കാഴ്ചയില്‍ ടയറുകളില്ലാത്ത ഒരു വാഹനം. എന്നാല്‍ അകത്തു കയറി വളയം പിടിച്ചാല്‍ സംഭവം ആകെ മാറും. ആ ലെവല്‍ ഡ്രൈവിങ് അനുഭവമാണ് കാക്കനാട് സിവില്‍ സ്റ്റേഷനിലെ സിമുലേറ്റര്‍ സമ്മാനിക്കുന്നത്. ഒരു ഹെവി വാഹനത്തിന്റെ ഡ്രൈവിങ് കാബിനില്‍ എന്തെല്ലാം ഉണ്ടോ അതെല്ലാം ഇവിടെയുമുണ്ട്. വെറുതെ കാണാന്‍ മാത്രമുള്ളതല്ല. എല്ലാത്തിനും അതിന്റെതായ ഉപയോഗവും ഉണ്ട്. അതു നോക്കാതെ വണ്ടി പറപ്പിച്ചാല്‍ ഹെവി ലൈസന്‍സ് കിട്ടാനുള്ള കാത്തിരിപ്പ് നീളും. അതൊക്കെ പിന്നീടാണു മനസ്സിലായതെന്നു മാത്രം. സിവില്‍ സ്റ്റേഷനില്‍ പുനഃസ്ഥാപിച്ച സിമുലേറ്ററില്‍ ഡ്രൈവിങ് പ്രാക്ടീസ് ചെയ്യാന്‍ എത്തിയതാണു ലേഖകന്‍. ഹെവി ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നവര്‍ക്കു മാത്രമാണ് സിമുലേറ്റര്‍ ഡ്രൈവിങ് പരിശീലനം.

കംപ്യൂട്ടര്‍ പിടികൂടും

ആദ്യം പേരു രജിസ്റ്റര്‍ ചെയ്തു. ബേസിക് മുതല്‍ അഡ്വാന്‍സ് വരെ പലതരം ഡ്രൈവിങ് ഉണ്ട്. തുടക്കക്കാരന്‍ ആയതിനാല്‍ ബേസിക് തിരഞ്ഞെടുത്തു. ഫ്രീ ഡ്രൈവിങ്ങും ക്ലച്ച് ഡ്രൈവിങ്ങും ഉണ്ടെങ്കിലും ഫ്രീ ഡ്രൈവ് ചെയ്യാനായിരുന്നു തീരുമാനം. വണ്ടിക്ക് പ്ലാറ്റ്‌ഫോം ഒന്നുമില്ല. പക്ഷേ ലോഡ് കയറ്റിയും ഡ്രൈവ് ചെയ്യാം. ലോഡിന്റെ ഭാരം നമുക്കു തീരുമാനിക്കാം. ലോഡ് കൂടുമ്പോള്‍ വണ്ടി കയറ്റം കയറാന്‍ ബുദ്ധിമുട്ടും. അതിനാല്‍ അത് ഒഴിവാക്കി. 

ഡ്രൈവിങ് സീറ്റില്‍ ഇരുന്നു വാഹനം ഓക്കെ ആണോ എന്ന് നോക്കണം. ഗിയര്‍ ലിവര്‍ പിടിച്ച് വണ്ടി ന്യൂട്രല്‍ ആക്കി. എല്ലാം ഓക്കെ ആണെങ്കില്‍ കീ തിരിക്കാം. എന്തെങ്കിലും വിട്ടുപോയാല്‍ കംപ്യൂട്ടര്‍ കൈയോടെ പൊക്കും എന്ന് ഓര്‍മ വേണം. കീ തിരിച്ചതോടെ ഹെവി വാഹനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആയി. വാഹനത്തിനാകെ ഒരു വിറയല്‍. വീഡിയോ ഗെയിം സ്റ്റേഷനിലെ കളിയല്ല കാര്യം എന്നു പിടികിട്ടി.

മുന്നിലേക്കും റിയര്‍വ്യൂ മിററിലൂടെ പിന്നിലേക്കും നോക്കി എല്ലാം ഓക്കേ ആണെന്നുറപ്പു വരുത്തി ക്ലച്ച് ചവിട്ടി ഗിയര്‍ ലിവര്‍ ഫസ്റ്റിലേക്ക് തള്ളി. പതിയെ ക്ലച്ച് വിട്ടുകൊടുത്തു. വലതു കാല്‍ ആക്സിലറേറ്റര്‍ ചവിട്ടിയതും വണ്ടി ചെറിയ പിടച്ചിലോടെ മുന്നോട്ട്.

ആദ്യം ഹൈറേഞ്ച് ഡ്രൈവ്

മുന്നിലുള്ളത് ഹൈറേഞ്ച് റോഡാണ്. ഹെയര്‍പിന്‍ വളവുകളും കയറ്റവും ഒക്കെയുണ്ട്. ഗിയര്‍ മാറ്റി വാഹനം മുന്നോട്ട്. പക്ഷേ വളവില്‍ നിയന്ത്രണം പോയി. കൊക്കയിലേക്ക് വീഴാതെ ചവിട്ടി നിര്‍ത്തി. ഡ്രൈവിങ് സീറ്റില്‍ ഉള്ള നമ്മളും സീറ്റില്‍ നിന്നുയര്‍ന്നു മുന്നോട്ട്. വാഹനം ഒന്ന് വിറച്ചു തുള്ളി. മനസ്സൊന്നു പിടഞ്ഞു. എന്‍ജിന്‍ ഓഫ് ആയി, ബ്രേക്കില്‍ ചവിട്ടി പിടിച്ചതിനാല്‍ വണ്ടി ഇറക്കം ഇറങ്ങി താഴേക്കു പോയില്ല. സിമുലേറ്റര്‍ അല്ലേ എന്നുവെച്ചു കയറിയതാ. പക്ഷേ അത്ര എളുപ്പമല്ല കേട്ടോ.

നഗരത്തിലും പണി കിട്ടി

അടുത്ത ഓട്ടം സിറ്റിയിലെ ട്രാഫിക്കിലൂടെ ആകട്ടെ എന്നു വെച്ചു. ഇവിടെ ഡ്രൈവിങ് കുറച്ചുകൂടി എളുപ്പമാണ്. പക്ഷേ റോഡ് നിറയെ വാഹനങ്ങള്‍. ഹമ്പ് കണ്ട് ബ്രേക്ക് ചവിട്ടി നോക്കി. വണ്ടി ഉയര്‍ന്നു താഴ്ന്നു, വീണ്ടും മുന്നോട്ടാഞ്ഞ് വണ്ടി നിന്നു. ന്യൂട്രല്‍ ആക്കി വാഹനം സ്റ്റാര്‍ട്ട് ചെയ്തു. ഗിയര്‍ മാറ്റി മുന്നോട്ട്. കുഴി നിറഞ്ഞ വഴിയിലൂടെ ആടി ഉലഞ്ഞാണു യാത്ര. വേഗം പരമാവധി കുറച്ചു. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഹോണ്‍ അടിച്ച് കൃത്യമായി മുന്നറിയിപ്പു നല്‍കി. അധികം വൈകിയില്ല മഴയെത്തി. വെറും മഴയല്ല ഇടിവെട്ടുള്ള കനത്ത കാറ്റും മഴയും. കൂടെ സൗണ്ട് ഇഫക്ടും കൂടി ആയപ്പോള്‍ സംഭവം പൊളിച്ചു. 

റോഡ് കാണാന്‍ പറ്റുന്നില്ല. വൈപ്പര്‍ ഓണ്‍ ആക്കാതെ വാഹനം ഓടിച്ചുകൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ മാറി മഞ്ഞും പുകയുമായി. മുന്നില്‍ ഇടത്തേക്ക് വളവു കണ്ടതോടെ വീശി വളച്ചു. വാഹനവും ഇടത്തേക്കു ചരിഞ്ഞു, കൂടെ ഞാനും. ഒരുവിധം പരീക്ഷണം കഴിഞ്ഞ് പുറത്തിറങ്ങി. പ്രിന്റര്‍ ഒരു പേപ്പര്‍ അച്ചടിച്ചു തന്നു. പരീക്ഷ 'ഫെയില്‍ഡ്'. ഒപ്പം പരീക്ഷ തോല്‍ക്കാനുണ്ടായ കാര്യങ്ങളും. അനാവശ്യമായി ക്ലച്ച് ചവിട്ടി, കൃത്യമല്ലാത്ത ഗിയര്‍ സെലക്ഷന്‍, ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ല, മഴയത്ത് വൈപ്പര്‍ ഓണ്‍ ആക്കിയില്ല തുടങ്ങി 10 മിനിറ്റിലെ ഡ്രൈവിങ്ങില്‍ വീഴ്ചകളുടെ പട്ടിക തന്നെയുണ്ട്.

നിയന്ത്രിക്കുന്നത് ഇവര്‍

മൂന്ന് കംപ്യൂട്ടറുകളും മൂന്ന് പ്രൊജക്ടറുകളുമാണ് സിമുലേറ്ററിന് ഹാര്‍ഡ്വേര്‍ പിന്തുണ നല്‍കുന്നത്. മുന്നില്‍ മൂന്ന് സ്‌ക്രീനുകള്‍ ദൃശ്യം ഒരുക്കും. ഒപ്പം നല്ല നിലവാരമുള്ള മ്യൂസിക് സിസ്റ്റവും. ഡ്രൈവിങ് അനുഭവങ്ങള്‍ തരാന്‍ ഹൈഡ്രോളിക് സിസ്റ്റം ഉണ്ട്. കംപ്യൂട്ടറിനു മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥന് ഡ്രൈവറെ പരീക്ഷിക്കാം. വാഹനം ഓടിക്കുന്നതിനിടെ കംപ്യൂട്ടര്‍ വഴി എന്‍ജിന്‍ ഓഫ് ചെയ്തു കളയാം, ഓയില്‍ പ്രഷര്‍ താഴ്ത്താം, ബാറ്ററി ചാര്‍ജ് പ്രശ്‌നം, എന്‍ജിന്റെ ചൂട് അമിതമായി കൂട്ടാം, ബ്രേക്ക് കളയാം, ടയറുകള്‍ പഞ്ചറാക്കാം. 

ഇതെല്ലാം വാണിങ് ലാംപ് നോക്കി പരിശീലനം നേടുന്ന ആള്‍ കണ്ടെത്തി പരിഹരിക്കണം. എറണാകുളം ആര്‍.ടി.ഒ. ഓഫീസില്‍ ഹെവി ടെസ്റ്റ് വെള്ളിയാഴ്ചയാണ്. അതിനുമുമ്പുള്ള ദിവസങ്ങളില്‍ സിമുലേറ്ററില്‍ ഓടിച്ചുനോക്കാം. പരിശീലനം സൗജന്യമാണ്. സിമുലേറ്റര്‍ ഡ്രൈവിങ് പ്രാക്ടീസ് വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റു ലഭിക്കുന്നവര്‍ക്കേ റോഡില്‍ വാഹനമോടിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടാനാകൂ.

രണ്ടാം വരവ്, ഇനി നിന്നുപോകരുത്

2012-ല്‍ ജില്ലയില്‍ സിമുലേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൃത്യമായി പരിപാലിക്കാന്‍ ആളില്ലാത്തതാണ് വിനയായത്. എറണാകുളം ആര്‍.ടി. ഒ. ഓഫീസിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനാകും ഇതിന്റെ ചുമതല. ഇദ്ദേഹം സ്ഥലം മാറി പോകുന്നതോടെ പ്രവര്‍ത്തനം നിലയ്ക്കുന്നതാണു പതിവ്. പുതുതായി എത്തിയ എറണാകുളം ആര്‍.ടി.ഒ. പി.എം. ഷബീറിന്റെ താത്പര്യപ്രകാരമാണ് സിമുലേറ്റര്‍ ശരിയാക്കിയെടുത്തത്. പൊടി പിടിച്ച് പ്രവര്‍ത്തന രഹിതമായ സിമുലേറ്റര്‍ ശരിയാക്കാനുള്ള ചുമതല എ.എം.വി.ഐ. സി.എം. അബ്ബാസിനെ ഷബീര്‍ ഏല്പിച്ചു. നിലവിലെ പരിപാലനവും നടത്തിപ്പും അബ്ബാസാണ് ചെയ്യുന്നത്.

പരിപാലിക്കാന്‍ ആള് വേണം

ഉദ്യോഗസ്ഥര്‍ ജോലിക്കിടയില്‍ സമയം കണ്ടെത്തി വേണം സിമുലേറ്ററിന്റെ കാര്യങ്ങള്‍ നോക്കാന്‍. പകരം ഏതെങ്കിലും ഏജന്‍സിയെ ഇതിന്റെ നടത്തിപ്പ് ചുമതല ഏല്പിച്ച് പരിപാലനവും ഇവരെ കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ്. ഇങ്ങനെ ആയാല്‍ നല്ല രീതിയില്‍ സിമുലേറ്ററിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാം.

Content Highlights: Simulator Driving Test, Heavy Licence Test, Simulator Truck Driving, Driving Training