സാധാരണമല്ല ഈ സൈക്കിളിന്റെ പ്രധാനഭാഗങ്ങളൊന്നും. ചങ്ങല ചുറ്റുന്നത് അറുപത് പല്ലുള്ള വലിയ ക്രാങ്കിലാണ്. കപ്പിനുള്ളിലെ ബോളുകള്‍ക്ക് പകരം സെന്റര്‍ ബെയറിങ്. ഡൈനാമോ ഘടിപ്പിച്ച വെളിച്ചം കൂടിയ ടോര്‍ച്ച് സ്റ്റീല്‍ കൊണ്ട് പൊതിഞ്ഞ ഹെഡ് ലൈറ്റ്. തുരുമ്പിക്കാത്തതും തിളങ്ങുന്നതുമായ സ്റ്റീല്‍ മഡ് ഗാര്‍ഡുകള്‍. പെഡലുകള്‍ക്കും സ്റ്റീല്‍ കവര്‍. ബലമുള്ള കാരിയര്‍. വീലുകളുടെ നടുവില്‍ തകരഷീറ്റ് വെട്ടിയെടുത്തുള്ള അലങ്കാരം. സാധനങ്ങള്‍ ഇട്ടുസൂക്ഷിക്കാന്‍ നടുഭാഗത്തെ തണ്ടില്‍ പ്രത്യേകമുണ്ടാക്കിയ തകരപ്പെട്ടി. 

ഇങ്ങനെ ധാരാളമുണ്ട് രാമകൃഷ്ണന് ഈ സ്വന്തം സൈക്കിള്‍ ചൂണ്ടിപ്പറയാന്‍. എല്ലാം സ്വയം ആലയില്‍ പണിതെടുത്തതാണെന്ന് പറയുമ്പോള്‍ മുഖത്തൊരു ഗമ വിടരും. നാലരപ്പതിറ്റാണ്ടായി സൈക്കിളില്‍ മാത്രം യാത്രചെയ്യുന്ന രാമകൃഷ്ണന്‍ എറണാകുളം, വൈപ്പിന്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലേക്കും നാടായ നാടൊക്കെയുള്ള ഉത്സവങ്ങള്‍ക്കുമെല്ലാം സവാരി പോകാറുണ്ട്.

അച്ഛന്‍ നാരായണന്‍ കാര്‍ഷികായുധങ്ങളും തൊഴിലുപകരണങ്ങളുമൊക്കെ ഇരുമ്പുരുക്കിയുണ്ടാക്കുന്നതിനിടെ രാമകൃഷ്ണന്റെ പരീക്ഷണശാലയായി ആല. ആദ്യമൊക്കെ ഇങ്ങനെ നിര്‍മിക്കുന്ന 'കസ്റ്റമൈസ്ഡ് സൈക്കിളു'കള്‍ ആവശ്യക്കാര്‍ക്ക് കൊടുക്കാറുണ്ട്. സാധാരണ 43 പല്ലുകളുള്ള സൈക്കിള്‍ക്രാങ്കിനു പകരം വലിയത് നിര്‍മിക്കാന്‍ 60 പല്ലുകളും രാമകൃഷ്ണന്‍ തന്നെ രാകിയുണ്ടാക്കി. 

ചവിട്ടുമ്പോഴത്തെ ആയാസം കുറയ്ക്കാനാണ് ക്രാങ്കിന്റെ വലുപ്പം കൂട്ടിയത്. വീടിനോടു ചേര്‍ന്നുള്ള ആലയിലിരുന്ന് തീപെരുക്കി പതിനാറാംവയസ്സുമുതല്‍ രാമകൃഷ്ണന്‍ ചെയ്തുതുടങ്ങിയതാണ് ഇത്തരം സൂത്രപ്പണികള്‍. മൂന്നരപ്പതിറ്റാണ്ടുമുന്‍പ് താനുണ്ടാക്കിയ ഈ സൈക്കിളിലാണ് അറുപത്തൊന്നുകാരന്‍ രാമകൃഷ്ണന്‍ ഇപ്പോഴും യാത്രയ്ക്കിറങ്ങുന്നത്.

Content Highlights: Specially Designed Cycle, Hand Made Modifications, Cycles