സോളാറില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതിക്കാറുമായി ഏഴാം ക്ലാസുകാരന്‍. കാറിനു പുറത്തുള്ള സൗരപാനലും വൈദ്യുതി സംഭരിക്കാനുള്ള ബാറ്ററിയുമാണ് പ്രധാന ഭാഗങ്ങള്‍. നങ്ങ്യാര്‍കുളങ്ങര എസ്.എന്‍.ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും അകംകുടി മണിമംഗലത്ത് കിഴക്കതില്‍ വിനോദിന്റെയും പ്രിയയുടെയും മകനുമായ വിഷ്ണു വിനോദാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. അഞ്ചര മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ബുധനാഴ്ച രാവിലെയാണ് കാര്‍ ഓടിച്ചുതുടങ്ങിയത്.

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നിലായിരുന്നു കന്നിയോട്ടം. 75,000 രൂപയോളമാണ് നിര്‍മാണച്ചെലവ്. ഒറ്റനോട്ടത്തില്‍ കാറിന്റെ കെട്ടുംമട്ടുമില്ലെങ്കിലും വിഷ്ണുവിന്റെ കാര്‍ അദ്ഭുതപ്പെടുത്തുന്നതാണെന്ന് കന്നിയോട്ടത്തിനു സാക്ഷിയായ കായംകുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു എന്‍. കുഞ്ഞുമോന്‍ പറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടുചെയ്യാനും മുന്നോട്ടും പിന്നോട്ടും ഓടിക്കാനും സ്വിച്ചുകളുണ്ട്. ശബ്ദം തീരെയില്ല. സ്റ്റിയറിങ് തിരിച്ച് ഓടിച്ചുപോകാം.

ലോക്ഡൗണ്‍കാലത്ത് വീട്ടിലിരുന്നു മടുത്തപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിച്ചാണ് വിഷ്ണു ആദ്യം വിസ്മയിപ്പിച്ചത്. സാധാരണ സൈക്കിളില്‍ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ചായിരുന്ന വൈദ്യുതിസ്‌കൂട്ടര്‍ നിര്‍മിച്ചത്. ഇപ്പോഴും അകംകുടിയിലെ നാട്ടുവഴികളിലൂടെ വിഷ്ണു ഈ സ്‌കൂട്ടറില്‍ പോകാറുണ്ട്.

12 വോള്‍ട്ടും 100 വാട്‌സും ശേഷിയുള്ള സൗരപാനലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് 48 വോള്‍ട്ടിലേക്ക് ഉയര്‍ത്താനുള്ള ഉപകരണവും ഘടിപ്പിച്ചിട്ടുണ്ട്. 48 വോള്‍ട്ടിന്റെ മോട്ടോറാണുള്ളത്. സൗരപാനലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പലരും സ്‌പോണ്‍സര്‍ചെയ്തതാണ്.

ആക്രിക്കടകളില്‍നിന്നും മറ്റുമായി ശേഖരിച്ച ഭാഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. വര്‍ക്​ഷോപ്പുകാരുടെ സഹായത്തോടെ ഷാസിയാണ് ആദ്യം നിര്‍മിച്ചത്. പിന്നീട് കടകളില്‍നിന്ന് ഉപയോഗമില്ലാത്ത സ്റ്റിയറിങ്ങും മറ്റും വാങ്ങി. മോട്ടോറും അനുബന്ധഭാഗങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നാണ് സംഘടിപ്പിച്ചത്.

കുട്ടികളാണെങ്കില്‍ രണ്ടുപേര്‍ക്ക് സുഖമായി യാത്രചെയ്യാം. മുറ്റത്തും തൊട്ടടുത്തെ പുരയിടത്തിലുമായി വണ്ടിയുടെ ഓട്ടം പരിമിതപ്പെടുത്തും. മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരമുള്ള വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളൂവെന്ന നിയമമുള്ളതിനാലാണിത്.

Content Highlights: Solar electric car developed by seven standard student in Alappuzha, Solar Car