കോവിഡ് വാക്‌സിനേഷനെക്കുറിച്ചുള്ള ബോധവത്കരണത്തിന് ഓട്ടോറിക്ഷ കളത്തിലിറക്കി ചെന്നൈ കോര്‍പ്പറേഷന്‍. കലാകാരന്മാരുടെ സഹായത്തോടെ ഒരു ഓട്ടോറിക്ഷയെ രൂപംമാറ്റിയെടുത്താണ് ബോധവത്കരണം. ഈ ഓട്ടോയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 

കോവിഡിനെയും വാക്‌സിനേഷനെയും സൂചിപ്പിക്കുന്ന രൂപങ്ങള്‍ ഓട്ടോയിലുണ്ട്. ചുറ്റും സിറിഞ്ചുകളും മുകളില്‍ വാക്‌സിന്‍ കുപ്പിയുടെ മാതൃകയും. കാഴ്ചയില്‍ത്തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഓട്ടോയില്‍ ഉച്ചഭാഷിണിയിലൂടെ വാക്‌സിനെടുക്കണമെന്ന ബോധവത്കരണ സന്ദേശവും മുഴങ്ങുന്നു. വൊളന്റിയര്‍മാര്‍ ലഘുലേഖകളും വിതരണം ചെയ്യുന്നു.

നഗരത്തിലാകെ ഈ ഓട്ടോറിക്ഷ കറങ്ങിനടന്ന് പ്രചാരണം നടത്തുന്നുണ്ട്. നഗരവാസികളെ വാക്‌സിനേഷന്‍ ക്യാമ്പുകളിലേക്ക് ആകര്‍ഷിക്കാനും വാക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനുമാണ് പ്രചാരണം നടത്തുന്നത്. ആര്‍ട്ട് കിങ്ഡം എന്ന കലാ സംഘടനയുമായി സഹകരിച്ചാണ് കോര്‍പ്പറേഷന്‍ ഈ പ്രചാരണപരിപാടി നടപ്പാക്കിയത്. 

പത്തുദിവസത്തോളമെടുത്താണ് മോടിപിടിപ്പിക്കല്‍ തീര്‍ത്ത് വാക്‌സിന്‍ ഓട്ടോ റോഡിലിറക്കിയത്. രണ്ടാഴ്ചയായി ഓട്ടോ നഗരത്തിലെ നിരത്തുകളിലുണ്ട്. പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണുള്ളതെന്ന് ഓട്ടോ രൂപകല്പന ചെയ്ത ബി. ഗൗതം പറഞ്ഞു. കോവിഡിന്റെ ഒന്നാം വ്യാപനകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചെന്നൈ പോലീസിന്റെ കൊറോണ ഹെല്‍മെറ്റ് രൂപകല്പന ചെയ്തതും ഗൗതമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

Content Highlights: Specially Modified Auto For Covid Vaccination Campaign