പ് അധിഷ്ഠിത ടാക്‌സികള്‍ നഗരവാസികള്‍ക്കിന്ന് പുതുമയല്ല. ജീവിതത്തിന്റെ ഭാഗം തന്നെയാണത്. എന്നാല്‍ ആപ് അധിഷ്ഠിത സൈക്കിളും ഇപ്പോള്‍ ഡല്‍ഹിയില്‍ തയ്യാറായിക്കഴിഞ്ഞു. സ്മാര്‍ട്ട് ബൈക്കുകള്‍ എന്ന പേരില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങിയ സൈക്കിളുകള്‍ യുവാക്കളെ ആകര്‍ഷിക്കുമെന്നുറപ്പ്. 

ഊബറും ഓലയും പോലുള്ള ആപ് ടാക്‌സികള്‍ നമ്മള്‍ വിളിക്കുന്നിടത്തേക്ക് പാഞ്ഞെത്തുകയാണ് ചെയ്യുകയെങ്കില്‍ സ്മാര്‍ട്ട് ബൈക്കുകള്‍ അങ്ങനെയല്ല. അവ നിര്‍ത്തിയിട്ടിരിക്കുന്ന പ്രത്യേക കേന്ദങ്ങളില്‍ നമ്മള്‍ എത്തണം. പിന്നെ ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് നിശ്ചിതവാടക നല്‍കി സൈക്കിളില്‍ കറങ്ങാം. മറ്റേതെങ്കിലും സ്മാര്‍ട്ട് ബൈക്ക് കേന്ദ്രത്തില്‍ സൈക്കിള്‍ തിരിച്ചെത്തിക്കുകയും വേണം.

എന്താണ് സ്മാര്‍ട്ട് ബൈക്ക്?

സാധാരണ സൈക്കിളിന് പിന്നില്‍ ഒരു പെട്ടി ഘടിപ്പിച്ചതുപോലെയാണ് ഒറ്റനോട്ടത്തില്‍. എന്നാല്‍ ആ പെട്ടിയില്‍ ഒരുപാട് കാര്യങ്ങളുണ്ട്. കംപ്യൂട്ടര്‍ മുതല്‍ ജി.പി.എസ്. വരെ അടങ്ങുന്നതാണത്. ചവിട്ടി ഓടിക്കുന്നതനുസരിച്ച് സ്വയം ചാര്‍ജാകുന്ന ബാറ്ററികളും സൈക്കിളില്‍ ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് ഗിയറുകളും ബൈക്കിനുണ്ട്. അപ്പോള്‍ പോവുകയല്ലേ? 

ആപ് ഡൗണ്‍ലോഡ് ചെയ്യൂ, സ്മാര്‍ട്ട് ബൈക്ക് സ്റ്റേഷനിലേക്ക് പോകൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www. smartbikemobility.com/ info@smartbikemobility.com. അല്ലെങ്കില്‍ 01126887788 നമ്പറില്‍ വിളിക്കാം

ഉപയോഗം എങ്ങനെ?

ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍നിന്നോ സ്മാര്‍ട്ട് ബൈക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് സൈക്കിള്‍ ലഭിക്കുന്ന സ്ഥലങ്ങളിലെത്തുക. സൈക്കിളിന്റെ പിന്നിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ഇതോടെ നാലക്കങ്ങളുള്ള കോഡ് ലഭിക്കും. സൈക്കിളില്‍ ഈ കോഡ് ടൈപ്പ് ചെയ്തശേഷം റെന്റ് എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. തുടര്‍ന്ന് ഫോര്‍ക്ക് ലോക്ക് തുറന്ന് സൈക്കിളുമായി പോകാം. 

ആവശ്യത്തിന് ഉപയോഗിച്ചശേഷം ഏതെങ്കിലും സ്മാര്‍ട്ട് ബൈക്ക് സ്റ്റേഷനുകളില്‍ തിരിച്ചെത്തിക്കണം. ബൈക്കിലെ കംപ്യൂട്ടറില്‍ ഒ.കെ. അമര്‍ത്തിയശേഷം ഫോര്‍ക്ക് ലോക്ക് അടയ്ക്കുക. തുടര്‍ന്ന് ബൈക്ക് കംപ്യൂട്ടറില്‍ നിന്ന് കണ്‍ഫര്‍മേഷനായി കാത്തിരിക്കുക.

സ്മാര്‍ട്ട് ബൈക്കിന്റെ വാടക

നഗരത്തില്‍ കൊണാട്ട് പ്ലേസ്, കെ.ജി. മാര്‍ഗ്, പട്ടേല്‍ ചൗക്ക് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ബൈക്ക് സെന്ററുകളുണ്ട്. ആദ്യ അരമണിക്കൂര്‍ യാത്ര സൗജന്യമാണ്. പിന്നീടുള്ള അര മണിക്കൂറിന് പത്ത് രൂപ. ഒരു മണിക്കൂറിന് 15 രൂപയും രണ്ട് മണിക്കൂറിന് 20 രൂപയുമാണ് നിരക്ക്. 

പിന്നീടുള്ള മണിക്കൂറുകള്‍ക്ക് ഇതനുസരിച്ച് വാടക കൂടിക്കൊണ്ടിരിക്കും. ഇതുകൂടാതെ, ഒരാഴ്ചത്തേക്കോ മാസത്തേക്കോ സ്മാര്‍ട്ട് ബൈക്ക് കൊണ്ടുപോകാവുന്നതാണ്. ഒരാഴ്ചത്തേക്ക് 199 രൂപയും ഒരു മാസത്തേക്ക് 399 രൂപയുമാണ് വാടക. മൂന്ന് മാസത്തേക്ക് 599 രൂപ, ഒരു വര്‍ഷത്തേക്ക് 1999 രൂപ എന്നിങ്ങനേയാണ് വാടക നിരക്ക്.

Content Highlights: Smart Bike In Delhi