മുഴുവന്‍ നദികളെയും ബന്ധിപ്പിച്ച് ജലപാത വേണമെന്ന ആവശ്യവുമായി ഇന്ത്യ മുഴുവന്‍ യാത്രചെയ്യുകയാണ് രണ്ട് സുഹൃത്തുക്കള്‍. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളായ വാക്കര്‍ സര്‍ദാറും മുനിരാജലുവുമാണ് കൃഷ്ണഗിരി ജില്ലാ കോടതി പരിസരത്തുനിന്ന് മാര്‍ച്ച് അഞ്ചിന് യാത്ര പുറപ്പെട്ടത്. സ്‌കൂട്ടറില്‍ 150 ദിവസംകൊണ്ട് 15,000 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കണമെന്നാണ് ലക്ഷ്യം.

ഈ യാത്ര പ്രധാനമന്ത്രിക്കുമുന്നിലാണ് അവസാനിപ്പിക്കുക. കാരണം തങ്ങളുടെ ആവശ്യം അദ്ദേഹത്തെ ധരിപ്പിക്കണം, നിവേദനം നല്‍കണം. വാക്കര്‍ സര്‍ദാറും മുനിരാജലുവും ഒരേ സ്വരത്തില്‍ പറഞ്ഞു. ആദ്യ ആവശ്യം ഇന്ത്യയിലെ എല്ലാനദികളും ദേശീയപാതയായി പ്രഖ്യാപിക്കണമെന്നതാണ്. പിന്നെ ഇവയെല്ലാം ബന്ധിപ്പിച്ച് ജലപാത നിര്‍മിക്കണം.

ഇരുവരും സ്‌കൂള്‍ കാലഘട്ടം മുതലേ സുഹൃത്തുക്കളാണ്. മുനിരാജലും കരസേനയില്‍നിന്ന് വിരമിച്ചു. വാക്കര്‍ സര്‍ദാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചു. അങ്ങനെയിരിക്കെയാണ് ഇത്തരമൊരു ആശയം മനസ്സില്‍ ഉദിച്ചതെന്ന് ഇവര്‍ പറയുന്നു. ഇതിനായി സ്‌കൂട്ടറില്‍ യാത്രയും തിരിച്ചു. വാക്കര്‍ സര്‍ദാര്‍ ആര്‍മിയിലായതിനാല്‍ കേരളത്തില്‍ സുഹൃത്തുക്കളുണ്ട്. ഇവരെ വിളിച്ചന്വേഷിച്ച് അവരുടെ വീട്ടില്‍ താമസിക്കും. 

പകലത്തെ യാത്രാച്ചെലവു മുഴുവന്‍ സ്വന്തം കൈയില്‍നിന്നെടുക്കും. തിങ്കളാഴ്ച കോഴിക്കോട്ടേക്ക് യാത്രതിരിക്കുന്ന ഇവര്‍ പിന്നീട് തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലെ യാത്രയ്ക്കുശേഷം കമ്പം, തേനി, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യാത്രചെയ്യും. തുടര്‍ന്ന്, ആന്ധ്രാപ്രദേശിലേക്കും അതുവഴി മറ്റു സംസ്ഥാനങ്ങളിലും യാത്ര പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Content Highlights: Scooter Journey From Tamilnadu To Delhi For Waterway Project