റോഡില്‍ വാഹനപരിശോധനയ്ക്ക് നില്ക്കുന്ന കാക്കി കുപ്പായക്കാരെ കാണുമ്പോള്‍ മാത്രം വലിച്ചിടാനുള്ള ഒന്നല്ല സീറ്റ് ബെല്‍റ്റ് എന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. അപകട സമയങ്ങളില്‍ യാത്രക്കാര്‍ക്കും ഡ്രൈവറിനും സുരക്ഷയൊരുക്കുന്ന ഒരു അധികവള്ളിയാണ് സീറ്റ് ബെല്‍റ്റ് എന്നും വകുപ്പ് ഓര്‍മപ്പെടുത്തുന്നു.
ഒരു വാഹനം ഏത് നിമിഷത്തില്‍ വേണമെങ്കിലും അപകടങ്ങളില്പ്പെട്ടേക്കാം. അല്ലെങ്കില്‍ തന്നെ പെട്ടെന്ന് വാഹനം നിര്‍ത്തേണ്ട സാഹചര്യമുണ്ടായാലും ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഒരുക്കുന്ന സുരക്ഷ വളരെ വലുതാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സീറ്റ് ബെല്‍റ്റ് ഒരു അധിക സുരക്ഷാവള്ളി
*ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ലെന്ന് തോന്നുന്ന, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഒന്നിനെ സുരക്ഷ എന്നു പറയാം*
സീറ്റ് ബെല്‍റ്റ് എന്ന അധികസുരക്ഷാ ഉപാധിയും അങ്ങിനെയാണ്, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക ? ഉത്തരം ലളിതം: വഴിയില്‍ ഒരു കാക്കിക്കുപ്പായക്കാരനെ കാണുമ്പോള്‍.....
അന്നേരം വലിച്ചാല്‍ ഇതൊട്ട് വരുകയുമില്ല....!! 1000 രൂപ പോയി കിട്ടും.... സീറ്റ് ബെല്‍റ്റെന്ന വള്ളിക്കെട്ടിന്റെ സ്വഭാവം അതാണ്.
ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ കാലന്റെ ബെല്‍റ്റില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്ബെല്‍റ്റ്
കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ശരിയായും നിര്‍ബന്ധമായും ധരിക്കുക. മരണത്തിന്റെ വക്കില്‍ നിന്നും ഒരു പക്ഷെ പിന്നിലേയ്ക്ക് വലിയ്ക്കാന്‍ ഒരു പിടിവള്ളി അതാണ് സീറ്റ് ബെല്‍റ്റ്.
Content Highlights: Seat Belt Awareness Facebook Post By Motor Vehicle Department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..