സ്വകാര്യ ബസുകളെ ഒരുമിപ്പിച്ച് രൂപവത്കരിച്ച സംസ്ഥാനത്തെ ബസ് കൂട്ടായ്മയ്ക്കു മുന്നോട്ടുള്ള കുതിപ്പിന് അധികൃതരുടെ പിന്തുണ വേണം. കോവിഡും ലോക്ഡൗണുമെല്ലാം ബസ് കൂട്ടായ്മയെയും ബാധിച്ചു. കോവിഡിനു മുമ്പുള്ള കാലയളവില്‍ ഏഴു കൂട്ടായ്മകളിലായി എറണാകുളം ടൗണില്‍ 985 ബസുകള്‍ ഉണ്ടായിരുന്നു. ജില്ലയിലാകെ 2400 ബസും. ഇതില്‍ ചുരുക്കം ബസുകള്‍ മാത്രമാണിപ്പോള്‍ സര്‍വീസ് നടത്തുന്നതെന്ന് ബസ് കൂട്ടായ്മകളിലൊന്നായ കൊച്ചി വീല്‍സ് യുണൈറ്റഡിന്റെ പ്രതിനിധി കെ.എം. നവാസ് പറഞ്ഞു.

നഗരത്തില്‍ 300 ബസുകള്‍ മാത്രമാണുള്ളത്. ജില്ലയില്‍ മൊത്തം 750 ബസുകളുമാണ് സര്‍വീസ് നടത്തുന്നതെന്ന് നവാസ് പറഞ്ഞു. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ക്യാമറ, മെട്രോയുടെ സ്മാര്‍ട്ട് ടിക്കറ്റായ കൊച്ചി വണ്‍ കാര്‍ഡ് സ്വീകരിക്കുന്നതിനുള്ള സൗകര്യം എന്നിവയും പല ബസുകളിലുമുണ്ടായിരുന്നു. ബസുകളെ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം. 300 ബസുകളിലുണ്ടായിരുന്ന സ്മാര്‍ട്ട് ടിക്കറ്റിങ് സംവിധാനം ഇപ്പോള്‍ 80 ബസുകളിലേക്ക് ചുരുങ്ങി.

ബസുകളെ ഏകോപിപ്പിച്ച് മെട്രോയ്ക്ക് അനുബന്ധമായി ബസ് കമ്പനി രൂപവത്കരിക്കാനുള്ള നിര്‍ദേശം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് (കെ.എം.ആര്‍.എല്‍.) മുന്നോട്ടുെവച്ചത്. പ്രൈവറ്റ് ബസുകളെ ഒരുമിപ്പിച്ച് കമ്പനിയാക്കാനാണ് ആദ്യം കെ.എം.ആര്‍.എല്‍. ആവശ്യപ്പെട്ടത്. പല ആശയങ്ങളില്‍ വിശ്വസിക്കുന്നവരായതിനാല്‍ ഒരു കമ്പനിയെന്ന നിര്‍ദേശം നടപ്പായില്ല. ഏഴ് കൂട്ടായ്മകളുണ്ടാക്കി. ഇത് ഒരുമിപ്പിച്ച് ഒറ്റ കമ്പനിയാക്കണമെന്ന നിര്‍ദേശം കെ.എം.ആര്‍.എല്‍. വീണ്ടും മുന്നോട്ടുവച്ചെങ്കിലും നടപ്പാക്കാനായിട്ടില്ല.

ബസ് കൂട്ടായ്മകള്‍

കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റി, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ്, കൊച്ചി വീല്‍സ് യുണൈറ്റഡ്, മൈ മെട്രോ, മുസിരിസ്, പ്രതീക്ഷ ബസ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട്.

പ്രശ്നങ്ങള്‍

  • യാത്രക്കാര്‍ കുറവായതിനാല്‍ ബസ് സര്‍വീസ് നഷ്ടത്തിലാണ്. സര്‍ക്കാരില്‍നിന്നു പിന്തുണ വേണം.
  • സ്മാര്‍ട്ട് ടിക്കറ്റിങ് എന്ന പേരില്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നീക്കമുണ്ട്. യാത്രക്കാരെ കാര്‍ഡ് വാങ്ങാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ കെ.എം.ആര്‍.എല്ലും നടപ്പാക്കണം. വാര്‍ഷിക ഫീസ്, സര്‍വീസ് ചാര്‍ജ് ഇനത്തില്‍ യാത്രക്കാര്‍ക്ക് നല്ല തുക നഷ്ടമാകുന്നുണ്ട്. അതൊഴിവാക്കണം.

ലക്ഷ്യമിട്ടത്

പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് കൂട്ടായ്മ രൂപവത്കരിച്ചത്. കൊച്ചിയില്‍ തുടങ്ങിയ പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. ബസ് കൂട്ടായ്മ തുടങ്ങുന്നതിന് അനുബന്ധമായി വിപുലമായ സര്‍വേ ഉള്‍പ്പെടെ നടത്തിയിരുന്നു. നഗരത്തിലും വിശാല കൊച്ചിയിലുമായി 773 റൂട്ടുകളിലേക്ക് ബസ് സര്‍വീസുള്ളതായി അന്ന് കണ്ടെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയായിരുന്നു ഈ കണക്ക്. 

മെട്രോയും അനുബന്ധ റൂട്ട് ക്രമീകരണവുമെല്ലാമാകുമ്പോള്‍ ഇത് 362 ആയി ചുരുങ്ങുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. വിശാല കൊച്ചി മേഖലയില്‍ 49 ശതമാനം പേര്‍ പൊതുഗതാഗതം ഉപയോഗിക്കുന്നുവെന്നും ഓരോ വര്‍ഷവും ഇതില്‍ മൂന്നു ശതമാനത്തിന്റെ കുറവു വരുന്നുവെന്നുമായിരുന്നു പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍. ഇതെല്ലാം മുന്‍നിര്‍ത്തിയായിരുന്നു ബസ് കൂട്ടായ്മ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍.

Content Highlights: Smart Bus Project In Kochi, Private Bus Sector, Bus Groups