ഷമീറും സഹോദരൻ സാദിഖും തങ്ങളുടെ വണ്ടിപൊളിക്കൽ കേന്ദ്രത്തിൽ
ഒരു സാധാരണക്കാരന് സ്വന്തം വണ്ടി എന്നാല്‍ വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. തൂത്തുതുടച്ച് പൊന്നേ പൊടിയേയെന്ന് നോക്കി ഏറെക്കാലത്തേക്ക് കൂടെകൂട്ടും. പക്ഷേ, ഇവ കാലഹരണപ്പെട്ടാലോ അപകടത്തില്‍പ്പെട്ട് നശിച്ചാലോ കൈയൊഴിയാതെയെന്തുചെയ്യും. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ 50 വര്‍ഷമായി ഇത്തരത്തില്‍ അനാഥമാകുന്ന വണ്ടികളെ ഏറ്റെടുത്ത് പൊളിച്ചു കച്ചവടം നടത്തുന്ന ആളാണ് പത്തനംതിട്ട സ്വദേശിയായി ഷമീര്‍ ഖാന്‍.
പത്തനംതിട്ട കാക്കാരേത്ത് വീട്ടില്‍ ഷമീറിന്റെ അച്ഛന്‍ മുസ്തഫ തുടങ്ങിവെച്ച ഈ സംരംഭം ഇന്ന് ഷമീറും സഹോദരന്‍ മുഹമ്മദ് സാദിഖും കൂടി ഇന്നും തുടര്‍ന്ന് പോകുന്നു. ആദ്യം കണ്ണങ്കര ആയിരുന്ന കട പിന്നീട് ജനറല്‍ ആശുപത്രിയ്ക്കു സമീപത്തുള്ള വീടിനടുത്തേക്ക് മാറ്റി. ആദ്യം ആക്രിക്കച്ചവടമായി തുടങ്ങിയിടത്തുനിന്ന് പിന്നീട് വണ്ടികളോടുള്ള താത്പര്യം പതിയെ വണ്ടി പൊളിക്കലിലേക്കും വണ്ടി കച്ചവടത്തിലേക്കും നയിച്ചു.
ഇടക്കാലങ്ങളില്‍ പലപ്പോഴായി കച്ചവടം നിന്നുപോകും എന്ന സ്ഥിതിയിലും പുനരുജീവിപ്പിച്ചു. ചെറുപ്പം മുതല്‍ വണ്ടികളുടെ ഇടയിലുള്ള ജീവിതം ഷമീറിനെ ഒരു മെക്കാനിയ്ക്കല്‍ ഡിപ്ലോമക്കാരനാക്കി. 2006-ല്‍ പിതാവ് മരിച്ചപ്പോള്‍ വിദേശജോലി എന്ന സ്വപ്നം മാറ്റിവെച്ചാണ് ഷമീറും ഈ രംഗത്തേക്ക് ഇറങ്ങിയത്.
ഇവിടെ എല്ലാത്തരവും പൊളിക്കും
എല്ലാതരം വണ്ടികളും ഇവിടെ പൊളിക്കുന്നുണ്ട്. 2018-ലെ പ്രളയത്തിനുശേഷം പൊളിക്കാനായി വണ്ടികളുടെ ഒരു കുത്തൊഴുക്കുതന്നെ ഇവിടേക്ക് ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ മോക്ഷം കിട്ടാതെ കിടന്ന സര്‍ക്കാര്‍ വണ്ടികളും ഇവിടെയുണ്ട്.
ഒരിക്കല്‍ പൊളിക്കാനുള്ള ബസ് എടുത്തുകൊണ്ട് വരുന്നവഴിയാണ് അതിന് ബ്രേക്കില്ലെന്നത് മനസ്സിലാക്കുന്നത്. പിന്നീട് ഇത് സിനിമകളില്‍ കാണുന്നപോലെ വണ്ടിക്ക് മുന്നിലേക്ക് തടയ്ക്കായി പല സാധനങ്ങളുമിട്ടിട്ടാണ് വണ്ടിനിര്‍ത്താനായത്, അന്ന് അപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും പിന്നീട് ഓരോവണ്ടിയെടുക്കുമ്പോഴും ഈ ഓര്‍മയാണ് ആദ്യം വരുന്നതെന്ന് ഷമീര്‍ പറയുന്നു. ഏറ്റവുംകൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഇരുചക്രവാഹനങ്ങള്‍ എടുക്കുമ്പോഴാണ്. മിക്കതും കേസില്‍പ്പെട്ട വാഹനങ്ങളായിരിക്കും. അതിനാല്‍ രേഖകള്‍ എല്ലാം കൃത്യമായി പരിശോധിച്ചതിനുശേഷമാണ് പൊളിക്കല്‍.
പുതിയ നയങ്ങളില്‍ ആശങ്കയുണ്ട്
വാഹനനിര്‍മാതാക്കള്‍തന്നെ 15 വര്‍ഷം കഴിഞ്ഞ വാഹനം പൊളിക്കണമെന്ന നയം വരുന്നത് ഞങ്ങളെ പോലെയുള്ളവരുടെ അന്നം ഇല്ലാതാക്കും. ഒരുവണ്ടി പൊളിക്കുമ്പോള്‍ അതിന്റെ അറുപത് ശതമാനവും ആക്രിക്ക് പോകും. 15,000 രൂപയ്ക്ക് ഒരു വണ്ടി പൊളിയ്ക്കാനെടുത്താല്‍ മുടക്കിയ തുകപോലും അതില്‍നിന്നുകിട്ടാന്‍ പാടാണ്. പണ്ടത്തെ വണ്ടികളില്‍ കൂടുതലും ഇരുമ്പ്, ചെമ്പ്, പിച്ചള തുടങ്ങിയ ലോഹങ്ങള്‍ കൊണ്ടുള്ള ഒരുപാട് ഭാഗങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴുള്ള വാഹനങ്ങളില്‍ ഇവയുടെ സ്ഥാനത്ത് ഭാരം കുറഞ്ഞ അലൂമിനിയമാണ്. ഇത് വിറ്റാല്‍ വളരെ തുച്ഛമായ തുകയാണ് കിട്ടുന്നതെന്ന് ഷമീര്‍ പറയുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതുപോലെ വാഹനം പൊളിച്ചുവിറ്റ് ജീവിക്കുന്ന മേഖലയില്‍ കഴിയുന്നത്. പുതിയനയങ്ങള്‍ നടപ്പിലാക്കിയാല്‍ ഈ മേഖലയിലുള്ളവര്‍ കൂടുതല്‍ ദുരിതത്തിലാകുമെന്നും ഷമീര്‍ പറഞ്ഞു.
Content Highlights: Shameer complete 50 years in vehicle scraping, Vehicle Scrape policy, Old vehicle dismantle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..