പുരുഷന്മാരുടെ കുത്തകയാണ് ആംബുലന്‍സ് ഡ്രൈവിങ്. മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അപൂര്‍വമാണ്. എന്നാല്‍, ആംബുലന്‍സ് ഡ്രൈവിങ് മേഖലയിലേയ്ക്ക് ഭയമില്ലാതെ കടന്നുവന്നിരിക്കുകയാണ് കട്ടപ്പന അസീസി സ്‌നേഹാശ്രമത്തിലെ സിസ്റ്റര്‍ ആന്‍ മരിയ.

ജപമാല പിടിക്കുന്ന കൈകളില്‍ ആംബുലന്‍സിന്റെ ഈ വളയവും ഭദ്രമാണ്. ആന്ധ്ര, ഊട്ടി, ഉജൈന്‍ എന്നിവിടങ്ങളില്‍ നഴ്സായിരുന്ന ആന്‍മരിയ സിസ്റ്റര്‍ 16 വര്‍ഷമായി ആകാശപ്പറവയിലെ അന്തേവാസികളെ ശുശ്രൂഷിക്കുന്നു. 

13 വര്‍ഷം മുമ്പാണ് സിസ്റ്റര്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്നത്. എന്നാല്‍, ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് സ്വന്തമാക്കി എന്നല്ലാതെ താന്‍ ഒരു ആംബുലന്‍സ് സാരഥിയാവുമെന്ന് സിസ്റ്റര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ആശ്രമത്തിലെ അടിയന്തിര ഘട്ടങ്ങളില്‍ തന്റെ സേവനം ആവശ്യമായി വന്നപ്പോളാണ് സിസ്റ്റര്‍ ആംബുലന്‍സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിയത്. ആശ്രമത്തിലെ ഫാ. ഫ്രാന്‍സീസ് ഡൊമിനിക്കും, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനീറ്റയും പ്രൊത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു. 

67 വയസുള്ള സിസ്റ്റര്‍ കട്ടപ്പനയില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടരമണിക്കൂര്‍ കൊണ്ടെത്തും. ദൈവാനുഗ്രഹത്താല്‍ ഇന്നുവരെ ഒരു അപകടംപോലും ഉണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ പറയുന്നു. ഓരോയാത്രയും ഒരുജീവന്‍ രക്ഷിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെ തന്റെദൗത്യം പൂര്‍ത്തിയാക്കുകയാണ് സിസ്റ്റര്‍ ആന്‍ മരിയ.

Content Highlights: Sister Ann Mariya Drives Ambulance