ഡ്രൈവറില്ലാ വണ്ടി 'സ്‌കൈ പോഡ്' അധികം വൈകാതെ ഷാര്‍ജയുടെ ആകാശത്തിലൂടെ പായും. സാമ്പ്രദായിക രീതികളില്‍നിന്ന് വ്യത്യസ്തമായുള്ള ആകാശവാഹനത്തിന്റെ പരീക്ഷണയോട്ടം അവസാനിക്കാറായി. നൂതന സാങ്കേതിക രീതികള്‍ അനുനിമിഷവും വളര്‍ന്നുകൊണ്ടിരിക്കുന്ന യു.എ.ഇ.യില്‍ പൊതുഗതാഗതത്തിന് പുതുവഴി തുറക്കുകയാണ് സ്‌കൈ പോഡ് പദ്ധതിയിലൂടെ. 

കേബിളില്‍ കൊളുത്തിയിട്ട പോഡുകളിലൂടെയുള്ള ഗതാഗതം യാത്രചെയ്യാന്‍ മാത്രമല്ല ചരക്കുനീക്കത്തിനും ഗുണകരമാവും. ഷാര്‍ജ റിസര്‍ച്ച് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്കിലാണ് സ്‌കൈ പോഡുകളുടെ പരിശീലന പറക്കല്‍ നടക്കുന്നത്. ഭാവിയില്‍ യാത്രചെയ്യാനും ചരക്കുനീക്കത്തിനും കൂടുതല്‍ സൗകര്യം ജനങ്ങള്‍ക്ക് നല്‍കുകയാണ് സ്‌കൈവേ പദ്ധതിയിലൂടെ ഷാര്‍ജ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

വിവിധ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധര്‍ പദ്ധതി വിലയിരുത്തുന്നുണ്ട്. പരീക്ഷണ പറക്കലില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഭാഗമായിരുന്നു. സ്‌കൈപോഡ് പദ്ധതിയുടെ സുരക്ഷാപരിശോധനയും പുരോഗമിക്കുകയാണ്. റഷ്യന്‍ കമ്പനിയായ സ്‌കൈവേ ടെക്നോളജിയാണ് ഷാര്‍ജയുടെ ആകാശത്ത് കുഞ്ഞന്‍ വിമാനം പറക്കുന്നതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 

ഷാര്‍ജ സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള സ്‌കൈപോഡ് പദ്ധതി മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തും. നിലവില്‍ 2.4 കിലോമീറ്റര്‍ ലൈന്‍ സജ്ജീകരിച്ചാണ് പരീക്ഷണയോട്ടം നടത്തുന്നത്. ദൈര്‍ഘ്യമേറിയ പുതിയ ലൈനുകള്‍ ഭാവിയില്‍ ഒരുക്കാനും പദ്ധതിയായി. അന്തരീക്ഷത്തിലെ കനത്ത ചൂടും പൊടിക്കാറ്റും അതിജീവിക്കാനും ഈ കേബിള്‍ കാറിന് സാധിക്കും. 

സ്‌കൈപോഡ് റെയിലില്‍ മണല്‍ക്കാറ്റില്‍ പൊടിപടലം തങ്ങി തടസ്സമാകാതിരിക്കാന്‍ കേബിള്‍ കാറിനുമുകളില്‍ പ്രൊപ്പല്ലര്‍ സ്ഥാപിക്കും. പ്രത്യേക കേന്ദ്രത്തില്‍നിന്ന് സ്‌കൈപോഡ് പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കും. ഷാര്‍ജ എയര്‍പോര്‍ട്ട് മുതല്‍ മുവൈല വരെയായിരിക്കും ആദ്യ സര്‍വീസ് നടത്തുക. 

വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളും താമസയിടങ്ങളും ഈ ഭാഗത്ത് കൂടുതലുള്ളതിനാലാണ് ഇവിടം പ്രഥമ സര്‍വീസ് നടത്താനൊരുങ്ങുന്നത്. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും റോഡില്‍ ഗതാഗതം കുറയ്ക്കാനും സ്‌കൈപോഡ് പദ്ധതിയിലൂടെ സാധിക്കും. ഷാര്‍ജയിലെ പുതിയ ഗതാഗത വിപ്ലവം ക്രമേണ യു.എ.ഇ. മുഴുവന്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

Content Highlights: Skypod Driverless Vehicle Service To Start In Sharjah