട്സ് ബൈക്കില്‍ മിന്നല്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച റൈഡറിപ്പോള് സന്തോഷത്തിലാണ്. ചാഴൂരെന്ന കൊച്ചുഗ്രാമത്തില്‍നിന്ന് ലോകമറിയുന്ന റൈഡറായി ജിനനെ വളര്‍ത്തിയത് ബൈക്കുകളോടുള്ള ആരാധനയാണ്. ഓഫ് റോഡ് ട്രാക്കുകളില്‍ മിന്നല്‍വേഗത്തില്‍ പായുന്ന പവര്ബൈക്കുകളായിരുന്നു ചെറുപ്പംമുതല്‍ ജിനന്റെ സ്വപ്നം. അങ്ങനെ പാഞ്ഞുപോവുന്ന മോട്ടോര്ബൈക്കുകളോട് കടുത്ത ആരാധനയായിരുന്നു.
കേരളത്തിലെ റോഡുകളിലും മൈതാനങ്ങളിലും ബൈക്കില്‍ പറന്ന ജിനനെ ആരാധകര്‍ നെഞ്ചിലേറ്റുന്നത് പതിനെട്ടാമത്തെ വയസ്സിലാണ്. ബൈക്കുകളോടുള്ള ആരാധന മൂത്തപ്പോള്‍ ബൈക്കുകളെക്കുറിച്ചും റേസിങ്ങിനെക്കുറിച്ചും സ്വയം പഠിച്ചെടുത്തു. റേസിങ്ങെന്നാല് വെറുമൊരു കായികയിനമല്ല, ജീവിതമാണ് ജിനന്. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വപ്നം. കോമേഴ്സ് ബിരുദധാരിയായ ജിനന്റെ സ്വപ്നം പ്രൊഫഷണല്‍ റൈഡറാകണമെന്നായിരുന്നു. ആള്‍ക്കൂട്ടത്തിലെ ഒരാളാവാതെ വ്യത്യസ്തനാവണം. അതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് ഈ ഫാസ്റ്റസ്റ്റ് റൈഡര്‍. അങ്ങനെ വിദേശത്തെ മണ്ണില്‍ ഇന്ത്യക്കാരന് വെന്നിക്കൊടി പാറിച്ചു.
ഇരുപത് വര്‍ഷമായി ബൈക്ക് റേസിങ്ങിനോട് കൂട്ടുകൂടിയിട്ട്. ഇപ്പോള്‍ ദുബായ് കാവാസാക്കിയുടെ ഔദ്യോഗിക റൈഡറാണ്. പത്തുവര്‍ഷമായി കുടുംബമൊത്ത് ദുബായിലാണ്. പൊതുവേ മലയാളികള്‍ റേസിങ് മേഖലയില്‍ വരാത്തതിനാല്‍ ജിനന്റെ നേട്ടങ്ങള്‍ക്ക് സുവര്ണത്തിളക്കമാണുള്ളത്. പല മത്സരങ്ങളിലും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി. 2001 മുതല്‍ 2006 വരെ ഇന്ത്യന്‍ നാഷണല്‍ മോട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിരുന്നു. 2010ല്‍ ഫുജൈറയിലും 2012ല്‍ ദുബായിലും അം അല്ക്വിനിലും നടന്ന ഇന്റര്‍നാഷണല്‍ മോട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ജിനന്.
ഇവിടെ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. 2016ല്‍ അബുദാബിയില്‍ നടന്ന ലിവ ഇന്റര്‍നാഷണല്‍ മോട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പിലും സെക്കന്‍ഡ് റണ്ണറപ്പായി. ഇന്ത്യയില്‍ നടന്ന 25ലധികം ഗള്‍ഫ് ഡേര്‍ട്ട് ട്രാക്കില്‍ വിജയിയായി. ഇന്ത്യയില്‍തന്നെ നടന്ന 300 മോട്ടോക്രോസ്, ഡേര്‍ട്ട് ട്രാക്ക്, സൂപ്പര്‍ക്രോസ് റേസുകളില്‍ പങ്കെടുത്തു. കര്‍ണാടക കെ. 1000 റാലിയില്‍ വിജയം നേടി. 2004ല്‍ നടന്ന ഹിമാലയന്‍ റാലിയില്‍ ഫാസ്റ്റസ്റ്റ് റൈഡര്‍.
കഴിഞ്ഞ ഏപ്രില്‍ 16ന് ഗോവയില്‍ നടന്ന എം.ആര്.എഫ്. സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു റേസില്‍ ഒന്നാം സ്ഥാനവും ഒരു റേസില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂലായ് 2ന് കോയമ്പത്തൂരിലും സെപ്റ്റംബര്‍ 17ന് ജയ്പുരും ഒക്ടോബര്‍ 8ന് കൊച്ചിയിലും നവംബര്‍ 26ന് ബെംഗളൂരുവിലും ഡിസംബര്‍ 3ന് പുണെയിലും നടക്കുന്ന റേസിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ ജിനന് പങ്കെടുക്കും. മുമ്പ് സ്പോണ്സര്ഷിപ്പുണ്ടായിരുന്നുവെങ്കിലും ദുബായില്‍ പോയതിന് ശേഷം സ്വന്തം കൈയില്‍നിന്ന് പണമെടുത്താണ് മറ്റു ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത്.
ചിത്രങ്ങള്‍: ഫേസ്ബുക്ക് (ജിനന് പേജ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..